ടുത്ത 25വർഷത്തേക്കുള്ള അജണ്ട സെറ്റ് ചെയ്ത് പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ! അഞ്ചുവർഷത്തേക്ക് തങ്ങളുടെ അജണ്ട എന്താണെന്നും എങ്ങനെ അധികാരം പിടിക്കാമെന്നും ചിന്തിക്കുന്നവരാണ് നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ. എന്നാൽ എസ്.ഡി.പി.ഐ എന്ന സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടി ഓഫ് ഇന്ത്യയുടെ നേതാക്കൾ തന്നെ സമ്മതിക്കുന്നത് അവർ ദീർഘകാല അജണ്ടക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയാണെന്നാണ്. ചിട്ടയും ഘട്ടംഘട്ടവുമായുള്ള പ്രവർത്തനത്തിലുടെ അടുത്ത 25വർഷത്തിനുള്ളിൽ ഇന്ത്യയിൽ അധികാരം പിടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എസ്.ഡി.പി.ഐ നേതാക്കൾ മറച്ചുവെക്കുന്നില്ല. അതിൽ സംശയം പ്രകടിപ്പിക്കുന്ന മാധ്യമങ്ങളോട് അവർ പറയുന്നത്, 1982ൽ വെറും രണ്ട് സീറ്റ്മാത്രം ഉണ്ടായിരുന്ന ബിജെപി, അന്ന് 90കളുടെ അവസാനം ഞങ്ങൾ അധികാരം പിടിക്കുമെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമായിരുന്നോ എന്ന മറുചോദ്യമാണ്.

ഫേസ്‌ബുക്കിൽ പലപ്പോഴും സുഡാപ്പിയെന്ന വാക്ക് ഒരു തമാശയായിട്ടാണ് ഉപയോഗിക്കുക. എന്നാൽ കാര്യങ്ങൾ അത്ര തമാശയല്ലെന്ന്, ആലപ്പുഴയിൽ ഷാൻ വധക്കേസിന് പ്രതികാരമായി, ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ തൊട്ടടുത്ത ദിവസം തന്നെ കൊന്നതിലുടെ അവർ തെളിയിക്കുന്നു. മാത്രമല്ല, പോയവർഷം സിപിഎം പോലും കൊലക്കത്തി താഴെവെച്ച വർഷമായിരുന്നു. ഇലക്ഷൻ കാലത്തെ ഒരു കൊലപാതകം ഒഴിച്ചാൽ കണ്ണൂർ പൊതുവെ ശാന്തമായ വർഷമായിരുന്നു കടന്നുപോയത്. എപ്രിൽ 7ന് പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ തെരഞ്ഞെടുപ്പ് അക്രമങ്ങളിൽ സിപിഎമ്മുകാരാൽ കൊല്ലപ്പെട്ടത് മാത്രമാണ് കണ്ണൂരിലുണ്ടായ അപവാദം. പെരിയ ഇരട്ടക്കൊലക്കേസിൽ അത്രമാത്രം ഒറ്റപ്പെട്ടുപോവുകയും, കാസർകോട് ലോക്‌സഭാ സീറ്റിലെ തോൽവിക്കുപോലും ഒരു കാരണമായി അത് വളരുകളും ചെയ്തതോടെയാണ് സിപിഎം ആയുധം താഴെവെക്കാൻ നിർബന്ധിതരായി.

പക്ഷേ കണ്ണൂരിനുപകരം ഇപ്പോൾ ആലപ്പുഴ അശാന്തമാവുന്ന കാഴ്ചയാണ് കാണുന്നത്. 2021ൽ ഉണ്ടായ അഞ്ച് രാഷ്ട്രീയ കൊലപാതകങ്ങളിൽ മൂന്നും സംഭവിച്ചത് ആലപ്പുഴ ജില്ലയിലാണ്. സിപിഎം- എസ്.ഡി.പി.ഐ, സിപിഎം- ബിജെപി എന്നീ സംഘർഷ സമവാക്യങ്ങൾ മാറി പകരം എസ്.ഡി.പി.ഐ- ബിജെപി എന്ന രീതിയിൽ അതിവേഗം വർഗീയവത്ക്കരിക്കാവുന്ന രീതിയിലാണ് സംഘർഷങ്ങളുടെ കിടപ്പ്.

ഈ വർഷം ഉണ്ടായ അഞ്ചു രാഷ്ട്രീയ കൊലപാതകങ്ങളിൽ മൂന്നിലും പ്രതികൾ എസ്.ഡി.പി.ഐക്കാരാണെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ആർ.എസ്. എസ് പ്രവർത്തകൻ നന്ദു കൃഷ്ണ ചേർത്തലയിൽ കൊല്ലപ്പെട്ടതിന് പിന്നിൽ എസ്.ഡി.പി.ഐ ആയിരുന്നെന്ന് തെളിഞ്ഞിട്ടുണ്ട്. പിന്നീട് പാലക്കാട് ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലയിലും ഇതേ സംഘടന ആരോപിതർ ആയി. അതിനുശേഷമാണ് ആലപ്പുഴയെ നടുക്കിയ പ്രതികാര കൊലകൾ ഉണ്ടാവുന്നത്. ഡിസംബർ 18ന് എസ്.ഡി.പി.ഐ നേതാവ് ഷാൻ കൊല്ലപ്പെട്ടതിന് പ്രതികാരമായി തൊട്ടടുത്ത ദിവസം തന്നെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊന്ന് അവർ ഞെട്ടിച്ചു.

