ജെയ്പുർ: റേഷൻ സബ്സിഡി പറ്റുന്നവരടെ വീടിന്റെ ചുവരിൽ 'ഞാൻ ദരിദ്രനാണ്' എന്ന് എഴുതി രാജസ്ഥാൻ സർക്കാർ. 'ഞാൻ ദരിദ്രനാണ്', 'ഞാൻ പരമ ദരിദ്രനാണ് 'എന്നിങ്ങനെയുള്ള വാക്യങ്ങളാണ് സർക്കാർ ചെലവിൽ വീടുകളുടെ പുറത്ത് എഴുതിവച്ചിരിക്കുന്നത്. അതേസമയം

സബ്സിഡികൾ ഉറപ്പാക്കാൻ എന്ന പേരിൽ സർക്കാർ ആവിഷ്‌കരിച്ച പദ്ധതി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ അപമാനിക്കുന്ന നടപടിയാണെന്ന ആക്ഷേപം ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്.

ദേശീയ ഭക്ഷ്യ സുരക്ഷ നിയമ പ്രകാരം കിട്ടുന്ന റേഷന്റെ വിഹിതമടക്കമാണ് വീടുകൾക്ക് മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇത് തങ്ങൾക്ക് വലിയ അപമാനമാണെന്ന് ആളുകൾ പ്രതികരിച്ചു. വീടിന് മുന്നിലൂടെ കടന്നു പോകുന്നവർ തങ്ങളെ കളിയാക്കുന്നു. ഇതിൽ ലജ്ജ തോന്നുന്നുവെന്നും അവർ പറഞ്ഞു.

കുറച്ച് ഗോതമ്പിനായി സർക്കാർ തങ്ങളുടെ ചുവരുകൾ വൃത്തികേടാക്കിയെന്ന് മറ്റൊരു ഗ്രാമീണൻ പ്രതികരിച്ചു. മൂന്ന് അംഗങ്ങളുള്ള കുടുംബത്തിന് വെറും 15 കിലോ മാത്രമാണ് സർക്കാർ നൽകുന്നത്. ഇതിനായാണ് ഞങ്ങളുടെ ചുവരുകൾ വൃത്തകേടാക്കുന്നത്. സർക്കാർ പാവപ്പെട്ടവരെ കളിയാക്കുകയാണെന്നും അവർ പറഞ്ഞു.

ദൗസ ജില്ലയിലെ ഒന്നര ലക്ഷത്തോളം വീടുകളിൽ ഇതിനകം തന്നെ പെയിന്റിങ് പൂർത്തിയായിട്ടണ്ട്. ഉടൻ തന്നെ സംസ്ഥാനം മുഴുവൻ ഇത് വ്യാപിപ്പിക്കാനാണ് സർക്കാർ തിരുമാനം.