തിരുവനന്തപുരം: ക്ഷേത്രസ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത് ആരാണ്? ക്ഷേത്ര വരുമാനം എങ്ങോട്ട് പോകുന്നു? എല്ലാ സർക്കാരാണ് കൈയാളുന്നതെന്നും ഇതിലെ ഇരട്ടത്താപ്പും കേരളത്തിൽ വീണ്ടും ചർച്ചയാക്കിയത് വെള്ളപ്പള്ളി നടേശന്റെ സമത്വമുന്നേറ്റയാത്രയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ടുള്ള കള്ളക്കളിയെ പ്രതിരോധിക്കാൻ സർക്കാരും സമർത്ഥമായി രംഗത്ത് വന്നു. നിയമസഭയെ തന്നെ ഇതിനുള്ള വേദിലുമാക്കി. 

ദേവസ്വം ബോർഡുകളിലെ പണം സർക്കാർ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്ന് മന്ത്രി വി എസ് ശിവകുമാർ രേഖാമൂലം വ്യക്തമാക്കി.

എന്നാൽ വിട്ടുകൊടുക്കാൻ സംഘപരിവാർ സംഘടനകൾ തയ്യാറല്ല. തെറ്റധാരണാ ജനകമാണ് കാര്യങ്ങളെന്ന് അവർ പറയുന്നു. ഇല്ലാത്ത കേസ്സെടുത്ത് നിയമസഭയിൽ കോൺഗ്രസ് നേതാവ് വി.ഡി. സതീശന്റെ സബ്മിഷൻ. കുറേ ദിവസമായി നിയമസഭയിൽ ഭരണകക്ഷി അംഗങ്ങൾ ഇങ്ങനെയൊരു സബ്മിഷന് അന്തരീക്ഷമൊരുക്കുകയായിരുന്നുവെന്നാണ് ആർഎസ്എസ് നിരീക്ഷണം. ദേവസ്വം ബോർഡുകളിലെ പണം സർക്കാർ ഖജനാവിലാണ് നിക്ഷേപിക്കുന്നതെന്ന് ഒരു ഹിന്ദുസംഘടനയും ആക്ഷേപിച്ചിട്ടില്ല. അതറിയാത്തവരല്ല ഹിന്ദു സംഘടനകളിൽ പ്രവർത്തിക്കുന്നവർ. ദേവസ്വംബോർഡുകളെ സർക്കാർ വകുപ്പുപോലെ കൈകാര്യം ചെയ്യുന്നു എന്നതാണാക്ഷേപം-ഹിന്ദു സംഘടനകൾ നിലപാട് വിശദീകരിക്കുകയാണ്.

ക്ഷേത്രഭരണം സർക്കാർ നിയന്ത്രണത്തിലാക്കുകയും സർക്കാർ നിശ്ചയിക്കുന്ന ഭരണസമിതി ഫണ്ടുവിനിയോഗം തോന്നിയപോലെ നടത്തുകയുമാണ് ചെയ്യുന്നത്. മറ്റു മതങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ ഭരണച്ചുമതലയിൽ സർക്കാരിന്റെ നിയന്ത്രണമുണ്ടോ ? സർക്കാർ നിർദ്ദേശിച്ചതുപോലെയാണോ അവിടെയൊക്കെ നടക്കുന്നത് ? അവർക്കാർക്കും ഇല്ലാത്ത നിയന്ത്രണം എന്തിന് സർക്കാർ ക്ഷേത്രങ്ങൾക്ക് ഏർപ്പെടുത്തുന്നു എന്ന ചോദ്യത്തിന് മറുപടിയുണ്ടോയെന്നും ഹിന്ദു ഐക്യവേദി ചോദിക്കുന്നു. വി.ഡി. സതീശന്റെ സബ്മിഷന് ദേവസ്വം മന്ത്രി ശിവകുമാർ നൽകിയ മറുപടി ശ്രദ്ധിച്ചാൽ തന്നെ ഗൂഢാലോചന വ്യക്തമാകുമെന്നും അവർ പറയുന്നു.

