ലോകത്തിലെ ഏറ്റവും വലിയ മാഫിയാ രാജാവ് ആരാണ് എന്നുചോദിച്ചാൽ ഒരുപാട് ക്രിമിനലുകളുടെ പേരായിരിക്കും ആരുടെയും മനസ്സിലൂടെ കടന്നുപോവുക. നമ്മുടെ ദാവൂദ് ഇബ്രാഹിം തൊട്ട് ഭൂമിക്കുള്ളിൽ തുരങ്കമുണ്ടാക്കി സമാന്തരപാതയിലൂടെ സഞ്ചരിച്ചിരുന്ന മെക്സിക്കൻ മാഫിയയിലെ പാബ്ലോ എസ്‌കോബാറും, ഇറ്റാലിയൻ മാഫിയയുടെ തലതൊട്ടപ്പനായിരുന്ന സാൽവത്തോറെ റീനെയും, ബ്രാൻഡോ അനശ്വരമാക്കിയ 'ഗോഡ്ഫാദർ' സിനിമയുടെ നായകൻ ആണെന്ന് പറയുന്ന അൽ കപ്പോണിന്റെയോ ഒക്കെ പേര് ആയിരിക്കും, ക്രിമിനോളജിസ്റ്റുകളുടെപോലും മനസ്സിൽ ഉയർന്നുവരിക. പക്ഷേ ലോക പ്രശസ്തമായ ടൈം മാഗസിൻ അന്നും ഇന്നും ഒരേ ഒരു മാഫിയാ തലവന്റെ പേരാണ് പറയുക. പട്ടിണി കാരണം ഇറ്റലിയിൽനിന്ന് അമേരിക്കയിൽ കുടിയേറി, പിന്നെ ഐക്യനാടിന്റെ പേടിസ്വപ്നമായി മാറിയ സാൽവത്തോരെ ലൂക്കാനിയ എന്ന ലക്കി ലൂസിയാനോ എന്ന മാഫിയാ തലവനാണ് അത്.

ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യ ജീവിതത്തെ നിർണ്ണായകമായി സ്വാധീനിച്ച നൂറു വ്യക്തികളെ 1999ൽ ടൈം മാഗസിൻ തിരഞ്ഞെടുക്കുമ്പോൾ, അതിലെ ഒരു പേർ ഭൂരിപക്ഷം വായനക്കാരേയും അമ്പരിപ്പിച്ചു. മഹാത്മാഗാന്ധിയും ആൽബെർട്ട് ഐൻസ്റ്റെനും, മുതൽ മുഹമ്മദ് അലിയും ബ്രൂസ്ലിയും വരെയുള്ളവർ അടങ്ങിയ ആ പട്ടികയിൽ ലക്കി ലൂസിയാനോ എന്ന പേര്, ഉൾപ്പെട്ടതെങ്ങനെ എന്നായിരുന്നു സംശയം. തങ്ങളുടെ തിരഞ്ഞെടുപ്പ് വ്യക്തമാക്കിക്കൊണ്ട് ടൈമിന്റെ എഡിറ്റർമാർ ലൂസിയാനോയെ വിശേഷിപ്പിച്ചത്, 'സംഘടിത കുറ്റകൃത്യത്തിന്റെ ആദ്യത്തെ സിഇഒ' എന്നായിരുന്നു. മാഫിയ എന്ന് ഓമനപ്പേരുള്ള അധോലോകത്തിലെ ഏറ്റവും കുപ്രശസ്തനായ നായകൻ അഥവാ 'ബോസ് ഓഫ് ദ ബോസ്സസ്'.

ലക്കി ലൂസിയാനോയെ ഇരുപതാം നൂറ്റാണ്ടിനെ രൂപപ്പെടുത്തിയ എണ്ണം പറഞ്ഞ വ്യക്തികളിൽ ഒരാളായി, അവതരിപ്പിച്ചുകൊണ്ട് നോവലിസ്റ്റും പത്രപ്രവർത്തകയുമായ എഡ്ന ബുക്കാനൻ 'ടൈമിൽ' ഇങ്ങണെ എഴുതി-''അയാൾ ഇറ്റലിയിൽ ജനിക്കുകയും മരിക്കുകയും ചെയ്തു. എന്നാൽ സാൽവത്തോറെ ലുക്കാനിയ എന്ന് പേരുള്ള വൃത്തികെട്ട തെരുവ് ചട്ടമ്പിക്ക് അമേരിക്കയ്ക്ക് മേൽ ഉണ്ടായിരുന്ന, സ്വാധീനശക്തി ബ്രോഡ് വേയിലെ ആലക്തിക ദീപങ്ങൾ മുതൽ, നീതി നിർവഹണത്തിന്റെ സമസ്ത തലങ്ങൾ വരെയും, ലോക സമ്പദ്ഘടനമുതൽ ദേശീയ രാഷ്ട്രീയംവരെയുമായിരുന്നു. ആദ്യം അയാൾ ചാൾസ് ( ലക്കി) ലൂസിയാനോ ആയി സ്വയം പുതുക്കിപ്പണിതു. പിന്നെ അയാൾ മാഫിയയയെും പുതുക്കിപ്പണിതു''.

മാഫിയകൾക്കായി സമ്മേളനങ്ങൾ

വെറുമൊരു കവലച്ചട്ടമ്പിയിൽ നിന്ന് കുറ്റകൃത്യങ്ങളുടെ ലോകത്തെ സിഇഒ ആയി ഉയർന്നുവെന്നതാണ് ക്രിമിനോളജിസ്റ്റുകൾ ലക്കിയിൽ കാണുന്ന പ്രത്യേകത. ഇറ്റാലിയൻ വേരുകളുള്ള മാഫിയക്ക് ഒരു കോർപ്പറേറ്റ് വ്യവസായ സാമ്രാജ്യത്തിന്റെ അർഥവും മാനവും നൽകിയ, ലൂസിയാനോയുടെ കൈകളിൽ കഴുകിയാലും കഴുകിയാലും തീരാത്ത അത്ര ചോരക്കറ ഉണ്ടായിരുന്നു. ചിതറിത്തെറിച്ച് കിടക്കുന്ന കുറ്റവാളികളെയെല്ലാം ഒരുമിപ്പിച്ച് യോഗം വിളിച്ച് തീരുമാനങ്ങൾ എടുപ്പിക്കാനും, പരസ്പരം പോരടിക്കാതെ കാര്യങ്ങൾ നടത്താനുമുള്ള ബുദ്ധി അയാളുടെത് ആയിരുന്നു. അതിനായി അവർ കോടികൾ ചെലവിട്ട് മാഫിയാ സമ്മേളനങ്ങൾ നടത്തി. നോക്കണം, രാഷ്ട്രീയ പാർട്ടികളുടെയും, ഉദ്യോഗസ്ഥരുടെയുമൊക്കെ സമ്മേളനം പോലെ ക്രിമിനലുകളും സമ്മേളിക്കുന്നു. അവിടെ ചർച്ച ചെയ്ത കൂട്ടായി തീരുമാനങ്ങൾ എടുക്കുന്നു. മാഫിയാ കുടുംബങ്ങൾക്ക് കപ്പം നൽകുന്നു. ആരെ കൊല്ലാണം എന്ന് തീരുമാനിക്കുന്നു. മാത്രമല്ല ഒരു കമ്പനിക്ക് സമാനമായി ക്രിമിനലുകൾ പ്രവർത്തിക്കുന്നു. കൃത്യമായ പ്രൊഫഷണൽ ചട്ടക്കൂടിൽ. ആയുധങ്ങളും പരിശീലനും പ്ലാനിങ്ങുമായി കുറ്റവാളികളെ ആധുനികവത്ക്കരിച്ചതും ഇതേ ലക്കി ലൂസിയാനോ ആയിരുന്നു. അതായത് ലൂസിയാനോ ജനിച്ചില്ലായിരുന്നെങ്കിൽ ഈ ലോകത്തിലെ മാഫിയാ പ്രവർത്തനം ഇത്ര സംഘടിതം ആവില്ലെന്ന് ഉറപ്പാണ്.



