ഇസ്ലാമാബാദ്: എന്തുവന്നാലും വെള്ളിയാഴ്ച നടക്കാനിരിക്കുന്ന അവിശ്വാസ പ്രമേയത്തിന് മുൻപ് താൻ രാജിവയ്ക്കില്ലെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പ്രതിപക്ഷം തങ്ങളുടെ എല്ലാ കാർഡുകളും നിരത്തിയാലും അവിശ്വാസ പ്രമേയം വിജയിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു സാഹചര്യത്തിലും രാജിവയ്ക്കില്ല. അവസാന പന്ത് വരെ കളിക്കും. ഒരു ദിവസം മുമ്പ് താൻ അവരെ അദ്ഭുതപ്പെടുത്തും. അവർ ഇപ്പോഴും സമ്മർദത്തിലാണെന്നും ഇമ്രാൻ പറഞ്ഞു. തന്റെ തുറുപ്പ് ചീട്ട് എന്നു പറയുന്നത്, താൻ ഇതുവരെ ചീട്ടൊന്നും ഇറക്കിയിട്ടില്ലെന്നതാണ്. താൻ വീട്ടിൽ ഇരിക്കുമെന്ന് ആരും തെറ്റിദ്ധരിക്കരുത്. താൻ രാജിവയ്ക്കില്ല, എന്തിന് രാജിവയ്ക്കണം? കള്ളന്മാരുടെ സമ്മർദത്തിൽ താൻ രാജിവയ്ക്കണോ അദ്ദേഹം ചോദിച്ചു. ഇതുവരെ സൈന്യവുമായി തനിക്ക് നല്ല ബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ അധികാരത്തിൽ നിന്ന് ഇറങ്ങിയാൽ നിശബ്ദനായിരിക്കില്ലെന്ന് ഇമ്രാൻ പ്രതിപക്ഷത്തിന് മുന്നറിയിപ്പ് നൽകി. തന്റെ സർക്കാരിനെ പുറത്താക്കിയാലും തന്റെ തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ല. ആളുകളെയും ദൈവത്തെയും ഒറ്റിക്കൊടുക്കാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങൾ ഒപ്പമുണ്ട്. 60-65 ശതമാനം ആളുകളും തനിക്കൊപ്പമാണെന്നും പാക് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സൈന്യവും കൈവിട്ടതോടെ സർക്കാരിനെ രക്ഷിക്കാൻ അവസാനശ്രമം എന്ന നിലയിൽ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റവും പണപ്പെരുപ്പവും അഭിമുഖീകരിക്കുന്ന പാക്കിസ്ഥാനിൽ ഭരണപ്രതിസന്ധി രൂക്ഷമാണ്. പ്രതിപക്ഷകക്ഷിയായ പിഎംഎൽ നവാസ് വിഭാഗം, പിപിപി എന്നിവയിലെ നൂറോളം എംപിമാരാണ് അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുന്നത്.