കേരളത്തിൽ ചെറുതും വലുതുമായ 15000ത്തിൽപ്പരം ക്ഷേത്രങ്ങളുണ്ട്. ഇതിന്റെ പത്തുശതമാനം മാത്രമാണ് ദേസ്വംബോർഡുകളുടെ കീഴിലുള്ളത്. ക്ഷേത്രങ്ങൾക്കും അനുബന്ധ സൗകര്യങ്ങളും സർക്കാർ നൽകുന്ന സഹായം ഔദാര്യമല്ല. തിരുവിതാംകൂർ ക്ഷേത്രഭരണം രാജഭരണത്തിന് കീഴിലായിരുന്നല്ലൊ. സ്റ്റേറ്റ് വരുമാനത്തിന്റെ 30 ശതമാനവും ദേവസ്വത്തിൽ നിന്നായിരുന്നു. കേണൽ മൺറോ ലാഭംനോക്കി ക്ഷേത്രഭരണം സ്റ്റേറ്റിന് കീഴിലാക്കിയപ്പോൾ ഉണ്ടാക്കിയ ഉടമ്പടി പ്രകാരമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് 51 ലക്ഷം രൂപ നൽകാൻ നിശ്ചയിച്ചത്. കോടിക്കണക്കിന് വരുമാനമുള്ള ക്ഷേത്രസ്വത്ത് സ്വന്തമാക്കി നക്കാപ്പിച്ച ഗ്രാന്റ് നൽകാൻ നിശ്ചയിച്ചതാണ് വലിയ ദാനമായി മന്ത്രി കൊട്ടിഘോഷിച്ചിരിക്കുന്നതെന്ന് ജന്മഭൂമിയിലെ മുഖപ്രസംഗത്തിലൂടെ സർക്കാരിന് മറുപടി നൽകുകയാണ് ഹൈന്ദവ സംഘടനകൾ.

51 ലക്ഷത്തിൽ 6.5 ലക്ഷം കേരളം രൂപം കൊണ്ടപ്പോൾ തമിഴ്‌നാടിനോട് ചേർത്ത പഴയ തെക്കൻ തിരുവിതാംകൂറിന് നൽകണം. ആറു ലക്ഷം രൂപ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനും. ബാക്കിയുള്ള തുക കൊണ്ടാണോ തിരുവിതാംകൂറിന് ക്ഷേത്രങ്ങളെ പരിപാലിക്കേണ്ടത്. പണ്ട് നിശ്ചയിച്ച തുകയിൽ നയാപൈസ വർദ്ധിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടോ? അടിസ്ഥാന സകൗര്യത്തിന് ചെലവാക്കുന്നതും ക്ഷേത്രങ്ങളുടെ കണക്കിൽപ്പെടുത്തിയ മന്ത്രി താനൊരു വങ്കനാണെന്നാണ് വിളിച്ചുപറഞ്ഞിരിക്കുന്നത്. ലക്ഷക്കണക്കിന് സ്ത്രീകൾ പൊങ്കാലയ്‌ക്കെത്തുന്ന ആറ്റുകാലിലെ റോഡ് നന്നാക്കിയതുമെല്ലാം എണ്ണിപ്പറഞ്ഞ മന്ത്രി മറ്റ് മതവിഭാഗങ്ങൾക്ക് നൽകുന്ന സൗജന്യങ്ങൾ കൂടി പറയണമായിരുന്നു. ബീമാപള്ളി ഉറൂസിനും മലയാറ്റൂർ തീർത്ഥാടത്തിനും സൗകര്യമൊരുക്കുന്നത് ആ ദേവാലയത്തിന്റെ ഭരണത്തിൽ നിയന്ത്രണമുള്ളതുകൊണ്ടാണോ ?-ജന്മഭൂമി ചോദിക്കുന്നു.

ബുദ്ധിക്കും യുക്തിക്കും നിരക്കാത്ത വാദങ്ങൾ നിരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന മന്ത്രി വി എസ് ശിവകുമാറിന്റെ വ്യാമോഹം നടക്കാൻ പോകുന്നില്ലെന്നാണ് സംഘപരിവാർ വിലയിരുത്തൽ. എല്ലാം ജനങ്ങൾ മനസ്സിലാക്കുന്നുണ്ടെന്ന ചിന്തയെങ്കിലും മന്ത്രി സ്ഥാനത്തിരിക്കുന്നവർക്കുണ്ടായാൽ നന്നെന്നും ഓർമിപ്പിക്കുന്നു. അനവസരത്തിൽപ്പോലും ഹിന്ദുഐക്യവേദിയേയും അതിന്റെ അധ്യക്ഷ ശശികല ടീച്ചറെയും പരോക്ഷമായി ഉദ്ധരിച്ചും ഹിന്ദുസംഘടനകൾ തെറ്റായ പ്രചാരണം നടത്തുന്നു എന്ന് ആരോപിച്ചും മന്ത്രി പറഞ്ഞ മറുപടിയെ അതുകൊണ്ട് തന്നെ തള്ളിക്കളയുകയാണ് അവർ.

