ദുബായ്: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 ലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ നമീബിയക്കെതിരേ ഇന്ത്യയ്ക്ക് 133 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത നമീബിയ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തു. 25 പന്തിൽ നിന്ന് രണ്ടു ബൗണ്ടറിയടക്കം 26 റൺസെടുത്ത ഡേവിഡ് വീസാണ് നമീബിയയുടെ ടോപ് സ്‌കോറർ.

മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ രവീന്ദ്ര ജഡേജയും ആർ. അശ്വിനുമാണ് നമീബിയയെ മികച്ച തുടക്കം ലഭിച്ചിട്ടും കറക്കി വീഴ്‌ത്തിയത്. നാല് ഓവറിൽ 16 റൺസ് മാത്രം വഴങ്ങിയാണ് ജഡേജ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയത്. അശ്വിൻ നാല് ഓവറിൽ 20 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റ് വീഴ്‌ത്തി.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ നമീബിയക്കായി ഓപ്പണർമാരായ സ്റ്റീഫർ ബാർഡും മൈക്കേൽ വാൻ ലിംഗനും ചേർന്ന് നല്ല തുടക്കമാണ് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് നമീബിയയെ 4.4 ഓവറിൽ 33 റൺസിലെത്തിച്ചു.

വാൻ ലിംഗനെ(15 പന്തിൽ 14) മടക്കി ജസ്പ്രീത് ബുമ്രയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. തൊട്ടടുത്ത ഓവറിൽ ക്രെയ്ഗ് വില്യംസിനെ പൂജ്യനാക്കി രവീന്ദ്ര ജഡേജയും വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. നല്ല തുടക്കമിട്ട് നിലയുറപ്പിച്ച സ്റ്റീഫൻ ബാർഡിനെ(21 പന്തിൽ 21) ജഡേജയും നിക്കോൾ ലോഫ്റ്റി ഈറ്റണെ(5) അശ്വിനും വീഴ്‌ത്തിയതോടെ നമീബിയ 47-4ലേക്ക് കൂപ്പുകുത്തി.

ക്യാപ്റ്റൻ ജെറാർഡ് ഇറാസ്മുസും ഡേവിഡ് വീസും ചേർന്ന് നമീബിയയെ വൻ തകർച്ചയിൽ നിന്ന് കരകയറ്റി. ഇരുവരും ചേർന്ന് നമീബിയയെ 72 റൺസിലെത്തിച്ചു. എന്നാൽ ഇറാസ്മുസിനെ(12 അശ്വിനും ജെ ജെ സ്മിറ്റിനെ(9) ജഡേജയും മടക്കിയതോടെ നമീബിയ വീണ്ടും തകർച്ചയിലായി. 94-7ലേക്ക് വീണ നമീബിയയെ വാലറ്റത്ത് ജാൻ ഫ്രൈലിങ്കിനെ കൂട്ടുപിടിച്ച് വീസ് നടത്തിയ പോരാട്ടമാണ് 120 കടത്തിയത്.

മുഹമ്മദ് ഷമിയെറിഞ്ഞ പതിനെട്ടാം ഓവറിൽ 12ഉം അവസാന ഓവറിൽ 13ഉം റൺസടിച്ച നമീബിയെ അവസാന നാലോവറിൽ 37 റൺസാണ് അടിച്ചെടുത്തത്. 15 പന്തിൽ 15 റൺസെടുത്ത ഫ്രൈലിങ്കും ആറ് പന്തിൽ 13 റൺസെടുത്ത ട്രംപിൾമാനും പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ വരുൺ ചക്രവർത്തിക്ക് പകരം രാഹുൽ ചാഹർ ഇടംപിടിച്ചു.
സെമി ഫൈനൽ പ്രതീക്ഷകൾ അസ്തമിച്ചതിനാൽ ഇന്ത്യക്കും നമീബിയക്കും മത്സരഫലം പ്രസക്തമല്ലെങ്കിലും ട്വന്റി 20യിൽ ക്യാപ്റ്റനെന്ന നിലയിൽ വിരാട് കോലിയുടെയും ഇന്ത്യൻ പരിശീലകനെന്ന നിലയിൽ രവി ശാസ്ത്രിയുടെയും അവസാന മത്സരമെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.