കൊച്ചി: നോട്ട് നിരോധനവും കള്ളപ്പണത്തിനെതിരായ മോദി സർക്കാരിന്റെ ഇടപെടലും ഫലം കണ്ടു. മുൻ വർഷത്തെക്കാൾ ഒരു ലക്ഷത്തിലധികം കോടിയുടെ വർദ്ധനയാണ് ആദായ നികുതി പരിവിൽ രാജ്യത്തുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തെമ്പാടും നിന്ന് ആദായനികുതിയിനത്തിൽ പിരിച്ചത് 8,49,818.48 കോടി രൂപയാണ്. ഓഡിറ്റിങ്ങിനു മുൻപുള്ള പ്രാഥമിക കണക്കാണിത്. സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. കേരളത്തിന് പന്ത്രണ്ടാം സ്ഥാനമുണ്ട്.

രണ്ടായിരാമാണ്ടു മുതൽ ഓരോ സാമ്പത്തിക വർഷവും ക്രമാനുഗതമായി വളർച്ചയാണ്. എന്നാൽ ഇപ്പോഴത്തെ കുതിച്ചുചാട്ടത്തിനു പിന്നിൽ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഇടപെടലാണ്. നോട്ട് നിരോധനത്തോടെ കള്ളപ്പണത്തിന്റെ ഇടപെടൽ കുറഞ്ഞു. സ്വയം വെളിപ്പെടുത്തൽ പദ്ധതികളിൽ നിരവധി പേർ പങ്കാളിയായി. കഴിഞ്ഞ വർഷം കോർപ്പറേറ്റ് നികുതിയിനത്തിൽ 4,84,924 കോടിയും വ്യക്തികളുടെ വിഭാഗത്തിൽ 3,49,270 കോടിയുമാണ് പിരിഞ്ഞിട്ടുള്ളത്. നികുതി വെളിപ്പെടുത്തൽ പദ്ധതി പ്രകാരം 15,624 കോടി രൂപ പിരിഞ്ഞെന്നാണ് കണക്കുകൾ.

സംസ്ഥാനങ്ങളുടെ കണക്കുകൾ നോക്കിയാൽ 3,14,056.27 കോടി രൂപയുമായി മഹാരാഷ്ട്രയാണ് ബഹുദൂരം മുന്നിൽ. രണ്ടാം സ്ഥാനം ഡൽഹിക്കാണ് - 1,08,882.5 കോടി. ആറക്കത്തിലേക്ക് കടന്നത് ഇവ രണ്ടും മാത്രം. മൂന്നാമതെത്തിയ കർണാടകയുടെ സംഭാവന 85,920 കോടിയാണ്. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ഹരിയാണ, രാജസ്ഥാൻ എന്നിവയാണ് പത്തു വരെയുള്ള സ്ഥാനങ്ങളിൽ. കേരളത്തിൽ 13,779.42 കോടി രൂപയാണ് പിരിഞ്ഞു കിട്ടിയത്. മുൻവർഷത്തെ 10,171.03 കോടിയുടെ സ്ഥാനത്താണിത്. സംസ്ഥാനങ്ങളുടെ പട്ടികയിൽ 111.7 കോടിയുമായി മിസോറാമാണ് ഏറ്റവും പിന്നിൽ.

കേന്ദ്രഭരണ പ്രദേശങ്ങളിൽ 2,077.37 കോടിയുമായി ഛണ്ഡീഗഢാണ് മുന്നിൽ. ലക്ഷദ്വീപിനാണ് അവസാന സ്ഥാനം-18.58 കോടി. മൊത്തം നികുതി വരുമാനത്തിന്റെ 49.66 ശതമാനമാണ് ആദായനികുതി. കഴിഞ്ഞ സാമ്പത്തിക വർഷം അപ്രത്യക്ഷ നികുതി 8,61,515 കോടിയാണെന്നാണ് കണക്കാക്കുന്നത്.

എട്ടര ലക്ഷത്തോളം കോടി രൂപയുടെ ആദായനികുതി പിരിച്ചെടുക്കാൻ 5,578 കോടി രൂപ ചെലവായതായും വെളിപ്പെടുത്തിയിട്ടുണ്ട്. മുൻ വർഷത്തെക്കാൾ ഏകദേശം ആയിരം കോടിയോളം രൂപയുടെ വർദ്ധന ഈയിനത്തിലുണ്ട്.