ഡാളസ് : അഞ്ചു വർഷം കൊണ്ട് എല്ലാം ശരിയാക്കാമെന്ന് ഉറപ്പുനൽകി അധികാരത്തിലെത്തിയ സിപിഎം.ന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ കേരളത്തിന്റെ സമാധാന ജീവിതം തകർക്കും വിധം അശ്രമ പ്രവർത്തനം, മുഖ്യമന്ത്രിയുടെ ഓഫീസ് മുതൽ താഴോട്ട് നടത്തിയ അഴിമതി, കേരളത്തെ മദ്യത്തിൽ മുക്കി താഴ്‌ത്തിയ മദ്യനയം, നേതാക്കളുടെ കുടുംബാംഗങ്ങൾക്ക് ഉന്നത ഉദ്യോഗം നൽകൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിലൂടെ കേരളജനത പൊറുതിമുട്ടി കഴിയുകയാണ്.

വീണ്ടും അഞ്ചുവർഷം കൂടി വോട്ടർ പട്ടികയിൽ കൃതൃമം നടത്തിയും, കള്ള വോട്ടു ചെയ്തും, ബിജെപി.യുമായി കൂട്ടുകൂടിയും അധികാരം ലഭിക്കാനിടയായാൽ കേരളം പൂർണ്ണമായും അരാജകത്വത്തിലേക്ക് നീങ്ങുമെന്ന് ഡാളസ് ഫോർട്ട് വർത്ത് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് പ്രവർത്തകരുടെ തിരഞ്ഞെടുപ്പ് അവലോകനയോഗം വിലയിരുത്തി.
നടക്കുവാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. അധികാരത്തിലെത്തുന്നതിനുള്ള എല്ലാ അനുകൂല സാഹചര്യങ്ങളും നിലനിൽക്കുന്ന കേരളത്തിൽ കോൺഗ്രസ്സിന്റെ ചരിത്രത്തിൽ യുവജനങ്ങൾക്ക് ഇത്രയധികം പ്രാതിനിധ്യം നൽകിയ സഥാനാർത്ഥി ലിസ്റ്റ് ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. അതുപോലെ ഘടകകക്ഷികളും കഴിവുറ്റ സ്ഥാനാർത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്.

താൽക്കാലിക പിടല പിണക്കങ്ങൾ അവസാനിപ്പിച്ചു യു.ഡി.എഫ്. സ്ഥാനാർത്ഥികളുടെ വിജയത്തിനായി ഐക്യമത്യത്തോടെ പ്രവർത്തിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.
ബിജെപി.യും, സിപിഎം തിരഞ്ഞെടുപ്പിന് പണം വാരികോരി ചെലവഴിക്കുമ്പോൾ, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളപ്രദേശ കോൺഗ്രസ് കമ്മിറ്റിക്കു ഡാളസ് കോൺഗ്രസ് പ്രവർത്തകരുടെ കൈതാങ്ങൽ നൽകുന്നതിനും യോഗം തീരുമാനിച്ചു.
മാർച്ച് 20 ശനിയാഴ്ച ഗാർലന്റ് കിയാ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ രാജൻ മാത്യു അദ്ധ്യക്ഷത വഹിച്ചു. ബോബൻ കൊടുവത്ത്, പ്രദീപ് തഗനൂലിൽ, തോമസ് രാജൻ, രാജു വർഗീസ്, ജോസ് ചെറിയാൻ, റോയ് കൊടുവത്ത് എന്നിവർ പ്രസംഗിച്ചു.