ന്യൂഡൽഹി: നോട്ട് നിരോധനത്തിന് ശേഷം കൈയിലുള്ള കള്ളപ്പണം ബാങ്കിൽ നിക്ഷേപിച്ചതുകൊണ്ട് രക്ഷപ്പെട്ടുവെന്ന് കരുതാൻ വരട്ടെ.

2.89 ലക്ഷം കോടി രൂപയുടെ നിക്ഷേപം സംബന്ധിച്ച് സൂക്ഷ്മ പരിശോധന നടത്തിവരികയാണെന്ന് ആദായനികുതി വകുപ്പ്വ്യക്തമാക്കി. 9.72 ലക്ഷം പേരുടെ 13.33 ലക്ഷം അക്കൗണ്ടുകളാണ് ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്.നോട്ട് നിരോധനത്തിനു ശേഷം പഴയ 1,000, 500 രൂപ നോട്ടുകളിൽ 99 ശതമാനവും തിരികെ വന്നതായി കഴിഞ്ഞ ദിവസം പുറത്തുവന്ന റിസർവ്വ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇപ്രകാരം 15 ലക്ഷം കോടിയുടെ പഴയ നോട്ടുകളാണ് റിസർവ്വ് ബാങ്കിൽ തിരികെയെത്തിയതെന്നാണ് കണക്ക്. നിക്ഷേപിക്കപ്പെട്ടതിൽ കള്ളപ്പണം ഉണ്ടാകാം. ബാങ്കിൽ നിക്ഷേപിക്കപ്പെട്ടു എന്നതുകൊണ്ടുമാത്രം കള്ളപ്പണമല്ലെന്ന് പറയാനാവില്ലെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞിരുന്നു.

ബാങ്കിൽ നിക്ഷേപിക്കപ്പെട്ട് പണം പൂർണമായും നിയമവിധേയമാണെന്ന് പറയാനാവില്ല. ഇതിൽ വലിയൊരു പങ്കും കള്ളപ്പണമാകാം. ഇതു കണ്ടെത്തുന്നതിനാണ് നിക്ഷേപങ്ങൾ സംബന്ധിച്ച് സൂക്ഷ്മ പരിശോധന നടത്തുന്നതെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി.
കള്ളപ്പണം ഇല്ലാതാക്കുക മാത്രമായിരുന്നില്ല നോട്ട് നിരോധനത്തിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജനങ്ങളുടെ കൈയിലുള്ള പണം സമ്പദ് വ്യവസ്ഥയിൽ തിരികെ എത്തിക്കുക, ഡിജിറ്റൈസേഷൻ നടപ്പാക്കുക, നികുതി പിരിക്കുന്നത് ശക്തമാക്കുക എന്നിവയും നോട്ടുനിരോധനത്തിന്റെ ലക്ഷ്യങ്ങളായിരുന്നു. ഈ ലക്ഷ്യങ്ങൾ നേടാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു.

ആർബിഐ റിപ്പോർട്ട് അനുസരിച്ച് കറൻസി നോട്ടിന്റെ ഉപയോഗത്തിൽ 17 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്. കൂടുതൽ കറൻസി നോട്ടുകൾ ഉണ്ടായിരുന്ന സാമ്പത്തിക മേഖലയായിരുന്നു ഇന്ത്യയുടേത്. ഈ സാഹചര്യം മാറേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. തെരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ കള്ളപ്പണത്തിന്റെ ഉപയോഗം തടയുകയാണ് സർക്കാരിന്റെ അടുത്ത ലക്ഷ്യമെന്നും അരുൺ ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.