ന്യൂഡൽഹി: 2018  വിടപറയാൻ ആഴ്‌ച്ചകൾ മാത്രം ബാക്കി നിൽക്കേ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും സന്തോഷം പകരുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. ഈ സാമ്പത്തിക വർഷം ഇതുവരെ 75 ലക്ഷം പേർ ആദായ നികുതി ദാതാക്കളുടെ പട്ടികയിൽ ഇടം നേടിയെന്ന കണക്കാണ് ഇപ്പോൾ പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസമാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് നികുതി ദാതാക്കളുടെ പട്ടികയിൽ എണ്ണം കൂടുന്നുവെന്ന വിവരം പുറത്ത് വിട്ടത്.

2019 മാർച്ചിനകം 1.25 കോടി ആളുകളെ ആദായ നികുതി റിട്ടൺ പട്ടികയിൽ എത്തിക്കുകയാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ലക്ഷ്യമിടുന്നത്. ഇതോടെ വരുമാനം പുറത്ത് വിടാതെ രഹസ്യമാക്കി വയ്ക്കുന്ന രീതി പൊളിയും. വൻ കിട കച്ചവടക്കാരുൾപ്പടെ നിരവധി ആളുകളാണ് ആദായ നികുതി പട്ടികയിൽ ഇടം നേടിയത്. മറ്റ് ആളുകളുടെ പേരിൽ വ്യാപാരം നടത്തി നികുതിയിൽ നിന്നും തടിതപ്പാനുള്ള ശ്രമങ്ങളും നികുതി വകുപ്പ് തടഞ്ഞിരുന്നു.

രാജ്യത്തെ നികുതിവെട്ടിപ്പ് തടയുന്നതിന് ഒട്ടേറെ നടപടികളെടുത്തതാണ് നികുതിദായകരുടെ എണ്ണം കൂട്ടിയതെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. സാമ്പത്തികവർഷം പൂർത്തിയാകുന്നതിനുമുമ്പ് 1.25 കോടി പേരെ പുതുതായി നികുതിദായകരാക്കുകയെന്ന ലക്ഷ്യം പൂർത്തിയാക്കാൻ കഴിയുമെന്നും അവർ പ്രതീക്ഷ പ്രകടിപ്പിച്ചു. 2017-18 ൽ 1.06 കോടി പേരാണ് നികുതിദായകരുടെ പട്ടികയിൽ പുതുതായി ഇടം പിടിച്ചിരുന്നത്.

വർഷത്തിന്റെ തുടക്കത്തിൽ നികുതിശൃംഖലയിൽ ഉൾപ്പെടാത്തവരും പിന്നീട് അതേവർഷംതന്നെ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവരെയുമാണ് പുതുതായി നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവരായി കണക്കാക്കുന്നത്. എന്നാൽ, പുതുതായി ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നവരെയെല്ലാം പുതിയ നികുതിദാതാക്കളായി കണക്കാക്കില്ല. റിട്ടേൺ ഫയൽ ചെയ്താലും നികുതിയിൽനിന്ന് അവർക്ക് നിയമപരമായ ഒഴിവുതേടാൻ കഴിയുമെന്നതിനാലാണിത്.

എന്നാൽ, ഒരിക്കൽ ആദായനികുതി വിവര ശൃംഖലയിൽ ഉൾപ്പെട്ടാൽ ആ വ്യക്തിയുടെ വരുമാനം പിന്നീട് അജ്ഞാതമായി സൂക്ഷിക്കാൻ കഴിയില്ല. രാജ്യത്തിന്റെ സാമ്പത്തിരംഗം സംഘടിത മേഖലയിലും അസംഘടിത മേഖലയിലും വളർന്നുകൊണ്ടിരിക്കുന്നതിനാൽ പ്രത്യക്ഷനികുതി മേഖലയുടെ വ്യാപ്തി വർധിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അഭിപ്രായപ്പെട്ടു.