ദുബായ്: ട്വന്റി 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ നമീബിയക്കെതിരേ ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോലി ബൗളിങ് തിരഞ്ഞെടുത്തു. സ്‌കോട്ലൻഡിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമിൽ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. വരുൺ ചക്രവർത്തിക്ക് പകരം രാഹുൽ ചാഹർ ഇടംപിടിച്ചു. ബാറ്റിങ് ആരംഭിച്ച നമീബിയ അഞ്ച് ഓവറിൽ ഒരു വിക്കറ്റിന് 33 റൺസ് എന്ന നിലയിലാണ്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അഫ്ഗാനിസ്താൻ ന്യൂസീലൻഡിനോട് പരാജയപ്പെട്ടതോടെ ഇന്ത്യയുടെ സെമി പ്രതീക്ഷ അവസാനിച്ചിരുന്നു. ഇതോടെ നമീബിയക്കെതിരായ ഇന്ത്യയുടെ അവസാന മത്സരം അപ്രസക്തമായി.

ഇന്നലെ നടന്ന അഫ്ഗാനിസ്ഥാൻ-ന്യൂസിലൻഡ് പോരാട്ടത്തിൽ ന്യൂസിലൻഡ് ജയിച്ചതോടെയാണ് ഇന്ത്യയുടെ സെമി പ്രതീക്ഷകൾ അവസാനിച്ചത്. ജയത്തോടെ ഗ്രൂപ്പ് രണ്ടിൽ നിന്ന് പാക്കിസ്ഥാനും ന്യൂസിലൻഡുമാണ് സെമിയിലെത്തിയത്. ഗ്രൂപ്പ് ഒന്നിൽ നിന്ന് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും സെമിയിലെത്തി.

ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പാക്കിസ്ഥാനോടും ന്യൂസിലൻഡിനോടുമേറ്റ തോൽവികളാണ് ഇന്ത്യയുടെ സെമി പ്രതീക്ഷകൾ തകർത്തത്. പിന്നീടുള്ള രണ്ട് മത്സരങ്ങളിൽ അഫ്ഗാനിസ്ഥാനെതിരെയും സ്‌കോട്ലൻഡിനെതിരെയും ആധികാരിക ജയം നേടിയെങ്കിലും ആദ്യ രണ്ട് തോൽവികൾ ഇന്ത്യയുടെ വഴിയടച്ചു.

ഇന്ത്യയുടെ ട്വന്റി 20 ക്യാപ്റ്റനെന്ന നിലയിൽ വിരാട് കോലിയുടെ അവസാന മത്സരം കൂടിയാണിത്. ലോകകപ്പിനു ശേഷം ട്വന്റി 20 ടീമിന്റെ നായക സ്ഥാനം ഒഴിയുമെന്ന് കോലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോച്ച് രവി ശാസ്ത്രിക്കും ടീമിനൊപ്പമുള്ള അവസാന മത്സരമാണിത്. ലോകകപ്പോടെ ശാസ്ത്രി ടീമിന്റെ പരിശീലക സ്ഥാനം ഒഴിയും. ഇതിനാൽ തന്നെ ഇരുവർക്കും ജയത്തോടെ ഒരു വിടവാങ്ങൽ ഒരുക്കാനാകും ടീമിന്റെ ശ്രമം.

ഐ.സി.സി. ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ നോക്കൗട്ടിലെത്താതെ പുറത്താകുന്നത് 2012-നുശേഷം ആദ്യമാണ്. ആദ്യ രണ്ടുമത്സരങ്ങളിൽ പാക്കിസ്ഥാനോടും ന്യൂസീലൻഡിനോടും തോറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. പിന്നീട് അഫ്ഗാനിസ്താനെ 66 റൺസിനും സ്‌കോട്ലൻഡിനെ എട്ടു വിക്കറ്റിനും തോൽപ്പിച്ച് വിരാട് കോലിയും സംഘവും തിരിച്ചുവരവിന്റെ സൂചന നൽകി. നെറ്റ് റൺറേറ്റിൽ ഒന്നാമത് എത്തുകയും ചെയ്തു.

പക്ഷേ, ന്യൂസീലൻഡ് നാലാം ജയം കുറിച്ച് എട്ടു പോയന്റിൽ എത്തിയതോടെ ഇന്ത്യയുടെ എല്ലാ സാധ്യതയും അവസാനിച്ചു. ഈ ലോകകപ്പോടെ ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിക്കുന്ന വിരാട് കോലിക്ക് ഇത് തീർത്തും നിരാശാഭരിതമായ ടൂർണമെന്റായി. നായകൻ എന്ന നിലയിൽ കിരീടങ്ങളൊന്നുമില്ലാതെയാണ് കോലി പദവി ഒഴിയുന്നത്.