ന്യൂഡൽഹി: നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ ക്രിപ്‌റ്റോ കറൻസി ഇടപാടുകാർക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോ കറൻസികളിൽ രാജ്യത്തെ ഇടപാട് 350 കോടി ഡോളർ (22,325 കോടി രൂപ) കടന്നു. ഇതോടെ ആദായനികുതി വകുപ്പ് നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇത്തരം ആയിരക്കണക്കിന് ഇടപാടുകാർക്ക് നോട്ടിസ് അയച്ചു.

കഴിഞ്ഞ പതിനേഴു മാസത്തിനിടെയാണ് ഇത്രയേറെ ഇടപാടുകൾ നടന്നത്. ഒരു രാജ്യത്തിന്റെയും പിന്തുണയില്ലാത്ത സാങ്കൽപിക കറൻസിയായ ഇവയിൽ നിക്ഷേപം നടത്തി കബളിപ്പിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നു സർക്കാർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ക്രിപ്‌റ്റോ കറൻസി ഇടപാട് നിയന്ത്രിക്കാൻ നിയമം കൊണ്ടുവരുന്നതും പരിഗണനയിലാണ്.