തിരുവനന്തപുരം: ഇരുപതിനായിരം രൂപ അടിസ്ഥാന ശമ്പളം നിശ്ചയിച്ചുകൊണ്ട് സർക്കാർ വിജ്ഞാപനം ഇറക്കിയതോടെ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നുവന്ന പ്രക്ഷോഭം വിജയിച്ചെങ്കിലും അത് പോരെന്ന് വ്യക്തമാക്കി സമരം തുടരാൻ തീരുമാനവുമായി ഐഎൻഎ. സുപ്രീംകോടതി നിർദ്ദേശം പാലിക്കപ്പെട്ടില്ലെന്നും അത് സിഐടിയുവും മറ്റും ചേർന്ന് അട്ടിമറിച്ചുവെന്നും വ്യക്തമാക്കിയാണ് ഐഎൻഎ സമരരംഗത്ത് തുടരാൻ തീരുമാനിക്കുന്നത്. മാത്രമല്ല, വൻകിട ആശുപത്രികളെ തുണയ്ക്കുന്ന രീതിയിലാണ് സർക്കാർ പുതിയ വിജ്ഞപാനം ഇറക്കിയതെന്നും അവർ ആരോപിക്കുന്നു.

കഴഞ്ഞവർഷം ശക്തമായ സമരം നഴ്‌സിങ് സംഘടനകളുടെ നേതൃത്വത്തിൽ നടന്നപ്പോഴും ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. സുപ്രീംകോടതി നിർദ്ദേശിച്ചതു പ്രകാരമുള്ള ശമ്പള വർധന തന്നെ വേണമെന്നും മിനിമം വേജസ് ആക്റ്റ് പ്രകാരമുള്ള ശമ്പള വർധന സ്വീകാര്യമല്ലെന്നും ആയിരുന്നു ഐഎൻയുടെ പക്ഷം. കണ്ണൂർ, കാസർകോട് ജില്ലകളിലുൾപ്പെടെ മലബാർ മേഖലയിൽ ശക്തമായ പിന്തുണയുള്ള സംഘടനയാണ് ഐഎൻഎ. ഇപ്പോഴത്തെ ശമ്പള പരിഷ്‌കരണത്തിലെ നേട്ടം വൻകിട ആശുപത്രികൾക്കാണെന്ന വിമർശനം ഉയർത്തിയാണ് സമരരംഗത്ത് തുടരുമെന്ന് അവർ പ്രഖ്യാപിച്ചിട്ടുള്ളത്. മെയ് 12 മുതൽ ഐഎൻഎയുടെ നേതൃത്വത്തിൽ നഴ്‌സുമാർ സമരത്തിന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംഘടന. സുപ്രീംകോടതി നിർദേശിച്ച ആനുകൂല്യങ്ങൾ തന്നെ നൽകുന്നതരത്തിൽ സർക്കാർ ഉത്തരവുണ്ടാകണമെന്ന ആവശ്യമാണ് പ്രധാനമായും ഉ്ന്നയിക്കുന്നത്. അലവൻസുകളുടെ കാര്യത്തിൽ നടത്തിയ വെട്ടിക്കുറയ്ക്കൽ ഒഴിവാക്കണമെന്നും ആവശ്യമുയർത്തിയിട്ടുണ്ട്.

സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ ശുപാർശകൾ തള്ളിക്കൊണ്ടു മിനിമം വേതന ഉപദേശക സമിതിയുടെ ശുപാർശയാണു സർക്കാർ സ്വീകരിച്ചതെന്നും സിഐടിയുവിനു നിർണായക സ്വാധീനമുള്ള സമിതി നഴ്‌സുമാരെക്കാൾ മുൻതൂക്കം നൽകിയത് ആശുപത്രി ജീവനക്കാർക്കായിരുന്നുവെന്നും ആണ് ഐഎൻഎയുടെ ആക്ഷേപം. നഴ്‌സുമാർ സ്വതന്ത്ര സംഘടനയ്ക്കു കീഴിലാണെങ്കിൽ ജീവനക്കാർ സിഐടിയു, ഐഎൻടിയുസി സംഘടനകളിലെ അംഗങ്ങളാണ്. സുപ്രീം കോടതിയുടെ നിർദ്ദേശം പാലിക്കണമെന്ന നഴ്‌സുമാരുടെ ആവശ്യത്തെ സിഐടിയു തള്ളി. ഇതുകൂടി പരിഗണിച്ചുവെന്ന് വരുത്തിയാണ് പുതിയ വിജ്ഞാപനം ഇറക്കിയത്. അതുകൊണ്ട് നഴ്‌സുമാർ സമരരംഗത്ത് ഇറങ്ങിയതിന്റെ ഗുണം മറ്റുള്ളവർ കൊണ്ടുപോകുന്ന സ്ഥിതിയായിയെന്നും അവർ വിലയിരുത്തുന്നു. ഇപ്പോഴത്തെ സമരവിജയത്തിന്റെ ക്രെഡിറ്റ് യുഎൻഎ കൊണ്ടുപോയി എന്ന വിലയിരുത്തലും ഐഎൻഎ അംഗങ്ങൾക്കിടയിൽ പ്രകടമാണ്.