ഞൊടിയിടയിൽ ആളെക്കൂട്ടാൻ കഴിയുന്ന സംഘടന

വരും ദിവസങ്ങളിൽ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമായിരുക്കും, വിവിധ പാർട്ടികളിൽ നുഴഞ്ഞ് കയറി തങ്ങളുടെ ദീർഘകാല അജണ്ട നടപ്പാക്കുന്ന എസ്.ഡി.പി.ഐ എന്നതെന്നത് പ്രൊഫസർ ഹമീദ് ചേന്ദമംഗല്ലൂരിനെപ്പോലുള്ളവർ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാന പൊലീസിൽ പോലും പച്ചവെളിച്ചം എന്നൊക്കെ പേരിൽ ഇവരെ സഹായിക്കുന്ന ഗ്രൂപ്പുകൾ ഉണ്ടെന്നത് ഞെട്ടിക്കുന്നതാണ്. എന്നാൽ വിദേശ ഫണ്ടും നന്നായി ലഭിക്കുന്നതായി പറയുന്ന ഈ നിഗൂഡ സംഘത്തെ വേരറക്കാനുള്ള നീക്കമൊന്നും പിണറായി സർക്കാർ എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

എസ്.ഡി.പി.ഐ എന്നത് കേരളത്തിൽ ഇന്ന് ആരും ഭയക്കുന്ന സംഘടനയായി മാറിയിരിക്കുന്നു. തീർത്തും കേഡർ സംവിധാനത്തിലാണ് അവരുടെ പ്രവർത്തനം. എവിടെയും അവർക്ക് നിമിഷങ്ങൾ കൊണ്ട് എത്തിച്ചേരാൻ കഴിയും. മാതൃസംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ വലിയൊരു പിന്തുണയും അവർക്കുണ്ട്. എല്ലാ പ്രസ്ഥാനങ്ങളിലേക്കും ആളെ തിരികിക്കയറ്റുകയും അവിടെനിന്ന് വിവരം ചോർത്തുകയുമാണ് എസ്.ഡി.പി.ഐയുടെ രീതിയെന്ന പല മുസ്ലിംലീഗ് നേതാക്കളും നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലീഗിലും സിപിഎമ്മിലും നല്ല രീതിയിൽ അവർ നുഴഞ്ഞ് കയറിയിട്ടുമുണ്ട്. മാത്രമല്ല ആർ.എസ്.എസിനെ പ്രതിരോധിക്കാൻ എന്ന പേരിൽ ഒരു സായുധ സംഘത്തെ തന്നെയാണ് അവർ സൃഷ്ടിച്ചിട്ടുള്ളത്. പ്രതിരോധം ഒരു അപരാധമല്ല എന്നയാണ് എസ്.ഡി.പി.ഐയുടെയും പോപ്പുലർഫ്രണ്ടിന്റെയും എക്കാലത്തെയും പ്രിയപ്പെട്ട മുദ്രാവാക്യം.

വിവിധ സംഘടനകളെക്കുറിച്ചും തങ്ങൾ നന്നായി പഠിക്കാറുണ്ടെന്നും എസ്.ഡി.പി.ഐ നേതാക്കൾ തന്നെ സമ്മതിക്കുന്നു. നേരത്തെ ഈ രീതിയിൽ ഒരു എസ്.ഡി.പി.ഐ നേതാവിന്റെ പ്രസംഗം പുറത്തായിരുന്നു.'' നിങ്ങൾക്ക് അറിയാമോ ഈ പ്രദേശത്തെ ആർ.എസ്.എസിന്റെ പ്രാന്തീയബൗദ്ധിക്ക് ആരാണ്, മുഖ്യശിക്ഷക് ആരാണ് എന്നൊക്കെ. ഞങ്ങൾക്ക് അവരെ അറിയാം എന്ന് മാത്രമല്ല, അവരുടെ വീടും ഭാര്യവീടും അറിയാം' -എന്നായിരുന്നു നേതാവിന്റെ പ്രസംഗം. പൊതുജനത്തിന്പോയിട്ട് മാധ്യമ പ്രവർത്തകർക്ക്പോലും അത്രയൊന്നും അറിയാത്തതാണ് ആർ.എസ്.എസിന്റെ സംഘടനാ സംവിധാനം. എന്നാൽ എസ്.ഡി.പി.ഐ ഇതെല്ലാം സ്ഥിരമായി നിരീക്ഷിക്കുകയും ഓരോത്തരുടെ ഭാര്യവീടുപോലും അറിഞ്ഞുവെക്കുകയും ചെയ്യുന്നു!

