മെൽബൺ: ആഗോള വിപണിയിൽ പുതുതായി ഉരുത്തിരിഞ്ഞിരിക്കുന്ന പ്രതിസന്ധി ഓസ്‌ട്രേലിയയേയും സാരമായി ബാധിച്ചതായി റിപ്പോർട്ട്. അമ്പതു വർഷത്തിലെ ഏറ്റവും താഴ്ന്ന വരുമാനവളർച്ചയാണ് രാജ്യം നേരിടുന്നതെന്നാണ് റിപ്പോർട്ട്. ചൈനീസ് മാർക്കറ്റിലെ തിരിച്ചടികൾ ഓസ്‌ട്രേലിയയെ നേരിട്ടു ബാധിക്കുകയും ചെയ്തു.

ലോക സമ്പദ് വ്യവസ്ഥയ്ക്ക് ചൈനയിലെ സാമ്പത്തികസാഹചര്യങ്ങൾ ഭീഷണി ഉയർത്തിയതോടെ ഓസ്‌ട്രേലിയൻ ഷെയർ മാർക്കറ്റിലും അതിന്റെ പ്രതിഫലനങ്ങൾ ഉണ്ടായിക്കഴിഞ്ഞു. അമ്പതു വർഷത്തിനിടെ ആദ്യമായാണ് ഇപ്പോൾ വരുമാന വളർച്ചയിൽ മാന്ദ്യം അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത് ഏറെ ആശങ്ക ജനിപ്പിക്കുന്ന സാഹചര്യമാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

വരുമാന വളർച്ചയിലുണ്ടായിട്ടുള്ള മാന്ദ്യം ബിസിനസ് ഇൻവെസ്റ്റുമെന്റുകളേയും വീട്ടുചെലവുകളേയും സാരമായി ബാധിക്കുന്നതാണ്. വരുമാന വളർച്ച രാജ്യത്തിന്റെ സമ്പദ് ഘടനയെ നേരിട്ടു ബാധിക്കുന്ന ഒരു ഘടകമാണ്. ഈ വർഷം ദേശീയ വരുമാനം 1.2 ശതമാനം വർധിക്കുമെന്നാണ് ഡീലോയ്റ്റ്  ആക്‌സസ് ഇക്കണോമിക്‌സ് കമ്പനി പ്രവചിക്കുന്നത്. ഇത് 1960നു ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വളർച്ചയാണ്.

കുടുംബങ്ങളുടെ സാമ്പത്തിക അവസ്ഥയെ ഞെരുക്കുന്ന തരത്തിലാണ് രാജ്യത്തിലെ വരുമാന വളർച്ച. ബിസിനസ് സ്ഥാപനങ്ങൾക്കു പുതിയ സംരംഭത്തിൽ ഏർപ്പെടാൻ പോലും സാധിക്കാത്ത തരത്തിൽ ഇതു ദോഷകരമായിത്തീരും. കയറ്റുമതി വിലകളിൽ ഇടിവും കമ്പനികൾ ചെലവു വെട്ടിച്ചുരുക്കാൻ നിർബന്ധിതരാകുന്നതും വരുമാന വളർച്ചയെ ബാധിക്കുന്ന ഘടകങ്ങളാണ് കമ്പനികൾ ചെലവുചുരുക്കുന്നത് ജീവനക്കാരുടെ ശമ്പളത്തിൽ കുറവ് ഉണ്ടാകുന്ന സാഹചര്യമാണ് ഫലത്തിലുണ്ടാകുക. ഫെഡറൽ ബജറ്റിനേയും വരുമാന വളർച്ചയിലുള്ള മാന്ദ്യം ബാധിച്ചേക്കും. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 30 ഡോളറിൽ താഴെയായതും ചൈനീസ് കറൻസിക്ക് നേരിടുന്ന വെല്ലുവിളികളും ഓസ്‌ട്രേലിയൻ മാർക്കറ്റിലും അതുപോലെ തന്നെ വരുമാന വളർച്ചയിലും പ്രകടമായി.