'ഐ മേക്ക് ഹിം ആൻ ഓഫർ, ഹി കാണ്ട് റെഫ്യൂസ്..'' -ലോകത്തിലെ ഏറ്റവും പ്രശ്സതമായ സിനിമാ ഡയലോഗ് എതാണെന്ന് അറിയാൻ ഫോക്സ് ന്യൂസ് ചാനലിന്റെ ആഭിമുഖ്യത്തിൽ ഈയിടെ നടന്ന ഒരു സർവേയിൽ, ഒന്നാമതെത്തിയത് 50 വർഷംമുമ്പ് ഇറങ്ങിയ ഈ ചലച്ചിത്രത്തിലെ വാക്കുകൾ ആയിരുന്നു. ഫ്രാൻസിസ് ഫോർഡ് കൊപ്പോള സംവിധാനത്തിൽ, ഇതിഹാസ നടൻ മാർലൻ ബ്രാന്റോ അനശ്വരമാക്കിയ വിത്തോ കൊർലിയോണെ എന്ന മാഫിയാ ഡോൺ പറയുന്ന ആ പഞ്ച് ഡയലോഗിന് അപ്പുറത്തേക്ക് ഒന്ന് സൃഷ്ടിക്കാൻ ഇത്രകാലമായിട്ടും ആർക്കും കഴിഞ്ഞിട്ടില്ല. 1972ൽ ഇറങ്ങിയ ദ ഗോഡ്ഫാദർ സിനിമയെ ലോകത്തിലെ ചലച്ചിത്ര അത്ഭുദമായി വിലയിരുത്താൻ ഒരുപാട് കാരണങ്ങളുണ്ട്.

കലയും കച്ചവടവും ഒരുപോലെ യോജിപ്പിച്ച സിനിമയായിരുന്നു ഇത്. മികച്ച ചിത്രമെന്ന് നിരൂപക ശ്രദ്ധ നേടുന്ന പല ചിത്രങ്ങളും ബോക്സോഫീസിൽ എട്ടുനിലയിൽ പൊട്ടുക പതിവായിരുന്നു. അതുപോലെ വൻ സാമ്പത്തിക വിജയം നേടുന്ന ചിത്രങ്ങളെ വെറും കൊമേർഷ്യൽ മസാല എന്നായിരുന്നു നിരൂപകർ പരിഹസിക്കാറുള്ളത്. എന്നാൽ ഗോഡ്ഫാദർ ലോകമെമ്പാടുമുള്ള കളക്ഷൻ റെക്കോർഡുകൾ തിരുത്തി. ലോകത്ത് ഇന്നുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സിനിമയായും പേരെടുത്തു.

പ്രമുഖ സിനിമാനിരൂപക വെബ്സൈറ്റുകളായ റോട്ടൻ ടോമാറ്റോസിലും മെറ്റാക്രിട്ടിക്കിലും ഈ സിനിമ ഉയർന്ന സ്‌കോർ കരസ്ഥമാക്കി. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ '100 വർഷങ്ങൾ...100 ചലച്ചിത്രങ്ങൾ...' എന്ന പട്ടികയുടെ 10ാം വാഷികപ്പതിപ്പിൽ മികച്ച ചിത്രങ്ങളിൽ രണ്ടാമതായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രം, മികച്ച നടൻ, മികച്ച അഡാപ്റ്റഡ് സ്‌ക്രീൻപ്ലേ എന്നീ വിഭാഗങ്ങളിൽ ഈ സിനിമ ഓസ്‌ക്കാർ അവാർഡുകൾ കരസ്ഥമാക്കി. നിരവധി ഗോൾഡൻ ഗ്ലോബ് പുരസ്‌കരങ്ങളും, അക്കാദമി പുരസ്‌കാരങ്ങളും, ഗ്രാമി പുരസ്‌കാരങ്ങളും നേടിയെടുക്കുകയും ചെയ്തു.

സിനിമയുടെ വെള്ളിവെളിച്ചം സ്വപ്നം കാണുന്ന ഏതൊരാൾക്കും ഈ സിനിമ ഒരു സർവ വിജ്ഞാനകോശം തന്നെയാണ്. ഓരോ സംഭവങ്ങൾക്കും, ദൃശ്യങ്ങൾക്കും, സംഭാഷണങ്ങൾക്കും, എന്തിനേറെ, മുഖഭാവങ്ങൾക്ക് പോലും അത്രമേൽ അർത്ഥതലങ്ങൾ ഉള്ള സിനിമ. വസ്ത്രാലങ്കാരവും, സംഗീതവും തൊട്ട് എഡിറ്റ്‌വരെ പഠിക്കേണ്ടവർ ആവർത്തിച്ച് കാണേണ്ട ചിത്രം.

പക്ഷേ അതിനേക്കാളുമപ്പുറം ലോകമെമ്പടുമുള്ള ചലച്ചിത്ര പ്രവർത്തകരെ സ്വാധീനിക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിറങ്ങിയ നൂറോളം ചിത്രങ്ങളാണ് കൊപ്പോളയുടെ ഗോഡ്ഫാദറിനെ അനുകരിച്ച് ഉണ്ടായത്. ഇതേക്കുറിച്ച് പഠിച്ച് ഡോക്ടറേറ്റ് നേടിയവർ പോലുമുണ്ട്. മണിരത്നത്തിന്റെ നായകൻ, രാം ഗോപാൽ വർമ്മയുടെ സർക്കാർ തൊട്ട് നമ്മുടെ, സാമ്ര്യാജ്യം, ഗ്യാങ്സ്റ്റർ, സാഗർ ഏലിയാസ് ജാക്കിമുതൽ ലൂസിഫറിൽ വരെ ഗോഡ്ഫാദറിന്റെ വിവിധ ഭാഗങ്ങൾ കണ്ടെത്താൻ കഴിയും. ഇപ്പോൾ മമ്മൂട്ടി തരംഗത്തിന്റെ ശക്തമായ തിരിച്ചുവരവിന് ഇടയാക്കിയ ഭീഷ്മപർവ്വം സിനിമ നോക്കുക. അഞ്ഞൂറ്റി കുടുംബവും വിത്തോ കോർലിനാനോയുടെ മാഫിയാ കുടുംബവും തമ്മിലുള്ള സാദ്യശ്യങ്ങൾ എഴുതിയാൽ തീരില്ല. നോക്കുക, ഇത്ര തവണ ഗോഡ്ഫാദറിനെ അനുകരിച്ചിട്ടും മലയാളി സംവിധായകർക്ക് മതിവരുന്നില്ല!

