യാങ്കൂൺ: ലോകത്തെ ഏറ്റവും വലിയ അഭയാർത്ഥി പ്രശ്‌നമെന്ന് വേണമെങ്കിൽ റോഹിങ്ക്യ വിഷയത്തെ വിശേഷിപ്പിക്കാം. ജീവന് വേണ്ടി പലായനം ചെയ്യുന്ന ഏറ്റവും വലിയ ന്യൂനപക്ഷ ജനതയാണ് റോഹിങ്ക്യകൾ. മ്യാന്മാർ രാജ്യത്തെ മുസ്ലിം ന്യൂനപക്ഷമായ ഇക്കൂട്ടർക്ക് മേൽ സമാധാനത്തിന്റെ മതമെന്ന് പറയുന്ന ബുദ്ധിസ്റ്റ് വിശ്വാസികൾ നടത്തുന്ന അതിക്രമങ്ങളാണ് അവരെ അഭയാർത്ഥികളാക്കിയത്.

ബംഗ്ലാദേശിനോട് ചേർന്നുകിടക്കുന്ന പടിഞ്ഞാറൻ മ്യാന്മാറിലെ, ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടുകിടക്കുന്ന റാഖിൻ പ്രവിശ്യയുടെ വടക്കൻ മേഖലകളിൽ വസിക്കുന്നവരാണ് റോഹിങ്ക്യകൾ. ൂരിപക്ഷംവരുന്ന ബുദ്ധസമുദായത്തിൽനിന്ന് വംശീയമായും ഭാഷാപരമായും മതപരമായും വ്യത്യസ്തർ. മ്യാന്മാറിലെതന്നെ ഏറ്റവും പിന്നാക്കംനിൽക്കുന്ന പ്രദേശമാണ് റാഖിൻ. ഇവിടത്തെ 78 ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ്. ഒരു നേരം പോലും നേരാംവണ്ണം ഭക്ഷണം കഴിക്കാനില്ലാത്ത ജനതയാണ് ഇവരുടേത്. ഇന്ന് ലോകത്തിന്റെ മുഴുവൻ കനിവിനായി തേടുന്ന ഈ ജനതയ്ക്ക് രക്ഷകർ ആരുമില്ല. ജനിച്ചു ജീവിക്കുന്ന മണ്ണിൽ തങ്ങൾ എന്തിനാണ് ആട്ടിപ്പായിക്കപ്പെടുന്നത് എന്ന ചോദ്യത്തിന് ഇവർക്ക് തന്നെ ഉത്തരമില്ല. വംശീയ വെറിയുടെ ഇരകളാണ് ഈ റോഹിങ്ക്യൻ മുസ്ലിംങ്ങൾ എന്നതാണ് യാഥാർ്ഥ്യം.

റോഹിങ്ക്യൻ മുസ്ലിംങ്ങളോട് ആർക്കാണ് ഇത്ര വിരോധം?

ഇന്ത്യയിൽ തീവ്രഹിന്ദുത്വവാദികളുടേതിന് സമാനമായ നിലപാടുള്ള ഭൂരിപക്ഷ മ്യാന്മാർ ബുദ്ധിസ്റ്റുകളാണ് റോഹിങ്ക്യൻ മുസ്ലീങ്ങളുടെ വില്ലന്മാർ. അഹിംസയെന്ന മഹാ മന്ത്രം ലോകത്തിനു നൽകിയ സാക്ഷാൽ ഗൗതമ ബുദ്ധന്റെ നാട്ടിൽ നൂറ്റാണ്ടുകളായി ജീവിത ചരിത്രമുള്ള റോഹിങ്ക്യൻ ഭാഷ സംസാരിക്കുന്ന, ഇസ്ലാം മത വിശ്വാസികളുമായ ഒരു ജനവിഭാഗമാണ് റോഹിങ്ക്യകൾ. നിലവിൽ ഏകദേശം പത്ത് ലക്ഷത്തോളം റോഹിങ്യകളാണ് മ്യാന്മറിൽ ജീവിക്കുന്നത്. റോഹിങ്ക്യ, റുയിങ്ക എന്ന ഗ്രാമഭാഷയാണ് ഇവർ സംസാരിക്കുന്നത്.