അതുപോലെ കൊലവിളി പ്രസംഗങ്ങളും ഇവർക്ക് പുത്തരിയല്ല. ആലപ്പുഴയിൽ മരിച്ച ഷാനിന്റെ ഒരു വിവാദ പ്രസംഗംപോലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉണ്ട്. ഇനി ഷാനിന്റെ മൃതദേഹം കൊണ്ടുപോകുമ്പോൾപോലും ഒരു നേതാവ് പറഞ്ഞത്, തങ്ങൾ ഈ മരണത്തിൽ കരയില്ലെന്നും രക്തസാക്ഷിയായതിന്റെ ആഹ്ലാദമാണെന്നുമൊക്കെയാണ്. ഇതാണ് അപകടവും. ഇസ്ലാമിക രാജ്യം സ്ഥാപിക്കാൻ വേണ്ടി ഐ.എസിൽ ചേർന്ന് സിറിയയിൽ പൊട്ടിത്തെറിക്കുന്നവരുടെ അതേ മാനസികാവസ്ഥയാണ് ഇത്. എഴുത്തുകാരൻ എം.എൻ കാരശ്ശേരി ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു-'' ആർ.എസ്.എസിനെ നാം പ്രതിരോധിക്കേണ്ടത് പോപ്പുലർ ഫ്രന്റുകാർ പ്രചരിപ്പിക്കുന്നപോലെ ആയുധം എടുത്തല്ല. ഇത് മുസ്ലിം സമുദായത്തെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്കെ തള്ളിവിടൂ. നമ്മുടെ ജനാധിപത്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തി, മതേതര കാഴ്ചപ്പാടിൽ ഉറച്ചുനിന്നുകൊണ്ടാണ് ഇന്ത്യൻ ഫാസിസത്തെ പ്രതിരോധിക്കേണ്ടത്''. എന്നാൽ എസ്.ഡി.പി.ഐയുടെയും പോപ്പുലർ ഫ്രണ്ടിന്റെയുമൊക്കെ അടിസ്ഥാന ലക്ഷ്യം ഇസ്ലാമിക സ്റ്റേറിന്റെ സ്ഥാപനമാണെന്നാണ് ജാമിദ ടീച്ചറെപ്പോലുള്ള എക്സ് മുസ്ലീമുകൾ വിലയിരുത്തുന്നത്. '' തീർത്തും ജിഹാദി മനസ്സുതന്നെയാണ് ഇത്തരം സംഘടനകളുടെ അടിസ്ഥാനം. ആർ.എസ്.എസിന്റെ ഭീഷണിയുണ്ടെങ്കിലും ഇല്ലെങ്കിലും അവർ നിലനിൽക്കും. കാരണം അവരുടെ പ്രശ്നം മതമാണ്.''- ജാമിദ ടീച്ചർ ചൂണ്ടിക്കാട്ടുന്നു.

അതുപോലെ ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്ന ഇസ്ലാമിസ്റ്റ് സംഘടനകളുടെ ചിന്തയും ഞെട്ടിപ്പിക്കുന്നതാണ്. സി.എ.എ പ്രക്ഷോഭത്തിന്റെപേരിൽ ഇവർ പിരിച്ച കോടികളുടെ പേരിൽ എൻഫോഴ്സ്മെന്റ് അന്വേഷണമുണ്ട്.''ഈയിടെ നടത്തിയ റെയ്ഡിൽ ഗൾഫിൽ ബാറും ക്ലബുകളും നടത്തുന്ന ഉത്തരേന്ത്യൻ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ പേര് വിവരങ്ങൾ പോലും പുറത്തുവന്നിട്ടുണ്ട്. അതായത് ഭാവിയിൽ ഇവരൊക്കെ താലിബാൻ ചെയ്യുന്നതുപോലെ മഹത്തായ ലക്ഷ്യത്തിനായി മയക്കുമരുന്ന് കടത്താൻവരെ തയ്യാറാവുമോ. നാം അതും പേടിക്കേണ്ടിയിരിക്കുന്നു''- ജാമിദ ടീച്ചർ ചൂണ്ടിക്കാട്ടുന്നു.