ഈ സമയത്ത് തന്നെയാണ് ലോകത്ത് മറ്റൊരു അത്ഭുദവും നടക്കുന്നത്. 1972ൽ റിലീസ് ചെയ്ത ഗോഡ്ഫാദർ, അമ്പതാംവാർഷികം പ്രമാണിച്ച് ലോകമെമ്പാടും റീ റിലീസ് ചെയ്തിരിക്കയാണ്, നിർമ്മാതാക്കളായ പാരമൗണ്ട് പിക്ച്ചേഴ്സ്. അതിനും വലിയ സ്വീകരണമാണ് കിട്ടിയത്. രണ്ടാംവരവിലും കേരളത്തിൽപോലും ദ ഗോഡ്ഫാദർ ഹൗസ്ഫുള്ളായി. ഭീഷ്മപർവ്വം അരങ്ങുതകർക്കുമ്പോൾ, തൊടുത്ത തീയേറ്ററിൽ അതിന് പ്രചോദനമായ ഗോഡ്ഫാദറും കളിക്കുന്നുണ്ട്!

നോവലിലുടെ പ്രശസ്തനായ മരിയോ പൂസോ

1969ൽ മരിയോ പുസോ രചിച്ച ഇതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമ. അമേരിക്കയിൽ കുടിയേറിയ ഇറ്റാലിയൻ മാതാപിതാക്കൾക്ക് ജനിച്ച മാരിയോ പൂസോ, ഡിഗ്രി പഠനത്തിനു ശേഷം രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കാനായി അമേരിക്കൻ ആർമ്മിയിൽ ചേർന്ന വ്യക്തിയാണ്. എന്നാൽ, അദ്ദേഹത്തിന്റെ കാഴ്ചശക്തിയിലുള്ള കുറവ് മൂലം പബ്ലിക് റിലേഷൻസ് ഓഫീസർ ആയി ജർമ്മനിയിൽ നിയമിതനായി. യുദ്ധത്തിനു ശേഷം അദ്ദേഹം അമേരിക്കയിൽ മാഗസിനുകളിൽ എഡിറ്റർ ആയി ജോലി ചെയ്യുകയും ചെറുകഥകളും 'ദി ഗോഡ്ഫാദർ' ഉൾപ്പടെ അനവധി നോവലുകൾ എഴുതുകയും ചെയ്തു. 1969ലാണ് അദ്ദേഹം ഈ നോവൽ എഴുതുന്നത്. അതോടെ അദ്ദേഹം ലോക പ്രശ്സതാനായി. 67 ആഴ്ചകളോളം ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ പുസ്തകം നിലനിർത്തി. ഒൻപത് മില്ല്യൻ കോപ്പികളാണ് ഈ നോവലിന്റെതായി വിറ്റഴിഞ്ഞത് എന്നോർക്കണം.

1945 മുതൽ 55വരെയുള്ള കാലത്തെ അമേരിക്കയെ വിറപ്പിച്ച ഇറ്റാലിയൻ മാഫിയയുടെ കഥയാണിത്. ഏതെങ്കിലും ഒരു ഡോണിനെ എടുക്കാതെ ഒരുപാട് പേരിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മരിയോ പൂസോ നോവൽ എഴുതിയത്. ലക്കിലൂസിയാനോയും, കപ്പോണും തൊട്ട് ഇറ്റലിയിലെ സിസിലിയയിൽനിന്ന് അമേരിക്കയിലെത്തി, കൈയൂക്ക് കൊണ്ട് വളർന്ന ഒരുപാട് മാഫിയാത്തലവന്മാരുടെ കഥ അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. ജനങ്ങളെ സഹായിച്ചുകൊണ്ട് എന്ന പേരിലാണ്, ഇറ്റലിയിൽ ആദ്യത്തെ മാഫിയാസംഘം പറവിയെടുക്കുന്നത്. പിന്നെയത് അമേരിക്കയെ വിറപ്പിക്കുന്ന അധോലോകമായി മാറി. ഒന്നാം മാഫിയാ സമ്മേളനം, രണ്ടാം മാഫിയാ സമ്മേളനം എന്നൊക്കെ പേരിട്ട് വിളിക്കാവുന്ന, മാഫിയാ തലവന്മാരുടെ വട്ടമേശ സമ്മേളനം ഉണ്ടായി. ഒന്നാം മാഫിയാ യുദ്ധമെന്നും രണ്ടാം മാഫിയാ യുദ്ധമെന്നും വിളിക്കുന്ന രക്തരൂക്ഷിതമായ എറ്റുമുട്ടലുകളും. ഇവയൊക്കെ അടിസ്ഥാനമാക്കിയാണ് മരിയോ പൂസോ തന്റെ വിഖ്യാത നോവൽ പണി തീർത്തത്.

