ഇസ്ലാമാബാദ്: ഞായറാഴ്ച പാർലമെന്റിൽ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ജനങ്ങളോട് തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്ത് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പ്രധാനമന്ത്രിസ്ഥാനം നഷ്ടമാകുമെന്ന സ്ഥിതി നേരിടുന്ന, ഖാൻ എല്ലാത്തിനും പിന്നിൽ വിദേശ ശക്തികളുടെ ഗൂഢാലോചനയാണെന്നാണ് ആരോപിക്കുന്നത്.

ഞായറാഴ്ചയാണ് ദേശീയ അസംബ്ലിയിൽ ഇമ്രാൻ ഖാന് എതിരെ പ്രതിപക്ഷം അവിശ്വാസം പ്രമേയം അവതരിപ്പിക്കുക. സഭയിൽ ഭൂരിപക്ഷം ഇല്ലാത്ത ഇമ്രാൻ ഖാൻ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായ ഘട്ടത്തിലാണ് ജനങ്ങളോട് തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്തത്. പാക്കിസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ വിദേശശക്തികളാണ് ഗൂഢാലോചന നടത്തുന്നത് എന്നാണ് ഇമ്രാൻ ഖാൻ ആരോപിക്കുന്നത്.

പാക്കിസ്ഥാന്റെ ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിയും കാലാവധി പൂർത്തിയാക്കിയിട്ടില്ല. 2018-ൽ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഇമ്രാൻ ഇപ്പോൾ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. എന്നാൽ പ്രതിസന്ധി ഘട്ടത്തെ എങ്ങനെ നേരിടണമെന്ന് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും അത് നാളെ കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

എങ്ങനെയാണ് അവരെ നേരിടേണ്ടതെന്ന് ഞാൻ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ്. അവരെ ഞാൻ എങ്ങനെ നേരിടുമെന്ന് നാളെ നിങ്ങൾ കാണും. എന്റെ ആളുകൾ കരുതലോടെയും ജീവനോടെയും ഇരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. മറ്റേതെങ്കിലും രാജ്യത്താണ് ഇതെല്ലാം സംഭവിക്കുന്നതെങ്കിലും ജനങ്ങൾ ഇതിനോടകം തെരുവിലിറങ്ങുമായിരുന്നു- ഇമ്രാൻ പറഞ്ഞു.

രാജ്യതാത്പര്യം സംരക്ഷിക്കാൻ ജനങ്ങൾ തെരുവിലിറങ്ങണമെന്നാണ് ഇമ്രാൻ ആഹ്വാനം ചെയ്യുന്നത്. നിങ്ങളെല്ലാവരും ഇന്നും നാളെയും തെരുവിൽ ഇറങ്ങണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്. നിങ്ങളുടെ മനഃസാക്ഷിക്കു വേണ്ടിയും രാജ്യത്തിന്റെ താൽപര്യത്തിനു വേണ്ടിയും ഇത് ചെയ്യണം. ഒരു പാർട്ടിയും അങ്ങനെ ചെയ്യാൻ നിങ്ങളെ നിർബന്ധിക്കില്ല. നിങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവിക്കു വേണ്ടി നിങ്ങൾ തെരുവിലിറങ്ങണം.എ.ആർ.വൈ. ന്യൂസിലെ ചോദ്യോത്തര പരിപാടിക്കിടെ ഇമാൻ പറഞ്ഞു

സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും മോശം വിദേശ നയവും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം പ്രധാനമന്ത്രിക്കെതിരെ കലാപക്കൊടി ഉയർത്തിയത്. 342 അംഗ സഭയിൽ ഇമ്രാൻ ഖാന്റെ തെഹരിക് ഇ ഇൻസാഫ് പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുകയാണ്. ഭരണപക്ഷത്തിനൊപ്പമുണ്ടായിരുന്ന പ്രതിപക്ഷത്തേക്ക് കൂറുമാറിയതോടെയാണ് സർക്കാരിന്റെ നിലനിൽപ് അപകടത്തിലായത്.

342 അംഗ പാർലമെന്റിൽ ഇമ്രാന്റെ പാർട്ടിക്കുള്ള പിന്തുണ സഖ്യകക്ഷി പിൻവലിക്കുകയും പ്രതിപക്ഷത്തിനൊപ്പം വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. വിശ്വാസ വോട്ടെടുപ്പിൽ താൻ വിജയം നേടുമെന്ന് ഇമ്രാൻ ഖാൻ തറപ്പിച്ച് പറയുമ്പോഴും പരാജയപ്പെടുത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷം.

പ്രധാനമന്ത്രി സ്ഥാനം രാജി വെക്കില്ലെന്നും അവസാന പന്ത് വരെ പോരാടുമെന്നും മുൻ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാൻ ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഞായറാഴ്‌ത്തെ അവിശ്വാസ പ്രമേയത്തെ നേരിടാൻ തനിക്കൊരു പദ്ധതി ഉണ്ടെന്നും അതേക്കുറിച്ച് ആശങ്ക വേണ്ടെന്നും താൻ അവിശ്വാസ പ്രമേയം മറികടക്കുമെന്നും ഇമ്രാൻ ഖാൻ പറയുന്നു.