മ്യാന്മറിലുള്ള 135 ഗോത്ര ഗ്രൂപ്പുകളിൽ പരിഗണിക്കാത്ത റോഹിങ്ക്യകൾക്കു 1982 മുതൽ മ്യാന്മറിൽ പൗരത്വമില്ല. ഇവർ പിറന്നുവീഴുന്നത് തന്നെ സ്വന്തമായി അഡ്രസ് ഇല്ലാത്തവരായി. ഇവർ ജീവിക്കുന്നതാകട്ടെ രാജ്യത്തെ ഏറ്റവും ദരിദ്ര്യ സംസ്ഥാനങ്ങളിലൊന്നായ റാഖിനിലും. ഇങ്ങനെയൊക്കെയാണെങ്കിലും ഇവർക്ക് ഇവിടം വിടണമെങ്കിൽ മ്യാന്മർ സർക്കാറിന്റെ അനുമതി വേണം. മ്യാന്മറിലെ പട്ടാളവും ബുദ്ധിസ്റ്റുകളും ചേർന്ന് അക്രമവും അനീതിയും അഴിച്ചു വിട്ടപ്പോൾ പതിനായിരക്കണക്കിനു റോഹിങ്ക്യകളാണ് മറ്റു രാജ്യങ്ങളിലേക്കു അഭയാർത്ഥികളായി നാടുവിട്ടതും വിട്ടുകൊണ്ടിരിക്കുന്നതും. ഓരോ വംശീയ കലാപത്തിലും ഇവർ നിരന്തരം ആക്രമണങ്ങൾക്കും കൂട്ടപ്പലായനങ്ങൾക്കും ഇരയാകുന്നു.

റോഹിങ്ക്യകൾ എവിടെനിന്നും വരുന്നു?

12ാം നൂറ്റാണ്ടു മുതൽ ഇവിടെ അതായത് ഇപ്പോൾ അറിയപ്പെടുന്ന മ്യാന്മറിൽ റോഹിങ്ക്യകൾ ജീവിച്ചിരുന്നുവെന്നാണ് ചരിത്രകാരന്മാരും റോഹിങ്ക്യ ഗ്രൂപ്പുകളും സാക്ഷ്യപ്പെടുത്തുന്നത്. സ്മരണാതീത കാലങ്ങൾക്കപ്പുറം റോഹിങ്ക്യകൾ മ്യാന്മറിൽ താമസിച്ചിരുന്നു. അതുകൊണ്ടാണ് റാഖിൻ എന്ന പേര് ഈ പ്രദേശത്തിനു വന്നതെന്നുമാണ് അറാക്കൻ റോഹിങ്ക്യ നാഷണൽ ഓർഗനൈസേഷൻ വ്യക്തമാക്കുന്നത്.


1824 മുതൽ 1948 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നും തൊഴിലാളി കുടിയേറ്റമുണ്ടായതോടെയാണ് ഇന്നത്തെ മ്യാന്മർ പിന്നീട് രൂപപ്പെടുന്നത്. ഇന്ത്യയുടെ പ്രവിശ്യയായി കരുതപ്പെട്ടിരുന്ന മ്യാന്മറിൽ അക്കാലത്തെ കുടിയേറ്റം ആഭ്യന്തരമായാണ് കണക്കാക്കിയിരുന്നതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് പറയുന്നു.

ബ്രട്ടണിൽ നിന്നും സ്വാതന്ത്ര്യം നേടിയ മ്യാന്മർ പിന്നീട് ഇക്കാലത്തുള്ള കുടിയേറ്റം അനധികൃതമാക്കി. റോഹിങ്ക്യകളെയും കുടിയേറ്റക്കാരുടെ പട്ടികയിൽ പെടുത്തിയതോടെ ഇവർക്കു പൗരത്വം ഇല്ലാതായി. റോഹിങ്ക്യകളെ 'ബംഗാളികളായി' കാണാൻ ബുദ്ധിസ്റ്റുകൾക്കു ഇതുമതിയായിരുന്നു. റോഹിങ്ക്യകൾ ഇപ്പോൾ കുടിയേറി വന്നതാണെന്നും പറഞ്ഞു അവർ ഇതിനെ രാഷ്ട്രീയ കാരണമാക്കി മാറ്റി.