പക്ഷേ ഹോളിവുഡ് നിർമ്മാതാക്കളായ പാരമൗണ്ട് പിക്ച്ചേഴ്സ് ഈ നോവൽ പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ അതിന്റെ സാധ്യത തിരിച്ചറിഞ്ഞിരുന്നു. 1967 ലാണ് പാരാമൗണ്ട് പിക്ചേഴ്സ് ഇത് സിനിമയാക്കാൻ എൺപതിനായിരം ഡോളറിന് കരാറൊപ്പിടുന്നത്. അക്കാലത്ത് നല്ല കഥകൾ കണ്ടുപിടിക്കാൻ പാരമൗണ്ടിന് ഒരു ടീം തന്നെ ഉണ്ടായിരുന്നു. അച്ചടിച്ച് പ്രസിദ്ധീകരിക്കുമുമ്പുതന്നെ പ്രസാധകരിൽനിന്ന് വിവരം കിട്ടാനുള്ള നെറ്റ്‌വർക്ക് അവർക്ക് ഉണ്ടായിരുന്നു.

നോവൽ വിരസമെന്ന് പറഞ്ഞ കൊപ്പോള

പാരമൗണ്ട് പിക്ച്ചഴേസ് ദി ഗോഡ്ഫാദർ നോവൽ സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ, ഫ്രാൻസിസ് ഫോർഡ് കൊപ്പോള എന്ന അസാധ്യ പ്രതിഭാശാലിയായ സംവിധായകൻ അവരുടെ ആദ്യ ലിസ്റ്റിൽ ഉണ്ടായിരുന്നില്ല. പാരമൗണ്ട് പിക്ചേഴ്സ്, ഗോഡ് ഫാദറിന് തൊട്ടു മുമ്പ്ചെയ്ത മാഫിയ ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു. അതിനാൽ, ഇതേ ജോണറിൽ വീണ്ടും ഒരു മാഫിയാ ചിത്രം നിർമ്മിക്കുമ്പോൾ അവർ ഏറെ കരുതൽ എടുത്തു.

അതുകൊണ്ട് തന്നെ ഈ ചിത്രം ഒരു ഇറ്റാലിയൻ-അമേരിക്കൻ സംവിധായകനെ ഏൽപ്പിക്കാനായിരുന്നു അവർ താൽപ്പര്യം പ്രകടിപ്പിച്ചത്. പക്ഷേ നിരവധി സംവിധായകരെ സമീപിച്ചെങ്കിലും പല കാരണങ്ങളാൽ അവയൊന്നും നടന്നില്ല. ഒടുവിൽ ഗോഡ് ഫാദർ ഫ്രാൻസിസ് ഫോർഡ് കൊപ്പൊള എന്ന സംവിധായകനെ തേടിയെത്തി. കൊപ്പോളയും അമേരിക്കയിൽ കുടിയേറിയ ഇറ്റാലിയൻ കുടുംബത്തിലെ മൂന്നു മക്കളിൽ രണ്ടാമനായിരുന്നു. കൊപ്പോളക്കും മോശം സമയമായിരുന്നു അത്. ഏറെ കൊട്ടിഘോഷിച്ച് വന്ന അദ്ദേഹത്തിന്റെ 'ദി റെയ്ൻ പീപ്പിൾ' എന്ന ചിത്രം സാമ്പത്തികമായി തകർന്നു. ഇതോടെ ചെറിയ തുകയ്ക്ക് അദ്ദേഹം 'ദി ഗോഡ് ഫാദറി'ന്റെ സംവിധാനം ഏറ്റെടുക്കും എന്നതും പാരമൗണ്ട് പിക്ച്ചെഴ്സിനെ ആകർഷിച്ചു.

പക്ഷേ ചർച്ച മുന്നോട്ടുപോയപ്പോൾ ആദ്യം ഉടക്കിട്ടതും, കൊപ്പോള തന്നെയായിരുന്നു. കാരണം മാരിയോ പൂസോയുടെ നോവൽ അദ്ദേഹത്തിന് അത്ര ആകർഷകമായി തോന്നിയില്ല. പലയിടത്തും ബോറടിക്കുന്നുണ്ടെന്നും കൊപ്പോള തുറന്നടിച്ചു. ഇതോടൊപ്പം
വാർണർ ബ്രോസിന്റെ ഒരു വൻ പ്രൊജക്റ്റ് അദ്ദേഹത്തെ കാത്തിരിക്കുന്നുമുണ്ടായിരുന്നു. പക്ഷേ വൻ പ്രൊജക്റ്റുകൾ ഏറ്റെടുത്ത് ഇനിയും ഒരു പരാജയം ഉണ്ടായാൽ അത് ഹോളിവുഡിൽനിന്ന് പുറത്താകുന്നതിന് തുല്യമാവുമെന്ന് സുഹൃത്തുക്കൾ പറഞ്ഞതിനെ തുടർന്നാണ് താൻ മനസ്സുമാറ്റിയത് എന്നാണ് ഗോഡ്ഫാദറിന്റെ 25ാം വർഷ ആഘോഷത്തിൽ പങ്കെടുത്തുകൊപ്പോള പറഞ്ഞത്.

അങ്ങനെ സുഹൃത്തുക്കളുടെ ഉപദേശം സ്വകീരിച്ച് അദ്ദേഹം സിനിമ ചെയ്യാനുള്ള കരാർ 125,000 അമേരിക്കൻ ഡോളറിന് ഏറ്റെടുക്കുകയായിരുന്നു. 1970 സെപ്റ്റംബർ 30ാം തിയതി പാരമൗണ്ട് പിക്ചേഴ്സ് ദി ഗോഡ് ഫാദർ എന്ന സിനിമയുടെ സംവിധായകനായി ഫ്രാൻസിസ് ഫോർഡ് കോപ്പോളയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