സിമിയിലുടെ പോപ്പുലർ ഫ്രന്റിലേക്ക്

80 കളിൽ ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് മുദ്രാവാക്യം ഉയർത്തിയ സിമിയിലൂടെയാണ് ഇന്നത്തെ എസ്.ഡി.പി.ഐയുടെ ചരിത്രം തുടങ്ങുന്നത്. ഇന്നും പോപ്പുലർ ഫ്രന്റിലും എസ്.ഡി.പി.ഐയിലും പഴയ സിമിക്കാർ ചെറുതായെങ്കിലും ഉണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനപോലെ പ്രവർത്തിച്ചിരുന്നു സിമിയെ പിന്നീട് ആ സംഘടനതന്നെ തള്ളിപ്പറയേണ്ട അവസ്ഥയിലെത്തി. സിമി പിന്നീട് നിരോധിക്കപ്പെട്ടു. പക്ഷേ അതിന് പിന്തുണ നൽകിയ തീവ്ര ആശയക്കാരിൽ ഒരു വിഭാഗംകൂടി ചേർന്നാണ്, 1993ൽ എൻ.ഡി.എഫ് എന്ന സംഘടന രൂപീകരിച്ചത്. ദേശീയ വികസന മുന്നണി (നാഷണൽ ഡെവലപ്പ്മെന്റ് ഫ്രന്റ്) എന്നതിന്റെ ചുരുക്ക രൂപമാണ് എൻ.ഡി.എഫ്. മുസ്ലീ-ദലിത്-പിന്നോക്ക ഐക്യവും, ഹിന്ദുത്വഫാസിസ്റ്റുകളിൽനിന്നുള്ള ചെറുത്തുനിൽപ്പുമൊക്കെയായി ആദ്യഘട്ടത്തിൽ ഒരു മനുഷ്യാവകാശ സംഘടനയുടെ മുഖമാണ് എൻ.ഡി.എഫ് കാണിച്ചത്. എന്നാൽ പതുക്കെ ഇവരുടെ തിനിനിറം പുറത്താകാൻ തുടങ്ങി.

തീവ്രമായ ആശയങ്ങൾ പ്രചരിപ്പിച്ചും യുവാക്കളെ കായികമായി പരിശീലനം നൽകി സായുധ സജ്ജരാക്കിയും എൻ.ഡി.എഫ് പെട്ടെന്ന് വളർന്നു. ബാബറി മസ്ജിദ് തകർന്നതിനെ തുടർന്ന് ന്യൂനപക്ഷങ്ങളിൽ ഉണ്ടായ രാഷ്ട്രീയ അരക്ഷിതാവസ്ഥയും ഇവർ നന്നായി മുതലെടുത്തു. സ്വാതന്ത്ര്യദിനത്തിൽ ഫ്രീഡം പരേഡ് എന്നപേരിൽ കൂറ്റൻ പച്ചവേഷമണിഞ്ഞ പരേഡുകൾ നടത്തി കരുത്ത് കാട്ടി. പിന്നീട് സാമുദായിക പ്രശ്നങ്ങളുടെ പേരിൽ ഈ പരേഡുകൾ പൊലീസിന് നിരോധിക്കേണ്ടിയും വന്നു. അന്നുതന്നെ നിരവധി സംഘർഷങ്ങളിൽ എൻ.ഡി.എഫ് കക്ഷിയായി. കണ്ണൂരിലും നാദാപുരത്തുമെല്ലാം സിപിഎം- എൻ.ഡി.എഫ് അക്രമവും കൊലയും ഉണ്ടായിരുന്നു. രൂപീകരിക്കപ്പെട്ട അന്നുതൊട്ട് ശക്തമായ വിമർശനവും എൻ.ഡി.എഫ് കേട്ടു. മതവെറി വളർത്തുന്നുവെന്ന കാരണത്താൽ ഇന്ത്യാ ഗവണ്മെന്റ് സൂക്ഷ്മനിരീക്ഷണം ചെയ്യുന്ന ആറ് സംഘടനകളിലൊന്നാണ് ഇത്. കേരളത്തിലെ മുഖ്യധാരാമുസ്ലിം സംഘടനകളെല്ലാം എൻ.ഡി.എഫിന്റെ നിലപാടിനെയും പ്രവർത്തങ്ങളേയും ആശയങ്ങളേയും ശക്തമായി വിമർശിച്ചിരുന്നു. പക്ഷേ അടിക്ക് അടി,വെട്ടിന് വെട്ട് എന്ന ശൈലിമൂലം കുറേ മുസ്ലിം ചെറുപ്പക്കാർ എൻ.ഡി.എഫിലേക്ക് ആകർഷിക്കപ്പെട്ടു.

അബുദുന്നാസിർ മഅ്ദനി തന്റെ തീവ്രനിലപാടുകൾ ഉപേക്ഷിക്കുകയും, പഴയ സംഘടനയായ ഐ.എസ്.എസ് പിരിച്ചുവിടുയും ചെയ്തതും ഏതാണ്ട് ഇതേ കാലത്താണ്. പകരം മഅ്ദനി ഉണ്ടാക്കിയ പി.ഡി.പിയെന്ന പാർട്ടി, ഐ.എസ്.എസിലെ ഒരു വിഭാഗത്തിന് പിടിച്ചില്ല. ഇവരും എൻ.ഡി.എഫിൽ ചേക്കേറി. 2007ലാണ് എൻ.ഡി.എഫ് ദേശീതലത്തിലുള്ള സംഘടനയായ പോപ്പുലർ ഫ്രന്റായി മാറുന്നത്. സമാന ലക്ഷ്യങ്ങളോടെ തമിഴ് നാട്ടിലും കർണ്ണാടകയിലും പ്രവർത്തനമാരംഭിച്ച മനിത നീതി പാസറൈ (എം.എൻ.പി), കർണ്ണാടക ഫോറം ഫോർ ഡിഗ്നിറ്റി (കെ.എഫ്.ഡി) എന്നീ സംഘടനകളും ഒരിമിച്ച് ചേർന്ന് ഒരു ഫെഡറേഷൻ എന്ന നിലയിലാണു പോപ്പുലർ ഫ്രന്റ് ഓഫ് ഇന്ത്യ നിലവിൽ വന്നത്.

