തിരുവനന്തപുരം: സംസ്ഥാനത്തെ നക്ഷത്ര ആശുപത്രി ഗ്രൂപ്പായ കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസി(കിംസ്)ന്റെ വിവിധ ആശുപത്രികളിൽ ഇൻകം ടാക്‌സ് റെയ്ഡ്. ഇന്നലെ രാവിലെ മുതൽ വൈകുന്നേരം വരെയാണ് റെയ്ഡ് നടന്നത്. കിംസ് ഗ്രൂപ്പിന്റെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പെരിന്തൽമണ്ണ ആശുപത്രികളിലാണ് റെയ്ഡ് നടന്നത്. ഇന്നലെ രാവിലെ പത്ത് മണിക്ക് ആരംഭിച്ച റെയ്ഡ് രാത്രി വൈകുന്നേരെ വരെ തുടർന്നു.

ആശുപത്രിയിലെ ബില്ലിംഗുമായി ബന്ധപ്പെട്ട രേഖകൾ അടക്കം പരിശോധിച്ചു. ജീവനക്കാരുടെ ശമ്പള വിവരങ്ങൾ അടക്കമുള്ള രേഖകൾ പരിശോധിച്ചു. ആശുപത്രിയിലെ ബില്ലിംഗുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിച്ചതോടെ ഇതേക്കുറിച്ച് പരാതിയുണ്ടെന്ന പ്രചരണം ഉണ്ടായെങ്കിലും ആശുപത്രി അധികൃതർ ഈ വാദം തള്ളിക്കളഞ്ഞു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയത് സാധാരണ നടപടിയുടെ ഭാഗമാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ടാകസ് അടയ്‌ക്കേണ്ട മാർച്ച് മാസമായതിനാൽ സ്വാഭാവിക നടപടിയുടെ ഭാഗമായി മാത്രമാണ് കിംസ് ഗ്രൂപ്പിന്റെ ആശുപത്രികളിൽ പരിശോധന നടത്തിയതെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. റെയ്ഡുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. വിവരങ്ങൾ ഇപ്പോഴും രഹസ്യമായി സൂക്ഷിച്ചിരിക്കയാണ് അധികൃതർ. മാദ്ധ്യമങ്ങളുടെ പ്രിയപ്പെട്ട ആശുപത്രി ഗ്രൂപ്പായതിനാൽ വൻകിട ആശുപത്രിയിൽ റെയ്ഡ് നടന്ന വിവരം മാദ്ധ്യമങ്ങൾ പതിവു പോലെ കണ്ടില്ലെന്ന് നടിച്ചിരിക്കയണ്.

നേരത്തെ ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ ആശുപത്രി ഗ്രൂപ്പിന്റെ മുതലാളിയായ ഡോ. സഹദുള്ളയ്ക്ക് പത്മഭൂഷണ് വേണ്ടി സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിരുന്നു. ഇത് ഏറെ വിവാദങ്ങൾക്കും ഇടയാക്കുകയുണ്ടായി. ഏറ്റവും പ്രഖ്യാപനം വന്നപ്പോറൾ അദ്ദേഹത്തിന് പത്മഭൂഷൺ ലഭിച്ചിരുന്നില്ല. അടുത്തിടെ ആശുപത്രിക്ക് തിരിച്ചടിയേറ്റ ഒരു കോടതി വിധിയും പുറത്തുവന്നിരുന്നു. സാധാരണ സർജറിക്കായി പ്രവേശിപ്പിക്കപ്പെട്ട യുവാവ് ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്ന് മരണപ്പെട്ട സംഭവത്തിൽ 35 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഉത്തരവു വന്നത് അടുത്താണ്. തിരുവനന്തപുരം സ്വദേശിയായ ദീപക് (28) എന്ന യുവാവ് ആണ് സർജറിയെ തുടർന്ന് കിംസ് ആശുപത്രിയിൽവച്ച് മരണപ്പെട്ടത്.

ആശുപത്രിയുടെയും ഡോക്ടറുടെയും അനാസ്ഥ കാരണം ശസ്ത്രക്രിയാമേശയിൽ വച്ച് മരണപ്പെട്ടതിനെ തുടർന്ന് ദീപക്കിന്റെ കുടുംബം എട്ട ് വർഷമായി നിയമപോരാട്ടത്തിലായിരുന്നു. ഉന്നതരുടെ അധികാരത്തിന്റെ ബലത്തിലും വാർത്തമുക്കി സഹായിക്കുന്ന മാദ്ധ്യമങ്ങളുടെ മിടുക്കിലും കേസ് ഒതുക്കാമെന്ന കിംസിന്റെ ഹുങ്കിന് കനത്ത തിരിച്ചടിയാണ് ഈ വിധി. എട്ട് വർഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിൽ സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ ആശുപത്രിയ്‌ക്കെതിരായി വിധി പ്രസ്താവിക്കുകയും ദീപക്കിന്റെ കുടുംബത്തിനു 35 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ കിംസിനോട് നിർദ്ദേശിക്കുകയും ആയിരുന്നു.

സാധാരണക്കാർക്ക് അപ്രാപ്യമായ ഈ പഞ്ചനക്ഷത്ര ആശുപത്രിയെക്കുറിച്ചു പല ആരോപണങ്ങളും പല തവണയും ഉയർന്നിട്ടും എല്ലാം ഒത്തുതീർക്കാൻ മന്ത്രിതലത്തിൽ പോലും ഇടപെടലുകൾ ഉണ്ടായിരുന്നു. ദീപകിന്റെ മരണത്തിനു ഇടയാകിയ മേല്പറഞ്ഞ സംഭവത്തിലും സാങ്കേതികത്വം പറഞ്ഞു ജില്ലാ ഉപഭോക്തൃ സമിതിയുടെ തീരുമാനത്തിനെതിരെ അപ്പീലിന് പോയ ആശുപത്രി അധികൃതരെ തുറന്നുകാട്ടാനുള്ള അവസരം പലതവണയും മാദ്ധ്യമങ്ങൾ നഷ്ടപ്പെടുത്തുകയായിരുന്നു. പരസ്യവരുമാനത്തിൽ കണ്ണുവച്ച് തന്നെയായിരുന്നു മാദ്ധ്യമങ്ങളുടെ ഇത്തരം ഇടപെടലുകളും.