ഇഞ്ചിയോൺ: അമ്പെയ്ത്ത് ടീമിനു പിന്നാലെ സ്‌ക്വാഷ് ടീമിന്റെ മികവിലും ഏഷ്യൻ ഗെയിംസ് വില്ലേജിൽ ഇന്ത്യയുടെ ദേശീയ ഗാനം മുഴങ്ങി. അമ്പെയ്ത്ത് കോമ്പൗണ്ട് വിഭാഗത്തിൽ രജത് ചൗഹാൻ, സന്ദീപ് കുമാർ, അഭിഷേക് വർമ എന്നിവരടങ്ങിയ ടീമാണ് ഇന്ത്യക്ക് ശനിയാഴ്ച ആദ്യ സ്വർണം സമ്മാനിച്ചത്.

സ്‌ക്വാഷ് പുരുഷവിഭാഗം ടീമിനത്തിലായിരുന്നു ഗെയിംസിന്റെ എട്ടാംദിനം ഇന്ത്യയുടെ രണ്ടാം സ്വർണനേട്ടം. മലേഷ്യയെ തോൽപ്പിച്ചാണ് ഇന്ത്യ സ്വർണം നേടിയത്. ഇതോടെ പതിനേഴാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം മൂന്നായി. രണ്ട് സ്വർണവും രണ്ടു വെള്ളിയും മൂന്ന് വെങ്കലവുമടക്കം ഏഴ് മെഡൽ ഇന്ന് ഇന്ത്യയുടെ ശേഖരത്തിലെത്തി.

അമ്പെയ്ത്തിൽ ജയപ്രതീക്ഷയുമായി ഇറങ്ങിയ ആതിഥേയരെ ഇഞ്ചോടിഞ്ചു നടന്ന പോരാട്ടത്തിൽ രണ്ട് പോയിന്റിന് അട്ടിമറിച്ചാണ് ഇന്ത്യ സ്വർണം നേടിയത്. 225നെതിരെ 227 പോയിന്റിനായിരുന്നു ദക്ഷിണ കൊറിയക്കെതിരെ ഇന്ത്യയുടെ ജയം.

സ്‌ക്വാഷ് വനിതാവിഭാഗത്തിൽ മലയാളി താരം ദീപിക പള്ളിക്കൽ ഉൾപ്പെട്ട ടീം വെള്ളി മെഡൽ നേടി. ദീപികയുടെ രണ്ടാം മെഡലാണിത്. ഫൈനലിൽ മലേഷ്യയോട് തോറ്റ്‌തോടെയാണ് വെള്ളിമെഡലിൽ നേട്ടമൊതുങ്ങിയത്. പുരുഷവിഭാഗം അമ്പെയ്ത്ത് വ്യക്തിഗതവിഭാഗത്തിൽ അഭിഷേക് വർമയും വെള്ളിമെഡൽ നേടി.

അമ്പെയ്ത്ത് കോംപൗണ്ട് വനിതാ വിഭാഗത്തിൽ ഇന്ത്യ വെങ്കലം നേടി. തൃഷ ദേബ്, പൂർവാഷ സിൻഡെ, ജ്യോതി സുരേഖ എന്നിവരടങ്ങിയ ടീമിനാണ് മെഡൽ ലഭിച്ചത്. 224-217ന് ഇറാൻ ടീമിനെ തോൽപ്പിച്ചാണ് ഇന്ത്യ വെങ്കലം നേടിയത്. ഈയിനത്തിൽ വനിതാ സിംഗിൾസിൽ തൃഷ ദേബ് വെങ്കലം നേടി. ചൈനീസ് തായ്‌പേയ് താരത്തെയാണ് തൃഷ തോല്പിച്ചത്. ഷൂട്ടിങ്ങ് 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ ഇന്ത്യക്കായി ചെയിൻസിങ്ങും ശനിയാഴ്ച വെങ്കലം നേടി.

ഷൂട്ടിങ്ങിൽ ജീത്തു റായിയാണ് ഇന്ത്യക്കുവേണ്ടി ആദ്യ സ്വർണം നേടിയത്. പതിനേഴാം ഏഷ്യൻ ഗെയിംസിന്റെ ആദ്യ ദിനമായിരുന്നു ഇന്ത്യയുടെ ആദ്യ സ്വർണനേട്ടം. ഇതിനുശേഷം ഉറച്ച സ്വർണപ്രതീക്ഷയുള്ള ഇനങ്ങളിൽ പോലും ഇന്ത്യ വെങ്കലത്തിൽ ഒതുങ്ങുകയായിരുന്നു.

വനിതാ ബോക്‌സിങ്ങിൽ ഇന്ത്യയുടെ സൂപ്പർ താരം മേരി കോം ക്വാർട്ടറിൽ പ്രവേശിച്ചു. ഒളിമ്പിക്‌സ് വെങ്കലമെഡൽ ജേതാവായ മേരികോം ഈയിനത്തിൽ ഇന്ത്യയുടെ സ്വർണ മെഡൽ പ്രതീക്ഷയാണ്. അതിനിടെ നേപ്പാളിൽ നിന്നുള്ള മൂന്ന് കായികതാരങ്ങളെ ഗെയിംസ് വില്ലേജിൽ നിന്ന് കാണാതായെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.