ലക്കി ലൂസിയാനോയുടെ കഥ അയാളുടെത് മാത്രമല്ല. അമേരിക്കൻ മാഫിയയുടെയും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യു.എസിലേക്കുണ്ടായ ഇറ്റാലിയൻ കുടിയേറ്റത്തിന്റെയും അമേരിക്കൻ മദ്യ നിരോധനത്തിന്റെയും 1930കളിൽ ഉണ്ടായ ഗ്രേറ്റ് ഡിപ്രഷൻ എന്ന ലോക സാമ്പത്തിക മാന്ദ്യത്തിന്റെയും ഒപ്പം വമ്പൻ മാഫിയാ കുടുംബങ്ങളുടെയും അവയിലെ അതിമാനുഷിപരിവേഷമുള്ള കുറ്റനായകരുടെയുമൊക്ക കഥയാണ്.

ദരിദ്ര ബാല്യം; പത്താം വയസ്സിൽ ജയിലിൽ

സുരേഷ് ഗോപി ഒരു സിനിമയിൽ പറയുന്നപോലെ ഏത് അധോലോക നായകനും കാണും പൊതിക്കഞ്ചാവ് വിറ്റുനടന്നിരുന്ന ഒരു ബാല്യം. നമ്മുടെ ലൂസിയാനോക്കും അതുണ്ട്. ഇറ്റലിലെ മാഫിയകളുടെ തലസ്ഥാനമായ സിസിലിയിലെ ഗന്ധകഖനി മേഖയിൽ പെട്ട ചെറുഗ്രാമമായ ലെക്കാർദിയ ഫ്രിദിയിലെ ഒരു പാവപ്പെട്ട തൊഴിലാളി ആയിരുന്നു, അന്തോണിയോ ലൂക്കാനിയ. ഭാര്യ റോസാലിയയെയും അഞ്ചു മക്കളെയും പോറ്റാൻ കൂഴങ്ങിയ അന്തോണിയോ 1906ൽ കുടുംബ സമേതം, അമേരിക്കയിൽ കുടിയേറി. അന്തോണിയോയുടെ മക്കളിൽ - മൂന്ന് ആണും രണ്ടു പെണ്ണും- രണ്ടാമത്തേതായിരുന്നു സാൽവത്തോരെ ലൂക്കാനിയ. 1897 നവംബർ 24നാണ്, അനാരോഗ്യം ഒഴികെ മറ്റൊരു സവിശേഷതയും ഇല്ലാതെ അവൻ ജനിച്ചത്. 1906 നവംബറിൽ ന്യൂയോർക്കിലെ എല്ലിസ് ഐലെൻഡിൽ കപ്പൽ ഇറങ്ങിയപ്പോൾ തന്നെ സാൽവത്തോറേക്ക് വസൂരി പിടിപെട്ടു. അതിന്റെ കലകൾ മരണംവരെയും അവന്റെ മുഖത്ത് ശേഷിച്ചു. ( മുഖത്ത് വസൂരിക്കലകളുള്ള വില്ലൻ കൗബോയ് ചിത്രങ്ങളിലും വന്നത് ഈ സ്വാധീനം കൊണ്ട് ആവണം.)

അന്തോണിയോയും ഭാര്യയും കഠിനമായി അധ്വാനിച്ചിട്ടും കൂട്ടികളുടെ വയർ നിറക്കാൻ കഴിഞ്ഞിരുന്നില്ല. ചേരിപ്രദേശത്ത് എല്ലാതരം തിന്മകൾക്കും ഇടക്ക് വളരാൻ തുടങ്ങിയ സാൽവത്തോരെ, ഒരു കടയിൽനിന്ന് സാധനം മോഷ്ടിച്ചതിന് 10ാം വയസ്സിൽ തന്നെ അറസ്റ്റിലായി. 1907 ആയിരുന്നു കാലം. ആ വർഷം തന്നെ അവൻ സ്വന്തം ഗ്യാങ്് തുടങ്ങുകയും ചെയ്തു. സ്‌കൂളിൽ പോകുന്ന അയൽപ്പക്കക്കാരായ യഹൂദകുട്ടികൾക്ക് സംരക്ഷണം കൊടുക്കാൻ ചില്ലറ വാങ്ങിയായിരുന്നു തുടക്കം. പണം കൊടുക്കാത്തവരെ അവൻ ഇടിക്കും. അതിന് വഴങ്ങാത്ത ഒരു കുട്ടിയുണ്ടായിരുന്നു. സാൽവത്തോരെയെക്കാൾ രണ്ട് വയസ്സ് ഇളപ്പമായ ആ കുട്ടിയുടെ പേര് മെയർ ലാൻസ്‌ക്കി. പോളണ്ടിൽനിന്ന് കൂടിയേറിയതായിരുന്നു അവന്റെ കുടുംബം. ഇടിച്ചാൽ തിരിച്ചടിക്കുന്ന ലാൻസ്‌ക്കിയും ലൂക്കാനിയയും പെട്ടെന്ന് കൂട്ടുകാർ ആയി. പിന്നീട് മാഫിയയുടെ ചരിത്രം മാറ്റി മറിച്ച കൂട്ടുകെട്ടിന്റെ തുടക്കം ആയിരുന്നു അത്. വളരെ വർഷങ്ങൾക്കുശേഷം ലക്കി ലൂസിയാനോ ആയി മാറിയ ലൂക്കാനിയ, ഇറ്റലിയിലേക്ക് നാടുകടത്തപ്പെടുന്നത് വരെയും ആ ബന്ധം തുടർന്നു. കുറ്റകൃത്യത്തിൽ ഏകോദര സഹോദരങ്ങൾ ആയിരുന്നു അവർ.