വഴക്കാളി ബ്രാൻഡോ വേണ്ടെന്ന്

നോവൽ സിനിമയാക്കാനായി ആഴത്തിൽ പഠിച്ചപ്പോഴാണ് അതിന്റെ സാധ്യതകൾ മനസ്സിലായത് എന്നാണ് കൊപ്പോള പിന്നീട് പറഞ്ഞത്. ഡാൺ വിത്തോ കൊർലിയോണെ എന്ന നായക കഥാപാത്രത്തെ ആര് അവതരിപ്പിക്കും എന്നതായി കൊപ്പോളയുടെ മനസ്സിലെ അടുത്ത സംഘർഷം. കാരണം ആ കഥാപാത്രം അൽപ്പം പാളിയിൽ ചിത്രം മൊത്തം തീരും. ഒരു മാഫിയ നേതാവിനെ ചിത്രത്തിലുടനീളം പ്രേക്ഷകർ സ്നേഹിക്കണം, അയാളുടെ വീഴ്ചകളിൽ വേദനിക്കണം, മരണരംഗങ്ങളിൽ ഹൃദയത്തിൽ ഒരു നീറ്റൽ ഉണ്ടാവണം. അങ്ങനെയൊക്കെ സംഭവിക്കണമെങ്കിൽ അതിന് പറ്റിയ അസാമാന്യ നടൻവേണം. അങ്ങനെയാണ് അക്കാലത്തെ പ്രമുഖ നടനും സെക്സ് സിംബലുമായ മാർലൻ ബ്രാന്റോയുടെ അടുത്തേക്ക് കൊപ്പോള എത്തുന്നത്.

എന്നാൽ ബ്രാന്റോക്കും ആ കാലം അത്ര നല്ലതായിരുന്നില്ല. ഓൺ പോർട്ട് എന്ന ചിത്രത്തിലൂടെ 1954ൽ തന്നെ ഓസ്‌ക്കാർ നേടിയ അദ്ദേഹം അപ്പോഴേക്കും പ്രശ്സതിയുടെ കൊടുമുടികയറി തിരിച്ചടികൾ ഏറ്റുവാങ്ങുകയായിരുന്നു. അടുത്തടുത്ത് പടങ്ങൾ പൊളിഞ്ഞു. പക്ഷേ കൊപ്പോള അത് കാര്യമാക്കിയില്ല. അദ്ദേഹം ദ ഗോഡ്ഫാദറിന്റെ കഥ ബ്രാന്റോക്ക് അയച്ചുകൊടുത്തു. ഒപ്പം 'താങ്കളിലൂടെ മാത്രമേ ഗോഡ് ഫാദർ പൂർണ്ണമാകൂ' എന്ന സന്ദേശവും.

എന്നാൽ ഈ വിവരം അറിഞ്ഞ് പാരമൗണ്ട് പിക്ച്ചെഴ്സിൽ ആകെ കലാപമായി. അക്കാലത്ത് അമിതമായി മദ്യപിക്കുന്ന സ്വഭാവും ബ്രാന്റോക്ക് ഉണ്ടായിരുന്നു. ഒപ്പം ക്ഷിപ്രകോപവും. പല സെറ്റുകളിൽനിന്നും അദ്ദേഹം തെറ്റിപ്പോയി. അനവധി കാമുകിമാർ ഉണ്ടായിരുന്നു അദ്ദേഹം സെറ്റിൽ വരാതെ, അവരുമായി ഊരുചുറ്റുാൻ തുടങ്ങി. അങ്ങനെ നിർമ്മാതാക്കൾക്ക് സാമ്പത്തിക നഷ്ടവും ഉണ്ടായി. അതിനാൽ ഭയംമൂലം നിർമ്മാതാക്കൾ ഈ കാസ്റ്റിങ്ങ് അംഗീകരിച്ചില്ല.

എന്നാൽ കൊപ്പോള വിട്ടില്ല. കഥ കേട്ടതോടെ ബ്രാന്റോയും സിനിമയിലേക്ക് വീണിരുന്നു. ബ്രാന്റോയുടെ കാലിഫോർണിയയിലുള്ള വസതിയിൽ വെച്ച് കവിളുകളിൽ പേപ്പർ കഷ്ണങ്ങൾ തിരുകി, ഷൂ പോളിഷ് കൊണ്ട് മുടി കറുപ്പിച്ച്, കോളർ ഫിറ്റ് ചെയ്ത് കുറച്ച് രംഗങ്ങൾ ചിത്രീകരിച്ച് പരമൗണ്ട് പിക്ചേഴ്സ് ഭാരവാഹികളെ കാണിച്ചു കൊടുത്തു. രംഗങ്ങൾ കണ്ട അവർ ഞെട്ടി. അസാധ്യമായ മിഴിവായിരുന്നു ബ്രാന്റോക്ക് ആ വേഷത്തിൽ. തുടർന്ന് 'യാതൊരുവിധത്തിലും സിനിമ നിർമ്മാണത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നിനും കാരണമാകുകയില്ല' എന്ന കരാർ ഒപ്പിട്ടതിനു ശേഷം അവർ ്രബ്രാന്റോയെ അംഗീകരിച്ചു.

പക്ഷേ വിത്തൊ കോർലിനയാനോ എന്ന ഗോഡ്ഫാദറായി ബ്രാന്റോ ജീവിച്ചു. ഒരു അലമ്പും ആ സെറ്റിൽ അദ്ദേഹം കാട്ടിയില്ല. തനിക്ക് ചേരാത്ത കഥാപാത്രങ്ങൾ ഉണ്ടാക്കുന്ന പ്രതിഭാ ദരിദ്രരോട് മാത്രമായിരുന്നു ബ്രാന്റോയുടെ കലാപം. ഇടക്ക് മൂക്ക് തുടച്ചും, നെറ്റിയിൽ ചുൽ് വരുത്തിയും, കൈ ചൊറിഞ്ഞുമുള്ള ബ്രാന്റോയുടെ ശരീരഭാഷപോലും ലോകത്ത് തരംഗമായി. കമൽഹാസനൊക്കെ ഇത് പലവേദികളിലും അനുകരിച്ചിട്ടുണ്ട്. (ഗോഡ്ഫാദറിൽ ബ്രാന്റോ മകന്റെ മൃതദേഹം കാണാൻ വരുന്ന രംഗത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഭരതന്റെ തേവർ മകനിൽ ശിവാജിയുടെ മൃതദേഹം കാണാൻ താൻ വരുന്ന സീൻ 19 തവണ എടുത്തിട്ടും കമലിന് തൃപ്തിയായിരുന്നില്ല!)

