രാംപുർ: പതിനാലു പേർ ചേർന്ന് രണ്ടു പെൺകുട്ടികളെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുന്ന രംഗങ്ങൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു. യോഗി ആദിത്യനാഥിന്റെ ബിജെപി സർക്കാർ ഭരിക്കുന്ന ഉത്തർപ്രദേശിലാണ് സംഭവം.

  

ലക്‌നോവിൽനിന്ന് മുന്നൂറു കിലോമീറ്റർ അകലെയുള്ള രാംപുരിൽ നടന്ന സംഭവം പൊലീസ് അറിയുന്നത് വീഡിയോ കണ്ടപ്പോഴാണ്. ബിജെപി സർക്കാർ അധികാരത്തിലേറിയശേഷം യുപിയിൽ അക്രമം വർധിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.

പെൺകുട്ടികളെ മാനഭംഗപ്പെടുത്തുന്ന രംഗങ്ങൾ എവിടെവച്ചാണ് ചിത്രീകരിച്ചിരിക്കുന്നതെന്നു വ്യക്തമല്ല. രണ്ടാഴ്ചയായി സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിക്കുന്നു. ആക്രമണത്തിന് ഇരയായ പെൺകുട്ടികളെ തിരിച്ചറിയാനും പൊലീസിനു കഴിഞ്ഞിട്ടില്ല.

മോട്ടോർ സൈക്കിളുകളിൽ എത്തിയ സംഘം ഇടുങ്ങിയ ഒരു റോഡിൽവച്ച് രണ്ടു പെൺകുട്ടികളെ തടയുന്നതു വീഡിയോയിൽ കാണാം. തുടർന്ന് ഇവർ പെൺകുട്ടികളുടെ ശരീരത്തിൽ കയറിപ്പിടിക്കുകയായിരുന്നു. പെൺകുട്ടികൾ അലറിക്കരഞ്ഞിട്ടും സംഘം ഉപദ്രവം നിർത്താൻ തയാറാകുന്നില്ല.

സംഭവത്തിൽ കേസെടുത്ത പൊലീസ് സംഘത്തിലെ പ്രധാനിയെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പിടികൂടാനായി തെരച്ചിൽ തുടരുകയാണ്.

മൃഗീയഭൂരിപക്ഷത്തിൽ ജയിച്ചാണ് യോഗി ആദിത്യനാഥിന്റെ ബിജെപി സർക്കാർ മാർച്ചിൽ അധികാരത്തിലേറുന്നത്. ബിജെപി ഭരണം തുടങ്ങിയശേഷം സംസ്ഥാനത്ത് ക്രിമിനൽ പ്രവർത്തനങ്ങൾ വർധിച്ചതായി പ്രതിപക്ഷം ആരോപിക്കുന്നു.