- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദായനികുതി റിട്ടേൺ സമർപ്പിച്ചവർക്ക് 5000 രൂപ പിഴ; പിഴ ഇടാക്കിയത് ലേറ്റ് ഫീസ് എന്ന വിശദീകരണത്തിൽ; വ്യാപക വിമർശനം
ന്യൂഡൽഹി: ഓഗസ്റ്റ് ഒന്നുമുതൽ ഓൺലൈനായി ആദായനികുതി റിട്ടേൺ സമർപ്പിച്ചവരിൽ നിന്ന് പിഴ ഈടാക്കിയതായി പരാതി. ലേറ്റ് ഫീസായ 5000 രൂപയാണ് ചുമത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി കഴിഞ്ഞ ദിവസം നീട്ടിയിരുന്നു. സെപ്റ്റംബർ 30 വരെയാണ് കേന്ദ്രസർക്കാർ നീട്ടിയത്. എന്നാൽ ഇതനുസരിച്ച് ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള വെബ്സൈറ്റ് പരിഷ്‌കരിക്കാത്തതോ സാങ്കേതിക പ്രശ്നങ്ങളോ ആകാം പ്രശ്നത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.
അതിനാൽ കഴിഞ്ഞ വർഷത്തെ പോലെ ഡിസംബർ 31 വരെ വൈകി റിട്ടേൺ സമർപ്പിക്കുന്നവരിൽ നിന്ന് ഈടാക്കുന്ന ആയിരമോ അയ്യായിരമോ ചുമത്തിയതാകാം ലേറ്റ് ഫീസിന് കാരണം. വർഷം അഞ്ചുലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർ ലേറ്റ് ഫീസായി 5000 രൂപയാണ് അടയ്ക്കേണ്ടത്. അഞ്ചുലക്ഷത്തിന് താഴെ ആയിരം രൂപയാണ് പിഴ. റിട്ടേൺ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പരമാവധി 10,000 രൂപ വരെ പിഴ ഈടാക്കാൻ അനുമതി നൽകുന്ന ആദായനികുതി നിയമത്തിലെ സെക്ഷൻ 234എഫ് പ്രകാരമാണ് നടപടി സ്വീകരിക്കുന്നത്.
നേരത്തെ ജൂലൈ 31 ആയിരുന്നു റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി. ഇതാണ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 30 വരെ നീട്ടിയത്. ഇതനുസരിച്ച് ആദായനികുതി വകുപ്പിന്റെ റിട്ടേൺ സമർപ്പിക്കുന്നതിനുള്ള പോർട്ടലിൽ മാറ്റം വരുത്താത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. പ്രശ്നം വരുന്ന ദിവസങ്ങളിൽ പരിഹരിക്കുമെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നുമാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം.
മറുനാടന് മലയാളി ബ്യൂറോ