ന്യൂഡൽഹി: ആദായ നികുതി അപേക്ഷകളിലെ വിവാദ വ്യവസ്ഥകൾ കേന്ദ്ര ധനമന്ത്രാലായം ലഘൂകരിച്ചു. നികുതി വിവരങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി ഓഗസ്റ്റ് 31വരെ നീട്ടുകയും ചെയ്തിട്ടുണ്ട്.

വിദേശ യാത്രകളെ കുറിച്ചും നിർജ്ജീവമായ ബാങ്ക് അക്കൗണ്ടുകളെ കുറിച്ചും നിർബന്ധമായി റിട്ടേണുകളിൽ കാണിച്ചിരിക്കണമെന്ന വിവാദ വ്യവസ്ഥയാണ് ഒഴിവാക്കിയിരിക്കുന്നത്. ഐ.ടി.ആർ 2, ഐ.ടി.ആർ 2എന്നിങ്ങനെ മൂന്ന് പേജുകളുള്ള അപേക്ഷയാവും ഉണ്ടാവുക. മറ്റു വിവരങ്ങൾളെല്ലാം തന്നെ അപേക്ഷയ്‌ക്കൊപ്പം അനുബന്ധമായി നൽകിയാൽ മതിയാവും.

മൂലധന നേട്ടമോ, ബിസിനസ്, മറ്റു തൊഴിലുകൾ, വിദേശ സ്വത്ത്, വിദേശ വരുമാനം എന്നിവ സംബന്ധിച്ച വിവരങ്ങൾ ഇനി മുതൽ ഐ.ടി.ആർ 2 എ അപേക്ഷയിലാണ് സമർപ്പിക്കേണ്ടത്. വിദേശ യാത്രകളെ കുറിച്ചുള്ള പൂർണ വിവരങ്ങൾക്ക് പകരം പാസ്‌പോർട്ട് നമ്പർ മാത്രം നൽകിയാൽ മതിയാവും. നേരത്തെ, യാത്രയുടെ വിവരങ്ങൾ കൂടാതെ ചെലവായ തുകയുടെ കണക്കും വ്യക്തമാക്കണമായിരുന്നു. മൂന്ന് വർഷം വരെ നിർജ്ജീവമായി കിടക്കുന്ന അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ സമർപ്പിച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ല.

ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളുമായി ബന്ധപ്പെട്ട് സേവിങ്‌സ്/കറന്റ് അക്കൗണ്ടുകളുടെ നന്പർ, ഐ.എഫ്.എസ് കോഡ് എന്നിവ നൽകണം. അതേസമയം, അക്കൗണ്ടിൽ എത്ര തുക ബാക്കിയുണ്ട് എന്നത് സംബന്ധിച്ച വിവരങ്ങൾ നൽകേണ്ടതില്ലെന്നും മന്ത്രാലയം പുറത്തുവിട്ട വാർത്താ കുറിപ്പിൽ പറയുന്നു. വിദേശയാത്രാ വിവരങ്ങൾ രേഖപ്പെടുത്തണമെന്ന നിർദ്ദേശം അടിമുടി പരിഷ്‌കരിക്കുന്നത് എല്ലാ മേഖലയിൽ നിന്നും പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ്.

വിദേശയാത്രാവിവരങ്ങൾ എല്ലാം രേഖപ്പെടുത്തണമെന്ന ഇൻകം ടാക്‌സ് ഫോമിലെ വിവരങ്ങൾ വലിയ വിവാദമുണ്ടാക്കിയിരുന്നു. ഏപ്രിൽ മാസമാണ് പുതിയ ഫോം ഇൻകം ടാക്‌സ് വകുപ്പ് പുറത്തിറക്കിയത്. വിവാദങ്ങളെ തുടർന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെടുകയായിരുന്നു. ആദ്യം പുറത്തിറക്കിയ 14 പേജുകൾ വരുന്ന ഫോമിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്കു പുറമെ വിദേശ യാത്രകൾ, പാസ്‌പോർട്ട്, ആധാർ നമ്പർ തുടങ്ങി എല്ലാ വിവരങ്ങളും റിട്ടേണുകൾ സമർപ്പിക്കുമ്പോൾ നൽകണമായിരുന്നു. 201415 സാമ്പത്തിക വർഷത്തെ കണക്കുകൾ സമർപ്പിക്കുന്നതിനും ഈ ഫോം തന്നെ ഉപയോഗിക്കണമെന്നായിരുന്നു നിർദ്ദേശം. വിദേശ യാത്രകളുടെ വിശദാംശങ്ങൾ, ഈ യാത്രകളിൽ ചെലവഴിക്കുന്ന പണം, അതിന്റെ സ്രോതസ്സ് തുടങ്ങിയവ അടക്കം പൂർണ്ണ വിവരങ്ങൾ ഇനിമുതൽ റിട്ടേണിനൊപ്പം സർപ്പിക്കേണമെന്നായിരുന്നു നിബന്ധന.

എന്നാൽ ഇത്രയും വിവരങ്ങൾ അടങ്ങിയ ഫോമിനെതിരെ പ്രതിഷേധം വ്യാപകമായി. സാധാരണക്കാരെ വലയ്ക്കാൻ മാത്രമേ ഈ ഫോമിലൂടെ കഴിയൂ എന്ന വാദവുമുയർന്നു. നികുതി അടയ്ക്കുന്നിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കേണ്ട സമയത്ത് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലെ പുതിയ ഫോം ആർക്കും ഗുണം ചെയ്യില്ലെന്നും വാദമുയർന്നു. കോർപ്പറേറ്റുകളും എതിർപ്പുമായി രംഗത്ത് വന്നു. ഈ സാഹചര്യത്തിലാണ് ഫോം താൽക്കാലികമായി പിൻവലിച്ചു. കള്ളപ്പണം നിയന്ത്രിക്കുന്നതിനുള്ള സുപ്രധാന നീക്കമായാണ് പുതിയ ഫോം പുറത്തിറക്കിയ സർക്കാർ നടപടി വിലയിരുത്തപ്പെട്ടത്.