ഭാഗ്യ നക്ഷത്രമായി മദ്യനിരോധനം

ലൂക്കാനിയ എന്ന പേര് അമേരിക്കൻ നാവിന് രുചിക്കുന്നത് ആയിരുന്നില്ല. അതിനാൽ അവൻ അത് ലൂസിയാനോ എന്ന് പരിഷ്‌ക്കരിച്ചു. 'വെളിച്ചം' എന്ന് അർഥം. പക്ഷേ ഇരുട്ട് വിതറാൻ ആയിരുന്നു ലൂസിയാനോയുടെ നിയോഗം. ഹെറോയിനും മോർഫിനും വിറ്റതിന് 18ാം വയസ്സിൽ പിടിയിലായ ലൂസിയാനോ, ആറുമാസം ദുർഗുണ പരിഹാരശാലയിൽ കിടന്നു. പുറത്തുവന്നശേഷവും മയക്കുമരുന്ന് വ്യാപാരം തുടർന്ന അവൻ 1916 ആയപ്പോഴേക്കും, കുപ്രസിദ്ധമായ ഫൈവ് പോയിൻസ് ഗ്യാങ്ങിൽ അംഗമായി. ദിവസം ചെല്ലുന്തോറും ലൂസിയാനോയുടെ അധോലോക ബന്ധങ്ങൾ വളർന്നു.

അപ്പോഴാണ് ഭാഗ്യ നക്ഷത്രമായി മദ്യനിരോധനം വന്നത്. അപ്പോഴേക്കും കള്ളക്കടത്ത് സംഘങ്ങളുടെ സാരഥിയായി മാറിയ, ലൂസിയോനോക്ക് പുതിയ സുഹൃത്തുക്കൾ ഉണ്ടായി. ബഞ്ചമിൻ ബഗ്സി സീഗൽ, ജോ അഡോണിസ്, വിത്തോ ജനോവേസെ, ഫ്രാങ്ക് കോസ്റ്റലോ, ഡച്ച് ഷുൾട്സ്, ആർനോൾഡ് റോത്ത്സ്റ്റെൻ- പിന്നീട് അധോലോകത്തിലെ തമോ നക്ഷത്രങ്ങളായി തീർന്ന ഗ്യാങ്്സ്റ്റർമാർ. പൊലീസുകാരെയും ഉദ്യോഗസഥരെയും എങ്ങനെ വിലയ്ക്ക് വാങ്ങാമെന്ന് കോസ്്റ്റലോയിൽനിന്നാണ് ലൂസിയാനോ പഠിച്ചത്. ലാൻസ്‌കി ആയിരുന്നു ഏത് കാര്യത്തിലെയും ബുദ്ധി കേന്ദ്രം. ലൂസിയാനോ അമേരിക്കൻ മാഫിയയുടെ എതിരില്ലാത്ത ബോസ് ആയപ്പോഴും, ലാൻസ്‌ക്കിയാണ് തലച്ചോറായി പ്രവർത്തിച്ചത്. രാജാവാകൻ ആയിരുന്നില്ല രാജാവിനെ സൃഷ്ടിക്കാൻ ആയിരുന്നു ലാൻസ്‌ക്കിക്ക് താൽപ്പര്യം. തിരശ്ശീലക്ക് പിന്നിലിരുന്ന് അയാൾ തയ്യാറാക്കിയ തിരനാടകം, ആടുകയാണ് പലപ്പോഴും ലൂസിയാനോ ചെയ്തിരുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭ വർഷങ്ങളിൽ മസേറിയ, സാൽവത്തോറെ മരൻസാനോ, എന്നിവർ ആയിരുന്നു ന്യുയോർക്ക് മാഫിയയിലെ രണ്ട് ഗോഡ്ഫാദർമാർ. മസേറിയയുടെ സംഘത്തിലാണ് ലൂസിയാനോ എത്തിയത്. പഴയ മട്ടിയുള്ള ഗോഡ്ഫാദർ ആയ മസേറിയ, സിസിലിയിലെ മർസാലയിൽനിന്നാണ് ഒരു കൊലക്കേസിൽ നിന്ന് രക്ഷപ്പെടാൻ 1903ൽ യു.എസിൽ കുടിയേറിയതാണ്. സിസിലിക്കാർ ആല്ലാത്തവരുമായി ഇടപാടുകൾ നടത്താത്ത മസേറിയുടെ രീതിയോട് യോജിപ്പില്ലായിരുന്നെങ്കിലും, അയാളുടെ വ്യാപാര സാമ്രാജ്യം വലുതാക്കാൻ ലൂസിയാനോ സഹായിച്ചു. ഉറ്റ സഹായി ആണെങ്കിലും ലൂസിയാനോ ഭാവിയിൽ ഭീഷണിയാവുമെന്ന് ബോധ്യപ്പെട്ട മസേറിയ, അവരെ ഒഴിവാക്കാൻ തീരുമാനിച്ചു. അയാളുടെ വിധി നിശ്ചയിച്ച മണ്ടൻ തീരുമാനം ആയിരുന്നു അത്.

രക്തം ഒഴുകിയ ഒന്നാം മാഫിയാ യുദ്ധം

ഒരു ദിവസം മസേറിയയുടെ ഗുണ്ടകൾ ലൂസിയാനോയെ തട്ടിക്കൊണ്ടുപോയി മർദിച്ച് പരിക്കേൽപ്പിച്ച് മരിച്ചുകാണുമെന്ന വിശ്വാസത്താൽ, കടലോരത്ത് ഉപേക്ഷിച്ചു. ഭാഗ്യവാനായിരുന്ന ലൂസിയാനോ രക്ഷപ്പെട്ടു. പൊലീസ് അയാളെ ആശുപത്രിയിൽ എത്തിച്ചു. കവിളിൽ കത്തികൊണ്ടുള്ള വലിയൊരു കീറലുമായ ജീവിതത്തിലേക്ക് തിരിച്ചുവന്ന ലൂസിയാനോ തനിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ മസേറിയയാണെന്ന് മനസ്സിലാക്കുകയും ചെയ്തു. ബാല്യകാല കൂട്ടുകാരനും സംഘത്തിന്റെ ബുദ്ധികേന്ദ്രവുമായ മെയർ ലാൻസ്‌ക്കിയാണ് അത് കണ്ടെത്തിയത്. പക വീട്ടാൻ തക്കം പാർത്ത് കഴിഞ്ഞിരുന്ന ലൂസിയാനോ, മസേറിയയെ ചതിച്ചുകൊല്ലാൻ, മരൻസാനോയുമായി കരാറിൽ എത്തി. അങ്ങനെ ആരംഭിച്ചു, കുപ്രസിദ്ധമായ കാസ്റ്റലാമെറേസെ യുദ്ധം. അതിനെ ഒന്നാം മാഫിയാ യുദ്ധം എന്നും പലരും പറയുന്നുണ്ട്.