എന്തുകൊണ്ട് റോഹിങ്ക്യകൾ അംഗീകരിക്കപ്പെടുന്നില്ല?

1948ൽ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച മ്യാന്മറിൽ യൂണിയൻ സിറ്റിസൺഷിപ്പ് നിയമം പാസാക്കി. ഏതുതരം ഗോത്രക്കാർക്കും പൗരത്വം നൽകുന്നതായിരുന്നു നിയമം. യേൽ ലോ സ്‌കൂളിലെ ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ് ക്ലിനിക്കിന്റെ 2015ലെ റിപ്പോർട്ട് പ്രകാരം റോഹിങ്ക്യകളെ മാത്രം ഇതിൽ ഉൾപ്പെടുത്തിയില്ല. രണ്ടു തലമുറകളായി മ്യാന്മറിൽ തന്നെയാണ് താമസം എന്നു തെളിയിച്ചാൽ തിരിച്ചറിയൽ രേഖ നൽകാമെന്നാണ് നിയമത്തിൽ പറഞ്ഞിരുന്നത്.

1962ലെ സൈനിക അട്ടിമറിക്കു ശേഷമാണ് റോഹിങ്ക്യകൾ കൂടുതൽ പാർശ്വവൽക്കരിക്കപ്പെടുന്നത്. ദേശീയ രജിസ്ട്രേഷൻ കാർഡുകൾ പൗരന്മാർക്കു നൽകപ്പെട്ടപ്പോൾ റോഹിങ്ക്യകൾക്കു നൽകിയ വിദേശ ഐഡന്റി കാർഡ്. ഇതോടെ ഇവരുടെ തൊഴിലവസരങ്ങളും വിദ്യാഭ്യാസാവസരങ്ങളും പരിമിധമായി.

1982ൽ വീണ്ടും പുതിയ സിറ്റിസൺ നിയമം പ്രാബല്യത്തിൽ വന്നു. ഇതോടെ റോഹിങ്ക്യകൾ ഒരു രാജ്യത്തിലെയും പൗരന്മാരല്ലാത്തവരായി. മൂന്ന് രീതികളിലുള്ള സിറ്റിസൺഷിപ്പാണ് പുതിയ നിയമത്തിൽ വിഭാവനം ചെയ്തിരുന്നത്. ഇതിൽ ഏറ്റവും അടിസ്ഥാന ലെവലിലുള്ള പൗരത്വത്തിനു അപേക്ഷ നൽകാൻ 1948 മുതൽ മ്യാന്മറിലാണ് താമസിക്കുന്നതെന്ന രേഖകളും മ്യാന്മർ ഭാഷയിലുള്ള സ്ഫുടതയുമാണ് കണക്കാക്കിയിരുന്നത്. അധികാര ഇടനാഴിയിൽ കാലങ്ങളായി പുറത്തു നിർത്തപ്പെട്ട റോഹിങ്ക്യകളെ അപേക്ഷിച്ചു ഇതു രണ്ടും അപ്രാപ്യമായിരുന്നു. ഇതെല്ലാം കടന്നു വന്ന റോഹിങ്ക്യകളെ മെഡിസിൻ, നിയമം തുടങ്ങിയ ജോലികളിൽ നിന്നും അകറ്റി നിർത്തി.

വിദ്യാഭ്യാസത്തിനുള്ള അവകാശം, തൊഴിൽ, ജീവിതം, വിവാഹം, ആരോഗ്യം, മതം തുടങ്ങിയവയ്ക്കു പുതിയ നിയമത്തിൽ നിയന്ത്രണങ്ങൾ വന്നു. 1970 മുതൽ റാഖനിനിൽ റോഹിങ്ക്യകളെ അടിച്ചമർത്താൻ മ്യാന്മർ സുരക്ഷാ സൈന്യം തുടങ്ങിയതോടെ ബംഗ്ലാദേശ്, മലേഷ്യ, തായ്ലന്റ് തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കു ഇവർ പലായനം ചെയ്യാൻ തുടങ്ങി. ഈ അടിച്ചമർത്തലിൽ വ്യാപക ബലാത്സംഗങ്ങൾക്കും പീഡനങ്ങൾക്കും റോഹിങ്ക്യകൾ ഇരയായി.

