ന്യൂഡൽഹി: വിവാദമായ റഫേൽ ആയുധ ഇടപാടു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഫ്രാൻസിലെ നാഷണൽ ഫിനാൻഷ്യൽ പ്രോസിക്യുട്ടേഴ്‌സ് ഓഫീസിന് പരാതി. സാമ്പത്തിക തട്ടിപ്പുകൾക്കെതിരേ ഫ്രാൻസിൽ പ്രവർത്തിക്കുന്ന ഷെർപ എന്ന എൻജിഒ സംഘടനയാണ് പരാതി നൽകിയിരിക്കുന്നത്. ഒക്ടോബർ മാസം അവസാനമാണ് ഷെർപ പ്രോസിക്യുട്ടേഴ്‌സ് ഓഫീസിന് റഫേൽ ഇടപാടിൽ ഉണ്ടായെന്നു പറയപ്പെടുന്ന സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് പരാതി നൽകിയിരിക്കുന്നത്.

ജെറ്റ് നിർമ്മാണ കമ്പനിയായ ദസൗൾട്ട് ഏവിയേഷൻ 2016-ൽ ഇന്ത്യക്ക് 36 യുദ്ധ വിമാനങ്ങൾ വിറ്റതു സംബന്ധിച്ച കരാറിനെക്കുറിച്ചും അനിൽ അംബാനിയുടെ റിലയൻസിനെ അതിന്റെ ഇടനിലക്കാരാക്കിയതും സംബന്ധിച്ച വിശദമായ അന്വേഷണമാണ് ഷെർപ ആവശ്യപ്പെട്ടിരിക്കുന്നത്. ആയുധ ഇടപാടിൽ അഴിമതി നടക്കാനുള്ള സാധ്യത, ഇടപാടുകാരുടെ സമ്മർദങ്ങൾക്കു വഴങ്ങിക്കൊടുക്കൽ, ഇടപാടിലുള്ള സാമ്പത്തിക തിരിമറി തുടങ്ങിയവയെ കുറിച്ചെല്ലാം അന്വേഷണം വേണമെന്നാണ് ഷെർപ വ്യക്തമാക്കിയിരിക്കുന്നത്.

വേണ്ടത്ര ഗൗരവത്തോടെ റഫേൽ ഇടപാടിനെ കണ്ട് അന്വേഷണം പുരോഗമിപ്പിക്കണമെന്നും ഷെർപയുടെ സ്ഥാപകൻ വില്യം ബൗർഡൻ ആവശ്യപ്പെട്ടു. അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് മുഖേന ഫ്രാൻസിൽ നിന്ന് ഇന്ത്യവാങ്ങിയ 36 എയർക്രാഫ്റ്റ് ഇടപാടിലാണ് എൻഡിഎ സർക്കാരിനെ വെട്ടിലാക്കി അഴിമതി ആരോപണം ഉയർന്നത്. 2015-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാരീസ് യാത്രയോടെയാണ് റഫേൽ ചർച്ചകൾക്ക് ജീവൻ വയ്ക്കുന്നത്. പിന്നീട് റിയലൻസിനെ ഇടനിലക്കാരാക്കി സർക്കാർ പോർവിമാനങ്ങൾ വാങ്ങിക്കുകയായിരുന്നു.

റഫേൽ വിമാന ഇടപാടിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു സമാജ്വാദി പാർട്ടി എംപി നരേഷ് അഗർവാൾ രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിനു മറുപടി നൽകാൻ പ്രതിരോധ മന്ത്രി വിസമ്മതിച്ചതോടെയാണു ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെന്ന വാദം ശക്തിപ്പെട്ടത്. യു.പി.എയുടെ ഭരണകാലത്ത് ഉറപ്പിച്ച വിലയുടെ മൂന്നിരട്ടി നൽകി വിമാനങ്ങൾ വാങ്ങിയതും സർക്കാർ സ്ഥാപനമായ എച്ച്.എ.എല്ലിനു പകരം സ്വകാര്യ സ്ഥാപനത്തിനു സാങ്കേതികവിദ്യ കൈമാറാൻ ഫ്രഞ്ച് കമ്പനി തീരുമാനിച്ചതും ചോദ്യം ചയ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യയും ഫ്രാൻസും സുരക്ഷാ ഉടമ്പടിയിൽ ഏർപ്പെട്ടിട്ടുണ്ടെന്ന ന്യായം പറഞ്ഞാണു സർക്കാർ വിശദാംശങ്ങൾ മറച്ചുവെക്കുന്നത്.