മൈക്കായി അൽ പചീനോ എത്തുന്നു

അതുപോലെ കപ്പോളയെ കുഴക്കിയ മറ്റൊരു പ്രശ്നം ഗോഡ്ഫാദറിന്റെ മകനായ മെക്ക് എന്ന മൈക്കിൾ കൊർലിയോണെയായി ആര് അഭിനയിക്കുമെന്നത് ആയിരുന്നു. കാരണം ചിത്രത്തിൽ ബ്രാൻഡോയേക്കാൾ സ്‌ക്രീൻ സപേ്സ് അപഹരിക്കുന്നത് മൈക്ക് ആണ്. മാഫിയിൽ ഒന്നും പങ്കെടുക്കാതെ സ്വസ്ഥമായി ജീവിക്കാൻ ആഗ്രഹിച്ചിരുന്നു മൈക്ക് അവസാനം, കണ്ണിൽചോരയില്ലാതെ പ്രതികാരം ചെയ്യുന്ന ഡോൺ ആയി മാറുന്നിടത്താണ് ഗോഡ് ഫാദർ അവസാനിക്കുന്നത്. ചിത്രീകരണം തുടങ്ങുന്നതിന് രണ്ടാഴ്ച മുമ്പുവരെ ഇതിലെ നടനെ തേടി അവർ നടന്നു. അമേരിക്കക്കാർക്ക് അധികം പരിചിതമല്ലാത്ത ഇറ്റാലിയൻ മുഖഛായ ഉള്ള ഒരു നടനെന്ന നിലയിൽ അന്ന് അത്രയൊന്നും അറിയപ്പെടാതിരുന്നു അൽ പചിനോ ആയിരുന്നു സംവിധായകന്റെ മനസ്സിൽ തെളിഞ്ഞു നിന്നിരുന്നത്.

എന്നാൽ, പാരമൗണ്ട് പിക്ചേഴ്സ് ഭാരവാഹികൾക്ക് ഏറ്റവും പ്രശസ്തൻ ആയ ഒരു നടൻ വേണമെന്നായിരുന്നു താൽപ്പര്യം. മാത്രവുമല്ല അൽ പചിനോയ്ക്ക് ഉയരം കുറവാണ് എന്നതും അവർ കാരണമായി ഉന്നയിച്ചു. പക്ഷേ നിരവധി ഓഡിഷനുകൾക്കൊടുവിൽ സംവിധായകൻ ആഗ്രഹിച്ചതുപോലെ തന്നെ അൽ പചിനോ തന്നെയാവണം മൈക്ക് എന്ന തീരുമാനത്തിൽ എത്തിച്ചേരുകയായിരുന്നു.

തുടർച്ചയായി ഓഡിഷനുകൾക്ക് വിളിക്കുകയും അഭിനയിക്കുന്ന കാര്യത്തിൽ തീരുമാനം ആകാതിരിക്കുകയും ചെയ്തതിൽ അൽ പചീനോയുടെ കാമുകി താനുമായി കയർക്കുക പോലുമുണ്ടായി എന്നാണ് പിന്നീട് ഒരു ഇന്റർവ്യൂവിൽ ഫ്രാൻസിസ് കൊപ്പൊള പറഞ്ഞത്. എന്നാൽ ഈ റോളിൽ അൽപാചിനോ തകർത്തു. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഡോൺ ആയി മാറുന്ന ആ രൂപാന്തരണം അദ്ദേഹം ഗംഭീരമാക്കി. പുറമേ നിന്ന് നോക്കുമ്പോൾ ക്രൂരമെന്ന് തോന്നാവുന്ന കൃത്യങ്ങൾ കുടുംബത്തിനു വേണ്ടിയാണെന്നും, ഭാര്യയോട് വിശ്വസ്തത കാണിക്കാനായില്ല എന്നും ഹൃദയം നുറുങ്ങുന്ന വേദനയിൽ, കഥാന്ത്യത്തിൽ മൈക്ക് പറയുന്നത് ലോകമെമ്പാടുമുള്ള പ്രേക്ഷരെ വല്ലാതെ സ്പർശിച്ചു. അൽ പചീനോയുടെ ഓരോ സംഭാഷണശകലവും മുഖശരീരഭാവങ്ങളും അത്രമേൽ കഥാപാത്രത്തോട് നീതി പുലർത്തുന്നതായിരുന്നു. ഇപ്പോൾ ഗോഡ് ഫാദറിന്റെ അമ്പതാം വർഷം ആഘോഷിക്കാൻ 70കാരനായ അൽപാച്ചിനോയും 82കാരനായ കപ്പോളയും വീണ്ടും ഒത്തുകൂടിയിരുന്നു. അന്നും അവർ പഴയ കഥകൾ അയവിറക്കി.

'ദി ഗോഡ് ഫാദർ ട്രയോളജി'

മരിയോ പൂസോയുടെ നോവലിൽ പല സിനിമകളുടെയും സാധ്യതകൾ കൊപ്പോള കണ്ടിരുന്നു. ദ ഗോഡ്ഫാദറിന്റെ ഐതിഹാസികമായ വിജയത്തോടെ ലോകത്തിന്റെ പല കോണുകളിൽനിന്നും അടുത്ത ഭാഗം ഉണ്ടാവുമോയെന്ന് ചോദ്യങ്ങൾ വന്നു. രണ്ട് തുടർചിത്രങ്ങൾ പിന്നീട് നിർമ്മിക്കപ്പെട്ടു. ദ ഗോഡ്ഫാദർ പാർട്ട് രണ്ട് 1974ലും ദ ഗോഡ്ഫാദർ പാർട്ട് മൂന്ന് 1990ലും. ഈ സിനിമയുടെ നാലാമത്തെ ഭാഗം പുറത്തിറങ്ങുമെന്ന് പ്രഖ്യാപിക്കുകയും, അതിന്റെ അണിയറ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തിരുന്നുവെങ്കിലും കഥാകൃത്തിന്റെ അവിചാരിതമായ മരണം മൂലം ഒഴിവാക്കി. എല്ലാ ഭാഗങ്ങളും സാമ്പത്തിക വിജയം ആയിരുന്നു. പക്ഷേ ഒന്നാം ഭാഗത്തിന് കിട്ടിയ ആഗോള പ്രശ്സതി മറ്റുള്ളവക്ക് കിട്ടിയില്ല.

