ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ അമൃത വർഷമാണ് ഇന്ന്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ഓഗസ്റ്റ് 15, 1947 ദിവസം നമ്മുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു പ്രസംഗിച്ച ട്രിസ്റ്റ് വിത്ത് ടെസ്റ്റിനി എന്ന പ്രസംഗത്തിൽ ഇന്ത്യൻ ചരിത്രത്തിന്റെ പല തലങ്ങൾ അദ്ദേഹം വിവരിച്ചിരുന്നു. 20-ാം നൂറ്റാണ്ടിലെ തന്നെ മഹാപ്രസംഗങ്ങളിലൊന്നായ അതിൽ അർധരാത്രി ലോകം ഉറങ്ങുമ്പോൾ ഇന്ത്യ ജീവിതത്തിലേയ്ക്കും സ്വാതന്ത്ര്യത്തിലേയ്ക്കും ഉണരും. ഒരു യുഗം തീരുകയും ഒരു രാജ്യത്തിന്റെ തുടിപ്പിനു പുതുജീവൻ ലഭിക്കുകയും ചെയ്യുന്ന അപൂർവമായ ചരിത്ര മുഹൂർത്തത്തിന് നാം സാക്ഷ്യം വഹിക്കും.നമുക്ക് ഈ രാജ്യത്തിന്റെയും അതിന്റെ ജനതയുടെയും അതിലുപരി മാനവരാശിയുടെയും സേവനത്തിനായി പ്രയത്‌നിക്കുമെന്ന് പ്രതിജ്ഞ ചെയ്യാം എന്നായിരുന്നു ആഹ്വാനം.

നീണ്ട പോരാട്ടത്തിലൂടെയും സഹനസമരങ്ങളിലൂടെയും ധീരദേശാഭിമാനികളുടെ ത്യാഗങ്ങളിലൂടെയും ഇന്ത്യ നേടിയ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷിക സമാപനമാണ് അമൃത് മഹോത്സവം. എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തി രാജ്യം അതിനെ ഉൾക്കൊള്ളുകയാണ്. 2020-ൽ കോവിഡ് വ്യാപിച്ചപ്പോൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കിയശേഷമുള്ള സ്വാതന്ത്ര്യദിനാഘോഷമാണ് ഇക്കുറി. 'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായി രാജ്യത്താകെ വിപുലമായ സ്വാതന്ത്ര്യദിനപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യദിനം പ്രമാണിച്ച് മൂന്നുദിവസമായി കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനനഗരം. ഇതിനൊപ്പം രാജ്യമാകെ ജാഗ്രതിയിലാണ്.

സ്വാതന്ത്ര്യത്തോടടുക്കും തോറും ഇന്ത്യയിൽ നിന്ന് മാറി സ്വതന്ത്രമായി നിലകൊള്ളാനുള്ള ചില നാട്ടുരാജാക്കന്മാരുടെ പദ്ധതിയെ പിന്തുണച്ചത് അന്നത്തെ നാട്ടുരാജാക്കന്മാരുടെ നേതാവായി പ്രവർത്തിച്ച ഭോപ്പാൽ നവാബും പിന്നെ മുഹമ്മദ് അലി ജിന്ന, വേവൽ പ്രഭു, ബ്രിട്ടീഷ് പിഎം വിൻസ്റ്റൺ ചർച്ചിൽ എന്നിവരും ആയിരുന്നു. പ്രിൻസിസ്താൻ എന്നൊരു മൂന്നാം പ്രവിശ്യ ഉണ്ടാക്കാനായിരുന്നു ഇവരുടെ പദ്ധതി. ഇന്ത്യയിൽ നിന്നും പാക്‌സ്താനിൽ നിന്നും വേറിട്ടു സ്വതന്ത്രമായി നിലകൊണ്ടു തങ്ങളുടെ ആധിപത്യം നിലനിർത്താനുള്ള ആ 565 നാട്ടുരാജ്യങ്ങളുടെ തീരുമാനം ഇന്ത്യയെ സ്ഥിരത ഇല്ലാത്തൊരിടമാക്കി മാറ്റിയേനെ. ഇതിന തടഞ്ഞത് നെഹ്‌റു, സർദാർ പട്ടേൽ, മൗണ്ട്ബാറ്റൺ പ്രഭു എന്നിവരായിരുന്നു.

1929ൽ നടന്ന കോൺഗ്രസിന്റെ ലാഹോർ സെഷനിൽ പൂർണസ്വരാജ് പ്രഖ്യാപനം അനുസരിച്ച് 26-01-1930 സ്വാതന്ത്ര്യ ദിനമായി പ്രഖ്യാപിച്ചു. പൂർണ സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ കോൺഗ്രസിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് സമരം തുടരാൻ ഇന്ത്യൻ ജനതയോട് ആവശ്യപ്പെട്ടു. ഇതിൽ നിന്നും ജനത്തിന് കൂടുതൽ പ്രചോദനം ലഭിക്കാനും ബ്രിട്ടീഷ് സർക്കാരിന് സമ്മർദമുണ്ടാക്കാനുമാണ് കോൺഗ്രസ് നേതൃത്വം ലക്ഷ്യമിട്ടത്. 1930 മുതൽ 1946 വരെ ജനുവരി 26 സ്വാതന്ത്ര്യ ദിനമായി കോൺഗ്രസ് ആചരിച്ചു. ചർച്ചകളും പ്രസംഗങ്ങളും ഗാന്ധിജിയുടെ താല്പര്യം അനുസരിച്ച് സാമൂഹ്യസേവനവും ഈ ദിനത്തില് നിർവഹിച്ചിരുന്നു. ജനുവരി 26, 1950 ൽ ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വരികയും ചെയ്തു.

