ന്യൂഡൽഹി: വിമാനയാത്രക്കാർക്ക് പെരുമാറ്റച്ചട്ടം വരുന്നു. കുഴപ്പക്കാരായ യാത്രികരെ വിലക്കുന്നതുൾപ്പടെയുള്ള നിർദ്ദേശങ്ങളാണ് പുതുക്കിയ ചട്ടത്തിലുള്ളത്. കുറ്റങ്ങളുടെ തീവ്രതയനുസരിച്ച് രണ്ടുമാസം മുതൽ ആജീവനാന്ത വിലക്ക് വരെ ചട്ടത്തിൽ പറയുന്നു.യാത്രക്കാരും വിമാനജോലിക്കാരും തമ്മിലുള്ള തർക്കങ്ങൾ കയ്യാങ്കളി വരെയെത്തുന്ന നിലയിലാണ് പുതിയ നിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ ബാധകമാക്കിയത്.

കുഴപ്പക്കാരായ വിമാനയാത്രികരെ കണ്ടുപിടിക്കാനും ഇവരെ തിരിച്ചറിയാനും ഇനി മാർഗ്ഗങ്ങളുണ്ടാവും. ഇവരുടെ ചെയ്തികൾ തരംതിരിച്ച് ഗൗരവതരമായ നടപടികൾക്കാണ് വ്യോമയാനമന്ത്രി അശോക് ഗജപതി രാജു നിർദ്ദേശിച്ചിരിക്കുന്നത്. വിമാനയാത്രാ വിലക്കിനുള്ള പുതിയചട്ടങ്ങളാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയിരിക്കുന്നത്.

ഇതനുസരിച്ച് മൂന്നു വിഭാഗങ്ങളായി കുറ്റങ്ങളെ തിരിച്ചിട്ടുണ്ട്. നോ- ഫ്‌ളൈ ഒഫൻസസ് എന്നാണ് ഇവ അറിയപ്പെടുക. ഏറ്റവും ഗുരുതരമായ കുറ്റം മൂന്നാമത്തെ വിഭാഗത്തിൽ പെടുന്നു. സഹയാത്രികരുടേയോ ജീവനക്കാരുടേയോ ജീവന് ഭീഷണിയാവുന്ന തരത്തിലുള്ള കുറ്റങ്ങളാണ് ഇതിൽ പെടുക. ഇത്തരത്തിൽ വിമാനത്തിന് തകരാറുണ്ടാക്കുക, സാങ്കേതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുക തുടങ്ങിയവയും ഇതിൽ പെടും . രണ്ടു വർഷത്തെ വ്യോമയാത്രാവിലക്കാണ് ഈ വിഭാഗത്തിൽ പെട്ട കുററങ്ങൾക്ക് ഇനി നൽകുക.

ശാരീരികമായി ഉപദ്രവം ഏൽപ്പിക്കുന്നത് കാറ്റഗറി രണ്ടിൽ ഉൾപ്പടുന്ന കുറ്റമാണ്. മർദ്ദിക്കുക, അടിക്കുക, ഇടിക്കുക, തൊഴിക്കുക, തള്ളുക തുടങ്ങിയ ഈ വിഭാഗത്തിൽ പെടും. കുറഞ്ഞത് ആറുമാസം യാത്രാവിലക്കാണ് ഇത്തരത്തിലുള്ള കുറ്റങ്ങൾ ചെയ്യുന്നവർക്ക് നേരിടേണ്ടിവരിക. അസഭ്യം പറയുക തുടങ്ങി മറ്റുള്ളവർക്ക് അനിഷ്ടകരമായി പെരുമാറുന്നതും സ്പർശിക്കുന്നതും ഈ വിഭാഗത്തിൽ പെടും.

സഭ്യത ലംഘിക്കുന്ന ആംഗ്യങ്ങൾ കാണിക്കുന്നതിനും ഇനി യാത്രക്കാർ ഉത്തരവാദികളാണ്. ചീത്തവിളിക്കുക, മര്യാദയില്ലാതെ പെരുമാറുക, സഹയാത്രികരെ അപമാനിക്കുന്ന രീതിയിൽ പെരുമാറുക എന്നിവ കാറ്റഗറി ഒന്നിൽ പെടുന്ന കുറ്റങ്ങളായിരിക്കും. മൂന്നു മാസം വരെ യാത്രാവിലക്ക് ഇവർ നേരിടേണ്ടി വരും.