പ്രധാനമായും അഞ്ച് അമേരിക്കൻ-ഇറ്റാലിയൻ ബിസിനസ് കുടുംബങ്ങളുടെ ഇടയിലുള്ള മാഫിയ പ്രവർത്തനങ്ങളും വിദ്വേഷവുമാണ് മാരിയോ പൂസോയുടെ നോവലിന്റെ അടിസ്ഥാനം. സിസിലിയിലെ 'കൊർലിയോണെ' എന്ന സ്ഥലത്തുനിന്നും നിന്നും ജീവഭയത്താൽ ഒളിച്ചോടി അമേരിക്കയിൽ എത്തിപ്പെട്ട വിത്തോ ആന്തോളിനി, പണവും അധികാരവും സ്വാധീനവും ആണ് സമൂഹത്തിൽ അംഗീകാരം നേടിത്തരുന്നത് എന്ന് മനസ്സിലാക്കുകയും ഒലിവ് ഓയിൽ വ്യാപാരത്തിൽ ആരംഭിച്ച് മാഫിയ പ്രവർത്തനങ്ങളിലേക്ക് തിരിയുകയും ചെയ്യുന്നു. അങ്ങനെ അയാൾ ഒരു ബിസിനസ് സാമ്രാജ്യം തന്നെ കെട്ടിപ്പടുക്കുകയും 'ഡോൺ വിത്തോ കൊർലിയോണെ' ആയി മാറുന്നു. അയാളും മക്കളും അടങ്ങുന്ന തലമുറയടെ കഥപറയുന്ന, ഗ്യാങ്ങ്സ്റ്റർ മൂവി സീരീസ് ആണ് 'ദി ഗോഡ് ഫാദർ ട്രയോളജി'.

വിത്തോ കൊർലിയോണെയും അദ്ദേഹത്തിന്റെ ഭാര്യയായ കാർമല കൊർലിയോണെയും അവരുടെ അഞ്ച് മക്കളുമാണ് ഈ കഥയുടെ കേന്ദ്രബിന്ദു. അഞ്ച് മക്കളിൽ ടോം ഹേഗൻ ദത്തു പുത്രനും കൊർലിയോണെ കുടുംബത്തിന്റെ നിയമ ഉപദേഷ്ടാവും ആണ്. ക്ഷിപ്രകോപിയായ 'സണ്ണി' എന്ന് വിളിക്കുന്ന സന്തീനോ കൊർലിയോണെ, കൂട്ടത്തിൽ അന്തർമുഖനായ 'ഫ്രേദോ' എന്ന് വിളിക്കുന്ന ഫെദേരിക്കോ കൊർലിയോണെ, രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കുന്ന, മാഫിയ പ്രവർത്തനങ്ങളെ വെറുക്കുകയും, എന്നാൽ സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ പിതാവിന്റെ പാത പിന്തുടരേണ്ടി വരുകയും ചെയ്ത 'മൈക്ക്' എന്ന മൈക്കിൾ കൊർലിയോണെ, ഇളയ മകൾ കൊൻസ്റ്റാൻസിയ എന്ന 'കോണി' എന്നിവരും മരുമക്കളും കൊച്ചു മക്കളും അടങ്ങുന്ന കൊർലിയോണെ കുടുംബത്തിന്റെ കഥയാണിത്. രാവിലെ മുതൽ പല ആവശ്യങ്ങളുമായി ആളുകൾ ഗോഡ്ഫാദറെ കാണാൻ എത്തുന്നു. അത് പരിഹരിക്കാമെന്ന് അദ്ദേഹം അവർക്ക് ഉറപ്പുകൊടുക്കും. എങ്ങനെയാണ് പരിഹരിക്കയെന്നോ. 'ഐ മേക്ക് ഹിം ആൻ ഓഫർ, ഹി കാണ്ട് റെഫ്യൂസ്.. എന്ന വാക്കുകൊണ്ട്. ആദ്യം സൗമ്യമായി കാര്യങ്ങൾ പറയുക. പിന്നെ പ്രവർത്തിച്ച് കാണിക്കുക. അതാണ് വിത്തോ കൊർലിയോണെയുടെ രീതി. സിനിമകളിൽനിന്ന് തുടർച്ചയായി ഒഴിവാക്കപ്പെടുന്നെന്ന് തന്നെ വന്ന് കണ്ട് പരാതി പറഞ്ഞ ഗായകനെ പാടിക്കാനുള്ള നിർദ്ദേശം ആ നിർമ്മാതാവ് തള്ളുന്നു. പിറ്റേന്ന് അയാൾ ഉണരുമ്പോൾ കിടക്കയിൽ ഒരു രക്തസ്രാവം. പിന്നെ അയാൾ കാണുന്നത് ലക്ഷങ്ങൾ വിലയുള്ള തന്റെ പ്രിയപ്പെട്ട കുതിരയുടെ തല അറുത്ത് പുതപ്പിനടിയിൽ വെച്ചിരിക്കുന്നതാണ്. അതാണ് ഗോഡ്ഫാദറിന്റെ രീതി.