1946ൽ രണ്ടാം ലോകമഹായുദ്ധത്തിൽ സാമ്പത്തിക തകർച്ച നേരിടുകയും ബ്രിട്ടീഷ് ജനതയുടെയും അന്താരാഷ്ട്ര തലത്തിലെയും പിന്തുണയില്ലായ്മയും ഇന്ത്യയിൽ തുടർഭരണം സാധ്യമല്ല എന്നു ബ്രിട്ടനു ബോധ്യപ്പെടുത്തിക്കൊടുത്തു. ഫെബ്രുവരി 20, 1947 ഇന്ത്യക്ക് ജൂൺ 1948 ആകുമ്പോൾ സ്വാതന്ത്ര്യം നൽകുമെന്ന തീരുമാനം ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്‌ലി അറിയിച്ചു. എന്നാൽ കോൺഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം മൗണ്ട്ബാറ്റൺ പ്രഭു സ്വാതന്ത്ര്യം നല്കാനുദ്ദേശിച്ച തീയതി വേഗത്തിലാക്കി. ജപ്പാന രണ്ടാം ലോക മഹായുദ്ധത്തിൽ കീഴടങ്ങിയതിന്റെ രണ്ടാം വാർഷികമായ ഓഗസ്റ്റ് 15, 1947 സ്വാതന്ത്ര്യം നൽകാനുള്ള ദിനമായി തിരഞ്ഞെടുത്തു. ഇന്ത്യയെ രണ്ട് രാജ്യങ്ങളായി തിരിച്ചു താല്കാലികമായി ആധിപത്യ പദവി നൽകാനും പിന്നീട് ഇഷ്ടാനുസരണം ബ്രിട്ടീഷ് കോമൺവെൽത്തിൽ നിന്നും പിന്മാറാനുമുള്ള അനുമതിയും നൽകി.

1947ൽ ഇന്ത്യൻ സ്വാതന്ത്ര്യ നിയമം അനുസരിച്ച് ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യയും പാക്കിസ്ഥാനും (ബംഗ്ലാദേശ് ഉൾപ്പെടെ) ആയി വിഭജിച്ചു. ഇരു രാജ്യങ്ങൾക്കും നിയമനിർമ്മാണത്തിനുള്ള പൂർണ സ്വാതന്ത്ര്യം നൽകി. ജൂലൈ 18, 1947 ൽ ഈ തീരുമാനത്തിന് ബ്രിട്ടീഷ് രാജാവിന്റെ അനുമതിയും ലഭിച്ചു. പുതിയ അതിർത്തിയനുസരിച്ചു ലക്ഷക്കണക്കിന് മുസ്ലിം, ഹിന്ദു, സിഖ് മനുഷ്യർ പലായനം ചെയ്തു. പഞ്ചാബിൽ വൻ തോതിൽ വർഗീയ കലാപം നടന്നു. ബിഹാറിലും ബംഗാളിലും കലാപം അടങ്ങാൻ ഗാന്ധിജി അവിടെ സത്യഗ്രഹം നടത്തി. അങ്ങനെ അദ്ദേഹം സ്വാതന്ത്ര്യ ആഘോഷങ്ങളിൽ നിന്നും വിട്ടുനിന്നു.

ഓഗസ്റ്റ് 14, 1947 ൽ പാക്കിസ്ഥാന് സ്വാതന്ത്ര്യം ലഭിച്ചു. മുഹമ്മദ് അലി ജിന്ന അവിടുത്തെ ഗവർണർ ജനറലായി അധികാരവുമേറ്റു. ഓഗസ്റ്റ് 14 ന് രാത്രി 11 മണിക്ക് ഇന്ത്യയുടെ ഭരണഘടന സമിതി അഞ്ചാം തവണ ചർച്ച നടത്തി. ഇതു രാഷ്ട്രപതി രാജേന്ദ്ര പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു. ഭരണഘടന സമിതിയുടെ അംഗങ്ങൾ രാഷ്ട്ര സേവനത്തിന് പ്രതിജ്ഞ ചെയ്യുകയും ഇന്ത്യൻ സ്ത്രീകളെ പ്രതിനിധീകരിച്ച് സ്ത്രീകൾ രാഷ്ട്രപതാക സമിതിക്ക് മുന്നിൽ അവതരിപ്പിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി ആയി നെഹ്‌റു അധികാമേൽക്കുകയും മൗണ്ട് ബാറ്റൺ ഗവർണർ ജനറലായി തുടരുകയും ചെയ്തു.