കാലങ്ങളായി ജീവന് വേണ്ടി പലായനം ചെയ്യുന്ന ജനത

കാലങ്ങളായി റോഹിങ്ക്യകൾ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും വ്യാപകമായി പലായനം ആരംഭിച്ചത് 2012 മുതലാണ്. ബുദ്ധമതക്കാരിയെ ബലാത്സംഗംചെയ്തു കൊന്നു എന്നാരോപിച്ച് ബുദ്ധദേശീയവാദികൾ റോഹിങ്യക്കാരുടെ വീടുകൾ ചുട്ടെരിക്കുകയും 280-ലധികം ആളുകളെ കൊല്ലുകയും പതിനായിരങ്ങളെ ഭവനരഹിതരാക്കുകയും ചെയ്തു. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ കണക്കുകൾ പ്രകാരം 88,000 അഭയാർഥികളാണ് 2014 ജനുവരിക്കും 2015-മെയ്‌മാസത്തിനും ഇടയിൽ ബംഗാൾ ഉൾക്കടലിലൂടെ ബോട്ട് വഴി രക്ഷപ്പെടാൻ ശ്രമിച്ചത്. രാജ്യത്തുനിന്ന് പുറത്തുകടക്കാൻ മനുഷ്യക്കടത്തുകാരെവരെ ഇവർക്ക് ആശ്രയിക്കേണ്ടിവരാറുണ്ട്. അപകടംനിറഞ്ഞ ഈ ബോട്ടുയാത്രകൾ നൂറുകണക്കിന് ജീവനുകളാണ് അപഹരിച്ചത്.

2016 ഒക്ടോബറിലെ അതിർത്തിയിലെ സംഘർഷങ്ങൾക്കുശേഷം, സമാധാനത്തിനുള്ള നൊബേൽ ജേതാവ് ആങ് സാൻ സ്യൂചി നേതൃത്വം നൽകുന്ന മ്യാന്മാർ സർക്കാർ, റോഹിങ്യക്കാരെ അടിച്ചമർത്തുന്നത് ശക്തമാക്കി. മ്യാന്മാർ സുരക്ഷാസേന തീവെപ്പും ബലാത്സംഗവും വിചാരണയില്ലാതെയുള്ള കൊലപാതകങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നടത്തുന്നതായാണ് ആരോപണം. റോഹിങ്യൻ ഗ്രാമങ്ങൾ ചുട്ടെരിക്കുന്നതിന്റെ ഉപഗ്രഹചിത്രങ്ങൾ ഹ്യൂമൻ റൈറ്റ്സ് വാച്ച് ഇടയ്ക്കിടെ പുറത്തുവിടാറുണ്ട്. 2017 സെപ്റ്റംബർ രണ്ടിനു പുറത്തുവിട്ട ഏറ്റവും പുതിയ ചിത്രപ്രകാരം 700 കെട്ടിടങ്ങൾ കത്തിനശിച്ചു.

തുടരുന്ന പലായനം എങ്ങോട്ട്?

1970കളുടെ അവസാനം മുതൽ ഏകദേശം പത്ത് ലക്ഷം റോഹിങ്ക്യകൾ മ്യാന്മറിൽ നിന്നും പലായനം ചെയ്തിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് 2012 മുതൽ ഈ വർഷം മെയ് വരെ 168,000 ആളുകൾ പലായനം ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇതിൽ 2012 മുതൽ 2015 വരെ 112,000 റോഹിങ്ക്യകൾ ജീവൻ പണയം വെച്ച് മീൻപിടുത്ത ബോട്ടിൽ കടൽമാർഗം പലായനം നടത്തിയെന്നും പറയുന്നു.

