ന്യൂഡൽഹി: പാക്കിസ്ഥാൻ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. ഞായറാഴ്‌ച്ച ഇമ്രാൻ ഖാന്റെ വിധി നിർണയിക്കുന്ന അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പ് നടക്കാനിരിക്കയാണ്. ഈ സാഹചര്യത്തിലും പ്രതീക്ഷ കൈവിട്ടിട്ടില്ല ഇമ്രാൻ. തനിക്കെതിരെ നീങ്ങുന്നത് അമേരിക്കയാണെന്ന് പറഞ്ഞ് പിടിച്ചു നിൽക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ഈ ശ്രമം തുടരവേ ഇമ്രാൻ ഖാനെ വിമർശിച്ചു മുൻ ഭാര്യ റെഹം ഖാൻ രംഗത്തുവന്നു. ഇമ്രാൻ ഖാന് മാനസിക വിഭ്രാന്തിയാണെന്ന ആരോപണമാണ് റെഹം ഖാൻ ഉന്നയിക്കുന്നത്. ഇമ്രാൻ ഉപദേശങ്ങൾക്ക് ചെവികൊടുക്കില്ലെന്നും രെഹം ഖാൻ ഇന്ത്യ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ വെളിപ്പെടുത്തി.

'മറ്റുള്ളവരെ പോലെ ഇമ്രാൻ ഖാൻ പെരുമാറും എന്ന് കരുതുന്നത് മണ്ടത്തരമാണ്. അയാൾക്ക് എല്ലാ കാലത്തും മാനസിക വിഭ്രാന്തിയുണ്ടായിരുന്നു'- രെഹം ഖാൻ പറഞ്ഞു. അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെടും എന്ന് ഉറപ്പായിട്ടും ഇമ്രാൻ ഖാൻ എന്തുകൊണ്ട് രാജി വെക്കുന്നില്ല എന്ന ചോദ്യത്തിനായിരുന്നു രെഹം ഖാൻ ഈ മറുപടി പറഞ്ഞത്.

എപ്പോഴും മുഖസ്തുതി കേൾക്കാൻ മാത്രം ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണദ്ദേഹം. എപ്പോഴും തന്റെ പേരും കയ്യടികളും മാത്രം കേൾക്കാൻ ആഗ്രഹിക്കുന്ന ഒരാൾ. മര്യാദയോടെ രാജിവെച്ച് പോകാൻ അദ്ദേഹത്തോട് പലരും ഉപദേശിച്ചിരുന്നു. പക്ഷെ മര്യാദ അദ്ദേഹത്തിന്റെ നിഘണ്ടുവിൽ ഉള്ള വാക്കാണെന്ന് താൻ കരുതുന്നില്ല. താൻ അദ്ദേഹത്തെ വിവാഹം കഴിച്ചതുമുതൽ മര്യാദ അദ്ദേഹത്തിൽ കണ്ടിട്ടില്ല.

നാല് വർഷത്തോളം രാജ്യത്തിന് ദുരിതം മാത്രം നൽകാൻ ഇമ്രാൻ ഖാനെ എന്തിന് അനുവദിച്ചു എന്ന് തന്നെ മനസ്സിലാവുന്നില്ല. തന്നെ അധികാരത്തിൽ നിന്നിറക്കാൻ അന്താരാഷ്ട്ര തലത്തിൽ ഗൂഢാലോചന നടന്നുവെന്ന കഥ ഇമ്രാൻ ഖാൻ സ്വയം സൃഷ്ടിച്ചതാണ്. ഒരു ബി ഗ്രേഡ് സിനിമയുടെ കഥയ്ക്ക് സമാനമാണിതെന്നും രെഹം ഖാൻ പരിഹസിച്ചു.

ബ്രിട്ടീഷ്-പാക്കിസ്ഥാനി വംശജയും പത്രപ്രവർത്തകയും മുൻ ടിവി അവതാരകയുമായ റെഹം ഖാൻ 2014-ലാണ് ഇമ്രാൻ ഖാനെ വിവാഹം കഴിക്കുന്നത്. 2015 ഒക്ടോബറിൽ ഇരുവരും വിവാഹമോചിതരായി. തന്റെ മുൻ ഭർത്താവിന്റെ കടുത്ത വിമർശകയായാണ് റെഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ഭരണരീതിയെയും പൊതുസമൂഹത്തിലെ അഭിപ്രായങ്ങളേയും അവർ നിരന്തരം വിമർശിച്ചിരുന്നു.

അതേസമയം അമേരിക്കയെ പരോക്ഷമായി വിമർശിച്ചും ഇന്ത്യയെ പുകഴ്‌ത്തിയും ഇമ്രാൻ രംഗത്തുവന്നിരുന്നു. ഇന്ത്യയുടെ സ്വതന്ത്രമായ വിദേശ നയത്തെയാണ് ഖാൻ വാനോളം പുകഴ്‌ത്തിയത്. അമേരിക്കയെന്ന് പറഞ്ഞ ശേഷം വിദേശ ശക്തി എന്ന് തിരുത്തിയായിരുന്നു അമേരിക്കയ്ക്ക് നേരെയുള്ള ഒളിയമ്പുകൾ. രാജ്യത്തിന്റേയും പൊതുസമൂഹത്തിന്റേയും താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് ഇന്ത്യ എല്ലായിപ്പോഴും വിദേശ നയങ്ങൾ സ്വീകരിക്കുന്നത്. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുടേയും യൂറോപ്പിലെ മറ്റ് രാജ്യങ്ങളുടേയും ഉപരോധം നിലനിൽക്കുന്നതിനിടെയും റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാനുള്ള തീരുമാനത്തെയാണ് ഖാൻ സൂചിപ്പിച്ചത്. ഇന്ത്യക്ക് സ്വതന്ത്രമായ ഒരു നിലപാട് വിദേശ ബന്ധങ്ങളുടെ കാര്യത്തിൽ ഉണ്ടെന്നാണ് അമേരിക്ക ഇതിനെ വിശേഷിപ്പിച്ചതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. തന്റെ റഷ്യൻ സന്ദർശനത്തിൽ ശക്തരായ ഒരു രാജ്യം അസന്തുഷ്ടരാണ്-അമേരിക്കയെ പരോക്ഷമായി സൂചിപ്പിച്ച് ഖാൻ പറഞ്ഞു.