എസ്.ഡി.പി.ഐ  ഉണ്ടാവുന്നു

പോപ്പുലർ ഫ്രന്റ് ഉണ്ടായി രണ്ടു വർഷത്തിന് ശേഷമാണ് സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ അഥവാ എസ്.ഡി.പി.ഐ എന്ന രാഷ്ട്രീയ പാർട്ടി ഉണ്ടാവുന്നത്. 2009 ഫെബ്രുവരി 3,14,15 കോഴിക്കോട്ട് പോപ്പുലർ ഫ്രന്റ് നടത്തിയ ദേശീയ രാഷ്ട്രീയ സമ്മേളനത്തിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഈ പാർട്ടി ഉണ്ടാവുന്നത്. പിന്നാക്ക ജനവിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യമാക്കി പുതിയ രാഷ്ട്രീയ പാർട്ടിവേണം എന്നായിരുന്നു ഈ സമ്മേളനത്തിലെ ധാരണ. 2009 ജൂൺ 21ന് ഡൽഹി പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രഥമ പ്രസിഡന്റ് കൂടിയായ ഇ. അബൂബക്കർ ആണ് പാർട്ടി പ്രഖ്യാപിച്ചത്.' വിശപ്പിൽ നിന്ന മോചനം, ഭയത്തിൽ നിന്ന് മോചനം,' എന്ന മുദ്രാവാക്യമാണ് പാർട്ടി ഉയർത്തിയത്. മുസ്ലിംകൾ, ദലിതുകൾ, നീതി നിഷേധിക്കപ്പെട്ട മറ്റു സമുദായങ്ങൾ എന്നിവരെ ശാക്തീകരിക്കുക തങ്ങളുടെ ലക്ഷ്യമാണെന്ന് പാർട്ടി പറയുന്നു.

മൂന്നിൽ ഒരു ഭാഗം പച്ചയും രണ്ടുഭാഗം ചുവപ്പും നടുവിൽ വെള്ള നിറത്തിലുള്ള പഞ്ചകോണ നക്ഷത്രവും ചേർന്നതാണ് പാർട്ടിയുടെ പതാക. അടിസ്ഥാനപരമായി പോപ്പുലർ ഫ്രന്റും എസ്.ഡി.പി.ഐയും തമ്മിൽ യാതൊരു വ്യത്യാസവുമല്ല. എസ്.ഡി.പി.ഐ ഒരു രാഷ്ട്രീയ പാർട്ടിയാണ്, പോപ്പുലർ ഫ്രന്റും ഒരു സംഘടനായാണ് എന്നത് മാത്രം. ആർ.എസ്.എസും ബിജെപിയും എന്ന് പറയുന്ന അതേ വ്യത്യാസം.

തുടക്കത്തിൽ ദുർബലം ആയിരുന്നെങ്കിലും ക്രമേണ എസ്.ഡി.പി.ഐ ഉത്തരേന്തയിലും ദക്ഷിണേന്ത്യയിലും ഒരുപോലെ വളർന്നു. ഒടുവിൽ, സംഘപരിവാറിന്റെ ധ്രുവീകരണ രാഷ്ട്രീയം അവസരമാക്കി കർണാടകയിലും ബിഹാറിലും എസ്.ഡി.പി.ഐ വളരുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ എക്‌സിക്യൂട്ടീവിന്വരെ ചർച്ചചെയ്യേണ്ടിവന്നു. കർണാടക തദ്ദേശ തെരഞ്ഞെടുപ്പിൽ 223 സീറ്റാണ് എസ്.ഡി.പി.ഐക്ക് ലഭിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് കർണാടകയിൽ നിന്നുള്ള പ്രതിനിധി മുസ്ലിംലീഗ് യോഗത്തിൽ സംസാരിച്ചത്. ബീഹാറിൽ നിന്നുള്ള പ്രതിനിധിയും എസ്.ഡി.പി.ഐയുടെ സാന്നിധ്യവും വളർച്ചയും എടുത്തു പറഞ്ഞു.
1906 രൂപം കൊണ്ട അവിഭക്ത മുസ്ലിം ലീഗിന്റെ പിന്തുടർച്ചയെന്നോണം 1948 ൽ രൂപീകരിച്ച ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ തളർച്ചയെ പറ്റി പഠിക്കാതെ കേവലം 12 വർഷം മാത്രം പഴക്കമുള്ള രാഷ്ട്രീയ പാർട്ടിയായ എസ്.ഡി.പി.ഐ യുടെ വളർച്ചയെ കുറിച്ച് പഠിക്കുകയാണ് ലീഗ് ദേശീയ കമ്മിറ്റി.