ഐക്യരാഷ്ട്രസഭയുടെ അഭയാർഥിവിഭാഗം ഹൈക്കമ്മിഷണറുടെ അടിസ്ഥാനത്തിൽ (യു.എൻ.എച്ച്.സി.ആർ.) ഒന്നരലക്ഷത്തോളം റോഹിങ്യക്കാർ ഓഗസ്റ്റ് 25 മുതൽ പടിഞ്ഞാറൻ മ്യാന്മാറിൽനിന്ന് പലായനം ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ റോഹിങ്യൻ അഭയാർഥികളെ സ്വീകരിച്ചിരിക്കുന്ന രാജ്യം ബംഗ്ലാദേശാണ്. ഇവിടത്തെ കുതുപലോങ്, നയാപാറ ക്യാമ്പുകളിലായി 34,000-ത്തോളം രജിസ്റ്റർചെയ്ത റോഹിങ്യകൾ താമസിക്കുന്നു. ഇതുകൂടാതെ രജിസ്റ്റർ ചെയ്യാത്ത ലക്ഷക്കണക്കിന് റോഹിങ്യകൾ ഗ്രാമങ്ങളിലും കൂടാരങ്ങളിലുമായി കഴിയുന്നുമുണ്ട്. എന്തായാലും ബംഗ്ലാദേശ്, റോഹിങ്യകളെ അനധികൃത നുഴഞ്ഞുകയറ്റക്കാരായാണ് കാണുന്നത്. കൂടുതൽ റോഹിങ്യകളെ സ്വീകരിക്കാതിരിക്കാനും ഉള്ളവരെ മാറ്റിപ്പാർപ്പിക്കാനും രാജ്യത്തിന് പദ്ധതികളുണ്ട്. മലേഷ്യ, ഇൻഡൊനീഷ്യ, തായ്ലൻഡ്, പാക്കിസ്ഥാൻ, സൗദി അറേബ്യ, ഇന്ത്യ എന്നീ രാഷ്ട്രങ്ങളും റോഹിങ്യകൾക്ക് അഭയം നൽകുന്നു.

ഇന്ത്യൻ നഗരങ്ങളിലെ മാലിന്യ കൂമ്പാരത്തിൽ കഴിയുന്നവർ

ഇന്ത്യയിലേക്ക് പലായനം ചെയ്‌തെത്തി റോഹിങ്ക്യ മുസ്ലിംങ്ങൾ കൊൽക്കത്തയിലും ഡൽഹിയിലും ചേരികളിൽ മാലിന്യ കൂമ്പാരങ്ങൾക്ക് നടുവിലാണ് കഴിയുന്നത്. ഡൽഹി മഹാനഗരം വലിച്ചെറിയുന്ന മാലിന്യക്കൂമ്പാത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്നതാണ് റൊട്ടിയും മറ്റും. ഉണക്കിയെടുത്ത് കാലിത്തീറ്റയായി വിൽക്കുയും മറ്റുമാണ് ഇവർ ചെയ്യുന്നത്. റോഹിങ്ക്യകളുടെ ദുരിതജീവിതം അത്രയ്ക്ക് മേലാണ്.

മാലിന്യക്കൂന്പാരത്തിന് നടുവിൽ ചേർത്തുചേർത്തുകെട്ടിയ ചെറുകുടിലുകളിലാണ് ഇവർ താമസിക്കുന്നത്. ഇരുട്ടുമാറാത്ത ഒറ്റമുറികളിൽ ശ്വാസംമുട്ടിക്കഴിയുന്ന ജീവിതങ്ങൾ. മരിച്ചാൽ മാലിന്യമലയ്ക്കും തലചായ്ക്കുന്ന ഇടത്തിനുതാഴെ മറവുചെയ്യേണ്ട ദുര്യോഗം. പാമ്പുകടിയേറ്റ് കുഞ്ഞുങ്ങൾ മരിച്ച സംഭവങ്ങളുണ്ട്. ഏതുനിമിഷവും മാഹാവ്യാധികൾ പടർന്നുപിടിക്കാം.