ഇതിൽ ഒട്ടും അതിശയോക്തിയില്ലായിരുന്നു. ഒരാളെ തട്ടിക്കൊണ്ടുപോയാൽ ആദ്യം കുറച്ച് മുടിയും, പിന്നെ ചെവിയും എന്നിട്ടും പണം കിട്ടിയില്ലെങ്കിൽ തലതന്നെ വെട്ടി അയച്ചുകൊടുക്കയായിരുന്നു അക്കാലത്തെ സിസിലിയൻ മാഫിയയുടെ രീതി. ഇന്ന് അത് മെക്സിക്കൻ മാഫിയയാണ് പരീക്ഷിക്കുന്നത്.

നർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്

ഇന്ന് ലൂസിഫറിൽ മോഹൻലാൽ പറയുന്ന 'നർകോട്ടിക്സ് ഈസ് എ ഡർട്ടി ബിസിനസ്' എന്ന് ആദ്യം പറഞ്ഞത് നമ്മുടെ വിത്തോ കൊർലിയോണെയാണ്. അങ്ങനെ പറഞ്ഞില്ല, പക്ഷേ പ്രവർത്തിച്ചു. മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട് അമേരിക്കയിലെ അഞ്ച് പ്രമുഖ മാഫിയ തലവന്മാരുടെ സമ്മേളനത്തിൽ അദ്ദേഹം നടത്തുന്ന ഒരു പ്രസംഗമുണ്ട്. അതിശക്തം. മയക്കുമരുന്ന് കച്ചവടത്തിൽ നിന്നും കൊർലിയോണെ പിന്മാറി എന്ന കാരണത്താലാണ് മറ്റു മാഫിയ ഗ്രൂപ്പുകൾശത്രുതയിലാവുന്നതും പിന്നീട് കൊലപാതക പരമ്പര തന്നെ അരങ്ങേറുന്നതും. ദി ഗോഡ് ഫാദർ സിനിമയുടെ മൂന്നു ഭാഗങ്ങളിലൂടെ ഈ പകയുടെയും പ്രതികാരത്തിന്റെയും കഥയാണ് നാം കാണുന്നത്.

കൊപ്പോളയുടെ സഹോദരി, 'താലിയ കൊപ്പൊള' യാണ് വിത്തോ കൊർലിയോണെയുടെ ഇളയ മകളായ 'കോണി'യായി മൂന്നുഭാഗങ്ങളിലും തിളങ്ങി നിൽക്കുന്നത്. അതുപോലെതന്നെ, മൈക്കിന്റെ മകളായി മൂന്നാം പാർട്ടിനെ ഹൃദ്യമാക്കിയ മേരി കൊർലിയോണെ, കപ്പോളയുടെ മകളായ സോഫി കപ്പോള ആണ്. കൊപ്പോളയുടെ അപ്പനും അമ്മയ്ക്കും മക്കൾക്കും കൊച്ചുമക്കൾക്കും അടക്കം അനവധി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഈ ചരിത്ര സിനിമയിൽ ഭാഗമാകാനുള്ള അവസരം അദ്ദേഹം ഒരുക്കികൊടുക്കുകയും ചെയ്തു.

അതുപോലെ ഇറ്റലിയിലെ സിസിലിയയിലും കഥയുടെ ഒരുപാട് ഭാഗങ്ങൾ നടക്കുന്നുണ്ട്. അവിടെ വച്ചാണ്, ആദ്യദർശനത്തിൽ തന്നെ മൈക്ക് അനുരക്തനാവുന്ന സിസിലിയൻ സുന്ദരി, അപ്പൊളോണിയ വിത്തെല്ലിയെ കാണിക്കുന്നത്. ശരിക്കും ഒരു ഗ്രീക്ക് ദേവത. ദി ഗോഡ് ഫാദർ സിനിമയുടെ ആദ്യ പാർട്ടിൽ കുറച്ചു സമയത്തേയ്ക്ക് മാത്രം പ്രത്യക്ഷപ്പെടുന്നുള്ളുവെങ്കിലും, മൂന്നാം പാർട്ടിന്റെ അവസാന ഭാഗത്തും അപ്പൊളോണിയയുടെ നിഷ്‌കളങ്കമായ മുഖം മനസ്സിലൊരു വിങ്ങലായി കടന്നുവരുന്നുണ്ട്.നിരവധി ഇറ്റാലിയൻ ബിംബങ്ങളും ചിത്രം ഉൾക്കൊള്ളുന്നു.

അനുരഞ്ജന ചർച്ചയ്ക്കായി ശത്രുപക്ഷത്തേയ്ക്ക് പോയ വിത്തോ കൊർലിയോണെയുടെ വലംകൈയും വിശ്വസ്തനുമായ 'ലൂക്കാ ബ്രാസി'യുടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിൽ മത്സ്യം പൊതിഞ്ഞ് അയച്ചത് ഒരു പ്രതീകമായിരുന്നു. അതായത്, 'ബ്രാസി മത്സ്യങ്ങൾക്കൊപ്പം ഉറങ്ങുന്നു' എന്ന സിസിലിയൻ സന്ദേശം ആയിരുന്നു അത്. ബ്രാസി കൊലചെയ്യപ്പെട്ടു എന്നർത്ഥം!