സൂക്ഷ്മമായി നോക്കിയാൽ അറിയാം, ഇസ്ലാമിക രാഷ്ട്രീയം വെച്ചുതന്നെയാണ് എസ്.ഡി.പി.ഐ കളിക്കുന്നതെന്ന്. ആടുമേക്കാൻ എന്ന പേരിലും മറ്റും പ്രവാചക ചര്യ പിന്തുടർന്നുകൊണ്ട്, സിറിയിലും അഫ്ഗാനിലും പോയവർ നമ്മുടെ കൊച്ചുകേരളത്തിലും ഉണ്ടായിരുന്നു. അന്ധമായ സലഫി ധാരയാണ് ഈ കുഴപ്പങ്ങൾ ഉണ്ടാക്കിയത്. എന്നാൽ പോപ്പുലർ ഫ്രന്റുകാർ ഇസ്ലാമിന്റെ ഇന്ത്യയിലെ രക്ഷകർ എന്ന പരിവേഷമാണ് അറിയാറ്. അവർ സിറിയയിൽ പോയി പൊട്ടിത്തെറിക്കുന്നില്ല. പക്ഷേ പിന്തുടരുന്നത് അടിമുടി മതശാസനകൾ തന്നെയാണ്.

വളർച്ചയായ കൈവെട്ട് കേസ്

എൻ.ഡി.എഫ് എന്ന പേരിൽ വന്നാലും, പോപ്പുലർ ഫ്രന്റ് എന്ന പേരിൽ വന്നാലും, എസ്.ഡി.പി.ഐ എന്ന പേരിൽ വന്നാലും അക്രമത്തിനും കൊലകൾക്കും ഈ സംഘടനക്ക് യാതൊരു മടിയും ഉണ്ടായിട്ടില്ല. ബിജെപി നേതാവ് അശ്വനികുമാർ വധവും, സിപിഎം നേതാവ് അഞ്ചൽ അഷ്റഫിന്റെ കൊലയും തൊട്ട് ഇപ്പോൾ ആലപ്പുഴ കൊലവരെ. 2005ൽ ആർഎസ്എസ് ബൗദ്ധിക് പ്രമുഖ് അശ്വനികുമാറിനെ ഇരിട്ടിയിൽ കൊലപ്പെടുത്തിയ കേസിലാണ് എൻ.ഡി.എഫിന്റെ കൊലയാളി സംഘം ഇത്ര സുസജ്ജരാണെന്ന ധാരണ പൊലീസിന് കിട്ടുന്നത്. ശ്യാം പ്രസാദ്,സച്ചിൻ ഗോപാൽ വിശാൽ, തുടങ്ങിയ എ.ബി.വി.പി പ്രവർത്തകർ അടക്കം നിരവധിപേർ ഈ ഗ്രൂപ്പിന്റെ കത്തിക്ക് ഇരയായിട്ടുണ്ട്. പോപ്പുലർ ഫ്രന്റുകാർക്ക് തിരിച്ചും അരും കൊലകളുടെ കഥ പറയാനുണ്ട്.

2019 ജൂലൈ 31ന് ചാവക്കാട് പുന്നയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിനെ വെട്ടിക്കൊന്നു കേസിലും പിടിയിലായത് എസ്.ഡി.പി.ഐ പ്രവർത്തകർ ആയിരുന്നു. കോൺഗ്രസ് പ്രവർത്തകരായ വിഭീഷ്. സുഭാഷ് എന്നിവർക്ക് വെട്ടേറ്റതും കേരളത്തെ ഞെട്ടിച്ചിരുന്നു. അതിന് രണ്ടുദിവസത്തിന്ശേഷം കണ്ണൂർ നഗരപ്രാന്തത്തിൽ തന്നെയുള്ള ആദികടലായിയിൽ് മുൻ മുസ്ലിം ലീഗ് പ്രവർത്തകൻ അറക്കൽ അബ്ദുൽ റൗഫ് എന്ന 30 വയസ്സുകാരനെയും കൊന്നുതള്ളിയതിന് പിന്നിൽ ഇവർ തന്നെയായിരുന്നു.

തൊടുപുഴയിലെ അദ്ധ്യാപന്റെ കൈവെട്ടു കേസ്സാണെങ്കിലും എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകമാണെങ്കിലും കേരളത്തിൽ വേറിട്ട ഒരു ബീഭത്സ മുഖമാണ് പോപ്പുലർ ഫ്രന്റിന് ഉള്ളത്. സത്യത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ കേരളത്തിലെ വളർച്ചയുടെ അടിസ്ഥാനം പോലും ഒരു പാവം അദ്ധ്യാപകന്റെ കൈവെട്ടിയതിലാണ്. തങ്ങളുടെ മതത്തിനുനേരെ ഉയരുന്ന എന്ത് വെല്ലുവിളിയും പരിഹരിക്കുന്ന സംരക്ഷകന്റെ റോളാണ് ഈ വിഷയത്തിൽ ഇവർക്ക് കിട്ടിയത്. സത്യത്തിൽ പ്രൊഫ ടി.ജെ ജോസഫ് മനസാവാചാ കർമ്മണാ അറിഞ്ഞ് ഇട്ട പേരായിരുന്നില്ല ചോദ്യപേപ്പറിലെ മുഹമ്മദ്. ഭ്രാന്തനും പടച്ചോനുമായുള്ള സംഭാഷണത്തിൽ ഭ്രാന്തന് എന്തെങ്കിലും ഒരു പേര് കൊടുക്കേണ്ടേ എന്ന് കരുതി അദ്ദേഹം പെട്ടെന്ന് തെരഞ്ഞെടുത്ത ഒരു വാക്കായിരുന്നു അത്. പക്ഷേ അതിന് വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്.

