വിശാഖപട്ടണം: ഇന്ത്യയ്ക്കെതിരായ മൂന്നാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 180 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് 179 റൺസെടുത്തത്. ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദും ഇഷാൻ കിഷനും ചേർന്ന് ആദ്യ പത്ത് ഓവറിൽ 97 റൺസ് അടിച്ചുകൂട്ടി മികച്ച തുടക്കം നൽകിയിട്ടും മധ്യനിരയ്ക്ക് മുതലാക്കാനായില്ല. പരമ്പരയിൽ 2 -0ന് പിന്നിൽ നിൽക്കുന്ന ഇന്ത്യയ്ക്ക് ഇന്ന് ജയിച്ചേ തീരു.

ഒരു ഘട്ടത്തിൽ ഇന്ത്യ 200 റൺസിന് മുകളിൽ സ്‌കോർ ചെയ്യുമെന്ന് തോന്നിച്ചെങ്കിലും മധ്യനിര ബാറ്റർമാർക്ക് മികവ് തുടരാനായില്ല. 13 ഓവറിൽ 130 റൺസ് കണ്ടെത്തിയിരുന്ന ഇന്ത്യ 18-ാം ഓവറിലാണ് 150 റൺസിലെത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ ഇഷാൻ കിഷനും ഋതുരാജ് ഗെയ്ക്വാദും ചേർന്ന് നൽകിയത്. ഇന്ത്യൻ ജഴ്സിയിൽ ആദ്യമായി ഫോമിലേക്കുയർന്ന ഋതുരാജ് തകർപ്പൻ ഷോട്ടുകളുമായി കളംനിറഞ്ഞു. കിഷനെ കാഴ്ചക്കാരനാക്കി ഋതുരാജ് അതിവേഗം സ്‌കോർ ഉയർത്തി. വെറും 30 പന്തുകളിൽ നിന്ന് താരം അർധസെഞ്ചുറി കുറിക്കുകയും ചെയ്തു. ഋതുരാജിന്റെ ആദ്യ അന്താരാഷ്ട്ര അർധസെഞ്ചുറിയാണിത്.

പത്താം ഓവറിലെ അവസാന പന്തിൽ ടീം സ്‌കോർ 97-ൽ നിൽക്കേ ഋതുരാജിനെ മടക്കി കേശവ് മഹാരാജ് ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചു. സ്വന്തം പന്തിൽ മഹാരാജ് ഋതുരാജിനെ ക്യാച്ചെടുത്ത് പുറത്താക്കി. 35 പന്തുകളിൽ നിന്ന് എട്ട് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 57 റൺസെടുത്ത ശേഷമാണ് ഋതുരാജ് ക്രീസ് വിട്ടത്. ഓപ്പണിങ് വിക്കറ്റിൽ ഇഷാൻ കിഷനൊപ്പം 97 റൺസ് താരം കൂട്ടിച്ചേർക്കുകയും ചെയ്തു.

ഋതുരാജിന് പകരം ശ്രേയസ് അയ്യർ ക്രീസിലെത്തി. 10.5 ഓവറിൽ ടീം സ്‌കോർ 100 കടന്നു. ഋതുരാജിന് പകരം ഇഷാൻ കിഷൻ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തു. 31 പന്തുകളിൽ നിന്ന് കിഷൻ അർധസെഞ്ചുറി നേടി. എന്നാൽ മറുവശത്ത് ശ്രേയസ് അയ്യർക്ക് പിടിച്ചുനിൽക്കാനായില്ല. 11 പന്തുകളിൽ നിന്ന് 14 റൺസെടുത്ത ശ്രേയസ്സിനെ തബ്റൈസ് ഷംസി നോർക്യെയുടെ കൈയിലെത്തിച്ചു. പിന്നാലെ കിഷനും വീണു.

പ്രിട്ടോറിയസിന്റെ പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച കിഷൻ റീസ ഹെൻഡ്രിക്സിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 35 പന്തിൽ നിന്ന് അഞ്ച് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 54 റൺസെടുത്താണ് കിഷൻ ക്രീസ് വിട്ടത്.

ഇഷാൻ പുറത്തായതോടെ നായകൻ ഋഷഭ് പന്തും സഹനായകൻ ഹാർദിക് പാണ്ഡ്യയും ക്രീസിലൊന്നിച്ചു. ഹാർദിക് പാണ്ഡ്യയുടെ അനായാസ ക്യാച്ച് ഡേവിഡ് മില്ലർ 15-ാം ഓവറിലെ മൂന്നാം പന്തിൽ പാഴാക്കി. തൊട്ടടുത്ത ഓവറിൽ ഋഷഭ് പന്തിന്റെ ക്യാച്ച് ഡ്യൂസൻ കൈവിട്ടു. എന്നാൽ അതേ ഓവറിൽ തന്നെ ഋഷഭ് പുറത്തായി. അനാവശ്യ ഷോട്ടിന് ശ്രമിച്ച ഋഷഭ് പ്രിട്ടോറിയസിന്റെ പന്തിൽ ബവൂമയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. എട്ട് പന്തിൽ നിന്ന് ആറ് റൺസാണ് താരത്തിന്റെ സമ്പാദ്യം.

പന്തിന് പകരം ദിനേശ് കാർത്തിക്കാണ് ക്രീസിലെത്തിയത്. ഇഷാൻ കിഷൻ പുറത്തായശേഷം റൺറേറ്റിൽ ഗണ്യമായ കുറവുണ്ടായി. കാർത്തിക്കിനും പിടിച്ചുനിൽക്കാനായില്ല. ആറുറൺസെടുത്ത കാർത്തിക്ക് റബാദയുടെ പന്തിൽ പാർനെലിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി.

കാർത്തിക്കിന് പകരം വന്ന അക്ഷർ പട്ടേലിനെ കൂട്ടുപിടിച്ച് ഹാർദിക് ടീം സ്‌കോർ 180 ൽ എത്തിച്ചു. ഹാർദിക് 21 പന്തിൽ നിന്ന് 31 റൺസെടുത്തും അക്ഷർ അഞ്ച് റൺസ് നേടിയും പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി പ്രിട്ടോറിസ് രണ്ടുവിക്കറ്റെടുത്തപ്പോൾ ഷംസി, കേശവ് മഹാരാജ്, റബാദ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.