ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ച അഫ്ഗാൻ എംപിക്ക് അടിയന്തര വിസ നൽകി ഇന്ത്യ. അഫ്ഗാൻ വനിത എംപി രംഗിന കർഗർക്കാണ് അടിയന്തര വിസ അനുവദിച്ചത്. ഈ മാസം ഇരുപതിനാണ് കർഗറെ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചത്. നയതന്ത്ര പാസ്‌പോർട്ട് കാണിച്ചിട്ടും വന്ന വിമാനത്തിൽ തന്നെ തിരിച്ചയച്ചുവെന്ന് കാർഗർ പരാതി ഉന്നയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് തങ്ങൾക്ക് പിഴവ് സംഭവിച്ചതാണെന്ന് വിശദീകരിച്ച് വിദേശകാര്യമന്ത്രാലയം അടിയന്തര വിസ അനുവദിച്ചത്. ഡൽഹിയിലെ ആശുപത്രിയിലേക്ക് വന്നതായിരുന്നുവെന്നും മടക്ക ടിക്കറ്റുണ്ടായിട്ടും വന്ന വിമാനത്തിൽത്തന്നെ തിരിച്ചയച്ചെന്നുമായിരുന്നു രംഗിന കർഗർ ആരോപിച്ചത്. 2010 മുതൽ അഫ്ഗാൻ പാർലമെന്റ് അംഗമാണ് കാർഗർ.

താലിബാൻ കാബൂൾ പിടിച്ചെടുത്ത് അഞ്ചു ദിവസത്തിനു ശേഷം, ഓഗസ്റ്റ് 20നാണ് ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലേക്ക് അഫ്ഗാൻ പാർലമെന്റിലെ വനിതാ അംഗം എത്തിയത്. ഫര്യാബ് പ്രവിശ്യയെ പ്രതിനിധീകരിക്കുന്ന വോലെസി ജിർഗയിൽ നിന്നുള്ള അംഗമായ രംഗിന കാർഗർ ഓഗസ്റ്റ് 20ന് ഫ്‌ളൈ ദുബായ് വിമാനത്തിലാണ് ഇസ്താംബൂളിൽ നിന്ന് ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ എത്തിയത്. വിസ രഹിത യാത്രക്ക് അനുമതിയുള്ള നയതന്ത്ര/ഔദ്യോഗിക പാസ്പോർട്ട് ഇവരുടെ കൈവശം ഉണ്ടായിരുന്നു.

വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ അഫ്ഗാനിസ്ഥാനുമായും അവിടുത്തെ ജനങ്ങളുമായുമുള്ള ചരിത്രപരമായ ബന്ധം സംരക്ഷിക്കുന്നതിന് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അടിവരയിട്ടു പറഞ്ഞിരുന്നു. 2010 മുതൽ അഫ്ഗാൻ പാർലമെന് അംഗമായ കാർഗർ, അതേ പാസ്‌പോർട്ട് ഉപയോഗിച്ച് ഇന്ത്യയിലേക്ക് പലതവണ യാത്ര ചെയ്തിട്ടുണ്ടെന്ന് ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു. അപ്പോഴെല്ലാം അനുമതി ലഭിച്ചിട്ടുണ്ട്, എന്നാൽ ഇത്തവണ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. മേലുദ്യോഗസ്ഥരുമായി ആലോചിക്കണമെന്നും അവർ പറഞ്ഞതായി എംപി പറഞ്ഞു.

രണ്ട് മണിക്കൂറിന് ശേഷം അതേ വിമാനത്തിൽ ദുബായ് വഴി ഇസ്താംബൂളിലേക്ക് അവരെ തിരിച്ചയക്കുകയും ചെയ്തു. ''അവർ എന്നെ നാടുകടത്തി, എന്നെ ഒരു കുറ്റവാളിയായി കണ്ടു. എനിക്ക് എന്റെ പാസ്‌പോർട്ട് ദുബായിൽ വച്ച് ലഭിച്ചില്ല. ഇസ്താംബൂളിൽ വച്ചാണ് എനിക്ക് അത് തിരികെ നൽകിയത്,'' കാർഗർ പറഞ്ഞു. ''അവർ എന്നോട് ചെയ്തത് ശരിയല്ല. കാബൂളിലെ സ്ഥിതി മാറി, ഇന്ത്യൻ സർക്കാർ അഫ്ഗാൻ സ്ത്രീകളെ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,'' അവർ പറഞ്ഞു. നാടുകടത്തിയതിന് ഒരു കാരണവും നൽകിയില്ലെന്ന് അവർ പറഞ്ഞു, പക്ഷേ ''ഇത് കാബൂളിലെ രാഷ്ട്രീയ സാഹചര്യവുമായി ബന്ധപ്പെട്ടായിരിക്കാം, ഒരുപക്ഷേ സുരക്ഷാ പ്രശ്‌നം''.

എന്നാൽ കാർഗറുമായി ബന്ധപ്പെട്ട സംഭവത്തെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നാണ് വിദേശകാര്യ മന്ത്രാലയുമായി ബന്ധപ്പെട്ട ഒരു വൃത്തം പറഞ്ഞത്. കാർഗറിനെ നാടുകടത്തിയ ശേഷം ഇന്ത്യ രണ്ട് അഫ്ഗാൻ സിഖ് എംപിമാരെ സ്വീകരിച്ചിരുന്നു. നരേന്ദ്ര സിങ് കൽസ, അനാർക്കലി കൗർ എന്നിവരെയാണ് സ്വീകരിച്ചത്. അനാർക്കലി അഫ്ഗാൻ പാർലമെന്റിലെ ആദ്യ വനിതാ സിഖ് അംഗമായിരുന്നു.

''ആ വിമാനങ്ങൾ ഇന്ത്യക്കാർക്കും അഫ്ഗാൻ ഇന്ത്യക്കാർക്കും വേണ്ടിയായിരുന്നു, അഫ്ഗാനികൾക്കല്ല,'' കാർഗർ പറഞ്ഞു സൗത്ത് ഡൽഹിയിലെ ഒരു ആശുപത്രിയിലെ ഡോക്ടറെ അന്നേ ദിവസം കാണാനുണ്ടായിരുന്നുവെന്നും, ഓഗസ്റ്റ് 22ലേക്ക് മടക്ക ടിക്കറ്റ് ഉണ്ടായിരുന്നെന്നും അവർ പറഞ്ഞു. കാർഗർ ഒറ്റയ്ക്കാണ് ഇന്ത്യയിലേക്ക് എത്തിയത്.