നഴ്‌സുമാർക്കു മികച്ച ശമ്പളം നൽകിയാൽ തത്തുല്യമായ ശമ്പളം ജീവനക്കാർക്കും വേണമെന്നു മിനിമം വേതന ഉപദേശക സമിതിയിലെ സിഐടിയു അംഗങ്ങൾ നിർബന്ധം പിടിച്ചു. സർക്കാരാകട്ടെ ഈ നിർദ്ദേശത്തെ ലംഘിക്കാൻ തയാറായതുമില്ല. സുപ്രീം കോടതി നിർദ്ദേശപ്രകാരം 50 കിടക്കകളുള്ള ആശുപത്രിയിലെ നഴ്‌സുമാർക്ക് 20,000 രൂപ അടിസ്ഥാന ശമ്പളം നൽകുമെന്നാണു കഴിഞ്ഞ ജൂലൈ 20നു മുഖ്യമന്ത്രി പിണറായി പ്രഖ്യാപിച്ചത്. എന്നാൽ ഇത് പുതിയ വിജ്ഞാപന പ്രകാരം നൂറ് കിടക്കകളുള്ള ആശുപത്രിയെന്നായി.

കോടതി നിർദ്ദേശം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണു കേരളമെന്നും അവകാശപ്പെട്ടു. അൻപതിൽ കൂടുതൽ കിടക്കകളുള്ള ആശുപത്രികളിലെ ശമ്പളം നിർണയിക്കാൻ തൊഴിൽ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ സമിതിയെ നിയോഗിച്ചാണ് കഴിഞ്ഞവർഷം സമരം പിൻവലിപ്പിച്ചത്. ഇപ്പോൾ 100 കിടക്കകൾ വരെയുള്ളവർക്കാണ് 20,000 രൂപ ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. 101 മുതൽ 300 കിടക്കകൾ വരെയുള്ള ആശുപത്രികളിലെ നഴ്‌സുമാർക്ക് 22,000 രൂപയാണു ശമ്പളം. ഈ ശ്രേണിയിലുള്ള ആശുപത്രികൾക്കാണു കൂടുതൽ വരുമാനം ലഭിക്കുന്നത്.

നഴ്‌സുമാർക്കു 2016 നവംബറിൽ സുപ്രീംകോടതി സമിതി തീരുമാനിച്ച ശമ്പളഘടന ഇപ്രകാരമായിരുന്നു. 50 മുതൽ 100 വരെ കിടക്കകൾ 20,900 രൂപ. 100 മുതൽ 200 വരെ കിടക്കകൾ 25,500 രൂപ, 200നു മുകളിൽ കിടക്കകൾ 27,800 രൂപ. ടോം ജോസിന്റെ നേതൃത്വത്തിലുള്ള സമിതി ഇതിൽ അലവൻസുകൂടി ചേർത്തു നിർദ്ദേശം സമർപ്പിച്ചു. 50 കിടക്ക വരെ: 20,000 രൂപ, 51 മുതൽ 100 കിടക്ക വരെ: 24,400 രൂപ, 101 മുതൽ 200 കിടക്ക വരെ: 29,400 രൂപ, 201 മുതൽ മുകളിലേക്കുള്ള കിടക്കയ്ക്കു മുകളിൽ: 32,400 രൂപ. മിനമം വേതന സമിതിയുടെ കരടുവിജ്ഞാപനത്തിൽ ഇത് ഉൾപ്പെടുത്തിയിരുന്നു.

എ്ന്നാൽ ഇതിന്മേൽ നടത്തിയ ചർച്ചകളിൽ ഈ തീരുമാനം അട്ടിമറിക്കപ്പെട്ടു. ഉപദേശകസമിതിയിൽ അംഗങ്ങളായ യൂണിയൻകാരാണ് ഇതിനെ എതിർത്തതെന്നും അത് വൻകിട ആശുപത്രി മുതലാളിമാർക്ക് വേണ്ടി ആയിരുന്നെന്നും ആണ് ഐഎൻഎ വിലയിരുത്തുന്നത്. യുഎൻഎ പിളർന്നുണ്ടായ സംഘടനയാണ് ഐഎൻഎ. രണ്ടിനും രാഷ്ട്രീയ പക്ഷപാതിത്വവുമില്ല. ശമ്പളം ഉയർന്നെങ്കിലും സുപ്രീംകോടതി നിർദ്ദേശിച്ച രീതിയിലല്ല നടപ്പാക്കുന്നതെന്നും അലവൻസിന്റെ കാര്യത്തിലുൾപ്പെടെ കടുത്ത വഞ്ചനയാണ് ഇപ്പോഴത്തെ വിജ്ഞാപനമെന്നുമാണ് ഐഎൻഎയുടെ നിലപാട്.