വത്തിക്കാൻ: ലഹരിയിലും ഉന്മാദ ജീവിതത്തിലും അടിമപ്പെട്ടു കിടക്കുന്ന മനുഷ്യരോട് മൂല്യങ്ങളടങ്ങിയ യഥാർഥ ജീവിതത്തിലേക്ക് തിരിച്ചുവരാൻ ക്രിസ്മസ് സന്ദേശത്തിൽ മാർപാപ്പ ആവശ്യപ്പെട്ടു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ നടന്ന ആരാധനാ ശുശ്രൂഷകൾക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമികത്വം വഹിച്ചു. ലക്ഷക്കണക്കിന് വിശ്വാസികളാണ് ക്രിസ്മസ് ദിനത്തിൽ വത്തിക്കാനിൽ മാർപ്പാപ്പയുടെ സന്ദേശം കേൾക്കാനും അനുഗ്രഹം ഏറ്റുവാങ്ങാനും തടിച്ചു കൂടിയത്.

വത്തിക്കാനിൽ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ തടിച്ചു കൂടിയവർക്ക് നൽകിയ ക്രിസ്തുമസ് സന്ദേശത്തിൽ മാർപാപ്പ ജീവിതത്തിൽ മൂല്യങ്ങൾ തിരിച്ചു പിടിക്കാൻ ആഹ്വാനം ചെയ്തു. ജീവിതത്തിൽ വിനയവും നീതിയും ഒപ്പമുണ്ടാകണമെന്ന് സന്ദേശവും മാർപാപ്പ നൽകി. ദൈവവിചാരത്തിൽ ജീവിച്ചാൽ ലോകത്ത് സമാധാനമുണ്ടാകും. ദയയും കാരുണ്യവുമായിരിക്കണം മുഖമുദ്ര. ധൂർത്തടിച്ച് അമിതമായി ആഘോഷം നടത്തുന്ന ഒരു തലമുറയെ നമുക്ക് വേണ്ടെന്ന് മാർപാപ്പ പറഞ്ഞു.

ലഹരിയിലും ഉന്മാദ ജീവിതത്തിലും അടിമപ്പെട്ടു കിടക്കുന്ന മനുഷ്യരോട് മൂല്യങ്ങളടങ്ങിയ യഥാർഥ ജീവിതത്തിലേക്ക് തിരിച്ചുവരാൻ ക്രിസ്മസ് സന്ദേശത്തിൽ മാർപാപ്പ ആവശ്യപ്പെട്ടു. ഉണ്ണിയേശുവിന്റെ കാലിത്തൊഴുത്തിലെ ജനനം ലോകത്തിനു കൊടുത്ത വലിയ സന്ദേശമാണ്. ധൂർത്തടിച്ച് അമിതമായി ആഘോഷം നടത്തുന്ന ഒരു തലമുറയെയല്ല, മറിച്ച് സാധാരണക്കാരായി പാവങ്ങളുടെ സന്തോഷത്തിലും ദുഃഖത്തിലും ഒരുപോലെ പങ്കുചേരുന്ന ഒരു തലമുറയെയാണ് നമുക്ക് ആവശ്യമെന്ന് യേശുദേവന്റെ ജീവിതത്തെ ഉപമിച്ചുകൊണ്ടു മാർപാപ്പ പറഞ്ഞു.

യേശുദേവന്റെ ജന്മസ്ഥലമായ ബെത്‌ലഹേമിൽ നടന്ന പാതിരാകുർബാനയിൽ നൂറുക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഇസ്രയേൽ പട്ടണമായ നസ്‌റത്തിലും നിരവധി വിശ്വാസികൾ ഒത്തുകൂടി. ക്രിസ്മസ് പ്രാർത്ഥനകൾക്കായി ആയിരക്കണക്കിന് വിശ്വാസികളാണ് ഇത്തവണ ജറുസലേമിൽ എത്തിയത്. ഭീകരവാദ ഭീഷണിയുള്ളതിനാൽ ബത്‌ലഹേമിൽ കനത്ത സുരക്ഷ ഒരുക്കി. ലോകമാകെ പ്രാർത്ഥനകളാണ് ക്രിസ്മസ് ദിനം ഉയർന്നത്. സമാധാനത്തിന്റെ സന്ദേശമാണ് ചർച്ചയായത്.

ഇന്ത്യയിലും ക്രിസ്മസ് ആചാരപൂർവ്വം ആഘോഷിച്ചു. പള്ളികളിൽ പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾ നടന്നു.