- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്തെ വെക്‌സ്‌കോ ഹോംസ് ഓഫീസുകളിലും ഉടമയുടെ വീടുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്; 65 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി; നിരവധി കള്ളപ്പണ ഇടപാടുകളും പിടികൂടി; കൈക്കൂലി രജിസ്റ്ററിൽ അനേകം ഉദ്യോഗസ്ഥർ: വീടു വാങ്ങാൻ പണം നൽകിയ പ്രവാസികൾ ആശങ്കയിൽ
കോട്ടയം: കേരളത്തിലെ ഏതൊരു ഫ്‌ലാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്നാലും അതിൽ ഏറ്റവും കൂടുതൽ ഇരയാക്കപ്പെടുന്നത് പ്രവാസികളാകും എന്ന കാര്യം ഉറപ്പാണ്. ആപ്പിൾ തട്ടിപ്പിലും ഡിഎൽഎഫിന്റെ പരിസ്ഥിതി പ്രശ്‌നത്തിലും പെട്ട് കോടികൾ നഷ്ടമായവരിൽ ഏറെയും പ്രവാസികളാണ്. നാട്ടിൽ എത്തുമ്പോൾ കഴിയാൻ ഒരു വീടെന്ന നിലയിൽ പുറം നാട്ടിൽ അധ
കോട്ടയം: കേരളത്തിലെ ഏതൊരു ഫ്‌ലാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്നാലും അതിൽ ഏറ്റവും കൂടുതൽ ഇരയാക്കപ്പെടുന്നത് പ്രവാസികളാകും എന്ന കാര്യം ഉറപ്പാണ്. ആപ്പിൾ തട്ടിപ്പിലും ഡിഎൽഎഫിന്റെ പരിസ്ഥിതി പ്രശ്‌നത്തിലും പെട്ട് കോടികൾ നഷ്ടമായവരിൽ ഏറെയും പ്രവാസികളാണ്. നാട്ടിൽ എത്തുമ്പോൾ കഴിയാൻ ഒരു വീടെന്ന നിലയിൽ പുറം നാട്ടിൽ അധ്വാനിച്ച പണം കൊണ്ട് ഫ്‌ലാറ്റ് വാങ്ങാൻ ഇറങ്ങിത്തിരിച്ചവർക്കാണ് എപ്പോഴും പണികിട്ടാറ്. ഇപ്പോഴിതാ മറ്റൊരു പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ആദായനികുതി വകുപ്പ് അധികൃതർ പരിശോധന നടത്തിയപ്പോൾ കോടികളുടെ നികുതി വെട്ടിപ്പ് വിവരം പുറത്തുവന്നതോടെ പ്രവാസികൾ വീണ്ടും ആശങ്കയിലായി. കോട്ടയത്തെ വെക്‌സ്‌കോ ഹോംസിലെ തട്ടിപ്പ് പുറത്തുവന്നതോടെയാണ് കോട്ടയം ജില്ലകളിൽ അടക്കമുള്ള പ്രവാസികൾ ആശങ്കയിലായത്.