തിരിച്ചറിയിൽ രേഖകളില്ലാത്തവർക്കാണ് പ്രതിസന്ധികൾ ഏറെ അനുഭവിക്കേണ്ടിവരുന്നത്. പലർക്കും ജയിലിൽ പോകേണ്ടിവന്നു. മ്യാന്മാറിലെ ഭാഷമാത്രമേ അറിയൂവെന്നത് ഭൂരിഭാഗം പേരുടെയും തൊഴിലെടുത്തു ജീവിക്കാനുള്ള അവസരങ്ങളില്ലാതാക്കി. പിന്നെ കിട്ടിയത് മാലിന്യം പെറുക്കി വേർതിരിച്ച് വിൽക്കുന്നതുപോലെയുള്ള ജോലികളാണ്. പക്ഷെ അവിടെയും കണ്ണുരുട്ടി കൈയിട്ടുവാരാനുണ്ട് മാലിന്യമാഫിയയും പൊലീസും മറ്റ് അധികൃതരും. ചില സന്നദ്ധ സംഘടനകൾ നൽകുന്ന സഹായങ്ങൾ വലിയ ആശ്വാസമാണ്. അഴുക്കിൽ പുതഞ്ഞ അരികുജീവിതങ്ങളിലേക്ക് അന്നവും അക്ഷരവുമെത്തുന്നു.

ഈ തുച്ഛ ജീവിതത്തിലും റോഹിങ്ക്യകൾ സന്തുഷ്ടരാണ്. കണ്ണീരിലും പുഞ്ചിരിയുണ്ട്. നാടുകടത്തണമെന്ന നിർദ്ദേശങ്ങൾ ഇവരുടെ കൊച്ചു സന്തോഷങ്ങൾക്കുമേൽ കനൽകോരിയിടുകയാണ്. ആട്ടിപ്പായിക്കപ്പെട്ടാൽ പലർക്കും മുന്നിലുള്ളത് മരണം മാത്രം. മാലിന്യത്തിനു നടുവിൽ കഴിയുമ്പോഴും ഇവർ മനസമാധാനം അനുവഭിക്കുന്നുണ്ട്.

ലോകം എന്തു പറയുന്നു ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം

ലോകത്തിലെ രാജ്യമില്ലാത്ത ഏറ്റവും വലിയ സമൂഹമായ റോഹിങ്ക്യകൾക്കു നേരെ നിരന്തരമുണ്ടായിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ ഐക്യരാഷ്ട്രസഭയും ഹ്യൂമൻ റൈറ്റ്സ് വാച്ചും ആംനെസ്റ്റി ഇന്റർനാഷണലും ആശങ്കയറിയിച്ചിട്ടുണ്ട്. അതേസമയം, ആശങ്കയറിയിക്കുകയും നടപടികൾ സ്വീകരിച്ചു എന്നും പറയുകയല്ലാതെ കൃത്യമായി എന്തു ചെയ്തു എന്തു ചെയ്യാൻ പോകുന്നു എന്നൊന്നും എവിടെയും വ്യക്തമാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് മ്യാന്മറിലേതെന്നാണ് വിലയിരുത്തൽ.

സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ച ആങ് സാൻ സൂചിയാണ് മ്യന്മറിന്റെ രാഷ്ട്രീയ മുഖവും സ്റ്റേറ്റ് ചാൻസ്ലറും. റോഹിങ്ക്യ മുസ്ലിങ്ങളുടെ കാര്യത്തിൽ ഇവർ പുലർത്തിക്കൊണ്ടിരിക്കുന്ന മൗനം റോഹിങ്ക്യകളെ തീവ്രവാദിയാക്കുന്നതിനുള്ള സമ്മതമാണ്. സൈനിക കാര്യങ്ങളിൽ ഇടപെടുന്നതിനു ഇവർക്കു പരിധിയുണ്ടെങ്കിലും പത്ത് ലക്ഷത്തോളം വരുന്ന ഒരു ജനതയ്ക്കു തന്റെ രാജ്യത്ത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നേരിടുമ്പോൾ മൗനം പുലർത്തുന്ന സൂചിക്കു നോബേൽ പുരസ്‌ക്കാരം തലയ്ക്കു മുകളിൽ വാളായി ഇരിക്കുന്നുണ്ടാവും.