ന്യൂഡൽഹി: രണ്ടരലക്ഷം രൂപവരെ നിക്ഷേപിച്ചിട്ടുള്ള അക്കൗണ്ടുകളിൽ ആദായ നികുതി വകുപ്പ് കൂടുതൽ പരിശോധനയ്ക്കു മുതിരില്ലെന്നും നികുതി റിട്ടേൺ സമർപ്പിച്ചതുമായി ചേർന്നുപോകാത്ത അക്കൗണ്ടുകൾ മാത്രമേ പരിശോധിക്കുകയുള്ളൂവെന്നും വിശദീകരണം. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് ചെയർമാൻ സുശീൽ ചന്ദ്രയാണ് ഇക്കാര്യം പറഞ്ഞത്. കേന്ദ്ര ബജറ്റിനെപ്പറ്റിയുള്ള സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സത്യസന്ധനായ ഒരാൾ പോലും ഭയപ്പെടേണ്ട. അങ്ങനെയൊരാളെ ഞങ്ങൾ ശല്യപ്പെടുത്തുകയില്ലെന്ന് ഉറപ്പു നൽകാം' സിഡിബിടി അധ്യക്ഷൻ പറഞ്ഞു. ഒരാളുടെ വാർഷിക വരുമാനം 10 ലക്ഷം രൂപയാണെങ്കിൽ അദ്ദേഹം മൂന്നു ലക്ഷം വരെ നിക്ഷേപിച്ചാലും ന്യായീകരിക്കത്തക്കതാണ്. എന്നാൽ, കഴിഞ്ഞ മൂന്നു വർഷമായി റിട്ടേൺ സമർപ്പിക്കാതെ അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ സ്രോതസ്സ് അറിയിക്കേണ്ടിവരും സുശീൽ ചന്ദ്ര പറഞ്ഞു.

ഇതിനിടെ, ഏതുതരം ഇടപാടായാലും മൂന്നു ലക്ഷത്തിലേറെ രൂപ പണമായി കൈപ്പറ്റുന്നവർ തുല്യ തുക പിഴയടയ്‌ക്കേണ്ടിവരുമെന്ന് ബജറ്റ് നിർദ്ദേശം വിശദീകരിച്ചുകൊണ്ട് റവന്യു സെക്രട്ടറി ഹസ്?മുഖ് അദിയ വ്യ?ക്തമാക്കി. പണം കൈപ്പറ്റുന്നയാളാണ് പിഴ അടയ്‌ക്കേണ്ടത്. പണം കൈമാറ്റം കുറച്ച് കള്ളപ്പണം ഇല്ലാതാക്കാനാണ് ഈ നടപടി.

രണ്ടു ലക്ഷത്തിനു മുകളിലുള്ള എല്ലാ പണമിടപാടിനും പാൻ നമ്പർ രേഖപ്പെടുത്തിയിരിക്കണമെന്ന് നേരത്തേ പുറപ്പെടുവിച്ച വിജ്ഞാപനം നിലനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.