- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദക്ഷിണാഫ്രിക്കയിലെ ആദ്യ പരമ്പര നേട്ടത്തിന് ഇനിയും കാത്തിരിക്കണം; ഇന്ത്യയെ ഏഴുവിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക; രണ്ടാം ഇന്നിങ്ങ്സിലും തുണയായത് കീഗാൻ പീറ്റേഴ്സണിന്റെ ഇന്നിങ്ങ്സ് ; കേപ്ടൗണിലും ജയത്തോടെ 2-1 ന് പരമ്പര സ്വന്തമാക്കി ആതിഥേയർ
കേപ്ടൗൺ: പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയെ തകർത്ത് ദക്ഷിണാഫ്രിക്ക. കേപ്ടൗണിൽ ഏഴു വിക്കറ്റ് ജയത്തോടെ മത്സരവും പരമ്പരയും (21) ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. സെഞ്ചൂറിയനിൽ നടന്ന ഒന്നാം ടെസ്റ്റ് 113 റൺസിന് ജയിച്ച ഇന്ത്യ, ജൊഹാനസ്ബർഗിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഏഴു വിക്കറ്റിന്റെ തോൽവി വഴങ്ങിയിരുന്നു.
കേപ്ടൗണിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു.സ്കോർ: ഇന്ത്യ - 10/223, 10/198, ദക്ഷിണാഫ്രിക്ക - 10/210, 3/212.ആദ്യ ഇന്നിങ്സിലേതുപോലെ രണ്ടാം ഇന്നിങ്സിലും അർധസെഞ്ചുറിയുമായി പോരാട്ടം നയിച്ച കീഗാൻ പീറ്റേഴ്സണാണ് ദക്ഷിണാഫ്രിക്കയുടെ ജയം അനായാസമാക്കിയത്. ഇതോടെ ദക്ഷിണാഫ്രിക്കയിലെ ആദ്യ പരമ്പര നേട്ടത്തിന് ഇന്ത്യ ഇനിയും കാത്തിരിക്കണം.
സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ ജയിച്ച് ആവേശത്തോടെ പരമ്പര പിടിക്കാനിറങ്ങിയ ഇന്ത്യക്ക് വാണ്ടറേഴ്സിലും കേപ്ടൗണിലും നേരിടേണ്ടിവന്നത് സമാനമായ തോൽവികൾ. വാണ്ടറേഴ്സിൽ ക്യാപ്റ്റൻ വിരാട് കോലിയുടെ അഭാവം ചൂണ്ടിക്കാണിക്കാനുണ്ടായിരുന്നെങ്കിലും കേപ്ടൗണിൽ കോലി മുന്നിൽ നിന്ന് നയിച്ചിട്ടും ഫലം മാറിയില്ല. അവസാന ദിവസം ജയത്തിലേക്ക് 112 റൺസ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയെ തുടക്കത്തിലെ പ്രതിരോധത്തിലാക്കാൻ ഇന്ത്യക്ക് വിക്കറ്റ് വീഴ്ത്തുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു.
എന്നാൽ റാസി വാൻഡർ ഡസ്സനും കീഗാൻ പീറ്റേഴ്സണും ജസ്പ്രീത് ബുമ്രയെയും മുഹമ്മദ് ഷമിയെയും ആദ്യ മണിക്കൂറിൽ ഫലപ്രദമായി നേരിട്ടത്തോടെ ഇന്ത്യയുടെ പിടി അയഞ്ഞു. വിക്കറ്റെടുക്കാനുള്ള ആവേശത്തിൽ ഇരുവരും റൺസേറെ വഴങ്ങുകയും ചെയ്തതോടെ ഇന്ത്യയുടെ അവസാന സാധ്യതയും ഇല്ലാതായി. ദക്ഷിണാഫ്രിക്കൻ സ്കോർ 155 ൽ നിൽക്കെ പീറ്റേഴ്സണ ബൗൾഡാക്കി ഷർദ്ദുൽ ഠാക്കൂർ ഇന്ത്യക്ക് നേരിയ പ്രതീക്ഷ നൽകിയെങ്കിലും വാൻഡർ ഡസ്സനും(41) ടെംബാ ബാവുമയും(32) ചേർന്ന് അത് തല്ലിക്കെടുത്തി.
രണ്ടാം ഇന്നിങ്സിൽ ആകെ മൂന്ന് ഇന്ത്യൻ ബാറ്റർമാരാർ മാത്രമാണ് രണ്ടക്കം കടന്നതെങ്കിൽ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സിൽ ബാറ്റെടുത്തവരെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തിയതാണ് ആതിഥേയരെ പരമ്പര നേട്ടത്തിലേക്ക് കൈപിടിച്ചുയർത്തിയത്. എയ്ഡൻ മാർക്രാം(16), ക്യാപ്റ്റൻ ഡീൻ എൽഗാർ(30) എന്നിവരും ദക്ഷിണാഫ്രിക്കയുടെ വിജയത്തിൽ നിർണായക സംഭാവന നൽകി. ഇന്ത്യക്കായി ബുമ്ര, ഷമി, ഠാക്കൂർ എന്നിവർ ഓരോ വിക്കറ്റെടുത്തു.
സ്പോർട്സ് ഡെസ്ക്