റഫേൽ യുദ്ധവിമാന ഇടപാടിലെ നിർണായക രേഖകൾ അടക്കം ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കയാണ്. ഈ സംഭവവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ മറുകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനിടെയാണ് ഫ്രാ്ൻസിലും ഇത് രാഷ്ട്രീയ വിവാദമായി മാറുന്നത്. 2015 ൽ നരേന്ദ്ര മോദിയുടെ പാരീസ് യാത്രയോടെയാണ് റാഫേൽ ചർച്ചകൾക്ക് വീണ്ടും ജീവൻവച്ചത്. യാതൊരു അറിയിപ്പും മുൻകൂട്ടി നൽകാതെ ഫ്രാൻസ് സന്ദർശനവേളയിൽ ഇന്ത്യ 36 റാഫേൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിക്കുകയായിരുന്നു. യു.പി.എ സർക്കാരിന്റെ കാലത്തെ 126 വിമാനങ്ങൾ എന്ന കരാറല്ല, മറിച്ച് 36 വിമാനങ്ങൾ വാങ്ങുന്ന പുതിയ കരാറിലേക്കായിരുന്നു മോദി സർക്കാർ നീങ്ങിയത്. പഴയ കരാറിന് നൽകേണ്ട പണം വളരെ കൂടുതലാണ് എന്ന കാരണത്താൽ കരാറിൽനിന്ന് പിന്മാറുകയാണെന്നാണ് സർക്കാർ വ്യക്തമാക്കിയത്. എന്നാൽ പുതിയ കരാറിൽ സാങ്കേതികവിദ്യയുടെ കൈമാറ്റം എന്ന മന്മോഹൻ സർക്കാരിന്റെ ആശയം പരിഗണിച്ചിട്ടില്ല.

58,000 കോടി രൂപയുടെ കരാറാണ് പ്രധാനമന്ത്രി 2016 സെപ്റ്റംബറിൽ ഇതുമായി ബന്ധപ്പെട്ട് ഒപ്പുവെച്ചത്. കരാറിലേക്ക് അനിൽ അംബനി കടന്നു വന്നതിന് പിന്നിലെ അഴിമതി വ്യക്തമാക്കുന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. റഫേൽ യുദ്ധവിമാനങ്ങൾ നിർമ്മിച്ചു നൽകാന്നതിനുള്ള കരാറിൽ അനിൽ അംബാനിയുടെ കമ്പനിയെ ഉൾപ്പെടുത്തണമെന്ന നിർബന്ധബുദ്ധി വെച്ചത് മോദി സർക്കാറാണെന്നതാണ് സർക്കാറിനെ വെട്ടിലാക്കിയത്.

കരാർ സാധ്യമാകില്ലെന്ന് റാഫേൽ നിർമ്മാതാക്കളായ ദാസോ കമ്പനിയുടെ വെളിപ്പെടുത്തലാണ് കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയത്. കമ്പനിയുടെ ഇതുമായി ബന്ധപ്പെട്ട രേഖകൾ ഒരു ഫ്രഞ്ച് മാധ്യമമായ മീഡിയ പാർട്ടാണ് പുറത്തുവിട്ടത്. 2017 മെയ് 11 ന് ദാസോ എവിയേഷൻ സി ഇ ഒ ലോയ്ക് സെഗാലിൻ നടത്തിയ പ്രസന്റെഷനിലാണ് ഇതു സംബന്ധിച്ച് വ്യക്തമാക്കിയത്. 'ആ നിബന്ധന അംഗീകരിക്കേണ്ടത് ദാസോ ഏവിയേഷന് ഇന്ത്യയുമായി കരാറിലേർപ്പെടുന്നതിന് അനിവാര്യമായിരുന്നു' എന്നാണ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.

