ഇസ്ലാമാബാദ്: അൽ ഖായിദയുടെ തലവനായിരുന്ന ഉസാമ ബിൻ ലാദനിൽനിന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് കൈക്കൂലി വാങ്ങിയെന്ന് ആരോപണവുമായി ഇമ്രാൻ ഖാൻ രംഗത്ത്. അഫ്ഗാനിസ്ഥാനിലും കശ്മീരിലും ജിഹാദിനു സാമ്പത്തിക സഹായം നൽകാനാണ് ഷെരീഫ് ബിൻ ലാദനിൽനിന്നു കൈക്കൂലി വാങ്ങിയതെന്നാണ് ആരോപണം. ഇന്ത്യയിൽ തീവ്രാവദ പ്രവർത്തനത്തിന് പാക്കിസ്ഥാൻ പണം ഇറക്കുന്നുവെന്ന ഇന്ത്യൻ ആരോപണത്തിന് ശക്തി പകരുന്നതാണ് പുതിയ സംഭവവികാസങ്ങൾ.

ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) പാർട്ടി സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കാൻ ഒരുങ്ങുകയാണ്. ഇമ്രാൻഖാന്റെ പാർട്ടിയാണ് പിടിഐ. വരുന്ന ആഴ്ചയിൽത്തന്നെ ഷെരീഫിനെതിരെ ഹർജി നൽകുമെന്ന് പിടിഐ വക്താവ് ഫവാദ് ചൗധരി അറിയിച്ചതായി പാക്ക് മാധ്യമമായ എക്സ്‌പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. ഖാലിദ് ഖവാജ: ഷഹീദ് ഇ അമാൻ എന്ന പേരിലുള്ള പുസ്തകത്തിൽനിന്നുള്ള വിവരങ്ങളെ ആസ്പദമാക്കിയാണ് ആരോപണങ്ങൾ. പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ഒരു ചാരനായ ഖാലിദ് ഖവാജയുടെ ഭാര്യ ഷമാമ ഖാലിദ് ആണ് പുസ്തകം എഴുതിയിരിക്കുന്നത്. 2010ൽ ഖാലിദ് ഖവാജയെ പാക്ക് താലിബാൻ വധിച്ചിരുന്നു.

കശ്മീരിലും അഫ്ഗാനിസ്ഥാനിലും ജിഹാദിനായി 1.5 ബില്യൺ(150 കോടി രൂപ )തുക ഷെരീഫ് ബിൻ ലാദനിൽനിന്നു വാങ്ങിയെന്നു പുസ്തകത്തിൽ പറയുന്നുണ്ട്. പിന്നീട് ഈ പണത്തിൽനിന്ന് 270 മില്യൺ തുക 1989ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോയ്‌ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാൻ ഉപയോഗിച്ചതായും പുസ്തകം വ്യക്തമാക്കുന്നു. അതേസമയം, ഷെരീഫിനെതിരായ അസ്ഘർ ഖാസ് കേസിലെ വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു മറ്റൊരു ഹർജിയും ഫയൽ ചെയ്യുമെന്ന് ചൗധരി അറിയിച്ചു. രണ്ടുകേസുകളം ഈ ആഴ്ചയിൽതന്നെ ഫയൽ ചെയ്യാനാണു പിടിഐയുടെ നീക്കം.

1989 -ൽ ബേനസിർ ഭുട്ടോയ്ക്കെതിരേയുള്ള അവിശ്വാസത്തെ പിന്തുണച്ചു ഷെരിഫ് സ്വന്തം കൈയിൽ നിന്നു 27 കോടി രൂപ പൊടിച്ചതായും ചൗധരി ആരോപിച്ചു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്കെതിരേയുള്ള പല ഗൂഢാലോനകളിലും നവാസ് സജീവപങ്കാളിയായിരുന്നന്നും ചൗധരി ആരോപിച്ചു. പ്രധാനമന്ത്രിയെ കൂടുതൽ അപകീർത്തിപ്പെടുത്താനാണു 1980 കളിലെ കളങ്കിതമായ രാഷ്ട്രീയചരിത്രത്തിന്റെ ഈ പ്രതിപക്ഷ പാർട്ടി തുറക്കുന്നത്. 1989 -ൽ ഐ.ബിയുടെ ഫണ്ടു ദുരുപയോഗവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ ഐ.ബിയുടെ മുൻ ഡയറക്ടർ ജനറലും പാക്കിസ്ഥാൻ തെഹ്രിക്- ഇ- ഇൻസാഫ് നേതാവുമായ മസുദ് ഷെരീഫ് ഖാൻ ഖട്ടക്ക് 2013-ൽ സുപ്രീകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.

ബേനസിറിനെതിരേയുള്ള അവിശ്വാസപ്രമേയത്തിനു പിന്നിൽ മുൻ പ്രസിഡന്റ് ഗുലാം ഇഷാക്ക് ഖാനും മുൻ സൈനിക മേധാവി മിർസ അസ്ലാം ബെയ്ഗുമായിരുന്നെന്നും ഒൻപതു പേജുള്ള സത്യവാങ്മൂലത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.