തിരുവനന്തപുരം: ചുറുചുറുചുറുക്കോടെ നിറപുഞ്ചിരിയിലാണ് ഈ സിനിമാ മുത്തച്ഛനെ എപ്പോഴും കണ്ടിട്ടുള്ളത്. ദേശാടനം, കല്യാണരാമൻ തുടങ്ങി 25ലധികം മലയാള സിനിമകളിലെ വേഷങ്ങൾ, തമിഴിലും, തെലുങ്കിലും ഉൾപ്പടെ അഭിനയം. കമൽഹാസനും ഐശ്വര്യാ റായിക്കും ഒപ്പം അഭിനയിക്കാൻ അവസരം ലഭിച്ച വ്യക്തിത്വം. പുല്ലേലി ഇല്ലത്ത് നാരായണ വാദ്ധ്യാരുടെയും ദേവകി അന്തർജ്ജനത്തിന്റെയും മകനായി പയ്യന്നൂരിലെ കോറോം പുല്ലേലി വാധ്യാർ ഇല്ലത്ത് ജനിച്ച പി.വി. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിക്ക് സിനിമയിൽ ലഭിച്ചത് നിറഞ്ഞ അവസരങ്ങളായിരുന്നു.

കല്യാണരാമനിൽ ദിലീപിന്റെ മുത്തച്ഛനായി എത്തി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ആളാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി. ചിത്രത്തിലെ അഭിനയത്തിന് ശേഷം മലയാള സിനിമയിൽ മുത്തച്ഛൻ കഥാപാത്രങ്ങളുടെ മുഖമായി അദ്ദേഹം മാറുകയായിരുന്നു. 2012-ലാണ് ഒടുവിൽ അദ്ദേഹം സിനിമയിൽ അഭിനയിച്ചത്.

ദേശാടനത്തിലൂടെ മുത്തച്ഛനായി എത്തിയ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി പിന്നീട് മലയാള സിനിമയുടെ മുത്തച്ഛനായി മാറുകയായിരുന്നു. കൈകുടന്ന നിലാവ്, മധുര നൊമ്പരക്കാറ്റ്, സദാനന്ദന്റെ സമയം, നോട്ട് ബുക്ക്, രാപ്പകൽ, ലൗഡ് സപീക്കർ, പോക്കിരി രാജ, കല്യാണരാമൻ, മായാ മോഹിനി, തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം 2012 ലാണ് അവസാനമായി വെള്ളിത്തിരയിലെത്തിയത്. മലയാള സിനിമയിലെ മുത്തശ്ശൻ കഥാപാത്രങ്ങളിൽ ആദ്യം മനസ്സിലേക്ക് ഓടി എത്തുന്നത് കല്യാണരാമനിലെ കഥാപാത്രമാണ്.

സിനിമയുമായുള്ള ഏക ബന്ധം മകളുടെ ഭർത്താവ് കൈതപ്രം ദാമോദരൻ നമ്പൂതിരി സിനിമ ഗാന രചയിതാവ് ആണെന്നത് മാത്രമായിരുന്നു. എന്നാൽ അസാമാന്യ അഭിനയ മികവ് കൊണ്ട് സംവിധായകനെ പോലും ഞെട്ടിച്ചുകളഞ്ഞു ഈ മുത്തശ്ശൻ അന്ന്. പിന്നീടങ്ങോട്ട് മമ്മൂട്ടി, മോഹൻലാൽ, കമൽഹസൻ, രജനീകാന്ത് തുടങ്ങിയ തെന്നിന്ത്യൻ താരങ്ങളോടൊപ്പം അഭിനയിച്ച് താരങ്ങളുടെ കൂട്ടത്തിലെ സൂപ്പർ താരമായി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി മാറി. മാത്രമല്ല ലോക സുന്ദരി ഐശ്വര്യ റായിയുടെ മുത്തച്ഛനായിട്ടും അഭിനയിച്ചു ഈ മുത്തശ്ശൻ. എണ്ണിപ്പറയാവുന്ന സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി അഭിനയിച്ച ഓരോ സിനിമകളിലും കഥാപാത്രമായി ജീവിക്കുക തന്നെയായിരുന്നു. യോഗയും ചിട്ടയായ ജീവിതവും ആണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയെ ആരോഗ്യവാനാക്കിയത്.

പ്രായത്തിന്റെ അവശതകൾ ഉണ്ടായിരുന്നെങ്കിലും ജീവിതശൈലീരോഗങ്ങളോ മറ്റു പ്രയാസങ്ങളോ ഒന്നുമില്ലായിരുന്നു. പയ്യന്നൂർ കോറോം പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ഏറ്റവും ഒടുവിൽ തറവാട്ടുവീട്ടിൽനിന്ന് പുറത്തിറങ്ങാറേയില്ലായിരുന്നു. ഇളയമകൻ പി.വി. കുഞ്ഞികൃഷ്ണൻ ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് സാക്ഷിയാവാൻ ഫെബ്രുവരിയിൽ എറണാകുളത്ത് പോയിരുന്നു.

ജയരാജിന്റെ ദേശാടനത്തിൽ അഭിനയിക്കുമ്പോൾ 76 വയസ്സായിരുന്നു ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിക്ക്. അവിചാരിതമായാണ് സിനിമയിലേക്കുള്ള പ്രവേശനം. പിന്നീട് മലയാളം കടന്ന് തമിഴിലും സാന്നിധ്യമറിയിക്കാൻ അദ്ദേഹത്തിനായി. കമൽ ഹാസനൊപ്പം 'പമ്മൽകെ സമ്മന്തം', രജനികാന്തിനൊപ്പം 'ചന്ദ്രമുഖി', ഐശ്വര്യ റായിയുടെ മുത്തച്ഛൻവേഷത്തിൽ 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ', മലയാളസിനിമകളായ 'രാപ്പകൽ', 'കല്യാണരാമൻ', 'ഒരാൾമാത്രം' തുടങ്ങിയവയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

മകളുടെ ഭർത്താവായ കൈതപ്രം ദാമോദരൻ നമ്പൂതിരി സംവിധാനം ചെയ്ത 'മഴവില്ലിന്നറ്റംവരെ'യാണ് ഒടുവിൽ അഭിനയിച്ച ചിത്രം.കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു. കണ്ണൂരിൽ വച്ചായിരുന്നു 98 ാം വയസിൽ അന്ത്യം.