ഓസ്‌ക്കാർ നിഷേധിച്ച് ബ്രാന്റോ

സിനിമ സംവിധായകന്റെ കലയാണ് എന്നൊക്കെ പറയാമെങ്കിലും, ആന്ത്യന്തികമായി ഗോഡ്ഫാദർ എന്ന് കേട്ടാൽ ഓർമ്മവരിക, മാർലൻ ബ്രാന്റോയെ ആണ്. കുടുംബ ബന്ധങ്ങളെ ഏറെ സ്നേഹിക്കുന്ന, സുഹൃത്തുക്കളെ കൈയയച്ച് സഹായിക്കുന്ന, സമൂഹത്തിലെ മയക്കുമരുന്നിന്റെ വ്യാപാരത്തെ എതിർക്കുന്ന ഡോൺ വിത്തോ കൊർലിയോണെ. ''കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ സാധിക്കാത്തവൻ യഥാർത്ഥ പുരുഷൻ അല്ല..'' എന്ന ബ്രാന്റോയുടെ ഡയലോഗും അന്നും ഇന്നും വൈറലാണ്. ആദ്യ പാർട്ടിലാണ് വിത്തോ കൊർലിയോണെയുടെ പ്രൌഢഗംഭീരമായ സാന്നിധ്യം ഉള്ളത് എങ്കിലും, തുടർന്ന് വരുന്ന ഭാഗങ്ങളിലെല്ലാം തന്നെ അദൃശ്യനായ അദ്ദേഹമാണ് സിനിമയെ നയിക്കുന്നത്. ''അപ്പൻ ഒരിക്കലും ബിസിനസ് കാര്യങ്ങൾ തീന്മേശയിൽ ചർച്ച ചെയ്തിരുന്നില്ല..'' എന്ന് മക്കൾ പറയുന്നു. അങ്ങനെ ഓരോയിടത്തും സാന്നിധ്യമാണ് വിത്തോ കൊർലിയോണെ.

ദി ഗോഡ് ഫാദർ സിനിമയിലെ രണ്ടാം ഭാഗത്ത് സിസിലിയിലെ കൊർലിയോണെ നിവാസിയായ ആറോ എട്ടോ വയസ്സുള്ള പയ്യൻ എങ്ങനെയാണ് അമേരിക്കയിൽ കുടിയേറിയതെന്നും, 'വിത്തോ അന്തോളിനി' എങ്ങനെ 'വിത്തോ കൊർലിയോണെ' എന്ന പേരിൽ അറിയപ്പെട്ടുവെന്നും, മാഫിയ പ്രവർത്തനങ്ങളിൽ എങ്ങനെ എത്തിപ്പെട്ടുവെന്നും എങ്ങനെ നേതാവായി വളർന്നുവെന്നും വ്യക്തമാക്കുന്നുണ്ട്. വിത്തോ കൊർലിയോണെയുടെ ബാല്യകാലം അവതരിപ്പിച്ച ഒറെസ്തെ ബാൽദിനി, യുവത്വം അവതരിപ്പിച്ച റോബർട്ട് ഡി നീരോ എന്നിവരും അങ്ങേയറ്റം പ്രശംസ പടിച്ചുപറ്റി. വിത്തോ കൊർലിയോണെ എന്നാ കഥാപാത്രത്തെ അവതരിപ്പിച്ച രണ്ടുപേർക്കും (റോബർട്ട് ഡി നീരോ, മാർലൻ ബ്രാന്റോ ) ഓസ്‌കാർ പുരസ്‌കാരം നൽകിയാണ് ലോകം ആദരിച്ചത്.

പക്ഷേ ബ്രാന്റോ അവിടെയും വ്യത്യസ്തനായിരുന്നു. അദ്ദേഹം ഓസ്‌ക്കാർ നിരസിച്ചുകൊണ്ട് എവരെയും ഞെട്ടിച്ചു. 73ൽ ഗോഡ്ഫാദറിന് ലഭിച്ച ഓസ്‌കാർ വാങ്ങാൻ പോവാതെ ബ്രാന്റോ, ആ വർഷത്തെ ഓസ്‌കാർ അവാർഡ് ദാനച്ചടങ്ങ് റെഡ് ഇന്ത്യക്കാരോട് ഹോളിവുഡ് പുലർത്തുന്ന വിവേചനത്തിലുള്ള തന്റെ അമർഷം പ്രകടിപ്പിക്കാനുള്ള വേദിയാക്കി മാറ്റി. അവാർഡ് വാങ്ങാനായി ബ്രാന്റോ നിയോഗിച്ച സ്ത്രീ അവാർഡ് വിതരണ വേദിയിൽ വച്ച് ഹോളിവുഡിലെ വംശവിവേചനത്തെ വിമർശിക്കുന്ന അദ്ദേഹത്തിന്റെ കത്ത് വായിച്ചു. അങ്ങനെ വർണ്ണ വിവേചനവും ലോകത്തിൽ ചർച്ചചെയ്യിക്കാൻ ബ്രാന്റോ എന്ന നിഷേധിയായ നടന് സാധിച്ചു.

2004 ജൂലൈ 2ന് തന്റെ 80ാം വയസ്സിൽ മാർലൻ ബ്രാന്റോ അന്തരിച്ചപ്പോൾ, 'ദി ഗോഡ് ഫാദർ പാസ്ഡ് എവേ' എന്നായിരുന്നു, അമേരിക്കൻ പത്രങ്ങൾ തലക്കെട്ട് ഇട്ടതും!

വാൽക്കഷ്ണം: മലയാള സിനിമകൾ എടുക്കമ്പോൾ, ലോക ക്ലാസിക്കുകൾക്ക് പാരഡിപോലെ, പേരിടുന്നതും നാം പരിശോധിക്കണം. ഗോഡ്ഫാദർ എന്ന് സേർച്ച് ചെയ്താൽ ആദ്യ വരിക നമ്മുടെ സിദ്ദീഖ്-ലാലിന്റെ മുകേഷ് ചിത്രമാണ്. ബൈസിക്കിൾ തീവ്സ് എന്ന പേരിലും സിനിമ വന്നുകഴിഞ്ഞു. ഇത് ഒരു ശരിയായ രീതിയാണെന്ന് പറയാൻ കഴിയില്ല. വേൾഡ് ക്ലാസിക്കുകളെയെങ്കിലും വിട്ടുപിടിക്കാനുള്ള ശ്രമം നാം നടത്തേണ്ടേ.

കടപ്പാട്:

ദ മെയ്ക്കിങ്ങ് ഓഫ് ഗോഡ്ഫാദർ- ഇന്ത്യാ ടുഡെ

ചരിത്രാന്വേഷികൾ, സിനിമാ പാരഡീസോ ഫേസ്‌ബുക്ക് കൂട്ടായ്മകൾ