കൊച്ചി: പ്രശസ്ത പിന്നണിഗായികയും ടിവി അവതാരികയുമായ റിമിടോമിയുടെ കൊച്ചിയിലെ വീട്ടിൽ റെയ്ഡ്. ആദായ നികുതി വകുപ്പാണ് റെയ്ഡ് നടത്തുന്നത്. വിദേശത്ത് നടത്തുന്ന പരിപാടികളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് റെയ്ഡ് എന്നാണ് റിപ്പോർട്ട്.

റിമി ടോമിക്കൊപ്പം വ്യവസായി മഠത്തിൽ രഘു, സുപ്രീം കോടതി അഭിഭാഷകൻ വിനോദ് കുട്ടപ്പൻ എന്നിവരുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നുണ്ട്. പ്രവാസി മലയാളി ജോൺ കുരുവിള എന്നിവരുടെ വീട്ടിലും രാവിലെ മുതൽ റെയ്ഡ് നടത്തുന്നുണ്ട്. അഭിഭാഷകൻ വിനോദിന്റെ തിരുവനന്തപുരത്തെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. മഠത്തിൽ രഘുവിന്റെ കൊല്ലത്തെ വീട്ടിലാണ് പരിശോധന നടക്കുന്നത്. റിമിടോമിയുടെ കൊച്ചിയിലെ ഇടപ്പള്ളിയിലെ വീട്ടിലാമ് പരിശോധന നടക്കുന്നത്. രാവിലെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.

വിദേശത്തുനിന്നുള്ള പണമിടപാടുമായുള്ള ബന്ധപ്പെട്ട് ചില ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന പരാതിയെ തുടർന്നാണ് ആദായനികുതി വകുപ്പ് റെയ്ഡ്. റിമി ടോമി വിദേശ രാജ്യങ്ങളിൽ സ്റ്റേജ് പ്രോഗ്രമുകൾ സ്ഥിരമായി നടത്താറുള്ളതാണ്. ഇതിനു ലഭിക്കുന്ന പ്രതിഫലം വ്യക്തമായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് എത്തിച്ചുവെന്നും. ചിലയിടങ്ങളിലെ സ്ഥാനാർത്ഥികൾക്ക് കൈമാറിയെന്നും ആദ്യനികുതി വകുപ്പിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

തെരഞ്ഞെടുപ്പ് കാലം ആയതിനാൽ സംസ്ഥാനത്ത് ആദായ നികുതി വകുപ്പ് ജാഗ്രതയിലാണ്. കർശന നിരീക്ഷണം നടത്തിവരികയായിരുന്നു. പല വഴികളിലൂടെ കള്ളപ്പണം സംസ്ഥാനത്ത് എത്തുന്നുണ്ട്. ഇപ്പോൾ പരിശോധന നടത്തുന്നവരിൽ ചിലർ വഴി ചില സ്ഥാനാർത്ഥികൾക്ക് പണം ലഭിച്ചതായും സൂചനയുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. എന്നാൽ, ഇതേക്കുറിച്ചുള്ള വിശദ വിവരങ്ങൾ പരിശോധനയുടെ വിവരങ്ങൾ പുറത്തുവരുമ്പോഴേ വ്യക്തമാകുകയുള്ളൂ.

റെയ്ഡ് വാർത്ത അറിഞ്ഞ് ഇപ്പോൾ തിരുവനന്തപുരത്തുള്ള റിമി ടോമി കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. ഒരു ചാനലിന്റെ ഷൂട്ടുമായി ബന്ധപ്പെട്ടാണ് റിമി തിരുവനന്തപുരത്തെത്തിയത്. റിമിയുടെ പ്രോഗ്രാം കാര്യങ്ങളും സാമ്പത്തിക ഇടപാടുകളും കൈകാര്യം ചെയ്യുന്നത് അനുജനും ഭർത്താവുമാണ്. റിമി ടോമിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. കള്ളപ്പണം കൈകാര്യം ചെയ്തുവെന്നാണ് റിമിക്കെതിരായ പരാതി. ഇതുസംബന്ധിച്ച യഥാർഥ വസ്തുതകൾ അധികൃതർ ആരായും.

ചില പ്രവാസി വ്യവസായികൾ അടക്കമുള്ളവരുടെ സാമ്പത്തിക ഇടപാടുകൾ ഏറെക്കാലമായി ആദായ നികുതി വകുപ്പ് നിരീക്ഷിച്ചുവരികയാണ്. വിദേശത്തുനിന്ന് കണക്കിൽ പെടാത്ത കോടിക്കണക്കിന് രൂപ ഇവരുടെ അക്കൗണ്ടുകളിലേക്ക് വരുന്നുവെന്ന സൂചനയെത്തുടർന്നാണിത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സംസ്ഥാനത്തേക്ക് കൊണ്ടുവന്ന കോടികളുടെ കള്ളപ്പണം ഇലക്ഷൻ കമ്മീഷന്റെ പ്രത്യേക സ്‌ക്വാഡ് പിടികൂടിയിരുന്നു. ഇതിന്റെ പേരിൽ രാഷ്ട്രീയ നേതാക്കൾ തമ്മിൽ പരസ്പ്പരം വാഗ്വാദം നടത്തുകയുമുണ്ടായി.