ലക്‌നോ: ഉത്തർപ്രദേശിലെ ഉദയ് വീർ എന്ന പിതാവിന് സ്വന്തം മകന്റെ മൃതദേഹം ആദ്യം ചുമന്നും പിന്നീട് ബൈക്കിൽവച്ചും വീട്ടിലെത്തിക്കേണ്ട ഗതികേടുണ്ടായത് തിങ്കളാഴ്ചയായിരുന്നു. പണമില്ലാത്തതുകൊണ്ട് ആമ്പുലൻസ് വിളിക്കാൻ ഗതിയില്ലാത്ത പിതാവ് 15 വയസുള്ള സ്വന്തം മകന്റെ മൃതദേഹം സ്വയം വീട്ടിലെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഇറ്റാവയിലായിരുന്നു ഈ ദാരുണ സംഭവം.

യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയുടെ തലസ്ഥാനമായ ലക്‌നോവിൽ ഇതേദിവസം സമാനമായ മറ്റൊരു സംഭവവും അരങ്ങേറി. പശുക്കൾക്കായുള്ള ആമ്പുലൻസ് സർവീസിന്റെ ഉദ്ഘാടനമായിരുന്നു അത്. മകന്റെ മൃതദേഹം വഹിക്കാൻ സാമ്പത്തികശേഷിയില്ലാത്ത പിതാവിന്റെ സംസ്ഥാനത്ത് പശുക്കൾക്കായി സൗജന്യ ആമ്പുലൻസ് സർവീസ്. മൃഗഡോക്ടർ അടക്കം എന്തിനും സജ്ജരായ അഞ്ചു വിദഗ്ദർ ഉൾപ്പെട്ട സംഘമാണ് ആമ്പുലൻസ് സർവീസിൽ സേവനം ചെയ്യുന്നത്. ഗോവംശ് രക്ഷാ ട്രസ്റ്റ് എന്ന സന്നദ്ധ സംഘടനയാണ് ഈ ആമ്പുലൻസ് സർവീസ് ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കേശവ് മൗര്യ സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ബിജെപിയുമായി അടുത്ത ബന്ധം പുലർത്തുന്ന സഞ്ജയ് റായ് ആണ് ചീഫ് ട്രസ്റ്റി. പശുക്കൾക്കായുള്ള ആമ്പുലൻസ് സർവീസ് സംസ്ഥനത്തുടനീളം വ്യാപിപ്പിക്കാനാണ് ഇദ്ദേഹം ആഗ്രഹിക്കുന്നത്. സംസ്ഥനത്തെ 75 ജില്ലകളിലും ആമ്പുലൻസ് സർവീസ് ആരംഭിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇദ്ദേഹം പറയുന്നു.

പണമില്ലാത്തതിനാൽ ആമ്പുലൻസ് വിളിക്കാനാകാതെ മൃതദേഹം ചുമന്നുകൊണ്ടുപോകുന്നത് ഉത്തരേന്ത്യയിൽ കൂടെക്കൂടെ ആവർത്തിക്കുന്ന കാഴ്ചകളിലൊന്നായി മാറിയിരിക്കുകയാണ്. ഒഡീഷയിൽ ധനമാജി എന്നയാൾ ഭാര്യയുടെ മൃതദേഹം പത്തു കിലോമീറ്റർ ചുമന്ന് വീട്ടിലെത്തിച്ച ദൃശ്യങ്ങളാണ് ഇത്തരത്തിൽ ശ്രദ്ധപിടിച്ചുപറ്റിയ ഒന്ന്. ഇതുപോലുള്ള സംഭവമാണ് ഉത്തർപ്രദേശിലെ ഇറ്റാവയിൽ തിങ്കളാഴ്ച ആവർത്തിച്ചത്.

ഉദയ് വീർ എന്ന നിർദ്ധന തൊഴിലാളിക്കാണ് 15 വയസുള്ള സ്വന്തം മകന്റെ മൃതദേഹവും ചുമന്നുകൊണ്ടുപോകേണ്ടിവന്നത്. ഏഴു കിലോമീറ്റർ അകലെയുള്ള വീട്ടിൽനിന്നാണ് ഇദ്ദേഹവും മകനും ഇറ്റാവയിലെ സർക്കാർ ആശുപത്രിയിലെത്തിയത്. എന്നാൽ ഒരു ബസ് അപകടവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്ന ഡോക്ടർമാർ ഉദയ് വീറിന്റെ മകനെ കാര്യമായി പരിഗണിച്ചില്ല. ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ കുട്ടി മരിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

സ്വന്തം മകന്റെ മതൃദേഹവും തോളിലേറ്റി ആശുപത്രിക്കു വെളിയിലേക്കു നടക്കുന്ന പിതാവിന്റെ ദാരുണദൃശ്യങ്ങൾ ചിലർ മൊബൈലിൽ പകർത്തി. ഡോക്ടർമാർ തന്റെ കുട്ടിക്കു വേണ്ട ശ്രദ്ധ നല്കിയില്ലെന്ന് ഉദയ് വീർ ആരോപിക്കുന്നു. അതേസമയം കുട്ടി ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതർ നല്കുന്ന വിശദീകരണം. ബസ് അപകടത്തിൽപ്പെട്ടവരെ പരിചരിക്കുന്ന തിരക്കിലായിരുന്നതിനാൽ ഉദയ് വീറിന് ആമ്പുലൻസ് സേവനം വേണമോയെന്ന് തിരക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ലെന്നും പറയുന്നു.