കട്ടക്ക്: ഇന്ത്യയ്‌ക്കെതിരായ രണ്ടാം രണ്ടാം ട്വന്റി 20 മത്സരത്തിലും തകർപ്പൻ ജയത്തോടെ ദക്ഷിണാഫ്രിക്ക പരമ്പരയിൽ 2 - 0ന് മുന്നിൽ. നാല് വിക്കറ്റിനാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം സന്ദർശകർ വെറും 18.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 46 പന്തുകളിൽ നിന്ന് 81 റൺസെടുത്ത് തകർത്തടിച്ച ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ വിജയശിൽപി.

ഈ വിജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 2-0 ന് മുന്നിലെത്തി. ആദ്യ മത്സരത്തിലും പ്രോട്ടീസാണ് വിജയം നേടിയത്. ഇന്ത്യയ്ക്ക് ഇനി പരമ്പര സ്വന്തമാക്കണമെങ്കിൽ ഇനിയുള്ള മൂന്ന് മത്സരങ്ങളിലും വിജയം നേടണം. സ്‌കോർ ഇന്ത്യ 20 ഓവറിൽ ആറിന് 148, ദക്ഷിണാഫ്രിക്ക 18.2 ഓവറിൽ ആറിന് 149.

പവർ പ്ലേയിൽ ദക്ഷിണാഫ്രിക്കയുടെ തലയരിഞ്ഞ് ഭുവനേശ്വർ കുമാർ ഇന്ത്യക്ക് പ്രതീക്ഷ നൽകിയതായിരുന്നു. ആദ്യ ഓവറിലെ അവസാന പന്തിൽ ഹെൻഡ്രിക്‌സിനെ(4) ക്ലീൻ ബൗൾഡാക്കിയ ഭുവി തന്റെ രണ്ടാം ഓവറിൽ പ്രിട്ടോറിയസിനെ(4) ആവേശ് ഖാന്റെ കൈകളിലെത്തിച്ചു. പവർ പ്ലേയിലെ അവസാന ഓവറിൽ വാൻഡർ ഡസ്സനെ കൂടി ക്ലീൻ ബൗൾഡാക്കിയ ഭുവി ദക്ഷിണാഫ്രിക്കയെ 29-3ലേക്ക് തള്ളിയിട്ടു. പത്തോവർ കഴിഞ്ഞപ്പോൾ 57-3 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക.

എന്നാൽ ക്യാപ്റ്റൻ ടെംബാ ബാവുമ കരുതലോടെ കളിച്ചപ്പോൾ ക്ലാസൻ തുടക്കം മുതൽ തകർത്തടിച്ചു. സ്പിന്നർമാരെ കടന്നാക്രമിച്ച ക്ലാസൻ ചാഹലിന്റെ ഒരോവറിൽ 13 റൺസും അക്‌സർ പട്ടേലിന്റെ ഒരോവറിൽ 19 റൺസും അടിച്ച് കളി ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാക്കി. 30 പന്തിൽ 35 റൺസെടുത്ത ബാവുമയെ ചാഹൽ ക്ലീൻ ബൗൾഡാക്കിയെങ്കിലും ക്ലാസൻ മറുവശത്ത് അടി തുടർന്നു.

നേരിട്ട ആദ്യ പന്തിൽ തന്നെ മില്ലർ പുറത്തായെന്ന് തോന്നിച്ചെങ്കിലും ദുഷ്‌കരമായ താരത്തിന്റെ ക്യാച്ച് ദിനേശ് കാർത്തിക്കിന് കൈയിലാക്കാനായില്ല. പിന്നാലെ ക്ലാസൻ അർധസെഞ്ചുറി നേടി. 32 പന്തുകളിൽ നിന്നാണ് താരം അർധശതകം നേടിയത്. ബവൂമ പുറത്തായിട്ടും ക്ലാസൻ അനായാസം ബാറ്റുവീശി. മില്ലറും തകർത്തടിച്ചതോടെ ദക്ഷിണാഫ്രിക്ക അനായാസം വിജയത്തിലേക്ക് കുതിച്ചു.

ചാഹൽ ചെയ്ത 16-ാം ഓവറിൽ ഇരുവരും ചേർന്ന് 23 റൺസാണ് അടിച്ചെടുത്തത്. ഹർഷൽ പട്ടേൽ ചെയ്ത 17-ം ഓവറിൽ ക്ലാസൻ പുറത്തായി. ഹർഷലിന്റെ പന്തിൽ സിക്സ് നേടാനുള്ള താരത്തിന്റെ ശ്രമം പകരക്കാരനായി വന്ന രവി ബിഷ്ണോയിയുടെ കൈയിലൊതുങ്ങി. 46 പന്തുകളിൽ നിന്ന് ഏഴ് ഫോറിന്റെയും അഞ്ച് സിക്സിന്റെയും അകമ്പടിയോടെ 81 റൺസെടുത്ത ശേഷമാണ് ക്ലാസൻ ക്രീസ് വിട്ടത്.

പിന്നാലെ വന്ന വെയ്ൻ പാർനലിനെ നിലയുറപ്പിക്കും മുൻപ് ഭുവനേശ്വർ ക്ലീൻ ബൗൾഡാക്കി. വെറും ഒരു റൺ മാത്രമാണ് താരത്തിന് നേടാനായത്. പക്ഷേ അപ്പോഴേക്കും ഇന്ത്യയിൽ നിന്ന് വിജയമകന്നിരുന്നു. തൊട്ടടുത്ത ഓവറിൽ മില്ലർ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി വിജയറൺ നേടി. മില്ലർ 20 റൺസെടുത്തും റബാദ റൺസെടുക്കാതെയും പുറത്താവാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ നാലോവറിൽ വെറും 13 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റെടുത്തു. ചാഹലും ഹർഷൽ പട്ടേലും ഓരോ വിക്കറ്റ് വീഴ്‌ത്തി. ചാഹൽ നാലോവറിൽ 49 റൺസാണ് വഴങ്ങിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. 40 റൺസെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ്സ്‌കോറർ. 21 പന്തിൽ 30 റൺസുമായി അവസാന രണ്ടോവറിൽ തകർത്തടിച്ച ദിനേശ് കാർത്തിക്കിന്റെ ഇന്നിങ്‌സാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ദക്ഷിണാഫ്രിക്കക്കായി ആന്റിച്ച് നോർക്യ രണ്ട് വിക്കറ്റെടുത്തു. ദക്ഷിണാഫ്രിക്കൻ ബൗളർമാരുടെ മികച്ച ബൗളിങ്ങാണ് ഇന്ത്യയെ ചെറിയ സ്‌കോറിനുള്ളിൽ ഒതുക്കിയത്.