ന്യൂയോർക്ക്: ലോകത്തെ തന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ ഒന്ന് അമേരിക്കയിൽ ഉയർന്നു. അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ പണി കഴിപ്പിച്ച ശ്രീ അക്ഷർപുരുഷോത്തം സ്വാമി നാരായൺ സംസ്തയുടെ ക്ഷേത്രത്തിന്റെ മതപരമായ ഉദ്ഘാടന ചടങ്ങുകളും പൂർത്തിയായി. അടുത്ത ശനിയാഴ്ച്ച മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം.
ശ്രീ അക്ഷർപുരുഷോത്തം സ്വാമി നാരായണൻ സംസ്തയാണ് ക്ഷേത്രം സ്ഥാപിച്ചത്. ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടനയ്ക്ക് അമേരിക്കയിൽ ഏതാണ്ട് എല്ലാ നഗരങ്ങളിലും വലിയ ക്ഷേത്രങ്ങളുണ്ട്. എന്നാൽ, ന്യൂജഴ്‌സിയിൽ ക്ഷേത്രം നിർമ്മിക്കുന്നത് ഇത് ആദ്യമാണ്. 160 ഏക്കറിൽ നിർമ്മിച്ച ക്ഷേത്രം കൊത്തുപണികളാൽ സമൃദ്ധമാണ്. 134 അടി നീളവും 87 അടി വീതിയുമുള്ള ക്ഷേത്രത്തിൽ 108 സ്തംഭങ്ങളുണ്ട്.
അതേസമയം ക്ഷേത്രത്തിന്റെ നിർമ്മാണ ചെലവ് കേട്ടാൽ ആരായാലും ഞെട്ടും. ആയിരം കോടിയോളം രൂപ ക്ഷേത്രനിർമ്മാണത്തിനായി ചിലവിട്ടുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ 1.8 കോടി ഡോളറേ (108 കോടി രൂപ) മാത്രമേ നിർമ്മാണത്തിന് വേണ്ടിവന്നുള്ളൂവെന്നാണ് ക്ഷേത്ര ഭാരവാഹികൾ പറയുന്നത്. 55 ഡോളർ മുതൽ ഒരുലക്ഷം ഡോളർ വരെ സംഭാവനയായി ക്ഷേത്രനിർമ്മാണത്തിനായി സ്വീകരിച്ചിരുന്നു. നിരവധി സന്നദ്ധ സേവകർ ക്ഷേത്ര നിർമ്മാണത്തിൽ പങ്കാളികളായിരുന്നു.
ക്ഷേത്രത്തോട് ചേർന്ന് നിർമ്മിക്കുന്ന അക്ഷർധാം സമുച്ചയം രണ്ടുവർഷത്തിനകം പൂർത്തിയാക്കാനാണ് പദ്ധതിയിടുന്നത്. വിദ്യാലയങ്ങളായിരിക്കും ഈ സമുച്ചയത്തിൽ. 2009ലാണ് ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഇന്ത്യക്കാരായ ഹൈന്ദവർ ഏറെയുള്ള ന്യൂജേഴ്‌സിയിൽ ക്ഷേത്രത്തിൽ നിരവധി പേർ എത്തുമെന്നാണ് ഭാരവാഹികൾ കരുതുന്നത്. 15,000ത്തിലേറെ പേരാണ് അമേരിക്കയിലെ ഏറ്റവും വലിയ ക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളായത്.
മാർബിളിലും ഗ്രാനൈറ്റിലും തീർത്ത കൊത്തുപണികളാണ് ക്ഷേത്രത്തിലെ പ്രധാന ആകർഷകം. അതീവ ശില്പചാരുതയോടെ ഉയർന്ന ക്ഷേത്രം അമേരിക്കക്കാർക്കും കൗതുതം തീർക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ ഒന്നായ ഡൽഹി അക്ഷർത്ഥാം ക്ഷേത്രത്തിന്റെ ശില്പ മാതൃക തന്നെയാണ് പുതിയ ക്ഷേത്രത്തിനായും പിന്തുടർന്നത്.