മാസങ്ങൾ നീണ്ട ആസൂത്രണത്തിന്ശേഷമായിരുന്നു അവർ ജോസഫ് മാഷിന്റെ കൈവെട്ടിയത്. ''പക്ഷേ പ്രതികൾ മുസ്ലിം സമുദായത്തിൽനിന്ന് ഒറ്റപ്പെടൽ നേരിട്ടില്ല. ഭൂരിഭാഗവും രഹസ്യമായി കൈവെട്ടിനെ പിന്തുണക്കയായിരുന്നു. ഈ ഒരു മനസ്സാണ് പോപ്പുലർ ഫ്രന്റിന് വളമാകുന്നത്.''- മാധ്യമ പ്രവർത്തകനായ പി.ടി മുഹമ്മദ് സാദിഖ് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല തൊട്ടടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ കൈവെട്ട് കേസിലെ പ്രതിയായ ഒരാൾ മൂവാറ്റുപുഴ വാളക്കുളം ഡിവിഷനിൽനിന്ന് വൻ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. അതായത് കൈവെട്ടിയത് ഒരു ധീരകൃത്യമായെന്ന് സമുദായം അംഗീകരിച്ചപോലെ. അന്ന് ജോസഫ് മാസ്റ്റർക്ക് അനുകൂലമായി നിലപാട് എടുക്കാൻ സിപിഎമ്മിനുപോലും സാധിച്ചില്ല. വിദ്യാഭ്യാസമന്ത്രി എം.എ ബേബി മഠയൻ എന്ന് വിളിച്ചാണ് ജോസഫ് മാഷിനെ വിമർശിച്ചത്. പൊലീസിലും ഇവർക്ക് ചാരന്മ്മാർ ഉണ്ടെന്നത് നേരത്തെ തന്നെ ഉയർന്ന സംശയം ആയിരുന്നു. തൊടുപുഴയിലെ എസ്.ഡിപി.ഐ പ്രവർത്തകർക്ക് പൊലീസ് ക്രൈം റെക്കോർഡ്സിൽ നിന്ന് വിവരം ചോർത്തിനൽകിയ സിവിൽ പൊലീസ് ഓഫീസർ കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ അനസ് പി കെയ്ക്ക് എതിരെ നടപടിയുണ്ടായത് ഈയിടെയാണ്.

അഭിമന്യു വധം മുതൽ  സി.എ.എ സമരം വരെ

സിപിഎം അടക്കമുള്ള മതേതര പാർട്ടികൾ എസ്.ഡി.പി.ഐ പോലുള്ള കക്ഷികളുമായി ഈയടത്തുവരെ പ്രാദേശികമായി സഹകരിച്ചിരുന്നു. പലയിടത്തും ഈ ബന്ധം നല്ലപോലെ പുഷ്ഠിപ്പെടുകയും ചെയ്തു. പക്ഷേ മഹാരാജാസ് കോളജിൽ കാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ കുത്തേറ്റ് അഭിമന്യു എന്ന അടിസ്ഥാന വർഗത്തിൽപ്പെട്ട സഖാവ് മരിച്ചതോടെ കേരളം ഇളകിമറിഞ്ഞു. അന്ന് ശക്തമായ കാമ്പയിനാണ് പോപ്പുലർ ഫ്രന്റിനെതിരെ ഉണ്ടായത്. അതോടെയാണ് അടിത്തട്ടിൽ പലയിടത്തുമുള്ള സുഡാപ്പി- സിപിഎം സഹകരണം പൊളിഞ്ഞത്. ചിലയിടത്ത് അതിനുശേഷവും സഹകരണം തുടർന്നതും വൻ വിവാദമായി.

