കുവൈത്ത് സിറ്റി: ആയിരങ്ങൾ അണി നിരന്ന ആഘോമായിരുന്നു കുവൈത്തിൽ ഇന്ത്യൻ എംബസിയുടെ സ്വാതന്ത്ര്യദിനാഘോഷം. സ്വാതന്ത്ര്യദിനവും അവധിയും ഒന്നിച്ചെത്തിയ സൗകര്യം പ്രമാണിച്ച് നിരവധി പേരാണ് ഇന്ത്യൻ എംബസിയിലെ ആഘോഷപരിപാടികൾക്കെത്തിയത്. എംബസി പരിസരത്ത് സ്ഥാനപതി സുനിൽ ജെയിൻ പതാക ഉയർത്തി. രാഷ്ട്രപതിയുടെ സന്ദേശം വായിച്ച അദ്ദേഹം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു.

കുവൈത്തിൽ വസിക്കുന്ന 7.62ലക്ഷം ഇന്ത്യക്കാരെ പ്രതിനിധീകരിച്ച് ആഘോഷപരിപാടികളിൽ പങ്കെടുക്കാനെത്തിയവരിൽ വ്യാപാരിവ്യവസായി പ്രമുഖർ തുടങ്ങി ലേബർ ക്യാംപുകളിലും വീടുകളിലും ജോലിചെയ്യുന്നവർ ഉൾപ്പെടെ ജീവിതത്തിന്റെ വിവിധ തുറകളില്പെട്ടവർ എത്തിയിരുന്നു. അതേ സമയം സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ഒരു മലയാളി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത് ഒട്ടൊരു പരിഭ്രാന്തി വരുത്തി.

കോഴിക്കോട് പെരുവട്ടൂർ സ്വദേശി പ്രജീഷാണ് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പതാക ഉയർത്തിയ സ്ഥാനപതി സുനിൽ ജെയിൻ രാഷ്ട്രപതിയുടെ സന്ദേശം വായിച്ചുനിർത്തിയ ഉടനെയായിരുന്നുആൾക്കൂട്ടത്തിനിടയിലായിരുന്ന യുവാവ് കൈമുറിച്ചത്. പെട്ടെന്ന് തന്നെ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. താഴിൽസ്ഥാപനത്തിൽ നിന്ന് ശമ്പളം ലഭിക്കാത്തത് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ എംബസിയെ അറിയിച്ചിട്ടും കാര്യമായ ഇടപെടൽ ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് ആത്മഹത്യാശ്രമം എന്നാണ് വിവരം.