ദുബായ്: അഫ്ഗാനിസ്താനെ നാല് വിക്കറ്റിന് കീഴടക്കി ഇന്ത്യ അണ്ടർ 19 ഏഷ്യ കപ്പിന്റെ സെമി ഫൈനലിൽ. അവസാന ഗ്രൂപ്പ് മത്സരത്തിൽ അഫ്ഗാൻ ഉയർത്തിയ 260 റൺസ് വിജയലക്ഷ്യം ഇന്ത്യ 48.2 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സ്‌കോർ: അഫ്ഗാനിസ്താൻ 50 ഓവറിൽ നാലിന് 259. ഇന്ത്യ 48.2 ഓവറിൽ ആറിന് 262. മൂന്ന് കളികളിൽ ഇന്ത്യയുടെ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തിൽ യുഎഇയെ 154 റൺസിന് തോൽപ്പിച്ച ഇന്ത്യ കഴിഞ്ഞ മത്സരത്തിൽ പാക്കിസ്ഥാനോട് തോറ്റിരുന്നു.

അഫ്ഗാന്റെ ഭേദപ്പെട്ട സ്‌കോറിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിങ് വിക്കറ്റിൽ ഹർനൂർ സിംഗും(65) ആങ്ക്രിഷ് രഘുവംശിയും(35) ചേർന്ന് സെഞ്ചുറി കൂട്ടുകെട്ടുയർത്തി വിജയത്തിന് അടിത്തറയിട്ടു. എന്നാൽ ഇരുവരും അടുത്തടുത്ത് പുറത്തായതിന് പിന്നാലെ ഷെയ്ഖ് റഷീദ്(6) പെട്ടെന്ന് മടങ്ങിയത് ഇന്ത്യയെ സമ്മർദ്ദത്തിലാക്കി.

ക്യാപ്റ്റൻ യാഷ് ദുള്ളും(26), നിഷാന്ത് സിന്ധുവും(19() ഇന്ത്യയെ 150 കടത്തിയെങ്കിലും ഇരുവരെയും മടക്കി അഫ്ഗാൻ മത്സരത്തിലേക്ക് തിരിച്ചുവന്നു. ടീം സ്‌കോർ 200 കടക്കും മുമ്പ് വിക്കറ്റ് കീപ്പർ ആരാധ്യ യാദവ്(12) കൂടി മടങ്ങിയതോടെ ഇന്ത്യ കടുത്ത സമ്മർദ്ദത്തിലായെങ്കിലും രാജ് ബാവയുടെയും(43), കൗശൽ താംബെയുടെയും(29 പന്തിൽ 35) ഇന്നിങ്‌സുകൾ ഇന്ത്യക്ക് ജയമൊരുക്കി. ഇരുവരും പുറത്താകാതെ നിന്നു.

74 പന്തുകളിൽ നിന്ന് 65 റൺസെടുത്ത ഓപ്പണർ ഹർനൂൺ സിങ്ങും 43 റൺസെടുത്ത് പുറത്താവാതെ നിന്ന രാജ് ബാവയുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. അംഗ്ക്രിഷ് രഘുവംശി (35), കൗശൽ താംബെ (35*), നായകൻ യാഷ് ധുൽ (26) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. അഫ്ഗാന് വേണ്ടി നൂർ അഹമ്മദ് നാല് വിക്കറ്റെടുത്തു.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനുവേണ്ടി 86 റൺസെടുത്ത് പുറത്താവാതെ നിന്ന ഇജാസ് അഹമ്മദ് അഹ്‌മദ്സായിയും 73 റൺസെടുത്ത നായകൻ സുലൈമാൻ സാഫിയും മികച്ച പ്രകടനം പുറത്തെടുത്തു. ഇരുവരുടെയും കൂട്ടുകെട്ടാണ് അഫ്ഗാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

സെമി ഫൈനൽ ലൈനപ്പ് പുറത്തുവന്നിട്ടില്ല. പാക്കിസ്ഥാൻ നേരത്തേ സെമി ഫൈനൽ ബർത്ത് ഉറപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പ് എ യിൽ പാക്കിസ്ഥാൻ ജേതാക്കളായി. ഇന്ത്യ രണ്ടാമതാണ്. ഗ്രൂപ്പ് ബി യിലെ ഒന്നാം സ്ഥാനക്കാരായിരിക്കും സെമിയിൽ ഇന്ത്യയുടെ എതിരാളി.