മുംബൈ: അബുദാബിയിൽ നിന്നു കിരീടാവകാശിയായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിൽ മൂന്നു ദിവസമായി നടത്തിയ സന്ദർശനം രാജ്യത്തിന് ഏറെ പ്രതീക്ഷകൾക്കു വക നൽകുന്നതാണ്. വിവിധ മേഖലകളിലെ സഹകരണം സാമ്പത്തിക-വ്യാപാര-സുരക്ഷാരംഗങ്ങളിൽ ഇരുരാജ്യങ്ങൾക്കും ഗുണകരമാകുമെന്നാണു വിലയിരുത്തൽ.

അഞ്ചുവർഷം കൊണ്ടു വ്യാപാര രംഗത്തെ ഇടപാടുകൾ 60 ശതമാനം വർധിപ്പിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ട്. സൈബർ സുരക്ഷാരംഗത്തെ കൈകോർക്കൽ ഐസിസിനെതിരായ പോരാട്ടത്തിനും കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സഹകരണം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ഇന്ത്യയും യുഎഇയും ഏഴു കരാറുകളിലാണ് അബുദാബി രാജകുമാരന്റെ ഇന്ത്യാസന്ദർശനവേളയിൽ ഒപ്പുവച്ചത്. സൈബർ സുരക്ഷയ്ക്കുപുറമെ അടിസ്ഥാന സൗകര്യവികസനം, ഇൻഷുറൻസ്, പാരന്പര്യേതര ഊർജം, ബഹിരാകാശം തുടങ്ങിയ മേഖലകളിലെ കരാറുകളാണ് ഒപ്പുവച്ചത്. മുംബൈയിൽ ഇന്ത്യൻ വ്യവസായികളുമായും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചർച്ച നടത്തും.

കഴിഞ്ഞ ദിവസം ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അബുദാബി കിരീടാവകാശി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള വിവിധ കരാറുകളിൽ ഒപ്പുവച്ചത്. നേരത്തേ രാഷ്ട്രപതി പ്രണബ് മുഖർജിയുമായും ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയുമായും യു.എ.ഇ. നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎഇ വ്യവസായ സംഘത്തിൽ നാലു മലയാളികൾ ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എം.എ.യൂസഫലി ഉൾപ്പെടെ നാലു മലയാളികളാണു യുഎഇയിൽ നിന്നുള്ള വ്യവസായസംഘത്തിന്റെ ഭാഗമായി എത്തിയത്. ശോഭ ഗ്രൂപ്പ് ചെയർമാൻ പി.എൻ.സി. മേനോൻ, ജെംസ് എജ്യൂക്കേഷൻ ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി, എൽഎൽഎച്ച് ഗ്രൂപ്പ് എംഡി ഡോ. ഷംഷീർ വയലിൽ എന്നിവരാണു മറ്റു മലയാളികൾ. നൂറോളം വ്യവസായപ്രമുഖരിൽ 20 ഇന്ത്യക്കാരാണുള്ളത്.

റോഡ്, റയിൽ, എണ്ണപര്യവേക്ഷണം, കടൽസുരക്ഷ, യുഎഇയുടെ ചൊവ്വാദൗത്യം, പുതിയ ഉപഗ്രഹപദ്ധതികൾ തുടങ്ങിയ മേഖലകളിലായി വൻ പദ്ധതികൾക്കാണ് ഇരു രാജ്യങ്ങളും തയ്യാറാകുന്നത്. ഇന്ത്യയുമായി സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങളിലെല്ലാം സഹകരിക്കുന്ന യുഎഇ കൂടുതൽ മേഖലകളിൽ ഇനി കൈകോർക്കും.

1981ൽ ഇന്ദിരാഗാന്ധിക്കു ശേഷം യുഎഇ സന്ദർശിച്ച പ്രധാനമന്ത്രിയെന്ന ഖ്യാതി നരേന്ദ്ര മോദി സ്വന്തമാക്കിയിരുന്നു. തുടർന്നു വിവിധ ഘട്ടങ്ങളിലായി മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലും കൂടിക്കാഴ്ചകൾ നടന്നിരുന്നു. ഇതിനൊടുവിലാണു യുഎഇ കിരീടാവകാശിതന്നെ ഇന്ത്യയിൽ എത്തിച്ചേർന്നത്. യുഎഇയിൽനിന്നുള്ള ഉന്നതതല യുവനേതാക്കളുടെ ഇന്ത്യാ സന്ദർശനം കൂടിയായതോടെ ഉഭയകക്ഷിബന്ധത്തിനു പുതിയ മാനം കൈവരുമെന്നാണു വിലയിരുത്തൽ. ഇപ്പോഴത്തെ ഭരണനേതൃത്വം ഇന്ത്യയുമായുള്ള ബന്ധത്തിനു പ്രത്യേക പരിഗണനയാണ് നൽകുന്നതെന്നതും ഇരുരാജ്യങ്ങൾക്കും ഏറെ പ്രതീക്ഷ നൽകുന്ന ഘടകമാണ്.