നേരത്തെ ഇതേ കാര്യം ഫ്രാൻസ് മുൻ പ്രസിഡന്റ് ഒലൻദേ പറഞ്ഞിരുന്നു. ഇന്ത്യൻ സർക്കാരാണ് റിലയൻസുമായി കരാറിലേർപ്പെടണമെന്ന് നിർദ്ദേശിച്ചതെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്. അതിൽ ഫ്രഞ്ച് സർക്കാരിന് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രതിരോധ മന്ത്രി നിർമ്മല സീതാരാമന്റെ ഫ്രഞ്ച് സന്ദർശനത്തിനിടെയാണ് പുതിയ വിവാദം പൊട്ടിപുറപ്പെടുന്നത്. റഫേൽ വിമാന നിർമ്മാതാക്കളായ ഫ്രഞ്ച് കമ്പനി ഡാസോ ഏവിയേഷന്റെ രേഖകൾ ഉദ്ധരിച്ചാണ് റിപ്പോർട്ട്. പ്രതിരോധമന്ത്രി നിർമല സീതാരാമൻ ത്രിദിന സന്ദർശനത്തിനായി ഫ്രാൻസിലേക്കു പോകാനിരിക്കെയാണ് വിവരം പുറത്തുവന്നിരിക്കുന്നത്. 58,000 കോടി രൂപയ്ക്ക് 36 റഫേൽ വിമാനങ്ങൾ വാങ്ങാനായിരുന്നു കരാർ.

പൊതുമേഖല സ്ഥാപനമായ എച്ച് എ എല്ലിനെ ഒഴിവാക്കിയാണ് പ്രതിരോധ മേഖലയിൽ മുൻ പരിചയമല്ലാത്ത അനിൽ അംബാനിയുടെ റിലയൻസ് കമ്പനിയെ കരാറിൽ ഉൾപ്പെടുത്തിയത്. യുപി എ സർക്കാരിന്റെ കാലത്ത് എച്ച് എ എല്ലിനെയായിരുന്നു ദാസോവിന്റെ ഓഫ്സെറ്റ് പാർട്നറായി നിശ്ചയിച്ചത്. നരേന്ദ്ര മോദിയുടെ സന്ദർശനത്തിലാണ് ഇതുമാറ്റി റിലയൻസിനെ ഉൾപ്പെടുത്തി കരാറിൽ ഏർപ്പെടാൻ തീരുമാനിച്ചത്.

ഇടപാടിൽ തുടക്കം മുതൽ അവ്യക്തത

റിലയൻസ് എയ്‌റോസ്ട്രക്ചറിനെ 2015ൽ റഫേൽ കരാറിന്റെ ഭാഗമായ പുനർനിക്ഷേപ പദ്ധതിയിൽ പങ്കാളിയാക്കിയത് 2016ൽ നിലവിൽവന്ന പ്രതിരോധ സംഭരണനടപടിക്രമചട്ടത്തിന്റെ പേരിലാണെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. വൻകിട പ്രതിരോധകരാറുകൾ നേടുന്ന വിദേശകമ്പനികൾ ഇന്ത്യയിൽ പുനർനിക്ഷേപം നടത്തണമെന്ന നയത്തിന്റെ മറവിലാണ് ഈ മറിമായം നടന്നത്. ഇന്ത്യയുടെ നിർദ്ദേശപ്രകാരമാണ് റഫേൽ ഇടപാടിൽ റിലയൻസിനെ പങ്കാളിയാക്കിയതെന്ന മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഓളന്ദിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കവെ 2016ലെ പ്രതിരോധസംഭരണ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് റിലയൻസ് എയ്‌റോസ്ട്രക്ചറുമായി കരാർ ഒപ്പിട്ടതെന്ന് റഫേൽ നിർമ്മാതാക്കളായ ദസ്സാൾട്ട് വിശദീകരിച്ചിരുന്നു.

പ്രതിരോധസംഭരണ നടപടിക്രമചട്ടം(ഡിപിപി) നിലവിൽവന്നത് 2016 ഏപ്രിൽ ഒന്നിനാണ്. എന്നാൽ, ദസ്സാൾട്ട് ഏവിയേഷന്റെയും റിലയൻസ് എയ്‌റോസ്ട്രക്ചറിന്റെയും സംയുക്തസംരംഭമായ ദസ്സാൾട്ട് റിലയൻസ് എയ്‌റോസ്‌പെയ്‌സ് ലിമിറ്റഡിനു രൂപം നൽകിയത് 2015 ഏപ്രിലിൽ. ദസ്സാൾട്ട് ഏവിയേഷൻ 2018 ഏപ്രിൽ 23ന് പ്രസിദ്ധീകരണത്തിനു നൽകിയ പത്രക്കുറിപ്പിൽ ഇക്കാര്യം സമ്മതിക്കുന്നു. കോർപറേറ്റ്കാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പ്രകാരം റിലയൻസ് എയ്‌റോസ്ട്രക്ചർ രജിസ്റ്റർ ചെയ്തത് 2015 ഏപ്രിൽ 24നാണ്.

