കോഴിക്കോട്: മാലാപ്പറമ്പ് എ.യു.പി സ്‌കൂൾ വീണ്ടും അടച്ചു പൂട്ടൽ ഭീഷണിയിൽ. കോടതി വിധി ചൂണ്ടിക്കാട്ടിയാണ് വീണ്ടും മാലാപ്പറമ്പ് സ്‌കൂൾ പൂട്ടാൻ സർക്കാർ ഒരുങ്ങുന്നത്. എന്നാൽ ഇതിനെതിരെ എന്ത് വിലകൊടുത്തും നേരിടാനുള്ള ഒരുക്കത്തിലാണ് നാട്ടുകാരും രക്ഷിതാക്കളും. സർക്കാർ അഭിഭാഷകരും സ്‌കൂൾ മാനേജ്‌മെന്റും തമ്മിലുള്ള ഒത്തുകളിയാണ് പിന്നിലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

136 വർഷത്തെ ചരിത്രവും പാരമ്പര്യവുമുള്ള നഗരത്തിലെ പ്രധാന സർക്കാർ സ്‌കൂൾ പൂട്ടാനുള്ള മാനേജ്‌മെന്റിന്റെ നടപടിക്ക് സർക്കൂർ ഒത്താശ ചെയ്യുകയാണ്. നിരവധി വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും ആവശ്യങ്ങൾ സർക്കാർ അഭിഭാഷകർ കോടതിയിൽ അറിയിച്ചില്ലെന്നു മാത്രമല്ല, കോടതി വിധിക്കെതിരെ അപ്പീൽ സമർപ്പിച്ച് സ്‌കൂൾ നിലനിർത്താനുള്ള നടപടിയും ഇതുവരെ സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. സ്‌കൂൾ എന്നെന്നേക്കുമായി പൊളിച്ചു നീക്കാനുള്ള മാനേജ്‌മെന്റിന്റെയും സർക്കാറിന്റെയും നീക്കത്തിനെതിരെ പ്രദീപ് കുമാർ എംഎ‍ൽഎ അടക്കമുള്ളവരുടെ നേതൃത്വത്തിൽ ശക്തമായ സമരം നടത്താനാണ് തീരുമാനം.

2014 ഏപ്രിൽ 11ന് അർധരാത്രിയിൽ ഇരുട്ടിന്റെ മറവിലായിരുന്നു മാലാപ്പറമ്പ് എ.യു.പി സ്‌കൂൾ ജെസിബി ഉപയോഗിച്ച് മാനേജറും ഭൂമാഫിയകളും ചേർന്ന് തകർത്ത് തരിപ്പണമാക്കിയത്. തുടർന്നുള്ള ദിവസങ്ങളിൽ സംഭവം വിവാദമായി കത്തിനിൽ്ക്കുകയും നാട്ടുകാരുടെ പ്രക്ഷോപത്തെ തുടർന്ന് രണ്ടു മാസത്തിനകം പുതിയ കെട്ടിടം നിർമ്മിക്കുകയുമായിരുന്നു. സ്ഥലം എംഎ‍ൽഎ പ്രദീപ് കുമാറിന്റെയും നാട്ടുകാരുടെയും സഹായത്തോടെയായിരുന്നു പിന്നീട് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. 60 വിദ്യാർത്ഥികളെ സംഘടിപ്പിച്ചായിരുന്നു വീണ്ടും അധ്യായനം പുനഃരാരംഭിച്ചത്. തകർന്ന് മണ്ണിനോടു ചേർന്ന കെട്ടിടത്തിന്റെ സ്ഥാനത്ത് വീണ്ടും കെട്ടിടങ്ങൾ പൊങ്ങി. എന്നാൽ രണ്ടു വർഷത്തിനു ശേഷം സ്‌കൂൾ എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന അവസ്ഥയിലാണിപ്പോൾ.

60 വിദ്യാർത്ഥികളെ സംഘടിപ്പിച്ച് വീണ്ടും അധ്യായനം തുടങ്ങി മുന്നേറുന്നതിനിടെയാണ് ഇടിത്തീപോലെ സ്‌കൂൾ പൂട്ടാനുള്ള അനുമതിയുമായി ഹൈക്കോടതിയുടെ വിധി എത്തിയിരിക്കുന്നത്. പുതിയ അധ്യയന വർഷം ഒന്ന്, അഞ്ച് ക്ലാസുകളിലേക്ക് പ്രവേശനം നേടാൻ 25 വിദ്യാർത്ഥികൾകൂടി കാത്തിരിക്കുന്നതിനിടെയാണ് കേരള വിദ്യാഭ്യാസ നിയമത്തിലെ (കെ.ഇ.ആർ) ചട്ടത്തിന്റെ മാത്രം പിൻബലത്തിൽ സ്‌കൂൾ മാനേജർ േൈഹകോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ചിരിക്കുന്നത്. ഈ സ്‌കൂളിനെ ആശ്രയിക്കുന്നവരിലധികവും സാധാരണക്കാരാണ്. എ.ഡബ്ല്യൂ.എച്ചിന്റെ കീഴിൽ പ്രവർത്തിക്കുന്ന അനാഥാലയത്തിലെ പതിനാല് കുട്ടികളും ഭിന്ന ശേഷിയുള്ള നാലു കുട്ടികളുൾപ്പടെ നിർധനരായ നിരവധി കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.

സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന മാലാപ്പറമ്പ് സ്‌കൂൾ നിലനിർത്താനുള്ള പോരാട്ടത്തിൽ എം ടി വാസുദേവൻ നായർ അടക്കമുള്ള പ്രമുഖർ മുൻപന്തിയിൽ നിൽക്കുകയുണ്ടായി. എംഎ‍ൽഎ, ജനപ്രതിനിധികൾ, റസിഡന്റ് അസോസിയേഷൻ, വ്യവസായികൾ, രാഷ്ട്രീയ വിദ്യാർത്ഥി യുവജന സംഘടനകൾ നാട്ടുകാരോടൊപ്പം സ്‌കൂൾ നിലനിർത്തുന്നതിനുള്ള പോരാട്ടത്തിൽ ഒറ്റക്കെട്ടായി ഉണ്ട്. കഴിഞ്ഞ ദിവസം കോടതി വിധിയുടെ ബലത്തോടെ മാനേജർ സ്‌കൂൾ പൂട്ടാൻ ശ്രമിച്ചതോടെ നാട്ടുകാരും സമരസമിതിയും ക്ഷുഭിതരായി ഇതിനെ എതിർക്കുകയുണ്ടായി. സമരസമിതി രംഗത്തെത്തി സ്‌കൂൾ പൂട്ടി താക്കോലുമായി പോവുകയും ചെയ്തു. ഇതോടെ മാലാപ്പറമ്പ് സ്‌കൂൾ വീ്ണ്ടും സമര വേദിയാകാൻ ഒരുങ്ങിയിരിക്കുകയാണ്. ഇവിടെ പഠിക്കുന്ന കുട്ടികൾക്ക് തൊട്ടടുത്ത സ്‌കൂൾ ആശ്രയിക്കാമെന്നാണ് സ്‌കൂൾ മാനേജറുടെ വാദ. എന്നാൽ തിരക്കേറിയ മാലാപ്പറമ്പ് ജംഗ്ഷൻ മറികടന്ന് പോകേണ്ട ക്രിസ്തു രാജ സ്‌കൂളും മൂന്ന് കിലോ മീറ്റർ അകലെയുള്ള പാറോപ്പടി ചോലപ്പുറം സ്‌കൂളുമാണുള്ളത്. ഈ സ്‌കൂളുകളെ ആശ്രയിക്കുക എന്നത് ചെറിയ കുട്ടികൾക്ക് ഏറെ ദുരിതമായിരിക്കും.

ഗവൺമെന്റ് അഭിഭാഷകർ മാനേജ്‌മെന്റുമായി ഒത്തുകളിച്ചുവെന്നും മാനേജ്‌മെന്റിന്റെ വാദങ്ങളെ പ്രതിരോധിച്ച് കോടതിയെ ബോധ്യപ്പെടുത്തിയില്ലെന്നുമാണ് ഈ വിധിയിലൂടെ വ്യക്തമാകുന്നതെന്ന് എ പ്രദീപ് കുമാർ എംഎ‍ൽഎ മറുനാടൻ മലയാളിയോടു പറഞ്ഞു. നേരത്തെയും സർക്കാറിന്റെ അനുമതിയോടെയാണ് സ്‌കൂൾ പൂട്ടാനൊരുങ്ങിയതെന്നും ഇപ്പോഴത്തെ വിധിക്കെതിരെ അപ്പീൽ നൽകാമായിരുന്നിട്ടു പോലും അപ്പീൽ നൽകേണ്ടെന്ന നിലപാടിലാണ് സർക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂൾ നിൽക്കുന്ന 25 സെന്റ് ഭൂമി ഇവർക്ക് ലഭിക്കുന്നതോടെ ലഭിക്കുന്ന കോടികളിൽ മാത്രമാണ് മാനേജ്‌മെന്റിന്റെ കണ്ണുള്ളത്. ഭൂമാഫിയയുമായി കൂടി ഭൂമി മറിച്ചു നൽകാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തി വരുന്നത്. സ്‌കൂൾ തിരിച്ചു കിട്ടും വരെ സമരം ശക്തമാക്കി മുന്നോട്ടു പോകുമെന്നും വേണ്ടിവന്നാൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളൊന്നും വേണ്ടെന്നുവച്ച് പൂർണമായി സമരമുഖത്തിറങ്ങുമെന്നും പ്രദീപ്കുമാർ എംഎ‍ൽഎ പറഞ്ഞു.