ക്ഷേത്ര വരുമാനം സർക്കാർ എടുക്കുന്നില്ലെന്നും ക്ഷേത്രങ്ങളുടെ അനുബന്ധ വികസനത്തിന് സർക്കാർ ഗ്രാന്റുകൾ നൽകുകയാണെന്നുമായിരുന്നു മന്ത്രി നിയമസഭയിൽ പറഞ്ഞത്. ക്ഷേത്രങ്ങൾക്കും ദേവസ്വം ബോർഡുകൾക്കും സർക്കാർ ഗ്രാന്റ് നൽകുന്നുണ്ടോ എന്നും ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം സർക്കാർ ചെലഴിക്കുന്നുണ്ടോ എന്നും വി.ഡി. സതീശൻ ഉന്നയിച്ച സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി. ക്ഷേത്രങ്ങളിലെ വരുമാനം ട്രഷറികളിൽ നിക്ഷേപിക്കുന്നില്ല. ദേവസ്വം ബോർഡുകൾക്കും മറ്റ് സ്വയംഭരണ ക്ഷേത്രങ്ങൾക്കും സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ട്. ഈ അക്കൗണ്ടുകളിലാണ് തുക നിക്ഷേപിക്കുന്നത്.

ആഡിറ്റർ ജനറൽ കണക്കുകൾ പരിശോധിക്കുന്നുണ്ട്. ഈ റിപ്പോർട്ട് പരിശോധിച്ചാൽ മനസ്സിലാകും സർക്കാർ തുക വാങ്ങുന്നില്ലെന്ന്. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്നും തുക വകമാറ്റി ചെലവഴിക്കണമെങ്കിൽ ഹൈക്കോടതിയുടെ അനുമതി വേണം. ശബരിമല മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിനുള്ള തുക സർക്കാരാണ് വഹിക്കുന്നത്. ഇതലേക്കായി 65 കോടിരൂപ നൽകിയിട്ടുണ്ട്. ശ്രീപത്മാഭസ്വാമി ക്ഷേത്രത്തിൽ അത്യാധുനിക രീതിയിൽ സുരക്ഷ ഒരുക്കിയത് സർക്കാർ ഖജനാവിൽ നിന്നും തുക ചെലവഴിച്ചാണ്. ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്‌സവത്തിനോടനുബന്ധിച്ച് റോഡുവികസനം നടത്തുന്നത് സർക്കാർ ധനസഹായത്താലാണ്. ശബരിമലയിലെ റോഡ് വികസനത്തിനും ആശുപത്രി നിർമ്മാണത്തിനും കോടിക്കണക്കിന് രൂപ സർക്കാർ ഖജനാവിൽ നിന്നും ചെലവഴിക്കുകയാണെന്നും മന്ത്രി പറഞ്ഞിരുന്നു.

ഇതാണ് പുതിയ ചർച്ചകൾക്ക് അടിസ്ഥാനം. സമത്വമുന്നേറ്റയാത്രയ്ക്കിടെ ഭൂരിപക്ഷ രാഷ്ട്രീയത്തിന് അനുകൂല അന്തരീക്ഷമുണ്ടാക്കാൻ നടത്തുന്ന നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിന്റെ ഭാഗമായിരുന്നു നിയമസഭയിലെ സബ്മിഷൻ. ഇത് സോഷ്യൽ മിഡിയയിലും മറ്റും വലിയ ചർച്ചയായി. ഈ സാഹചര്യത്തിലാണ് ഹിന്ദു ഐക്യവേദിയും ആർഎസ്എസ് മുഖപത്രവുമായ ജന്മഭൂമിയും വിശദീകരണവുമായെത്തിയത്.