സംയുക്തസംരംഭം രൂപീകരിക്കാൻ തിരക്കിട്ട് റിലയൻസ് എയ്‌റോസ്ട്രക്ചർ രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്നും വ്യക്തം. പ്രധാനമന്ത്രി നരേന്ദ്ര മോദി റഫേൽകരാർ പാരിസിൽ പ്രഖ്യാപിച്ച് 14 ദിവസത്തിനുള്ളിലാണ് അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിന്റെ അനുബന്ധകമ്പനിയായി റിലയൻസ് എയ്‌റോസ്ട്രക്ചർ രജിസ്റ്റർ ചെയ്തത്. റിലയൻസ് ഡിഫൻസിനു രൂപം നൽകിയത് 2015 മാർച്ച് 28നാണ്. മോദി പാരിസിലേക്ക് പോകുന്നതിനു 12 ദിവസം മുമ്പ്. റിലയൻസ് ഡിഫൻസ്, റിലയൻസ് എയ്‌റോസ്ട്രക്ചർ എന്നിവ രൂപീകരിക്കുമ്പോൾ നിലവിലുണ്ടായിരുന്നത് 2013ലെ പ്രതിരോധസംഭരണ ചട്ടമാണ്. 2015 ഏപ്രിലിൽ ദസ്സാൾട്ട് റിലയൻസ് എയ്‌റോസ്‌പെയ്‌സ് ലിമിറ്റഡ് കടലാസ് കമ്പനിയുമായിരുന്നു.

പങ്കാളിയായി ആരെയും തെരഞ്ഞെടുക്കാൻ ദസ്സാൾട്ടിനു അവകാശമുണ്ടായിരുന്നു എന്നാണ് മോദിസർക്കാർ വാദിക്കുന്നത്. സർക്കാരുകൾ തമ്മിലാണ് ചർച്ച നടത്തിയതെന്ന് 2015 ഏപ്രിൽ 10ന് മോദി പാരിസിൽ അവകാശപ്പെട്ടിരുന്നു. റഫേൽ ഇടപാടിൽ പങ്കാളിയായി ദസ്സാൾട്ട് ഒരു കമ്പനിയെയും നിശ്ചയിച്ചിട്ടില്ലെന്നുകൂടി 2018 ഫെബ്രുവരി ഏഴിനു പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. കരാർവ്യവസ്ഥകൾ നടപ്പാക്കുന്നതിന് ഒരുവർഷംമുമ്പ് വിദേശകമ്പനി ആഭ്യന്തരപങ്കാളിയെ അറിയിച്ചാൽ മതിയെന്നാണ് വ്യവസ്ഥയെന്നും മന്ത്രാലയം വിശദീകരിച്ചു.

എന്നാൽ, സംയുക്തസംരംഭം രൂപീകരിക്കുമ്പോൾ 2013ലെ സംഭരണചട്ടങ്ങളാണ് നിലനിന്നിരുന്നത്. ഇതനുസരിച്ച് സർക്കാരിനെ എല്ലാവിവരവും അറിയിക്കണമായിരുന്നു. 2015 ആഗസ്തിൽ റിലയൻസിനെ സഹായിക്കാൻ ചട്ടങ്ങളിൽ ഇളവ് വരുത്തി. ആഭ്യന്തരപങ്കാളിയെക്കുറിച്ച് പിന്നീട് അറിയിച്ചാൽ മതിയെന്ന് വരുത്തി. ഇങ്ങനെ കേന്ദ്രസർക്കാർ എല്ലാ ഒത്താശയും ചെയ്താണ് 59,000 കോടി രൂപയുടെ പ്രതിരോധഇടപാടിൽ റിലയൻസിനെ പങ്കാളിയാക്കിയത്.