മേൽക്കോയ്മക്ക് വേണ്ടിയുള്ള ആ തെരുവ് യുദ്ധത്തിൽ ആദ്യം വെടിപൊട്ടിച്ചത മസേറിയ ആയിരുന്നു. ഇരുസംഘങ്ങളും അങ്ങോട്ടും ഇങ്ങോട്ടും കൊന്നു. ഒട്ടേറെ മാഫിയ നേതാക്കളുടെ ശവങ്ങൾ തെരുവിൽ വീണു. പല കുടുംബങ്ങളും ആ പ്രതികാര നാടകത്തിൽ തങ്ങളുടെ പങ്ക് നിറവേറ്റി. യുദ്ധം മൂർഛിക്കുന്നതിനിടെ ലക്കി ലൂസിയാനോയും വിത്തോ ജനോവേസയും, മരൻസാനോയുമായി രഹസ്യബന്ധം സ്ഥാപിച്ചു. മസേറിയയെ ഒറ്റുക ആയിരുന്നു ലക്ഷ്യം. 1931 ഏപ്രിൽ 15ന് ബ്രൂക്ക്ലിനിലെ കോണി ഐലൻഡിലുള്ള ഒരു റെസ്റ്റോറന്റിൽ ചീട്ടുകളിക്കയായിരുന്ന മസേറിയയെ ഒരു സംഘം തോക്കുധാരികൾ വെടിവെച്ചു കൊന്നു. വിത്തോ ജനോവേസ അടക്കമുള്ളവർ ആയിരുന്നു കൊലയാളികൾ. മസേറിയക്കൊപ്പം ചീട്ട് കളിച്ചുകൊണ്ടിരുന്നത് ലൂസിയാനോ ആയിരുന്നുവെന്ന് പറയപ്പെടുന്നു.

സമയം നോക്കി ലൂസിയാനോ ബാത്ത് റൂമിലേക്ക് പോയപ്പോഴാണ് കൊലയാളികൾ ഉള്ളിൽ കടന്നതും നിറയൊഴിച്ചതും. മോതിരങ്ങൾ അണിഞ്ഞ കൈയിൽ തന്റെ മരണ കാർഡായ, ഇസ്പേഡ് ആസുമായി മസേറിയ മരിച്ചുവെന്നാണ് അന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ലൂസിയാനോയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മസേറിയയുടെ മരണത്തോടെ മാഫിയാ യുദ്ധം അവസാനിച്ചു. മരൻസാനോ ന്യൂയോർക്ക് മാഫിയയുടെ എതിരില്ലാത്ത നേതാവായി. എന്നാൽ ലക്കി ലൂസിയാനോ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂവെന്ന് ആരും മനസ്സിലാക്കിയില്ല.

മരൻസാനോയുടെ തലതൊട്ടപ്പൻ സ്ഥാനത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. തനിക്ക് തൊട്ടുതാഴെ ലൂസിയാനോയെ പ്രതിഷ്ഠിച്ചുവെങ്കിലും അയാളിൽ മരൻസാനോക്ക് വിശ്വാസം ഇല്ലായിരുന്നു. മരൻസാനോയെ താഴെ ഇറക്കി മാഫിയയുടെ നിയന്ത്രണം പിടിച്ചെടുക്കാൻ, ലൂസിയാനോയും അവസരം പാർത്തിരുന്നു. അതേപറ്റി മരൻസാനോ അറിയുകയും ചെയ്തു. ലൂസിയാനോയെയും, ഷിക്കാഗോ ഔട്ട് ഫിറ്റ് എന്ന മാഫിയയെയും നിയന്ത്രിച്ചിരുന്ന അൽ കപ്പോണിനെയും, ഉന്മൂലനം ചെയ്യാൻ മരൻസാനോ പദ്ധതി തയ്യാറാക്കി. സൂത്രശാലിയായ മെയർ ലാൻസ്‌ക്കി വഴികാര്യങ്ങൾ മനസ്സിലാക്കിയ ലൂസിയാനോ പിന്നെ കാത്തിരുന്നില്ല.

ലൂസിയാനോയെ കൊല്ലാൻ വേണ്ടി 1931 സെപ്റ്റമ്പർ 10ന് മരൻസാനോ അയാളെയും വിത്തോജനോ വേസയേയും തന്റെ ഓഫീസിലേക്ക് ക്ഷണിച്ചുവരുത്തി. ഐറിഷ് വംശജനായ ''മാഡ് ഡോഗ്' കോൾ എന്ന കൊലയാളിയെയും മരൻസാനോ തയ്യാറാക്കി നിർത്തിയിരുന്നു. ലൂസിയാനോയെും ജെനോവോസെയും, മടങ്ങിപ്പോവുമ്പോൾ കൊല നടത്താനായിരുന്നു പദ്ധതി. പക്ഷേ മാഡ് ഡോഗ് കോൾ, വന്നെത്തും മുമ്പ് ലാൻസ്‌ക്കി അയച്ച കൊലയാളികൾ മരൻസാനോയുടെ ഓഫീസിലേക്ക് ഇടിച്ച് കയറി അയാളെ വെടിവെച്ചും കുത്തിയും കൊന്നു. ഗവൺമെന്റ് ഏജന്റുമാർ ആണെന്ന് നടിച്ചാണ് കൊലയാളികൾ അവിടേക്കുള്ള പ്രവേശനം എളുപ്പമാക്കിയത്. മരൻസാനോയുടെ മരണം ലക്കി ലൂസിയാനോയെ ഏറ്റവും മുകളിൽ പ്രതിഷ്ഠിച്ചു. അതോടെ മാഫിയയിൽ ആധുനികത പ്രവേശിച്ചു. മീശ കേശവന്മാർ ( ാൗേെമരവല ുലലേ) അറിയപ്പെട്ടിരുന്ന, കാരണവന്മാരുടെ സ്ഥാനത്ത്, അടിപൊളി വേഷമണിഞ്ഞ് ഫാഷനബിൾ ആയ ഗോഡ് ഫാദർമാർ ഉയർന്ന് വരികയായി. കോടിക്കണക്കിന് ഡോളർ ഒഴുകിയ വമ്പൻ അധോതല വ്യാപാര ശൃഖലകൾ രൂപപ്പെടുകയായി.

പഞ്ചനക്ഷത്ര വ്യഭിചാര ശൃംഖലകളുടെ പിതാവ്

മുപ്പതുകളിൽ ലോകത്തെ ആകെ പിടിച്ചുകുലുക്കിയ ഗ്രേറ്റ് ഡിപ്രഷനും ഫലത്തിൽ ലൂസിയാനോയെ തുണച്ചു. ഓഹരി വിപണിയൊക്കെ തകർന്ന് പതിനായിരങ്ങൾ പാപ്പരായകാലത്ത് കുറഞ്ഞ വിലക്ക് ജോലിചെയ്യാനുള്ള ആളുകളെ അധാലോകത്തിന് കിട്ടി. ലോകത്തിന്റെ ദാരിദ്രത്തെ മാഫിയകൾ ശരിക്കും മുതലെടുത്തു. അമേരിക്കയിലെമ്പാടും പഞ്ചനക്ഷത്ര വ്യഭിചാരശാലകളും ചൂതാട്ട കേന്ദ്രങ്ങളും സ്ഥാപിക്കുന്ന തിരക്കിൽ ആയിരുന്നു ലൂസിയാനോയും കൂട്ടാളി മെയർ ലാൻസ്‌കിയും. എന്തും ഹൈട്ടക്കായും പ്രൊഫഷണൽ ആയും ചെയ്യുക എന്ന ലക്കി ലൂസിയാനോയുടെ രീതി വ്യഭിചാര ശാലകളിലും ചൂതാട്ട കേന്ദ്രങ്ങളിലുമൊക്കെ പ്രകടമായിരുന്നു. ഒട്ടും വൃത്തിയില്ലാത്തതും സ്വകാര്യത അത്ര ഉറപ്പിക്കാൻ പറ്റാത്തതുമായ വേശ്യാലയങ്ങളെയൊക്കെ ആ മഹത്തായ ക്രിമിനിൽ ബുദ്ധി നവീകരിച്ചു. അതുകൊണ്ടുതന്നെ പഞ്ചനക്ഷത്ര വ്യഭിചാര ശൃംഖലകളുടെ പിതാവ് എന്നാണ് അയാൾ എതിരാളികളാൽ പരിഹസിക്കപ്പെട്ടത്.