വെക്‌സ്‌കോ ഹോംസിൽ കേന്ദ്ര ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ വമ്പൻ തട്ടിപ്പാണ് പുറത്തുവന്നത്. ഈമാസം 12, 13 തീയ്യതികളിലായി നടത്തിയ പരിശോധനയിൽ നികുതി ഇനത്തിൽ കോടികളുടെ വെട്ടിപ്പ് ഈ റിയൽ എസ്റ്റേറ്റ് കമ്പനി നടത്തിയെന്ന വിവരമാണ് പുറത്തുവന്നത്. 65 കോടിയോളം രൂപയുടെ വരുമാനം കുറച്ച് കാണിച്ചാണ് വെക്‌സ്‌കോ ഹോംസ് നികുതി റിട്ടേണുകൾ ഫയൽ ചെയ്തതെന്ന് ആദായനികുതി വകുപ്പിന്റെ അന്വേഷണം വിഭാഗം കണ്ടെത്തി. സർക്കാർ ഖജനാവിലേക്ക് എത്തേണ്ടുന്ന കോടികളാണ് ഇതുവഴി നഷ്ടമായത്. ഇത് കൂടാതെ ഇവർക്ക് എല്ലാത്തിനും ഒത്താശ ചെയ്തത് ഉന്നതരായ ഉദ്യോഗസ്ഥരാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
കമ്പനിയുടെ പല ഇടപാടുകളിലും കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ കൈമാറ്റങ്ങൾ നടന്നുവെന്നാണ് പരിശോധനയിൽ വ്യക്തമായത്. ഫ്‌ലാറ്റ് രജിസ്റ്റർ ചെയ്ത് നൽകിയതിൽ അടക്കം വെട്ടിപ്പു നടന്നു. യഥാർത്ഥ തുക മറച്ചുവച്ച് നടത്തിയ ഇടപാടുകളിൽ കോടികളുടെ കള്ളപ്പണവും ഒഴുക്കിയിട്ടുണ്ട്. വരുമാന, നികുതി സംബന്ധമായ നിരവധി രേഖകളും കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കുകളും റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. ഇത് പരിശോധിച്ചുക്കുന്നതിനിടെയാണ് വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് കൈക്കൂലി നൽകിയതിന്റെ കണക്കുകളും പുറത്തുവരുന്നത്.
കഴിഞ്ഞ ആറ് മാസത്തെ കണക്കുകൾ പരിശോധിച്ചപ്പോൾ തന്നെ ഉദ്യോഗസ്ഥർക്ക് ഞെട്ടലുണ്ടായി. കാരണം കൈക്കൂലി ഇനത്തിൽ തന്നെ ലക്ഷക്കണക്കിന് രൂപയാണ് ഉദ്യോഗസ്ഥർക്ക് ഇവർ നൽകിയിരുന്നത്. പത്ത് ലക്ഷം രൂപ ഇവർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്തുവെന്നാണ് ആദായനികുതി ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കെട്ടിട നിർമ്മാണ അനുമതി നൽകുന്ന വകുപ്പുകളിലെ പതിനഞ്ച് ഉദ്യോഗസ്ഥർ സ്ഥിരമായി പടിവാങ്ങുന്നവരാണെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്തുവന്നത്. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും അധികം താമസിയാതെ പുറത്തുവിടുമെന്നും അറിയുന്നു.
റവന്യൂ രജിസ്‌ട്രേഷൻ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കൈക്കൂലി ഇടപാടിൽ ഉൾപ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധമായ ഭൂമി ഇടപാടുകളെ ഒതുക്കുന്നതിനും മറ്റുമായാണ് ലക്ഷങ്ങൾ ഇങ്ങനെ കൈക്കൂലി കൊടുത്തിരുന്നത്. മുൻകാലങ്ങളിലെ കണക്കുകൾ കൂടി പരിശോധിക്കുന്നതോടെ കോടിക്കണക്കിന് രൂപയുടെ കോഴ ഇടപാട് പുറത്തുവരുമെന്നാണ് സൂചന. വിശദമായ പരിശോധനയ്ക്ക് ശേഷം കൈക്കൂലി ഇടപാടിൽ പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ സംസ്ഥാന സർക്കാറിന് കൈമാറാനാണ് ആദായനികുതി വകുപ്പ് അധികൃതരുടെയും നീക്കം. ആദായനുകിത വകുപ്പ് നിയമത്തില് 276 സി വകുപ്പ് പ്രകാരം വെക്‌സ്‌കോ അധികൃതർക്കെതിരെ കേസ് ഫയൽ ചെയ്യുമെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സമാനമായ നിലയിൽ നികുതിവെട്ടിപ്പ് നടത്തുന്ന വിവിധ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ ഉണ്ടെന്ന വിവരവും ആദായനികുതി അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. ഇവർക്കെതിരെ നടപടി കൈക്കൊള്ളുന്നതിന് പ്രധാന തടസം അന്വേഷണം ചെന്നുനിൽക്കുക ഉന്നത ഉദ്യോഗസ്ഥരിലാണ് എന്നതാണ്.