ന്യൂഡൽഹി: റഷ്യയിൽ നിന്ന് 39,000 കോടി രൂപയുടെ ആയുധ ഇടപാടിനൊരുങ്ങുകയാണ് ഇന്ത്യ. റഷ്യയിൽനിന്നു എസ്400 ട്രയംഫ് വിമാനവേധ മിസൈലുകളാണു ഇന്ത്യ വാങ്ങുന്നത്.അഞ്ചെണ്ണമാണ് ഇന്ത്യ സ്വന്തമാക്കുന്നത്. 54 മാസത്തിനകം കൈമാറണമെന്ന തരത്തിലാണു കരാറെന്നു പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

എസ്400 ട്രയംഫ് വിമാനവേധ മിസൈലുകൾ ഇന്ത്യയ്ക്കു വിൽക്കാൻ തയാറാണെന്നു റഷ്യ അറിയിച്ചിരുന്നു. 2016ൽ ഗോവയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും നടത്തിയ ചർച്ചയെത്തുടർന്നാണ് ഇവ വാങ്ങാൻ ധാരണയായത്.

ചൈനയും എസ്400 ട്രയംഫ് മിസൈലുകൾ വാങ്ങിയതായാണു റിപ്പോർട്ടുകൾ. റഷ്യയിൽനിന്നു ചൈനയിലേക്കു കപ്പലിലെത്തിച്ച മിസൈൽ ഭാഗങ്ങൾ പ്രവർത്തനരഹിതമായിരുന്നെന്ന വിവാദവും കഴിഞ്ഞയാഴ്ചയുണ്ടായി. കരാർ യാഥാർഥ്യമായാൽ സമീപകാലത്തു റഷ്യയുമായുള്ള ഇന്ത്യയുടെ വലിയ ആയുധ ഇടപാടുകളിൽ ഒന്നാകുമിത്. സുഖോയ് പോർവിമാനം (12 ബില്യൺ ഡോളർ), ഐഎൻഎസ് വിക്രമാദിത്യ (2.33 ബില്യൺ ഡോളർ) എന്നിവയാണു മറ്റു വലിയ ഇടപാടുകൾ.