ഗ്രേറ്റ് ഡിപ്രഷൻ കാലത്ത് ലോകമെമ്പാടുമുള്ള സുന്ദരികൾ, ലക്കിയുടെ വ്യഭിചാര ശൃംഖലകളിലേക്ക് ഒഴുകിയെത്തി. പലിശ, മയക്കുമരുന്ന്, മദ്യക്കടത്ത്, സംരക്ഷണപ്പണം, ചൂതാട്ടം, വാതുവെപ്പ്, പെൺവാണിഭം, മനുഷ്യക്കടത്ത് തുടങ്ങിയ പുതിയ പുതിയ മേഖലകൾ കണ്ടെത്തി ലക്കി ലൂസിയാനോ തന്റെ ബിസിനസ് വിപുലൂകരിച്ചു.

ഇതോടെ ലൂസിയാനോക്ക് എവിടെയും താരപദവിയുമായി. കുതിരപ്പന്തയം ആയിരുന്നു ഇയാളുടെ ഇഷ്ടവിനോദം. കോടികൾ പൊടിയുന്ന ഈ മത്സരത്തിലും ഭാഗ്യം അയാളെ തുണച്ചു. ലക്കി എന്ന ഓമനപ്പേര് വീണത് അങ്ങനെയാണ്. നിരവധി ആക്രമണങ്ങളിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതോടെ ആ പേര് ഉറച്ചു. ഹോളിവുഡ്ഡിലെ നടന്മാർ അയാളെ സന്ദർശിച്ച് ഫോട്ടോ എടുത്തു. ലൂസിയാനോ ഹവാനയിൽ ആയിരുന്നപ്പോൾ പ്രശസ്തനായ അമേരിക്കൻ ഗായാൻ ഫ്രാങ്ക് സിനാട്ര സന്ദർശിക്കാറുള്ള കാര്യം അമേരിക്കൻ പത്രങ്ങൾ എഴുതിയിട്ടുണ്ട്. സിനാട്രയെ അമേരിക്കയുടെ യേശുദാസ് എന്ന് വേണമെങ്കിൽ പറയാം. 11 ഗ്രാമി അവാർഡും ഓസ്‌ക്കാർ അവാർഡുമൊക്കെ നേടിയ സിനാട്രാ ലൂസിയാനോക്ക് വേണ്ടി പാടുമായിരുന്നു. ഈ ബന്ധമാണ് പിന്നീട് ഫ്രാൻസിസ് ഫോർഡ് കപ്പേള ഗോഡ്ഫാദർ എന്ന വിഖ്യാത ചിത്രം എടുത്തപ്പോൾ അതിലെ പാട്ടുകാരൻ എന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

ഹോളിവുഡ് സുന്ദരികൾ അയാൾക്കൊപ്പം കിടപ്പറ പങ്കിടാൻ കാത്തുനിന്നുവെന്നാണ് അക്കാലത്തെ ടാബ്ലോയിഡുകൾ എഴുതിയത്. അമേരിക്കൻ- ബ്രിട്ടീഷ് ടാബ്ലോയിഡുകളിൽ അതൊക്കെ വലിയ വാർത്തയായി.പക്ഷേ ചില നിഷ്ടകൾ അദ്ദേഹത്തിന് ജീവിത്തിൽ ഉണ്ടായിരുന്നു. സൂപ്പർ മാർക്കറ്റുകൾ പോലെ അമേരിക്കയിലെമ്പാടും വേശ്യാലയങ്ങൾ സ്ഥാപിച്ചിട്ടും അവയിലെ ഒരു യുവതിയെപ്പോലും അയാൾ ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് ജീവചരിത്രകാരന്മാർ പറയുന്നു. ഹോൽുഡ് നടിമാർപോലും വിരൽത്തുമ്പിൽ ഉണ്ടായിരുന്നപ്പോൾ അതിന്റെ ആവശ്യവും ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. നിരവധി പങ്കാളികൾ ഉണ്ടായിരുന്നിട്ടും ലൂസിയാനോ ഒരു ബന്ധത്തിൽ പെട്ടത് തന്റെ ജീവിതത്തിന്റെ അവസാന കാലത്താണ്. പക്ഷേ അദ്ദേഹത്തിന്റെ മരണശേഷം പലരും മക്കളാണെന്ന് അവകാശപ്പെട്ട് രംഗത്ത് എത്തിയിട്ടുമുണ്ട്.

അഴിക്കുള്ളിലായത് കൂട്ടിക്കൊടുപ്പിന് മാത്രം

'ആണൊരുത്തൻ നെഞ്ച്വിരഞ്ഞ് വട്ടം വരച്ചാൽ ഏത് അധോലോക നായകനും വീഴുമെന്ന' മമ്മൂട്ടി ഡയലോഗ് അന്വർഥമായത് നമ്മുടെ കഥാനായകന്റെ കാര്യത്തിലാണ്. ന്യൂയോർക്ക് സിറ്റി,സ്പെഷ്യൽ പ്രോസിക്യൂട്ടർ തോമസ് ഇ ഡ്യൂയി എന്ന പുലിയായിരുന്നു ലൂസിയാനോയെ പൂട്ടിയത്. ലൂസിയാനോയെ പിടികൂടാൻ ജീവിതം ഉഴിഞ്ഞുവെച്ച് വ്യക്തിയായിരുന്നു ലൂയി. അതിനായി അദ്ദേഹം കൃത്യമായ പഠനങ്ങൾ നടത്തി. ലൂസിയാനോ നേതൃത്വമേറ്റെടുത്തത് മുതൽ, ആ ദുഷ്ടവ്യവസായം അങ്ങേയറ്റം സംഘടിതവും ബിസിനസ്സിലേതുപോലെ സൂക്ഷ്മവുമായെന്ന്, അദ്ദേഹം നിരീക്ഷിച്ചു.



