ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായി മാറുന്നതിൽ ചൈനയ്ക്ക് അസ്വസ്ഥതയെന്ന് ഹാർവാർഡ് സർവകലാശാലയുടെ പഠന റിപ്പോർട്ട്. അപ്രതീക്ഷിതമായുള്ള ഇന്ത്യയുടെ മുന്നേറ്റം ഏതു വിധേനയും തടയാനാണ് ചൈന ശ്രമിക്കുന്നതെന്നും സർവകലാശാലയിലെ സെന്റർ ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് നടത്തിയ പഠനത്തിൽ പറയുന്നു.

2025 ആകുമ്പോഴേക്കും അതിവേഗം വളരുന്ന സാമ്പത്തികശക്തിയായി മാറും. വൈവിധ്യമാർന്ന മേഖലയിലുള്ള വർച്ചയാണ് അതിവേഗം വളരുന്ന ഇന്ത്യൻ സമ്പദ്ഘടനയുടെ പ്രത്യേകത. കയറ്റുമതി മേഖലയിലും ഈ വൈവിധ്യവത്ക്കരണം പ്രകടമാണ്.

രാസവസ്തുക്കൾ, വാഹനം, ഇലക്ട്രോണിക്‌സ് ഉൽപന്നങ്ങൾ തുടങ്ങിയ മേഖലകളിലേക്ക് ഇന്ത്യയിലെ വ്യവസായം ചുവടുമാറിയിരിക്കുകയാണ്. ഈ മേഖലയിലെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാനാകുന്നത് രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുന്നതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ലോകത്തിലെ സമ്പന്നന്മാരായിരുന്ന എണ്ണ ഉൽപാദക രാജ്യങ്ങൾ എണ്ണയുടെ ലഭ്യതകുറഞ്ഞതോടെ നട്ടംതിരിയുകയാണ്. എന്നാൽ ഇന്ത്യ, ഇന്തോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങൾ വ്യത്യസ്തവും പുതുമയാർന്നതുമായ മേഖലകളിൽ സാന്നിധ്യമുറപ്പിച്ച് പ്രതീക്ഷിക്കാവുന്നതിലും അപ്പുറത്തേക്കുള്ള സാമ്പത്തിക വളർച്ച നേടിക്കൊണ്ടിരിക്കുകയാണ്.

അതിവേഗം വളരുന്ന രാജ്യങ്ങൾ തമ്മിൽ ചില സാമ്യങ്ങളും പഠനം ചൂണ്ടിക്കാട്ടുന്നു. ഇത്തരം രാജ്യങ്ങളിൽ വ്യത്യസ്തതരത്തിലുള്ള രാഷ്ട്രീയവും സാമൂഹിക വ്യവസ്ഥകളുമാണ് നിലനിൽക്കുന്നത്. ഇവിടുത്തെ ഭൂപ്രകൃതിയിൽ പോലും ഏകീകൃത സ്വഭാവമില്ല.

ഇന്ത്യയ്‌ക്കൊപ്പം അതിവേഗം വളരുന്ന തുർക്കി, ഇന്തോനേഷ്യ, ഉഗാണ്ട, ബൾഗേറിയ എന്നീ രാജ്യങ്ങളിലാണ് ഈ സാമ്യമുള്ളതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഈ രാജ്യങ്ങളുടെ സംസ്‌കാരങ്ങളിലുള്ള വൈവിധ്യം വിവിധമേഖലകളിൽ ഉൽപാദനം സാധ്യമാക്കാൻ എളുപ്പത്തിൽ സാഹായിക്കുന്നുണ്ടെന്നും സർവകലാശാല ചൂണ്ടിക്കാട്ടുന്നു.