മുംബൈ: സിനിമകളിലൂടെ രാജ്യസ്‌നേഹം ഉദ്‌ഘോഷിക്കുന്നവരാണ് നമ്മുടെ നായകന്മാരും നായികമാരുമൊക്കെ. എന്നാൽ, യഥാർഥ ജീവിതത്തിൽ നികുതി കൊടുക്കാനോ രാജ്യത്തിന്റെ വികസനത്തിൽ പങ്കാളിയയാകാനോ പലർക്കും മടിയാണ്. ബിനാമി പേരുകളിലും മറ്റും സ്വത്തുക്കൾ വാങ്ങിച്ചുകൂട്ടുന്ന സെലിബ്രിറ്റികളെ കുടുക്കാൻ ഉറച്ച് രംഗത്തിറങ്ങിയിരിക്കുകയാണ് രാജ്യത്തെ ആദായ നികുതി വകുപ്പ്.

ബോളിവുഡ് കിങ് ഷാരൂഖ് ഖാനാണ് ആദായ നികുതി വകുപ്പിന്റെ നടപടിക്ക് ആദ്യം ഇരയായത്. ബിനാമി പ്രോപ്പർട്ടി നിയമം അനുസരിച്ച് അലിബാഗിലെ ഷാരൂഖ് ഖാന്റെ ബംഗ്ലാവ് ആദായനികുതി വകുപ്പ് ജപ്തി ചെയ്തു. ആദായ നികുതി വകുപ്പിന്റെ നോട്ടീസിന് 90 ദിവസത്തിനകം ഷാരൂഖ് മറുപടി നൽകിയില്ലെങ്കിൽ വസ്തു കണ്ടുകെട്ടുകയും നടനെതിരെ ക്രിമിനൽ നിയമനടപടികൾ ആരംഭിക്കുകയും ചെയ്യും.

പ്രൊഹിബിഷൻ ഓഫ് ബിനാമി പ്രോപ്പർട്ടി ട്രാൻസാക്ഷൻസ് ആക്ട് അനുസരിച്ച് കഴിഞ്ഞമാസം ദേജാ വൂ ഫാംസിന് ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയിരുന്നു. 2004 ഡിസംബർ 29-ന് നമിത ചിബ, രമേഷ് ചിബ, സവിത ചിബ എന്നിവർ ഡയറക്ടർമാരായി ആരംഭിച്ച കമ്പനിയാണ് ദേജാ വൂ ഫാംസ് ലിമിറ്റഡ് എന്നാണ് രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ രേഖകളിലുള്ളത്.

മഹാരാഷ്ട്രയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ അലിബാഗിൽ 19,960 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഫാം ഹൗസിൽ നീന്തൽക്കുളവും സ്വകാര്യ ഹെലിപ്പാഡുമൊക്കെയുണ്ട്. ദേജാ വു ഫാംസിന്റെ മറ്റൊരു ഡയറക്ടറായ മോറോശ്വർ അജ്‌ഗോങ്കറാണ് ഇതിന്റെ ഉടമയായി കാണിച്ചിട്ടുള്ളത്.ദേജാ വു ഫാംസിന് രേഖകളില്ലാതെ എട്ടരക്കോടിയോളം രൂപ ഷാരൂഖ് ഖാൻ നൽകിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.

ബിനാമി ഇടപാടിൽ നൽകിയ ഈ പണം ഉപയോഗിച്ച് ദേജാ വൂ ഫാംസ് ഭൂമി വാങ്ങിയതായാണ് ആദായനികുതി വകുപ്പിന്റെ കണക്കുകൂട്ടൽ. കൃഷിഭൂമിയായാണ് ഇത് കാണിച്ചിട്ടുള്ളത്. കൃഷിക്കുവേണ്ടി മാത്രമേ ഉപയോഗിക്കൂ എന്ന നിബന്ധനയോടെയാണ് അജ്‌ഗോങ്കർ ഭൂമി ദേജാ വൂ ഫാംസിന് കൈമാറിയത്.