പക്ഷേ പോപ്പുലർ ഫ്രണ്ടിനും എസ്.ഡി.പി.ഐക്കും യാഥാർഥ മൈലേജ് കിട്ടിയ സംഭവം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.അതായിരുന്നു പൗരത്വ ഭേദഗതി നിയമ സമരം. ഇതിൽ വീണ്ടും ആട്ടിൻ തോലണിഞ്ഞ ചെന്നായയെപ്പോലെ പുരോഗമന പക്ഷം ചേർന്ന് എസ്.ഡി.പി.ഐ നുഴഞ്ഞു കയറി. കേരളത്തിൽ എന്നല്ല ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽപോലും അവർ സമരം നയിച്ചു. വിദേശത്തുനിന്ന് അടക്കമുള്ള കോടികളുടെ ഫണ്ടും ഇതിനായി കിട്ടിയെന്നും ആക്ഷേപമുണ്ട്. അതിന്റെ പേരിലുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. യഥാർഥത്തിൽ പൗരത്വം എടുത്തുകളയുന്നതിനല്ല, പൗരത്വം കൊടുക്കുന്നതിനായി ഉണ്ടാക്കിയ നിയമമായിരുന്നു സി.എ.എ. എന്നാൽ മോദി മുസ്ലീങ്ങളെ പാക്കിസ്ഥാനിലേക്ക് നാടുകടത്തുമെന്നുവരെ കുപ്രചാരണം നടത്തിയാണ് ഇവർ ഭീതിപരത്തിയത്. അതുകൊണ്ടുതന്നെ മുസ്ലിം സമുദായത്തിന് അകത്തും വലിയ സ്വീകര്യത ഇവർക്ക് കിട്ടി. ഇതിന്റെ ഫലമോ , മുസ്ലിം ലീഗ്പോലും തീവ്ര നിലപാടിലേക്ക് നീങ്ങുകയാണ്. അല്ലെങ്കിൽ ഒപ്പം കൂടാൻ യുവാക്കളെ കിട്ടില്ല.

എസ്.ഡി.പി.ഐ പോലുള്ള സംഘടനകൾ സ്വന്തം സ്‌പേസ് വല്ലാതെ അപഹരിക്കുന്നതിനാൽ കൂടുതൽ സാമുദായികമായി ചിന്തിക്കുന്ന മുസ്ലിം ലീഗിനെയാണ് 2021ൽ കേരളം കണ്ടത്. വിവാഹ പ്രായം ഉയർത്തുന്ന വിഷയത്തിൽ മന്ത്രി മുഹമ്മദ് റിയാസിന്റെയും, മുഖ്യമന്ത്രിയുടെ മകൾ വീണയുടെയും വിവാഹം വ്യഭിചാരമാണെന്ന് വരെ ലീഗ് നേതാവ് അബ്ദുറഹിമാൻ കല്ലായി പറഞ്ഞു കഴിഞ്ഞു. അതുപോലെ തന്നെ എന്നും മതേതര പക്ഷത്ത് നിൽക്കുന്നുവെന്ന് തോന്നിപ്പിച്ചിരുന്ന കെ.എം ഷാജിയാവട്ടെ ലീഗ് വിടുന്നവർ മതത്തിൽനിന്ന് വിടുകയാണെന്ന് പറഞ്ഞ് പച്ചക്ക് വർഗീയതതാണ് ഉയർത്തിയത്. താരതമ്യേന മിതവാദികളായ ലീഗ്‌പോലും തീവ്രനിലപാടുകളിലേക്ക് നീങ്ങുന്നത്് കേരളരാഷ്ട്രീയം നേരിടുന്ന മറ്റൊരു ദുസ്സൂചനകൂടിയാണ്.

അയായത് എസ്.ഡി.പി.ഐ പ്രസരിപ്പിക്കുന്ന വിഷം മറ്റുപാർട്ടികളിലേക്കുകൂടി വ്യാപിക്കയാണ്. ''തീർച്ചയായും ആർ.എസ്.എസും ഹിന്ദുത്വരാഷ്ട്രീയവും വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. പക്ഷേ ഇങ്ങനെ അല്ല അവയെ പ്രതിരോധിക്കേണ്ടത്. മതേതര ബോധം ഉയർത്തിക്കൊണ്ടാണ് ആ പ്രതിരോധം. ആർ.എസ്.എസ് ഉയർത്തുന്ന ഭീഷണി കേവലം ഇന്ത്യയിൽ ഒതുങ്ങുന്നു. എന്നാൽ ഇസ്ലാമിക രാഷ്ട്രീയം വെച്ചുള്ള കളി ആഗോള രാഷ്ട്രീയത്തെ തന്നെ ബാധിക്കുന്നതാണ്. അത് തീക്കളിയുമാണ്്. ഇടതുപക്ഷ പ്രസഥാനങ്ങൾക്ക് അടക്കം അത് മനസ്സിലാവുന്നുണ്ടോയെന്ന് അറിയുന്നില്ല'- എഴുത്തുകാരൻ പ്രൊഫസർ ഹമീദ് ചേന്ദഗംഗല്ലൂർ ചൂണ്ടിക്കാട്ടുന്നു.

റഫറൻസ്- പ്രൊഫ- ഹമീദ് ചേന്ദമംഗല്ലൂരിലെ ലേഖനങ്ങൾ

എം.എൻ കാരശ്ശേരി- പ്രഭാഷണം

പി.ടി മുഹമ്മദ് സാദിഖ് - ഫേസ്‌ബുക്ക് പോസ്റ്റ്