ഈ കുറ്റങ്ങൾ ഉൾപ്പെടുന്ന പരാതികൾ പരിഗണിക്കാനായി പ്രത്യേക കമ്മിറ്റിയേയും രൂപീകരിക്കും. വിരമിച്ച ജില്ലാജഡ്ജിയായിരിക്കും അദ്ധ്യക്ഷൻ . 30 ദിവസത്തിനകം ഇതിൽ തീരുമാനമുണ്ടാകും. നിയമം പ്രാബല്യത്തിലാകുന്നതോടെ ആഭ്യന്തര യാത്രകൾക്കു ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ആധാർ, ഡ്രൈവിങ് ലൈസൻസ്, പാസ്‌പോർട്ട് പാൻകാർഡ് തുടങ്ങിയ തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും നിർബന്ധമായിരിക്കും

യാത്രയ്ക്കിടെ ഉണ്ടാക്കുന്ന ഏതൊരു പ്രശ്നത്തിനും നിലവിലെ നിയമപ്രകാരം സ്വീകരിക്കാവുന്ന നിയമനടപടികൾക്ക് പുറമെയാണ് യാത്രാവിലക്ക് ഉൾപ്പെടെയുള്ള പുതിയ നടപടികൾ. വ്യോമയാന മന്ത്രാലയത്തിന്റെ നോ ഫ്ളൈ പട്ടികയിൽ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുന്നവരെയും കൂട്ടിച്ചേർക്കുന്നതാണ്. ഇത്തരം കുറ്റങ്ങളും പരാതി നിരന്തരം കൂടി വരുന്ന സാഹചര്യത്തിലാണ് നടപടി.

ശിവസേന എം പി രവീന്ദ്ര ഗയ്ക്ക വാദ് എയർ ഇന്ത്യാ ജീവനക്കാരന ചെരുപ്പൂരി അടിച്ചത് കുറച്ചു നാൾ മുമ്പ് ഏറെ വിവാദമായിരുന്നു. ഇതേ തുടർന്ന് വിമാനക്കമ്പനികൾ ഇദ്ദേഹത്തിന് ഒരു മാസത്തോളം വിമാനവിലക്കും ഏർപ്പെടുത്തി. സിവിൽ ഏവിയേഷൻ മന്ത്രിക്ക് മാപ്പ് എഴുതിക്കൊടുത്ത ശേഷമായിരുന്നു വിലക്ക് മാറ്റാൻ കമ്പനികൾ തയ്യാറായത്. എന്നാൽ ഇത്തരം കുറ്റങ്ങൾക്ക് കേവലം മാപ്പു പറച്ചിൽ മാത്രം മതിയോ എന്ന ചോദ്യം നിരവധി കോണിൽനിന്നും ഉയർന്നു. ഒരു സാധാരണക്കാരനാണെങ്കിൽ ക്രിമിനൽ നടപടികൾ നേരിടേണ്ടി വരുന്ന കുറ്റമായിരുന്നു ജനപ്രതിനിധി ചെയ്തത്. ഈ സംഭവത്തോടെയാണ് ഇത്തരം അതിക്രമങ്ങൾക്കെതിരേ സർ്ക്കാർ നടപടി ആലോചിച്ചത്.

പുതിയ യാത്രാവിലക്കു നിർദ്ദേശങ്ങൾ വിമാനയാത്രക്കാർക്കെല്ലാം ഒരേ പോലെ ബാധകമാണ്. വിഐപി പരിഗണന ഉണ്ടാവില്ല എന്നും കേന്ദ്രമനന്ത്രി അശോക് ഗജപതി രാജു അറിയിച്ചു. പുതിയ ചട്ടം ഇന്നു തന്നെ നിലവിൽ വരും. എന്നാൽ ഇതിന് മുൻകാലപ്രാബല്യം ഉണ്ടാകുമോ എന്നു വ്യക്തമായിട്ടില്ല