പട്ന: ബിഹാർ ഹയർ സെക്കൻഡറി ബോർഡ് നടത്തുന്ന പ്ലസ് ടു പൊതുപരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിയെ കാണാതായത് ദുരൂഹത വർധിപ്പിക്കുന്നു. പ്ലസ് ടു പരീക്ഷയിൽ ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ ഗണേശ് കുമാർ എന്ന വിദ്യാർത്ഥിയാണ് സംശയങ്ങൾ ഉയർത്തി അപ്രത്യക്ഷനായിരിക്കുന്നത്.

ഝാർഖണ്ഡിലെ ഗിരിധ് ജില്ലയിലെ സരയ്യ എന്ന ഗ്രാമത്തിൽ നിന്നാണ് ഗണേശ് കുമാർ ബിഹാറിലെത്തിയത്. ബിഹാറിലെ രാം നന്ദൻ സിങ് ജഗദീപ് നാരായൺ കോളേജിലായിരുന്നു ഗണേശ് കുമാർ പഠിച്ചത്.

ഒന്നാം റാങ്ക് നേടി ഗണേശ് കുമാറിന്റെ അഭിമുഖത്തിനായി ദേശീയ മാധ്യമമായ ഇന്ത്യാടുഡേയുടെ റിപ്പോർട്ടർ അയാളുടെ കോളേജിലെത്തി. എന്നാൽ അയാളെ കാണാൻ സാധിച്ചില്ല. തുടർന്ന് ഗണേശ് കുമാറിന്റെ ചിത്രത്തിനായി റിപ്പോർട്ടർ ഇയാളുടെ അഡ്‌മിഷൻ കാർഡ് സംഘടിപ്പിച്ചു. ഇത് വിശദമായി പരിശോധിച്ചതോടെയാണ് പല സംശയങ്ങളും ഉയർന്നത്.

1993 ജൂൺ രണ്ടിനാണ് ജനിച്ചതെന്നാണ് ഗണേശ് കുമാറിന്റെ അഡ്‌മിഷൻ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് ഇപ്പോൾ ഇയാൾക്ക് 24 വയസ്സ് പ്രായം. സാധാരണഗതിയിൽ ഒരാൾ ഈ പ്രായം കൊണ്ട് ബിരുദാനന്തരബിരുദം നേടിയിരിക്കും.

എന്തിനാണ് ജന്മനാടായ സരയ്യയിൽ നിന്ന് 250 കിലോമീറ്ററിലേറെ അകലയുള്ള ഈ കോളേജിൽ വന്ന് ഇയാൾ പഠിക്കുന്നത്. റഗുലർ വിദ്യാർത്ഥിയായിട്ടും ഇയാൾ അഡ്‌മിഷൻ നേടിയ തീയതി കാർഡിൽ രേഖപ്പെടുത്തിയിട്ടില്ല. പിന്നീട് കോളേജിൽ നടത്തിയ വിശദമായ അന്വേഷണത്തിൽ ഇയാൾ അത്ര മിടുക്കനായ വിദ്യാർത്ഥിയല്ലെന്നാണ് അറിഞ്ഞത്. ഗണേശിന് ഒന്നാം റാങ്ക് കിട്ടിയത് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് കോളേജിന്റെ ഫൗണ്ടർ സെക്രട്ടറിയായ ജവഹർ പ്രസാദ് പറയുന്നത്.

ഗണേശിന്റെ മാർക്ക് ഷീറ്റ് പരിശോധിച്ചതിൽ ഇയാൾ സംഗീതപഠനം പ്രാക്ടിക്കൽ പരീക്ഷയിൽ 70-ൽ 65 മാർക്കും തീയറയിൽ 30-ൽ 18 മാർക്കും നേടിയതായി കാണിക്കുന്നു. ഹിന്ദിയിൽ 100-ൽ 92 മാർക്കാണ് നേടിയത്.

എന്തായാലും സംശയം തീർക്കാനായി ഇന്ത്യ ടുഡേ സംഘം ഝാർഖണ്ഡിലെ ഗണേശ് കുമാറിന്റെ വീട്ടുകാരെ ഫോണിൽ വീട്ടിലേക്ക് ടെലിഫോണിൽ ബന്ധപ്പെട്ടപ്പോൾ ഞെട്ടിക്കുന്ന ഒരു കഥയാണ് കേട്ടത്. നാല് വർഷം മുൻപ് വീട് വിട്ട് പോയതാണ് ഗണേശെന്ന് ഇയാളുടെ സഹോദരി മുക്ത പറയുന്നു. അതിന് ശേഷം ഒരിക്കൽ പോലും ഇയാൾ തങ്ങളെ കാണാനോ ബന്ധപ്പെടാനോ ശ്രമിച്ചിട്ടില്ലെന്നും സഹോദരി വ്യക്തമാക്കി. എന്തായാലും ഒന്നാം റാങ്ക് നേടി ഒളിവിൽ പോയ വിരുതനെ തേടിയുള്ള അന്വേഷണത്തിലാണ് ബീഹാറിലെ മാധ്യമങ്ങൾ.

അടിമുടി അഴിമതിയും തട്ടിപ്പും നിറഞ്ഞതാണ് ബിഹാറിലെ പൊതുപരീക്ഷകൾ. കഴിഞ്ഞ തവണ പ്ലസ് ടു പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയവരെ മാധ്യമങ്ങൾ അഭിമുഖം ചെയ്യാനെത്തിയതോടെയാണ് തട്ടിപ്പിന്റെ ഭീകരത ദേശീയശ്രദ്ധയിലെത്തുന്നത്.

അഭിമുഖത്തിനെത്തിയ മാധ്യമപ്രവർത്തകരോട് ഹ്യൂമാനീറ്റിസിൽ ഒന്നാം റാങ്ക് നേടിയ റൂബീ റായി താൻ പഠിച്ച വിഷയം പ്രൊഡിഗൽ സയൻസാണെന്നും (പൊളിറ്റിക്കൽ സയൻസ്) അത് പാചകവുമായി ബന്ധപ്പെട്ടതാണെന്നും പറഞ്ഞതോടെയാണ് പരീക്ഷാ നടത്തിപ്പിലെ വമ്പൻ തട്ടിപ്പ് പുറത്തറിയുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിനിൽ വൻ തുക കൈപ്പറ്റിയാണ് റാങ്ക് ജേതാക്കളെ നിശ്ചയിച്ചതെന്ന് തെളിഞ്ഞു.

പരീക്ഷാ തട്ടിപ്പ് ദേശീയതലത്തിൽ വാർത്തയായതോടെ ബിഹാർ സർക്കാർ ഇടപെട്ട് ഹയർസെക്കൻഡറി എജ്യുക്കേഷൻ ബോർഡിൽ അഴിച്ചു പണി നടത്തി. അങ്ങനെ കർശന നിർദ്ദേശങ്ങൾക്കും നിയമങ്ങൾക്കും നിരീക്ഷണത്തിനും നടുവിലാണ് ഈ വർഷത്തെ പൊതുപരീക്ഷ നടന്നത്.

പരീക്ഷാ നടത്തിപ്പിലെ കർക്കശ്യ സ്വഭാവം കാരണം ഇക്കുറി 36 ശതമാനം വിദ്യാർത്ഥികൾ മാത്രമാണ് ബിഹാറിൽ പ്ലസ് ടു പാസായത്. കൂട്ടത്തോൽവിയിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ തെരുവിലിറങ്ങുകയും ചെയ്തിരുന്നു.