- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പാക്കിസ്ഥാൻ ഭീരുക്കളുടെയും തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും നാട്; ഇതാണോ ഇമ്രാൻ ഖാന്റെ പുതിയ പാക്കിസ്ഥാൻ? താൻ സഞ്ചരിച്ച വാഹനത്തിന് നേരെ അജ്ഞാതർ വെടിയുതിർത്തുവെന്ന ആരോപണവുമായി ഇമ്രാൻ ഖാന്റെ മുൻ ഭാര്യ റെഹം ഖാൻ
ഇസ്ലാമാബാദ്: ഇമ്രാൻഖാന്റെ മുൻ ഭാര്യ ആണെങ്കിലും പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ കടുത്ത വിമർശകയാണ് റെഹം ഖാൻ. വീണ്ടും ഇമ്രാൻ ഖാനെതിരെ കടുത്ത വിമർശനവുമായി റെഹം ഖാൻ രംഗത്തുവന്നു. താൻ സഞ്ചരിച്ച വാഹനത്തിന് നേരെ അജ്ഞാതർ വെടിയുതിർത്തുവെന്ന ആരോപണം ഉന്നയിച്ചു കൊണ്ടാണ് റെഹം രംഗത്തെത്തിയത്. ഇതാണോ ഇമ്രാൻ ഖാന്റെ പുതിയ പാക്കിസ്ഥാനെന്ന് ചോദിച്ച അവർ ഭീരുക്കളുടെയും തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും നാട്ടിലേക്ക് സ്വാഗതമെന്നും പരിഹസിച്ചു.
ബന്ധുവിന്റെ വിവാഹം കഴിഞ്ഞ് മടങ്ങുമ്പോൾ എന്റെ കാറിന് നേരെ വെടിയുതിർത്തുവെന്നും മോട്ടോർ ബൈക്കിലെത്തിയ രണ്ടുപേർ തന്നെ തോക്കിൻ മുനയിൽ നിർത്തിയെന്നും അവർ ട്വിറ്ററിൽ കുറിച്ചു. 'എന്റെ പേഴ്സണൽ സെക്രട്ടറിയും ഡ്രൈവറും കാറിലുണ്ടായിരുന്നു. ഇതാണോ ഇമ്രാൻ ഖാന്റെ പുതിയ പാക്കിസ്ഥാൻ? ഭീരുക്കളുടെയും തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും നാട്ടിലേക്ക് സ്വാഗതം!-''അവർ ട്വീറ്റ് ചെയ്തു.
പരിക്കേറ്റില്ലെങ്കിലും സംഭവം തന്നിൽ രോഷമുണ്ടാക്കിയെന്നും ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നും റെഹം ഖാൻ പറഞ്ഞു. ഭീരുത്വം നിറഞ്ഞ ഗൂഢശ്രമങ്ങൾ നടത്തിന്നതിനേക്കാൾ ഒരു നേരിട്ടുള്ള പോരാട്ടമാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അവർ അഭിപ്രായപ്പെട്ടു. മരണത്തെയോ പരിക്കിനെയോ താൻ ഭയപ്പെടുന്നില്ലെന്നും എന്നാൽ തനിക്കൊപ്പം പ്രവർത്തിക്കുന്നവരേക്കുറിച്ച് ആശങ്കയും ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ബ്രിട്ടീഷ്-പാക്കിസ്ഥാനി വംശജയും പത്രപ്രവർത്തകയും മുൻ ടിവി അവതാരകയുമായ റെഹം ഖാൻ 2014-ലാണ് ഇമ്രാൻ ഖാനെ വിവാഹം കഴിക്കുന്നത്. 2015 ഒക്ടോബറിൽ ഇരുവരും വിവാഹമോചിതരായി. 48 കാരിയായ റെഹം തന്റെ മുൻ ഭർത്താവിന്റെ കടുത്ത വിമർശകയായാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ഭരണരീതിയെയും പൊതുസമൂഹത്തിലെ അഭിപ്രായങ്ങളേയും നിരന്തരം അവർ വിമർശിക്കാറുണ്ട്.
അടുത്തിടെ റെഹം ഖാനെതിരെ വസിം അക്രം അടക്കം നാല് പേരുടെ വക്കീൽ നോട്ടീസ് അയച്ച സംഭവം പുറത്തുവന്നിരുന്നു. റെഹം ഖാന്റെ പുറത്തിറങ്ങാൻ പോവുന്ന ആത്മകഥയിൽ അക്രം അടക്കമുള്ളവരുടെ ലൈംഗിക ജീവിതത്തെ കുറിച്ച് മോശം പരാമർശം നടത്തിയതിനെതിരെയാണ് നോട്ടീസ്. റെഹം ഖാന്റെ മുൻ ഭർത്താവ് ഡോ.ഇജാസ് റഹ്മാൻ, മുൻ ക്രിക്കറ്റർ വസിം അക്രം, ബിസിനസുകാരനായ സയ്യിദ് സുൽഫിക്കർ ബുഖാരി, ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്രീഖ് ഇ ഇൻസാഫ് മീഡിയ കോർഡിനേറ്റർ അനില ക്വാജ എന്നിവർക്കെതിരെയാണ് പുസ്തകത്തിൽ മോശം പരാമർശമുള്ളത്. പുസ്തകത്തിൽ നിന്ന് ഈ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് നാല് പേരും റെഹം ഖാന് നോട്ടീസ് അയച്ചത്.
പുസ്തകത്തിലെ ഒരു ഭാഗം ഓൺലൈനിൽ പുറത്ത് വന്നതിനെ തുടർന്നാണ് പാക്കിസ്ഥാനിൽ വലിയ ചർച്ചയായി മാറിയത്. നാല് പേരുടെയും സ്വകാര്യ ജീവിതത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുസ്തകത്തിൽ ഉള്ളതെന്നാണ് റിപ്പോർട്ട്.
മറുനാടന് മലയാളി ബ്യൂറോ