വാഷിങ്ടൺ: ഇന്ത്യ -ആഗോള ശക്തിയും അമേരിക്കയുടെ ഉറ്റ സുഹൃത്തുമാണെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. . 74- മത് സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയ്ക്ക് ആശംസകൾ നേർന്ന് അയച്ച സന്ദേശത്തിലാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യയെ ആഗോളശക്തിയെന്നു വിശേഷിപ്പിച്ചത്.

''ആഗോളതലത്തിലെ ശക്തരായ ജനാധിപത്യരാജ്യങ്ങൾ, ലോക ശക്തികൾ, ഒപ്പം ഏറ്റവും നല്ല സുഹൃത്തുക്കൾ'', പോംപിയോ ആശംസാ സന്ദേശത്തിൽ കുറിച്ചു.

സ്വാതന്ത്ര്യം കിട്ടിയ നാൾ മുതൽ ഇന്ത്യയുടെ സമൃദ്ധമായ പാരമ്പര്യത്തേയും സൗഹൃദത്തേയും ഊട്ടിയുറപ്പിക്കുന്ന നയങ്ങളാണ് അമേരിക്കയുടേതെന്നും പോംപിയോ പറഞ്ഞു. വർഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ആഗോള തലത്തിലെ തന്ത്രപ്രധാന പങ്കാളിത്തമായി മാറിയിരിക്കുന്നു. 21-ാം നൂറ്റാണ്ടിലെ ആഗോളസുരക്ഷയ്ക്കും സമൃദ്ധിക്കുമായി നിർണ്ണായക കൂട്ടായ്മയാണ് ഇന്ത്യയുമായുള്ളതെന്നും പോംപിയോ പ്രസ്താവനയിൽ പറഞ്ഞു.

സ്വാതന്ത്ര്യദിനത്തിൽ വിവിധ ലോകരാജ്യങ്ങൾ ഇന്ത്യക്ക് ആശംസകൾ നേർന്നു. അമേരിക്കയ്ക്ക് പിന്നാലെ ഓസ്ട്രേലിയയും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.

മൂല്യങ്ങളിൽ അധിഷ്ഠിതമായ സൗഹൃദമെന്നാണ് ഇന്ത്യയുമായുള്ള ബന്ധത്തെ ഓസ്ട്രേലിയ വിശേഷിപ്പിച്ചത്.

പ്രധാനമന്ത്രി സ്‌കോട്ട് മോറിസൻ ഹിന്ദി വാക്കുകൾ കൂടി ഉൾപ്പെടുത്തി ട്വിറ്ററിലൂടെയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നത്.

''നരേന്ദ്ര മോദിക്കും ഇന്ത്യയിലെ ജനങ്ങൾക്കും സ്വാതന്ത്ര്യദിനാശംസകൾ. ഇരു രാജ്യങ്ങളും തമ്മിൽ പരസ്പര വിശ്വാസം, ബഹുമാനം, മൂല്യങ്ങൾ എന്നിവയിൽ അധിഷ്ഠിതമായ സുഹൃദ് ബന്ധമാണുള്ളത്. സ്വാതന്ത്ര്യദിനാശംസകൾ!'', മോറിസൻ ട്വിറ്ററിൽ കുറിച്ചു.

ഭരോസ (വിശ്വാസം), സമ്മാൻ (ബഹുമാനം) എന്നീ ഹിന്ദി വാക്കുകളാണ് സ്‌കോട്ട് മോറിസൻ ആശംസയിൽ ഉപയോഗിച്ചത്.

ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും ഇരുരാജ്യങ്ങളേയും ബന്ധിപ്പിക്കുന്ന എല്ലാവർക്കും അദ്ദേഹം കഴിഞ്ഞ ദിവസവും ആശംസകൾ നേർന്നിരുന്നു.