അന്ന് ബാർബർ ഷാപ്പുകൾ തുടങ്ങുന്ന ലാഘത്തോടെ ലൂസിയാനോ ന്യൂയോർക്കിൽ നിരവധി വേശ്യാലയങ്ങൾ തുടങ്ങിയിരുന്നു. എല്ലാം പരസ്യമായ രഹസ്യമാണ്. ജീവനിൽ കൊതിയുള്ളതുകൊണ്ട് ആരും ഒരുകാര്യവും പുറത്ത് പറഞ്ഞിട്ടില്ല. പക്ഷേ ഡ്യൂയുടെ രീതി മറ്റൊന്നായിരുന്നു. ന്യൂയോർക്കിലെ ലൂസിയാനോയുടെ 68 വേശ്യാലയങ്ങളിൽ ഒരേ സമയം റെയഡ് നടത്തി. മയക്കുമരുന്ന് വ്യാപാരവും, കൊലയും അടക്കം നിരവധി കുറ്റങ്ങൾ നടത്തിയിട്ടും ലൂസിയാനോക്ക് എതിരെ തെളിവുകൾ ഉണ്ടായിരുന്നില്ല. എന്നാൽ പിമ്പിങ്ങ് അഥവാ കൂട്ടിക്കൊടുപ്പിനാണ് അവസാനം ഈ ഭീകരൻ അറസ്റ്റിലായത്. ഡ്യൂയി അറസ്റ്റ് ചെയത് യുവതികളിൽ മൂന്നുപേർ ലൂസിയാനോയാണ് തങ്ങളുടെ മുതലാളിയെന്ന് മൊഴി നൽകി. ലൂസിയാനോ താമസിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാർ സാക്ഷികളായി. ഗ്യാങ്ങ്സ്റ്റർമാരായ സുഹൃത്തുക്കൾ ലൂസിയാനോയെ കാണാൻ വരാറുണ്ടെന്ന് അവർ സാക്ഷ്യപ്പെടുത്തി. അങ്ങനെ ലൂസിയാനോ അറസറ്റ്ചെയ്യപ്പെട്ടു. നിരവധി മനുഷ്യനെ കാലപുരിക്ക് അയച്ച് ഒരു തെളിവുമില്ലാതെ ജീവിച്ച ആ അധോലാക നായകൻ ഒടുവിൽ കൂട്ടിക്കൊടുപ്പ് കേസിൽ അകത്തായി. 1936ൽ അമ്പതുവർഷംവരെ തടവിന് ശിക്ഷക്കെപ്പടുമ്പോൾ ആ നരാധമന് പ്രായം വെറും 38 വയസ്സായിരുന്നു!

അന്ന് ജീവിതകാലം മുഴവൻ ലൂസിയാനോ തടവിൽ കിടക്കുമെന്നാണ് എല്ലാവരു കുരുതിയത്. താൻ തന്നെ തടവിന് ശിക്ഷിച്ച് ജയിലിലടച്ച ലൂസിയാനോയെ മോചിപ്പിക്കുന്നതിൽ ഒപ്പിടേണ്ടി വന്ന വിധിയും അപ്പോഴേക്കും സ്റ്റേറ്റ് ഗവർണ്ണറായി മാറിക്കഴിഞ്ഞ ഡ്യൂയിക്കായിരുന്നു. വിലങ്ങണിയിച്ച പൊലീസുകാർ തന്നെ ആദരവും അടക്കിപ്പിടിച്ച ഭയവുമായി ലൂസിയാനോയെ ഇറ്റലിയിലേക്ക് കപ്പൽ കയറ്റി. ലൂസിയാനോ ജീവിതകാലം മുഴുവൻ ലക്കിയായിരുന്നു.

ഭാഗ്യം വന്നത് രണ്ടാം ലോക മഹായുദ്ധത്തിന്റെ രൂപത്തിൽ

അധോലോക നായകർ ജയിലിലായാലും അവർ തന്നെയായിരിക്കും അധോലോകത്തെ നയിക്കുക എന്ന രീതിയുണ്ട്്. ഇവിടെയും അതുതന്നെ സംഭവിച്ചു. ജയിലിൽ കിടന്നും ലൂസിയാനോ തന്റെ മാഫിയാ സാമ്രാജ്യത്തെ നയിച്ചു.

ലൂസിയാനോയുടെ ജയിൽവാസം ഏതാനും വർഷം പിന്നിടവേയാണ് രണ്ടാം ലോക മഹായുദ്ധം എത്തിയത്. മുസോളിനിയുടെ ഇറ്റലിയും, ഹിറ്റ്ലറുടെ ജർമ്മനിയും ചേർന്ന് സഖ്യകക്ഷികളെ വിറപ്പിക്കുന്ന സമയം. എങ്ങനെയും യുദ്ധം ജയിക്കുക എന്നത് മാത്രമായി അപ്പോൾ അമേരിക്കൻ ഭരണകൂടത്തിന്റെ ചിന്ത. അപ്പോഴാണ് ഇറ്റലിയിൽ വ്യാപകമായ ബന്ധങ്ങൾ ഉള്ള ലക്കി ലൂസിയാനോക്ക് അമേരിക്കയെ സഹായിക്കാൻ കഴിയുമെന്ന ചിന്ത അധികൃതരിൽ എത്തിയത്. ഇറ്റലിയിൽ ആക്രമണം നടത്താൻ തന്റെ മാഫിയാ ബന്ധങ്ങൾ വഴി ലൂസിയാനോ അമേരിക്കയെ സഹായിക്കണമെന്നായിരുന്നു കരാർ. തെരുവിൽ അടിപിടിയുണ്ടാക്കിക്കൊണ്ടിരുന്ന കാലം തൊട്ട് ലൂസിയാനോയുടെ വലം കൈയായിരുന്നു മെയർ ലാൻസ്‌ക്കിയുടെ ബുദ്ധിയായിരുന്നു ഇതിന് പിന്നിലും. ലാൻസ്‌ക്കി തന്നെയാണ് ഈ പ്ലാൻ അമേരിക്കൻ ഇന്റലിജൻസിന് മുന്നിൽ വെച്ചതും.

അതിനുപകരം ലൂസിയാനോ ആവശ്യപ്പെട്ടത് തനിക്ക് ഇറ്റലിയിലെ മാഫിയാ തലസ്ഥാനമായ സിസിലിയിലേക്ക് കടക്കാനുള്ള അനുവാദമായിരിരുന്നു. ലാൻസ്‌ക്കിയുടെ ആശയം അമേരിക്കൻ ഇന്റലിജൻസ് അംഗീകരിച്ചതോടെ ലൂസിയാനയോയുടെ നല്ലകാലം തുടങ്ങി. പിന്നെ തടവറയും അയാൾക്ക് ഒരു ഉല്ലാസ കേന്ദ്രമായി മാറി. ജയിലിൽ അയാൾക്ക് മദ്യവും നല്ല ഭക്ഷണവും ലഭിച്ചു. എന്തിന് സ്ത്രീകളെപ്പോലും അകത്തുകൊണ്ടുപോകാൻ അനുമതി ലഭിച്ചുവെന്നാണ് ലൂസിയാനോയുടെ ജീവിചരിത്രകാരന്മാർ പറയുന്നത്. ഇതിന് പ്രതിഫലമെന്നോണം ഇറ്റലിയിലേക്കുള്ള അമേരിക്കൻ സൈന്യത്തിന്റെ പ്രവർത്തനവും ചാരപ്പണികളും ലൂസിയാനോ സംഘം സുഗമമാക്കി. സിസിലിയൻ മാഫിയയുടെ തലതൊട്ടപ്പന്മാരായ വിസീനിയും, വിറ്റോ ജെനോസോവെയും അമേരിക്കൻ പട്ടാളത്തെ ആവോളം സഹായിച്ചു. അതിന്റെ മറവിൽ കള്ളക്കടത്ത് നടത്തി ഇവർ കോടികൾ കൊയ്തത് വേറെ കാര്യം.

