മഹബൂബ്നഗർ: വാഹനനിയമങ്ങളിലെ വീഴ്‌ച്ചകളിൽ പിഴ ഈടാക്കുന്നതുപോലും പലപ്പോഴും ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.അപ്പോൾ പിഴ ഈടാക്കുന്നതിന് പകരം യാത്രക്കാരനെ മർദ്ദിച്ചാലോ..അത് എ്ത്രത്തോളം വിവാദമാകുമെന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളു. അത്തരത്തിൽ ഒരു വാർത്തയാണ് തെലുങ്കാനയിൽ നിന്ന് ഇപ്പോൾ പുറത്ത് വരുന്നത്. സംഭവത്തിന്റെ വീഡിയോ കൂടി പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയാവുകയാണ് വിഷയം.

തെലങ്കാനയിലെ മഹബൂബ്നഗർ ജില്ലയിലാണ് സംഭവം. വീട്ടിലേക്കുള്ള പച്ചക്കറി വാങ്ങുന്നതിനായി എട്ടു വയസ്സുകാരി മകൾക്കൊപ്പം മാർക്കറ്റിൽ എത്തിയതായിരുന്നു പിതാവ്.ആളുകൾ ഹെൽമറ്റ്, മാസ്‌ക് എന്നിവ ധരിക്കുന്നത് ഉറപ്പുവരുത്താൻ രൂപീകരിച്ച പ്രത്യേക സംഘത്തിലെ അംഗമായ സബ് ഇൻസ്പെക്ടർ മുനീറുല്ല ആണ് തെലങ്കാന സ്വദേശി ശ്രീനിവാസിന്റെ കരണത്തടിച്ചത്.

ഹെൽമറ്റ് ധരിക്കാതെ ശ്രീനിവാസും മകളും പച്ചക്കറി വാങ്ങാൻ പോയതു കണ്ട കോൺസ്റ്റബിൾ ഇവരെ തടഞ്ഞുനിർത്തി. ഈ സമയം അവിടെ എത്തിയ എസ്ഐ വിഷയത്തിൽ ഇടപെടുകയും മകളുടെ മുൻപിൽ വച്ചു ശ്രീനിവാസിന്റെ കരണത്തടിക്കുകയും ചെയ്തു. 'നിങ്ങൾക്ക് എന്റെ പേരിൽ ചലാൻ അടിക്കാം, പിഴയും ഈടാക്കാം. പക്ഷെ എന്തിനാണ് കരണത്തടിച്ചത്?' സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിഡിയോയിൽ ശ്രീനിവാസ് ചോദിക്കുന്നു. അതേസമയ മുഖത്തടിക്കുന്ന ദൃശ്യം വീഡിയോവിൽ ഇല്ല.

 

'ഹെൽമറ്റ് ധരിക്കാത്തതിൽ അച്ഛനെ പൊലീസ് വഴക്കുപറഞ്ഞു. ഇതിനു ശേഷം ബൈക്കിന്റെ താക്കോൽ പൊലീസ് പിടിച്ചുവാങ്ങി. അച്ഛൻ അത് ചോദ്യം ചെയ്തു. അപ്പോൾ എസ്ഐ അച്ഛന്റെ കരണത്തടിക്കുകയായിരുന്നു. ഇതാണ് സംഭവിച്ചത്. വല്ലാതെ ഭയം തോന്നി..' സംഭവത്തെക്കുറിച്ച് ശ്രീനിവാസന്റെ മകൾ പറയുന്നത് ഇങ്ങനെയാണ്.

ശ്രീനിവാസിനെ മകൾ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. കുട്ടിയോട് സംസാരിച്ച ശ്രീനിവാസ് തുടർന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനോട് സംഭവം വിശദീകരിക്കുന്നുണ്ട്. ഇതിനിടയിലാണ് പെൺകുട്ടി വിഷമിച്ചു കരയുന്നത്. കുട്ടിയെ ആശ്വസിപ്പിച്ച ശ്രീനിവാസ് 'നമ്മുടെ ഭാഗത്ത് തെറ്റില്ല' എന്ന് പറയുന്നു.

പൊലീസ് ഉദ്യോഗസ്ഥനായ മുനീറുല്ലയെ ശ്രീനിവാസ് ചീത്ത വിളിച്ചെന്ന വാദമാണ് ജില്ലാ പൊലീസ് ഇൻ ചാർജ് കോട്ടി റെഡ്ഡി മുന്നോട്ട് വയ്ക്കുന്നത്. ശ്രീനിവാസിനെ പൊലീസ് ഉപദ്രവിക്കുന്നതിന്റെ വിഡിയോ ഇതുവരെ പുറത്തുവന്നിട്ടില്ല.