മുംബൈ: ലോക വിപണിയിൽ ഇന്ത്യ എന്ന ബ്രാൻഡിന് ഏഴാം സ്ഥാനം. രാജ്യങ്ങളുടെ ബ്രാൻഡ്് വാല്യുവിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് ഇന്ത്യ ഏഴാം സ്ഥാനത്തേയ്ക്ക് കയറിയത്. 32 ശതമാനം വർധന കൈവരിച്ച ഇന്ത്യയുടെ ബ്രാൻഡ് വാല്യു 2.1 ബില്യൺ ഡോളറാണ്.

അമേരിക്കയാണ് ഈ പട്ടികയിൽ ഇക്കൊല്ലവും ഒന്നാം സ്ഥാനത്ത്. അമേരിക്കയുടെ ബ്രാൻഡ് വാല്യു 19.7 ബില്യൺ ഡോളറാണ്. രണ്ടാം സ്ഥാനത്ത് ചൈനയും മൂന്നാമത് ജർമനിയുമാണ്. ബ്രാൻഡ് ഫിനാൻസ് കണക്കുകൂട്ടിയ പട്ടികയനുസരിച്ചാണ് ഇത്. ബ്രിട്ടൻ നാലാം സ്ഥാനത്തും ജപ്പാൻ അഞ്ചാമതുമാണ്. ഫ്രാൻസാണ് ആറാം സ്ഥാനത്തുള്ളത്.

പട്ടികയിലെ ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ള രാജ്യങ്ങൾ സ്ഥാനം നിലനിർത്തിയപ്പോൾ, ഇന്ത്യയും ഫ്രാൻസും ഒരു സ്ഥാനം മെച്ചപ്പെടുത്തി മുന്നോട്ടുകയറുകയായിരുന്നു. ഇതിൽ്തന്നെ ഏറ്റവും വലിയ വളർച്ച കൈവരിച്ച രാജ്യം ഇന്ത്യയാണ്. ബ്രാൻഡ് വാല്യുവിൽ 32 ശതമാനം വർധനയാണ് ഇന്ത്യ കൈവരിച്ചത്. പട്ടികയിലെ ആദ്യ 20 രാജ്യങ്ങളിൽ ആർക്കും ഇത്തരമൊരു വർധന അവകാശപ്പെടാനില്ല.പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ചൈനയുടെ ബ്രാൻഡ് വാല്യു 6.3 ബില്യൺ ഡോളറാണ്.

ഓരോ രാജ്യത്തെയും ഉത്പന്നങ്ങളുടെ അഞ്ചുവർഷത്തെ വിൽപനയും സ്വീകാര്യതയും കണക്കാക്കിയാണ് ബ്രാൻഡ് വാല്യു നിശ്ചയിക്കുക. മൊത്ത ആഭ്യന്തര ഉത്പാദനവും ഇതിന്റെ ഭാഗമായികണക്കാക്കും. ഇൻക്രെഡിബിൾ ഇന്ത്യ എന്ന മുദ്രാവാക്യവും ഇന്ത്യയുടെ കാര്യത്തിൽ ഏറെ ഗുണം ചെയ്തു.

ബ്രിക്‌സ് രാജ്യങ്ങളിൽ ഇന്ത്യയ്ക്കുമാത്രമാണ് ബ്രാൻഡ് വാല്യുവിൽ വർധന നേടാനായത്. ബ്രസീൽ, ചൈന, റഷ്യ, സൗത്ത് ആഫ്രിക്ക എന്നിവയുടെ ബ്രാൻഡ് വാല്യുവിൽ നേരീയ ഇടിവ് വന്നു. ചൈന കഴിഞ്ഞാൽ ബ്രിക്‌സ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ബ്രാൻഡ് വാല്യുവുള്ളതും ഇന്ത്യയ്ക്കാണ്. ബ്രസീൽ, റഷ്യ, സൗത്ത് ആഫ്രിക്ക എന്നിവയാണ് പിന്നിലുള്ളത്.