യുദ്ധസഹായത്തിന് യു.എസ് ലൂസിയാനോക്ക് പ്രതിഫലവും നൽകി. 1946ൽ ശിക്ഷാകാലാവധി വെട്ടിക്കുറിച്ചുകൊണ്ട് അയാളെ ഇറ്റലിയിലേക്ക് നാടുകടത്താനുള്ള ഉത്തരവിൽ ഒപ്പിട്ടതും അയാളെ പിടികൂടിയ ഡ്യൂയി തന്നെയായിരുന്നു. അന്ന് അദ്ദേഹം ന്യൂയോർക്ക് ഗവർണ്ണർ അയിരുന്നു. അമേരിക്കയോട് വിട പറഞ്ഞ് ഇറ്റലിയിലേക്ക് പോകുന്ന ലക്കിയെ കാണാൻ നൂറുകണക്കിന് ആളുകളാണ് കപ്പൽ പരിസരത്ത് തടിച്ച് കൂടിയത്. വീര പരിവേഷമായിരുന്നു അയാൾക്ക് കിട്ടിയത്. ആപ്പിൾ കൂടകളും, ചെമ്മീൻ പൊതികളും, പണവും, വിലപിടിച്ച സമ്മാനങ്ങളുമായി വിവിധ മാഫിയാത്തലവന്മാരും ചെറിയ ഡോണുകളുമൊക്കെ ലൂസിയാനോക്ക് യാത്രയയപ്പ് നൽകി.

പക്ഷേ അപ്പോഴും ഇറ്റലിയിൽ എത്തിയശേഷം എന്തെങ്കിലും കള്ളപ്പേരിൽ അമേരിക്കയിൽ എത്താമെന്ന് ലൂസിയാനോ കരുതിയിരുന്നു. പക്ഷേ പിന്നെ അയാൾ അമേരിക്കയിൽ എത്തിയത് മരിച്ച് പത്തുവർഷത്തിനുശേഷം മാത്രമായിരുന്നു!

ക്യൂബയിൽ ഇരുന്ന് അമേരിക്കയെ നിയന്ത്രിച്ചു

ഇറ്റലിയിൽ ലൂസിയാനോക്ക് തുടക്കം ഒട്ടും സുഖകരമായിരുന്നില്ല. ആദ്യകാലത്ത് ഇറ്റാലിയൻ സർക്കാർ അയാൾക്ക് മുന്നിൽ കർശന നിയന്ത്രണങ്ങളാണ് വെച്ചത്. ഇറ്റലിക്കുപുറത്തുനിന്നുള്ള സന്ദർശകരെ കാണാൻ പോലും അനുവദിച്ചില്ല. പക്ഷേ ലൂസിയാനോ പണം കൊടുത്ത് ഉദ്യോഗസ്ഥരെയൊക്കെ സ്വാധീനിക്കാൻ തുടങ്ങിയതോടെ നിയന്ത്രണങ്ങൾ കാറ്റിൽ പറന്നു. അണ്ണാൻ മരം കയറ്റം മറക്കില്ലല്ലോ. അതോടെ പഠിച്ച തൊഴിലിലേക്ക് അയാൾ വീണ്ടും മടങ്ങിവന്നു. ഇറ്റലിയിൽ ഇരുന്നുകൊണ്ട് അമേരിക്കൻ മാഫിയയെ നിയന്ത്രിക്കാനായിരുന്നു പിന്നീടുള്ള നീക്കം. അങ്ങനെയിരിക്കെ ലാൻസ്‌ക്കിയുടെ സഹായത്തോടെ ക്യൂബയിലെ ഹവാനയിൽ നടന്ന മാഫിയാ അന്താരാഷ്ട്ര കോൺഫറൻസിൽ ലൂസിയാനോയും എത്തി.

അപ്പോഴേക്കും അമേരിക്കയിലെ മാഫിയാ പ്രവർത്തനം ലൂസിയാനോയുടെ ശിഷ്യൻ വിത്തോ ജെനേസോവയുടെ കൈകളിൽ അമർന്നിരുന്നു. പക്ഷേ മാഫിയകളുടെ ബോസ് ഓഫ് ദി ബോസ്സസ് എന്ന പദവി അപ്പോഴും ലൂസിയാനോക്ക് ആയിരുന്നു. ഹവാന സമ്മേളനത്തിലും ലൂസിയാനേക്കുവേണ്ടിയാണ് കൂടുതൽ ഡോണുകളും നിലകൊണ്ടത്. വലിയ പണവും പാരിതോഷികവും അയാൾക്ക് സമ്മേളനത്തിൽ കിട്ടി. അതിന്റെ മൂല്യം മൊത്തം രണ്ടുലക്ഷം യൂ.എസ് ഡോളറിൽ കൂടുതൽ ഉണ്ടാകുമായിരുന്നെുവെന്നാണ് ലൂസിയാനോയുടെ ജീവചരിത്രകാരന്മാർ എഴുതുന്നത്. ന്യൂയോർക്കിലെ മാഫിയയുടെ നേതൃത്വം, ഹവാനയിലെ ചൂതാട്ടം, മയക്കുമരുന്ന് വ്യാപാരം തുടങ്ങിയ വിഷയങ്ങൾ ആയിരുന്നു, ലോകത്തിലെ പ്രമുഖ മാഫിയാ തലവന്മാർ സമ്മേളിച്ച ഹവാന സമ്മേളനം ചർച്ച ചെയ്തത്. ലൂസിയാനോക്കെതിരെ ഒരു ചെറുവിരിൽ അനക്കാനുള്ള ധൈര്യംപോലും ഒരു ബോസിനും ഉണ്ടായില്ല. അതുകൊണ്ടുതന്നെ അയാളുടെ നേതൃത്വം ആരും ചോദ്യം ചെയ്തതുമില്ല.

പക്ഷേ കാൽക്കീഴിലെ മണ്ണൊലിച്ച് പോകുന്ന് ലൂസിയാനോ അറിഞ്ഞില്ല. അതും അധോലോകത്തിന്റെ മറ്റൊരു നിയമമാണ്. ഒരുഗുണ്ട അതിലും ശക്തനായ മറ്റൊരു ഗുണ്ടക്ക് വഴിമാറിയേ പറ്റൂ.