2011-ൽ അജ്‌ഗോങ്കർക്ക് പകരം നമിത ചിബയെ ദേജാ വൂ ഫാംസിന്റെ ഡയറക്ടറായി നിയമിച്ചു. രമേഷ് ചിബ ഷാരൂഖ ഖാന്റെ ഭാര്യാ പിതാവും സവിത ചിബ ഭാര്യാ മാതാവും നമിച ചിബ ഭാര്യയുടെ സഹോദരിയുമാണ്. കൃഷിഭൂമിക്കായി നിഷ്‌കർഷിച്ചിട്ടുള്ള ഭൂമിയിൽ നീന്തൽക്കുളം നിർമ്മിച്ചതിന് ഇവർക്കെതിരെ അലിബാഗ് തഹസിൽദാർ നോട്ടീസയച്ചിരുന്നു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഷാരൂഖ് ഖാന്റെ വക്താവ് തയ്യാറായില്ല. അദ്ദേഹത്തിന്റെ ചാർട്ടേഡ് അക്കൗണ്ടന്റായ രാജാറാം അജ്‌ഗോങ്കറും പ്രതികരിച്ചിട്ടില്ല.

ഇത് ബിനാമി ഇടപാടിന്റെ പരിധിയിൽവരും എന്നുകണ്ടാണ് ആദായനികുതിവകുപ്പിന്റെ നടപടി. വകുപ്പ് സ്വമേധയാ നടത്തുന്ന കണ്ടുകെട്ടൽ നടപടിക്ക് 90 ദിവസത്തെ ഇളവുണ്ടാകും. എതിർകക്ഷിക്ക് അതിനുമുൻപ് കോടതികളിൽനിന്ന് അനുകൂലവിധി സമ്പാദിക്കാം. ഇല്ലെങ്കിൽ ആദായനികുതിനിയമപ്രകാരമുള്ള ശിക്ഷാനടപടി നേരിടേണ്ടിവരും.

അടുത്തിടെ ശക്തമായ പരിശോധനയാണ് ബിനാമി സ്വത്തിന്റെ കാര്യത്തിൽ ഉണ്ടായത്. ഈ മാസം ആദ്യം രാജ്യത്ത് മുഴുവനായി നടന്ന ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ 3500 കോടിയുടെ ബിനാമി സ്വത്ത് കണ്ടുകെട്ടിയിരുന്നു. ബിനാമി ഇടപാട് തടയൽ നിയമപ്രകാരം നടത്തിയ പരിശോധനയിലാണ് നടപടി. വിവിധ യൂണിറ്റുകളിലായി രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലായിരുന്നു ആദായനികുതി വകുപ്പിന്റെ പരിശോധന.

ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് 900 ബിനാമി ഇടപാടുകളിലായി 3500 കോടിയുടെ ബിനാമി സ്വത്ത് കണ്ടുകെട്ടിയത്. ഫ്ളാറ്റുകളും വ്യാപാരസ്ഥാപനങ്ങളും ജൂവലറികളും ആഡംബര വാഹനങ്ങളുമുൾപ്പെടെയുള്ളതാണ് ഇടപാടുകൾ. നോട്ടുനിരോധത്തിന് ശേഷം കള്ളപ്പണം വെളുപ്പിക്കുന്നതിനായി ബിനാമി പേരുകളിൽ നിക്ഷേപിച്ച 39 കോടിയും ആദായനികുതി വകുപ്പ് കണ്ടുകെട്ടിയിട്ടുണ്ട്. വിവിധ മേഖലകളിലെ ബിനാമി ഇടപാടുകൾ കണ്ടെത്താനുള്ള ദൗത്യത്തിന്റെ ഭാഗമായി രാജ്യത്ത് 24 ബിനാമി പ്രൊഹിബിഷൻയൂണിറ്റുകൾ രൂപവൽക്കരിച്ചിട്ടുണ്ട്. ഇവയിൽ രജിസ്റ്റർ ചെയ്ത കേസുകൾ പ്രകാരമായിരുന്നു ആദായ നികുതി വകുപ്പിന്റെ പരിശോധന.