പ്രണയിനിക്കൊപ്പം 60 മുറികളുള്ള വീട്ടിൽ സുഖവാസം

ഹവാന സമ്മേളനത്തിലൂടെ മേൽക്കോയ്മ ഉറപ്പിച്ച ലൂസിയാനോ ക്യൂബയിൽ ഇരുന്ന് അമേരിക്കയെ ഭരിക്കുന്നത് ജെനോവേസെക്ക് ഇഷ്ടമായില്ല. അയാൾ തന്നെയായിരിക്കണം ലൂസിയാനോ അമേരിക്കയുടെ മൂക്കിന് താഴെ ക്യൂബയിൽ ഉണ്ടെന്ന് വാർത്ത വന്നതിന് പിന്നിൽ എന്നാണ് പറയുന്നത്. ഇതോടെ അമേരിക്ക മരുന്നുപോലും കൊടുക്കാതെ ക്യൂബക്ക്മേൽ സമ്മർദം ശക്തമാക്കി. വിപ്ലവത്തിന് മുമ്പുള്ള ക്യൂബൻ സർക്കാറിൽ നല്ല സ്വാധീനം ഉണ്ടായിട്ടും, ലക്കി തിരിച്ച് ഇറ്റലിയിലേക്ക് തന്നെ നാടുകടത്തപ്പെട്ടു.

ഇറ്റലിയിൽ ഇരുന്ന് അമേരിക്കൻ മാഫിയയെ നിയന്ത്രിക്കാനുള്ള ലൂസിയാനോയുടെ ശ്രമം വേണ്ടത്ര വിജയം കണ്ടില്ല. പണിയറിയാവുന്ന പിള്ളേർ മറ്റ് മാഫിയയുമായി ലോകത്തിന്റെ നനാഭാഗങ്ങളിൽ മുളച്ചുപൊന്തി തുടങ്ങിയിരുന്നു. മിഠായി വ്യാപാരത്തിന്റെ മറവിൽ റോമിൽ ഹെറോയിൻ കടത്താനായിരുന്നു ലക്കിയുടെ പിന്നെയുള്ള നീക്കം. പക്ഷേ അത് പിടിക്കപ്പെട്ടെങ്കിലും തെളിവുകൾ കിട്ടിയില്ല. പക്ഷേ അയാൾ റോമിൽനിന്ന് നേപ്പിൾസിലേക്ക് പുറത്താക്കപ്പെട്ടു. നേപ്പിൾസിൽ എത്തിയ ലൂസിയാനോ ഒരു രാജാവിനെപ്പോലെയാണ് ജീവിച്ചത്. പാവങ്ങളെ കൈയയച്ച് സഹായിച്ച് അയാൾ നാട്ടുകാരുടെ കണ്ണിലുണ്ണിയായി. തന്നേക്കാൾ ഇരുപത് വയസ്സ് ഇളപ്പമുള്ള ഈജിയ ലിസോണിയെന്ന നർത്തകിയുമായി പ്രേമത്തിലായി. മുമ്പും കാമകേളികളിൽ അയാൾ പിശുക്കുകാട്ടാറില്ലെങ്കിലും അത ഒന്നും തന്നെ ഒരു ബന്ധമായി വളർന്നിട്ടില്ലായിരുന്നു. നേപ്പിൾസിൽ 60 മുറികളുള്ള കൊട്ടാര സദൃശ്യമായ വീട്ടിൽ അവർ 11 വർഷം ജീവിച്ചു.

വാർധക്യവും രോഗവും കടന്നുവന്നതോടെ ലൂസിയാനോ പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമായി. അപ്പോഴേക്കും വിത്തോ ജെനോസോവ ന്യൂയോർക്ക് മാഫിയയുടെ തലതൊട്ടപ്പനായി മാറിക്കഴിഞ്ഞിരുന്നു. അതിനിടെ സിനിമാ മോഹത്തിന്റെ പേരിൽ മാഫിയാ രാജാക്കന്മാരുമായി ഉടക്കേണ്ടിയും വന്നിട്ടുണ്ട്, ലക്കിക്ക്. കാരണം ലൂസിയാനോയുടെ ആത്മകഥ ചലച്ചിത്രമാക്കാൻ അപ്പോഴേക്കും ഹോളിവുഡിൽനിന്ന് ഒരു സംഘം എത്തിയിരുന്നു. എന്നാൽ രഹസ്യം ചോരുമെന്ന് ഭയന്ന് മറ്റ് മാഫിയാ രാജാക്കന്മാർ സമ്മതിച്ചില്ല. എന്നും ചലച്ചിത്രം ഭ്രമമായിരുന്ന ലൂസിയാനോക്ക് ആവട്ടെ ഇതിന് നല്ല താൽപ്പര്യവും ഉണ്ടായിരുന്നു. പക്ഷേ ചിത്രം നടന്നില്ല.

1962 ജനുവരി 26ന് നേപ്പിൾസ് അന്താരാഷ്ട്ര വിമാനത്താളത്തിൽ ലൂസിയാനോ അമേരിക്കയിൽനിന്നുള്ള മാർട്ടിൻ ഗോഷ് എന്ന ചലച്ചിത്രകാരനെ കാത്തിരിക്കയായിരുന്നു. അപ്പോഴാണ് ഹൃദയാഘാതം അപ്രതീക്ഷിത വില്ലനായി എത്തിയത്. സിനിമ ഉപേക്ഷിച്ച് തിരക്കഥ ജീവചരിത്രമാക്കാനുള്ള ചർച്ചകൾക്കായി വന്ന ഗോഷ് മാത്രമായിരുന്നു, ലോകത്തെ വിറപ്പിച്ച ആ മനുഷ്യന്റെ മരണത്തിന് സാക്ഷിയായത്. നേപ്പിൾസിൽ അടക്കിയ ലൂസിയാനോയുടെ ശവശരീരം പത്തുവർഷങ്ങൾക്ക് ശേഷം 1972ൽ ന്യൂയോർക്കിൽ കൊണ്ടുവന്ന് സെയിന്റ് ജോൺസ് സെമിത്തേരിയിൽ വീണ്ടും സംസ്‌ക്കരിച്ചു. അങ്ങനെ അമേരിക്കയെ വിറപ്പിച്ച ആ മാഫിയാ രാജാവ് അമേരിക്കൻ മണ്ണിൽ തന്നെ അന്ത്യവിശ്രമം കൊള്ളുന്നു.

വാൽക്കഷ്ണം: 'ലൂസിയാനോ അധോലോകത്തിലേക്ക് കടന്നുവന്നിരുന്നില്ലെങ്കിലോ.'- ടൈം മാഗസിനിൽ അയാളെ നൂറ്റാണ്ടിനെ സ്വാധീനിച്ച പ്രമുഖരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയ മാധ്യമ പ്രവർത്തക എഡ്ന ബുക്കാനനോട് ഒരാൾ പിന്നീട് ഇങ്ങനെ ചോദിച്ചു. എഡ്നയുടെ മറുപടി വൈകിയില്ല.'ഒരു സംശയവും വേണ്ട. ലോകം ഇതിനേക്കാൾ സുന്ദരവും സമാധാനപൂർണ്ണവും ആകുമായിരുന്നു.'

കടപ്പാട്: മാഫിയ, അധോലോകത്തിന്റെ രഹസ്യങ്ങൾ- അരവിന്ദ് മേനോൻ, അഭിഷേക് മേനോൻ.

ദ ലാസ്റ്റ് ടെംപ്റ്റേഷൻ ഓഫ് ലക്കി ലൂസിയാനോ- മാർട്ടിൻ എ ഗോഷ്, റിച്ചാർഡ് ഹാമർ